'നിഹംഗ്‌' എന്ന പഞ്ചാബി പദത്തിന്റെ അർത്ഥം 'മരണമില്ലാത്തവൻ' എന്നാണ്. പഞ്ചാബിൽ അവർക്ക് അകാലി എന്നൊരു പേരുകൂടിയുണ്ട്. അത് വളരെയധികം തീവ്രസ്വഭാവികളായ സിഖ് മതവിശ്വാസികളുടെ ഒരു 'കൾട്ട്' ആണ്. ഉത്ഭവം ഫത്തേ സിംഗിൽ നിന്നോ, അല്ലെങ്കിൽ ഗുരു ഗോബിന്ദ് സിങിന്റെ അകാലി ദള്ളിൽ നിന്നോ ആണെന്ന് കരുതപ്പെടുന്നു. എന്തായാലും സിഖുമതത്തിന്റെ രണോത്സുക ചരിത്രം മുഴുവൻ ബന്ധപ്പെട്ടുകിടക്കുന്നത് ഈ കൂട്ടരുമായിട്ടാണ്. അംഗസംഖ്യയിലും ആയുധബലത്തിലും തങ്ങളേക്കാൾ എത്രയോ മടങ്ങുവരുന്ന ശത്രുസൈന്യങ്ങളെ  തങ്ങളുടെ പോരാട്ടവീര്യത്തിന്റെ ബലത്തിൽ നിഹംഗുകൾ തോൽപ്പിച്ചുകളഞ്ഞതിന്റെ എത്രയോ കഥകൾ പഞ്ചാബിലെ പാണർ പാടിനടക്കുന്നുണ്ട്. യുദ്ധഭൂമിയിലെ അവരുടെ ധീരതയുടെയും, ക്രൗര്യത്തിന്റെയും ഭാവഗീതങ്ങളാൽ സമ്പന്നമാണ് പഞ്ചാബി സാഹിത്യം പോലും. 

 

'പ്രതീകാത്മക ചിത്രം' 

 

ഇന്നലെ നിഹംഗ്‌ 'കൾട്ടി'ന്റെ പിന്തുടർച്ചക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന നാലഞ്ച് യുവാക്കൾ പട്യാല വെജിറ്റബിൾ മാർക്കറ്റിലൂടെ തങ്ങളുടെ വെള്ള നിറത്തിലുള്ള കാറിൽ കുതിച്ചുപാഞ്ഞ വന്നപ്പോൾ, മുന്നിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് അവർക്കൊരു പ്രശ്നമായില്ല. കര്‍‌ഫ്യൂ പാസ് കാണിക്കാൻ പറഞ്ഞതും അവർക്കത്ര രുചിച്ചില്ല. പൊലീസുമായി ഒരു ബലപ്രയോഗത്തിനു മുതിർന്ന അവരെ നേരിടാൻ അവിടെ ഉണ്ടായിരുന്ന പഞ്ചാബ് പൊലീസുകാരുടെ പക്കൽ ആകെയുണ്ടായിരുന്നത്‌ നീളൻ ലാത്തികൾ മാത്രമായിരുന്നു. പെട്ടെന്നാണ് കാറിൽ നിന്ന് നീണ്ട കൃപാണവുമായി ഒരാൾ ചാടിയിറങ്ങുന്നതും, പൊലീസിന് നേരെ അതെടുത്ത് വീശുന്നതും. പട്യാലയിലെ  പച്ചക്കറി ചന്തക്ക് സമീപം  രാവിലെ ആറേ കാലോടെയായിരുന്നു സംഭവം. ലോക്ക് ഡൗണ്‍  ലംഘിച്ച് മുന്‍പോട്ട് പോകാന്‍ ശ്രമിച്ച സംഘത്തോട്  പാസ് ചോദിച്ചതാണ് പ്രകോപന കാരണം. ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ച് മുന്‍പോട്ട് പോകാന്‍ ശ്രമിച്ച വാഹനം പോലീസ് തടഞ്ഞു. വാഹനത്തിന്  പുറത്തിറങ്ങിയ അക്രമി സംഘം പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ എഎസ്ഐ ഹര്‍ജീത്സിംഗിന്‍റെ കൈ വെട്ടേറ്റ് തൂങ്ങി.

പട്യാല സിറ്റി പൊലീസിലെ  എഎസ്ഐ  ആയിരുന്ന ഹർജീത് സിംഗിനാണ് തീവ്രസിഖ് ഗ്രൂപ്പായ നിഹംഗുകളെ അക്രമത്തിൽ കൈ നഷ്ടമായത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമി സംഘം സമീപത്തെ ഗുരുദ്വാരയില്‍ ഒളിച്ചു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്ത നിഹംഗുകളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇതുവരെ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഇവരില്‍ നിന്ന് ആയുധങ്ങളും പെട്രോള്‍ ബോബും ചെറിയ ഗ്യാസ് സിലിണ്ടറുകളും  പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് ആയുധങ്ങൾക്ക് പുറമെ കഞ്ചാവും പൊലീസ് കണ്ടെടുത്തു. 

ആരാണ് ഈ നിഹംഗ്‌ സിഖുകൾ ?

'നിഹംഗ്‌' എന്ന വാക്കിന്റെ ഉത്ഭവത്തെപ്പറ്റി രണ്ടു വാദങ്ങളുണ്ട്. ഒന്നുകിൽ അത്  ഒരു പേർഷ്യൻ മിത്തോളജിക്കൽ വ്യാഘ്രത്തിന്റെ പേരിൽ നിന്നുത്ഭവിച്ചതാണ്. അല്ലെങ്കിൽ അകാലികളുടെ ക്രൗര്യത്തെ മുതലകളുടേതിനോടുപമിച്ച, മുഗൾ ചരിത്രകാരന്മാരുടെ സംഭാവനയാണ് ആ പേര്. പരമ്പരാഗതമായ 'നിഹംഗ്‌' വസ്ത്രധാരണം അറിയപ്പെടുന്നത് 'ഖൽസ സ്വരൂപ' എന്നാണ്. ഗുരു ഗോബിന്ദ് ജി തെരഞ്ഞെടുത്ത നീലക്കുപ്പായമാണിതിന്റെ മുഖ്യ ഭാഗം. സർഹിന്ദിലെ മുഗൾ ഗവർണറുമായി ഗുരു ഗോബിന്ദ്ജിക്കുണ്ടായ കലഹം സായുധ പോരാട്ടത്തിലേക്ക് നീണ്ടപ്പോൾ അദ്ദേഹത്തിന്റെ പോരാളികളായത് നിഹംഗുകളായിരുന്നു. മണിബന്ധങ്ങൾക്കു കുറുകെ മൂർച്ചയുള്ള കൈവളകൾ. നീല തലപ്പാവിൽ പിടിപ്പിച്ചിട്ടുള്ള ഉരുക്കിന്റെ ചക്രങ്ങൾ, മൂർച്ചയേറിയ കൃപാണങ്ങൾ, അതിനും പുറമെ മറ്റൊരു വളഞ്ഞ വാളോ, അല്ലെങ്കിൽ നീളത്തിലുള്ള ഖണ്ഡ എന്നറിയപ്പെടുന്ന ഒരു വടിവാളോ കൂടി കാണും പോരാട്ടത്തിന് പോകുമ്പോൾ. ഇടത്തെ അരക്കെട്ടിൽ ഒരു കഠാരി സ്ഥിര സാന്നിധ്യമാണ് ഇവരുടെ. കഴുത്തിനെച്ചുറ്റിയും കാണും ഒരു ഉരുക്കിന്റെ ചക്രം. ഈ ആയുധങ്ങളൊക്കെയും യുദ്ധക്കളത്തിൽ പ്രധാന ആയുധമായ അമ്പും വില്ലും, അല്ലെങ്കിൽ കുന്തവും പരിചയും ഒക്കെ നഷ്ടപ്പെട്ടാൽ എടുത്തുപയോഗിക്കാൻ വേണ്ടി കരുതുന്നതാണ്. ഇതിനൊക്കെ പുറമെ ഒരു ഉരുക്കിന്റെ പടച്ചട്ടയും, കാലിൽ ഉരുക്കുകവചമുള്ള പോർഷൂസും ഉണ്ടാവും. 

 

'പ്രതീകാത്മക ചിത്രം' 


ഇന്നത്തെ 'നിഹംഗ്‌' സിഖുകാർ എങ്ങനെ?

ദസ്തർ ബംഗാ എന്നപേരിൽ അറിയപ്പെടുന്ന മുകളിലേക്ക് കൂർത്ത, പൊതുവെ നീല നിറത്തിലുള്ള പ്രത്യേകതരം തലപ്പാവുകൾ ഇവരെ വേറിട്ടറിയാൻ സഹായിക്കും. തലപ്പാവിലെ മൂർച്ചയേറിയ ചക്രങ്ങൾ ശത്രുവിന്റെ കണ്ണ് പിളർക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ന്, ആയുധങ്ങൾ കൊണ്ട് നടക്കുക നിയമ വിരുദ്ധമാകയാൽ 'നിഹംഗ്‌'സിഖുകാർ പൊതുവെ കൊണ്ടുനടക്കാറുള്ളത് അവരുടെ അഞ്ചിനം ആയുധങ്ങളുടെ ഡമ്മി മോഡലുകളാണ്. ചക്രം, വാൾ, കഠാരി, കൃപാണം, അമ്പ് എന്നിവയാണ് ആ പഞ്ചായുധങ്ങൾ. മറ്റുള്ള താരതമ്യേന കൂടുതൽ സൗമ്യരായ സിഖുകാർക്കിടയിൽ ഇവർക്ക് ഇന്നും വലിയ ബഹുമാനമാണുള്ളത്. പഞ്ചാബിലെ ആനന്ദ്പൂരിലാണ് ഇന്ന് ഏറ്റവുമധികം  'നിഹംഗ്‌' സിഖുകാരുള്ളത്. 

'പ്രതീകാത്മക ചിത്രം' 

നിഹംഗുകളിൽ മിക്കവരും കഞ്ചാവ് സേവിക്കുന്നവരാണ്. തങ്ങൾ നിത്യം സേവിക്കുന്ന 'കന്നാബിസ്' ഡ്രിങ്കിനെ  'ശഹീദി ദേഗ്' എന്നപേരിലാണ് വിളിക്കുന്നത്. അത് തങ്ങളെ ധ്യാനത്തിലൂടെ നിർവാണം പ്രാപിക്കാൻ സഹായിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. 'സൂഖാ പ്രസാദ്' അഥവാ 'ഉണങ്ങിയ പ്രസാദം' എന്നൊരു കോഡ് പ്രയോഗവും ഇതിനു പൊതുജനമധ്യത്തിലുണ്ട്. പുകവലി സിഖ് മതവിശ്വാസപ്രകാരം നിഷിദ്ധമായ ഒരു പ്രവൃത്തിയായതിനാൽ, ദ്രാവകരൂപത്തിൽ കലക്കിയാണ് പ്രയോഗം. ഹോലാ മൊഹല്ല തുടങ്ങിയ പല ആഘോഷങ്ങളിലും അവർ നിർബാധം കഞ്ചാവ് സേവിക്കാറുണ്ട്. ഈ കഞ്ചാവ്‌സേവ അവസാനിപ്പിക്കണം, ഇനിമേൽ ശഹീദി ദേഗ് അകത്താക്കരുത് എന്ന സിഖ് പുരോഹിതരുടെ ഉത്തരവിനെ 2001 -ൽ ജാഠേദാര്‍ സന്താ സിങ് അടക്കമുള്ള 'നിഹംഗ്‌' കൾട്ട് നേതാക്കൾ ഇത് തങ്ങളുടെ ദൈവത്തിങ്കലേക്ക് അടുക്കാനുള്ള മാർഗമാണ് എന്നുപറഞ്ഞുകൊണ്ട് തള്ളിക്കളയുകയാണുണ്ടായത്. 

 

തങ്ങളുടെ മതത്തിനു വേണ്ടി ജീവൻ പോലും ത്യജിക്കാൻ മടിക്കാത്തവർ എന്ന ലേബലിലാണ് ഇത്രയും കാലം തങ്ങളുടെ അക്രമാസക്തമായ പാരമ്പര്യത്തെ ഇവർ ഒളിപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഈ നാല് നിഹംഗ് സിഖുകാർ പ്രവർത്തിച്ച അക്ഷന്തവ്യമായ അപരാധം അവരുടെ പ്രസ്ഥാനത്തെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തുന്ന ഒന്നാണ്. കൊറോണാ വൈറസിനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നടപ്പിലാക്കുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസുകാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഈ വേളയിൽ, 'നാട്ടിലെ നിയമങ്ങൾ തങ്ങൾക്ക് പുല്ലാണ്' എന്ന മട്ടിൽ നടത്തിയിരിക്കുന്ന ഈ തോന്നിവാസത്തിന്, നിയമം അനുശാസിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ കോടതിയിൽ നിന്ന് വാങ്ങി നൽകും എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പൊലീസുകാർക്ക് വാക്കുകൊടുത്തിട്ടുള്ളത്. ഈ അവസരത്തിൽ വരുന്ന സന്തോഷവാർത്ത, നിഹംഗ് അക്രമികൾ വെട്ടിമാറ്റിയ  പട്യാല എഎസ്ഐയുടെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു എന്നതാണ്. ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ പൂർവ്വസ്ഥിതിയിലാക്കിയത്. അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കൈ തുന്നി ചേർത്ത ഡോക്ടർമാർക്ക് അമരീന്ദർ സിംഗ് നന്ദി അറിയിച്ചു.