Asianet News MalayalamAsianet News Malayalam

ജലീൽ വിരുദ്ധ സമരത്തിന്‍റെ യഥാർത്ഥ പ്രായോജകർ ആരാണ്?

  • 'ഈ വിവാദം കത്തി നിൽക്കുക വഴി ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത്‌ യു ഡി എഫ്‌ ആയിരിക്കില്ല എന്നതാണ് വാസ്തവം'
  • മുജീബ്‌ റഹ്‌മാൻ കിനാലൂർ എഴുതുന്നു
Who are the real sponsors of the anti- jaleel movement?
Author
Thiruvananthapuram, First Published Sep 18, 2020, 9:05 PM IST

മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട്‌ കൊണ്ടുള്ള സമരം ശക്തമാകുകയാണ്. സ്വർണക്കടത്ത്‌ കേസിൽ അദ്ദേഹത്തിന് ബന്ധമുണ്ടോ, യു എ ഇ കോൺസുലേറ്റ്‌ നൽകിയ ഖുർആൻ പ്രതികൾ വിതരണം ചെയ്യാൻ ഇടനിലക്കാരൻ ആയതിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടോ എന്ന കാര്യങ്ങളൊക്കെ വിശദമായി വിവിധ ഏജൻസികൾ അന്വേഷണം നടത്തി വരികയാണ്. അന്വേഷണം പൂർത്തിയാകുകയും മന്ത്രി കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഈ കുറിപ്പ്‌ ജലീലിനെ രക്ഷപ്പെടുത്താനോ ശിക്ഷിക്കാനോ ഒന്നുമല്ല. ജലീൽ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും ശരി, ഈ വിവാദം പടർന്ന് കയറുന്നത്‌ ആർക്കാണ് ഗുണം ചെയ്യുക എന്ന ആലോചനയാണ് ഇതിൽ പങ്ക്‌ വെക്കുന്നത്‌. 

സ്വർണക്കടത്ത്‌ ആരോപണം ബി ജെ പി ആവേശത്തോടെയാണ് ഏറ്റെടുത്തത്‌. സ്വാഭാവികമായും അതിന്‍റെ ഒന്നാമത്തെ ക്രെഡിറ്റ്‌ ബി ജെ പി ക്ക്‌ തന്നെയാകും. ജനം ടിവി യുടെ എഡിറ്റർ അനിൽ നമ്പ്യാരുടെ പേർ ഈ കേസ്‌ അന്വേഷണത്തിൽ വന്നു കയറിയത്‌ ബി ജെ പി ക്ക്‌ ചെറിയ തിരിച്ചടി ഉണ്ടാക്കിയെങ്കിൽ പോലും അവർ പിന്നീട്‌ ജലീലേക്ക്‌ ഫോക്കസ്‌ മാറ്റുകയുണ്ടായി. കേരളത്തിൽ അവർക്ക്‌ രാഷ്ട്രീയ മൈലേജ്‌ ഉണ്ടാക്കാൻ വിവാദം നന്നായി ഉപകരിക്കുകയും ചെയ്യും. എന്നാൽ കേരളത്തിൽ ഒന്നാമത്തെ പ്രതിപക്ഷം യു ഡി എഫ്‌ ആയതുകൊണ്ട്‌ അതിന്‍റെ പ്രയോജനം തങ്ങൾക്ക്‌ കിട്ടാൻ അവർ സ്വാഭാവികമായും ശ്രമിക്കും. രമേശ്‌ ചെന്നിത്തലയും യു ഡി എഫും വിവാദം ഏറ്റെടുത്തത്‌ അതുകൊണ്ടാണ്. അതിൽ അതിശയിക്കാനില്ല. പ്രതിസ്ഥാനത്ത്‌ ജലീൽ വരുമ്പോൾ മുസ്ലിം ലീഗിനു പ്രത്യേക താൽപര്യം ഉണ്ടാകുന്നതിലും അസ്വാഭാവികതയില്ല.

എന്നാൽ, ഈ വിവാദം കത്തി നിൽക്കുക വഴി ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത്‌ യു ഡി എഫ്‌ ആയിരിക്കില്ല എന്നതാണ് വാസ്തവം. അത്‌ സംഘപരിവാരമായിരിക്കും. മറ്റൊരു വിധത്തിൽ നോക്കിയാൽ ആർ എസ്‌ എസ്‌ പോഷക സംഘടനകൾ ആവേശ പൂർവ്വം പ്രക്ഷോഭത്തിൽ എടുത്തു ചാടി യു ഡി എഫിനെ സമ്മർദ്ദത്തിൽ പെടുത്തുക കൂടിയായിരുന്നു. 

നോക്കൂ, കേരളത്തിൽ രാഹുൽ ഗാന്ധി മൽസരിച്ചപ്പോൾ യു ഡി എഫിന്‍റെ റോഡ്‌ ഷോയിലെ ലീഗിന്‍റെ കൊടി ഉയർത്തി കാട്ടി കോൺഗ്രസ്‌ മാർച്ചിൽ പാകിസ്ഥാൻ കൊടി എന്ന് ദേശീയ തലത്തിൽ പ്രചാരണം നടത്തിയവരാണ് സംഘപരിവാർ. അവർ മന്ത്രി ജലീലിനെ പ്രതിസ്ഥാനത്ത്‌ കൊണ്ടു വരിക വഴി ചെയ്യാൻ പോകുന്നത്‌ കടുത്ത വർഗീയ ധ്രുവീകരണമായിരിക്കും. ഇപ്പോൾ സംഘപരിവാരത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുന്നവർക്ക്‌ ഇക്കാര്യം എളുപ്പം ബോധ്യമാകും.

കേരളത്തിൽ മതതീവ്രവാദം വേരോടുന്നു, അതിന് വലത്‌-ഇടതു പാർട്ടികൾ കുട പിടിക്കുന്നു എന്ന ആരോപണം സംഘപരിവാർ നേരത്തെ തന്നെ ഉയർത്തുന്നതാണ്. വൻ പ്രചാരണങ്ങളോടെ ദേശീയ നേതാക്കളെ ഉൾക്കൊള്ളിച്ച്‌ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ നടത്തിയ ജനരക്ഷാ യാത്ര ഇത്തരുണത്തിൽ ഓർക്കുന്നത്‌ നന്നാകും. അമിത്ഷാ മുതൽ യോഗി ആദിത്യ നാഥ്‌ വരെയുള്ള സംഘപരിവാര നേതാക്കളെ പങ്കെടുപ്പിച്ച്‌ നടത്തിയ യാത്രയുടെ പ്രമേയം 'ജിഹാദി- ചുവപ്പ്‌ ഭീകരതക്കെതിരെ' എന്നായിരുന്നു. കേരളത്തിൽ ഹിന്ദു ധ്രുവീകരണം ഉണ്ടാക്കാൻ സംഘപരിവാരം ഉയർത്തുന്ന, കേരളം ഇസ്ലാമിക തീവ്രവദത്തിന്റെ വിളനിലം എന്ന പ്രോപ്പഗണ്ടയുടെ ചുവട്‌ പിടിച്ചാണ് സംഘപരിവാരം ജലീൽ വിരുദ്ധ പ്രക്ഷോഭത്തെയും കൊണ്ടുപോകുന്നത്‌.

നിരോധിത സംഘടനയായ സിമിയുടെ മുൻ നേതാവ്‌ എന്ന മേൽവിലാസം നൽകിയാണ് ദേശീയ തലത്തിൽ സംഘപരിവാരം ജലീലിനെ അവതരിപ്പിക്കുന്നത്‌. മുസ്ലിം യൂത്ത്‌ ലീഗിന്‍റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു പിന്നീട്‌ അദ്ദേഹം എന്ന വസ്തുത കൂടി വിസ്മരിച്ച്‌ യു ഡി എഫ്‌ കേരളത്തിൽ അത്‌ ഏറ്റുപിടിക്കുകയും ചെയ്തു. മന്ത്രി പദവിയിൽ ഇരുന്ന് മത പ്രചാരണം നടത്തി, ഖുർആർ യു എ ഇ യിൽ നിന്ന് ഇറക്കുമതി ചെയ്ത്‌ വിതരണം ചെയ്തു എന്ന പ്രചാരണമാണ് മറ്റൊന്ന്. സാധാരണ ഹിന്ദുക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും മതപരമായ പ്രകോപനം സൃഷ്ടിക്കാനും ഈ പ്രചാരണം കുറച്ചൊന്നുമല്ല സഹായകമാകുക. നിയമത്തിന് മുന്നിൽ താൻ തെറ്റുചെയ്തിട്ടില്ല എന്ന് ജലീലിനു തെളിയില്ലാൻ കഴിഞ്ഞാൽ പോലും ഈ പ്രചാരണം പരത്തുന്ന വർഗ്ഗീയ വൈറസിന്റെ വ്യാപനം തടയുക എളുപ്പമാകില്ല.

താൽകാലിക രാഷ്ട്രീയ നേട്ടങ്ങൾക്ക്‌ വേണ്ടി സെൻസിറ്റീവായ വിഷയങ്ങൾ ഉപയോഗിക്കുന്ന രീതി എത്ര മാത്രം ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക എന്ന് എല്ലാവരും ആലോചിക്കുന്നത്‌ നന്നാകും. ഇതിൽ ഏറെ അൽഭുതകരമായ ഒരു കാര്യം, സംഘപരിവാര പ്രചാരണ രീതികളുടെ മനശാസ്ത്രം നന്നായറിയാവുന്ന മുസ്ലിം മാധ്യമങ്ങൾ പോലും ഈ വിഷയത്തിൽ ജലീലിന്‍റെ കേസ്‌ വാദിച്ചില്ല എന്ന് മാത്രമല്ല, സംഘപരിവാരത്തിന്‍റെ ഒളിയജണ്ടയെ കുറിച്ച്‌ ഒരക്ഷരം ഉരിയാടുക പോലുമുണ്ടായില്ല. 

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർപാർട്ടിയും ജലീലിനെതിരെ ആവേശത്തോടെ രംഗത്തുവരികയുണ്ടായി. ജമാഅത്തിന്‍റെ പത്ര മാധ്യമങ്ങൾ തീർത്തും പകപോക്കൽ നിലപാടാണ് ഈ കാര്യത്തിൽ സ്വീകരിച്ചത്‌. നേരത്തെ യു ഫി എഫ്‌ വിരുദ്ധ പക്ഷത്ത്‌ നിൽകുമ്പോഴും ജമാഅത്ത്‌ മാധ്യമങ്ങൾ, വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന സെൻസിറ്റീവ്‌ ആയ പ്രചാരണങ്ങൾക്കെതിരെ നിലപാട്‌ എടുത്തിരുന്നു. അത്തരം പ്രചാരണങ്ങളെ ഇസ്ലാമോഫോബിയയുടെ കണക്കിൽ പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇസ്ലാമോഫോബിയയെ കുറിച്ച്‌ മിണ്ടാട്ടമില്ല. ഹിന്ദുത്വ മുതലെടുപ്പ്‌ ഒരു വിഷയമായി അവർ കാണുന്നില്ല. അതിന്റെ കാരണം, ജലീൽ ജമാഅത്തെ ഇസ്ലാമിയെ സൈദ്ധാന്തികമായി വിമർശിച്ചു എന്നതും അടുത്ത തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ കയറി കൂടി നാലു വോട്ട്‌ നേടാമെന്ന മോഹവും മാത്രം. 

ഈ യുദ്ധത്തിൽ ജലീൽ രക്ഷപ്പെടുമോ ശിക്ഷിക്കപ്പെടുമോ എന്നതല്ല യഥാർത്ഥ പ്രശ്നം. രണ്ടായാലും അതിന്‍റെ ഗുണഭോക്താവ്‌ സംഘപരിവാരം ആയിരിക്കുമെന്നതാണ്. യു ഡി എഫിനെ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളി ആ സ്ഥാനം കയ്യടക്കാനാണ് ബി ജെ പി ഈ ആരോപണങ്ങൾ അഴിച്ചു വിട്ടത്‌ എന്നു തന്നെ സംശയിക്കേണ്ടി വരുന്നു. 'ജിഹാദി- ചുവപ്പ്‌ ഭീകര കൂട്ടുകെട്ട്'‌ എന്ന തങ്ങളുടെ വ്യാജ സിദ്ധാന്തം യു ഡി എഫിന്റെ ചെലവിൽ വിറ്റഴിക്കാൻ കിട്ടിയ സുവർണ്ണാവസരം എന്ന നിലയിലാകും സംഘപരിവാരം ജലീൽ വിരുദ്ധ സമരത്തെ രേഖപ്പെടുത്തുക.

Follow Us:
Download App:
  • android
  • ios