മ്യാൻമറിലെ നിലവിലെ സൈനിക മേധാവിയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്ഥാപനങ്ങൾ എല്ലാം തന്നെ ദേശീയ അന്തർദേശീയ നിയമങ്ങൾ പലതും ലംഘിച്ചു എന്നുള്ള ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്നവയാണ്
ആങ് സാൻ സ്യൂചിയെ വീണ്ടും വീട്ടുതടങ്കലിലേക്ക് പറഞ്ഞയച്ചുകൊണ്ട്, രാജ്യത്തിന്റെ പരമാധികാരം പിടിച്ചെടുത്ത, സൈനിക അട്ടിമറിയിലൂടെ ജനറൽ മിൻ ഓങ് ലൈങ് ലക്ഷ്യമിടുന്നത് എന്താണ്? മറ്റെന്തിലും അധികമായി അത് സൈന്യത്തിന്റെ യാതൊരുവിധത്തിലുള്ള ഓഡിറ്റുകൾക്കും വിധേയമല്ലാത്ത സാമ്പത്തിക മേൽക്കോയ്മയിൽ ജനറലിന്റെ കുടുംബത്തിനുള്ള സാമ്പത്തിക താത്പര്യങ്ങളുടെ സംരക്ഷണമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മിൻ ഓങ് ലൈങ് എന്ന സൈനിക ഓഫീസർ തന്റെ കരിയറിന്റെ സിംഹഭാഗവും ചെലവിട്ടത് മാധ്യമങ്ങളുടെ ദൃഷ്ടിയിൽ പെടാതെയാണ്. ഒന്നിന് പിറകെ ഒന്നായി, സ്ഥാനക്കയറ്റങ്ങൾ നേടി ജനറലായ ശേഷം, ഫെബ്രുവരി ഒന്നാം തീയതി രാജ്യത്തിൻറെ പരമാധികാരം പിടിച്ചെടുക്കുമ്പോൾ അദ്ദേഹത്തിന് വിരമിക്കാൻ അവശേഷിച്ചിരുന്നത് വെറും അഞ്ചേ അഞ്ചു മാസം മാത്രം. മ്യാന്മാർ സൈന്യവുമായി ബന്ധപ്പെട്ടുകൊണ്ട് മിൻ ഓങ് ലൈങ്ങിനും കുടുംബത്തിനും സൈന്യത്തിലെ അദ്ദേഹത്തിന്റെ സ്നേഹിതർക്കും എല്ലാം പല തരത്തിലുള്ള, കോടികളുടെ സാമ്പത്തിക നിക്ഷേപങ്ങളുണ്ട്. അധികാരമൊഴിഞ്ഞാൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ പിന്നീട് അന്വേഷണങ്ങൾ വന്നേക്കാം എന്ന ആശങ്കയാണ് ഒരു സൈനിക അട്ടിമറി നടത്തി അധികാരം എന്നെന്നേക്കുമായി തന്റെ പക്കൽ തന്നെ നിലനിർത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നാണ് ആക്ഷേപം.

മ്യാന്മാർ എക്കോണമിക് കോർപ്പറേഷൻ, മ്യാന്മർ എക്കോണമിക് ഹോൾഡിങ്‌സ് എന്നിങ്ങനെ മ്യാൻമറിലെ രണ്ടു സൈനിക സാമ്പത്തിക സ്ഥാപനങ്ങളുടെ ഉടമയാണ് ജനറൽ മിൻ ഓങ് ലൈങ്. മ്യാൻമറിലെ വ്യാപാരതുറമുഖങ്ങളിൽ കാര്യമായ നിക്ഷേപങ്ങൾ ഈ രണ്ടു സ്ഥാപനങ്ങൾക്കുമുണ്ട്. അതിനുപുറമെ കണ്ടൈനർ പോർട്ടുകൾ, മാണിക്യഖനികൾ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ ഏറെ ആദായകരമായ നിരവധി മേഖലകളിൽ അവർക്ക് താത്പര്യങ്ങളുണ്ട്. മിൻ ഓങ് ലൈങിന്റെ മകൻ ഓങ് പ്യേ സോൺ എ ആൻഡ് എം മഹർ എന്ന പേരിൽ ഒരു മെഡിക്കൽ സപ്ലൈ സ്ഥാപനം നടത്തുകയാണ്. അസുറ ബീച്ച് റിസോർട്ട് എന്ന മ്യാൻമറിലെ ഏറ്റവും വലിയ ഹോട്ടലുകളിൽ ഒന്നും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. അതിനു പുറമെ സ്‌കൈ വൺ കൺസ്ട്രക്ഷൻസ് എന്നൊരു നിർമാണ കമ്പനിയും ഓങ് പ്യേ സോണിന്റെ ഉടമസ്ഥതയിൽ ഉണ്ട്. മിൻ ഓങ് ലൈങ്ങിന്റെ മകൾ ഖിൻ തെരി തെറ്റ് മോൻ, സെവൻത് സെൻസ് എന്ന പേരിലുള്ള ഒരു മീഡിയ പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയാണ്. അവരാണ് മ്യാൻമറിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ പലതും നിർമിച്ച് വിതരണം ചെയ്യുന്നത്.
അങ്ങനെ മ്യാൻമറിലെ നിലവിലെ സൈനിക മേധാവിയുടെയും ബന്ധുക്കളുടെയും പേരിലുള്ള മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ എല്ലാം തന്നെ ദേശീയ അന്തർദേശീയ നിയമങ്ങൾ പലതും ലംഘിച്ചു എന്നുള്ള ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്നവയാണ്. അതിനു പുറമെയാണ് ചൈന, റഷ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്ന് അമിത വിലയ്ക്ക് പടക്കോപ്പുകൾ വാങ്ങി എന്നുള്ള ആരോപണം മിൻ ഓങ് ലൈങ്ങിന്റെ നേർക്ക് ഉയർന്നു വന്നിട്ടുള്ളത്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ എന്ന അഴിമതി നിരീക്ഷണ ഏജൻസി മ്യാന്മാറിന്റെ ലോകത്തിലെ തന്നെ ഏറ്റവും അഴിമതിയിൽ മുങ്ങിയ രാജ്യങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്.

മിൻ ഓങ് ലൈങ് ഫെബ്രുവരി ഒന്നാം തീയതി സൈനിക അട്ടിമറി നടത്താതെ, ജൂലൈയിൽ മുൻനിശ്ചയ പ്രകാരം വിരമിച്ചിരുന്നു എങ്കിൽ, നവംബറിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആങ് സാൻ സ്യൂചി സർക്കാർ ഒരുപക്ഷേ സംശയാസ്പദമായ പല ഇടപാടുകളും അന്വേഷണവിധേയമാക്കിയിരുന്നേനെ. ഒരു തെരഞ്ഞെടുപ്പുകൂടി വളരെ അനായാസമായി ആങ് സാൻ സ്യൂചി ജയിച്ചത്, രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുന്നതിന്റെ ലക്ഷണമായിട്ടാണ് പലരും കാണുന്നത്. റോഹിൻഗ്യകൾക്കെതിരെ നടന്ന വംശഹത്യക്ക് ശേഷം മിൻ ഓങ് ലൈങ്ങിനെതിരെ അന്വേഷണം നടത്തണം എന്നുള്ള അന്താരാഷ്ട്ര സമ്മർദ്ദം ഏറിവന്നതും ഇങ്ങനെ ഒരു പട്ടാള അട്ടിമറിയെപ്പറ്റി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുകാണുമെന്നാണ് പറയപ്പെടുന്നത്.
