'നിങ്ങളും നിങ്ങളുടെ അച്ഛന്റെ സുഹൃത്തും ഒക്കെ ധനികരാണ്. നിങ്ങൾ എളിമയുള്ളവനായിരിക്കാൻ വേണ്ടിയാവാം മിഡിൽ ക്ലാസ് ആണെന്ന് മാതാപിതാക്കൾ പറയുന്നത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഒന്നിലധികം കാറുകളുണ്ട്, മുഴുവൻ സമയ ജോലിക്കാരുണ്ട്, എല്ലാ ആഡംബരസൗകര്യങ്ങളും ഉണ്ട്. എന്നിട്ടും മിഡിൽ ക്ലാസ് ആണെന്ന് വിശേഷിപ്പിക്കുന്ന കുടുംബത്തെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയാവുന്നത്. ആരാണ് ഇന്ത്യയിൽ മധ്യവർ​ഗക്കാർ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത്, 'തന്റെ അച്ഛന്റെ സുഹൃത്ത് ഒരു വലിയ പെന്റ് ഹൗസിലാണ് താമസിക്കുന്നത്. അയാൾക്ക് 24 മണിക്കൂറും ജോലിക്കായി എട്ട് ജോലിക്കാരുണ്ട്. ആറ് കാറുകളുണ്ട്. എന്നിട്ടും അയാൾ തന്നെ കുറിച്ച് മിഡിൽ ക്ലാസ് എന്നാണ് പറയുന്നത്. ഞങ്ങൾക്കാവട്ടെ മുഴുവൻ സമയവും 5 ജോലിക്കാരുണ്ട്, നാല് കാറുകളുണ്ട്, പുറത്ത് വെക്കേഷന് പോകാനൊക്കെ സുഖമായിട്ട് കഴിയും. എന്നിട്ടും എന്റെ മാതാപിതാക്കൾ പറയുന്നത് ഞങ്ങൾ‌ മിഡിൽ ക്ലാസ് ആണ് എന്നാണ്. നമ്മുടെ ഡ്രൈവർക്ക് മാന്യമായ ശമ്പളമുണ്ട്. അധികമായി സമ്പാദിക്കുന്നില്ല. അദ്ദേഹവും മിഡിൽ ക്ലാസ് ആണെന്നാണ് പറയുന്നത്. ഡ്രൈവറുടെ വീട്ടിലെ ജോലിക്കാരിയും അവരെ മിഡിൽ ക്ലാസ് എന്നാണ് പറയുന്നത്. അപ്പോൾ ഇവിടെ എല്ലാവരും മിഡിൽ ക്ലാസ് ആണെങ്കിൽ ശരിക്കും ഉയർന്ന വിഭാ​ഗവും താഴ്ന്ന വിഭാ​ഗവും ആരാണ്' എന്നാണ്.

'ഇത് ധനികരുടെ ഓരോ തമാശയാണോ? എനിക്ക് മനസ്സിലാകാത്തത്ര ദരിദ്രനായതിനാലാണോ മനസിലാക്കാൻ കഴിയാതെ പോയത്' എന്നായിരുന്നു കമന്റ് ബോക്സിൽ ഒരാളുടെ സംശയം. 'നിങ്ങളും നിങ്ങളുടെ അച്ഛന്റെ സുഹൃത്തും ഒക്കെ ധനികരാണ്. നിങ്ങൾ എളിമയുള്ളവനായിരിക്കാൻ വേണ്ടിയാവാം മിഡിൽ ക്ലാസ് ആണെന്ന് മാതാപിതാക്കൾ പറയുന്നത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അപ്പോഴും യുവാവിന്റെ സംശയം ശരിക്കും മിഡിൽ ക്ലാസ് ആരാണ് എന്നതായിരുന്നു. അതിനും ഒരാൾ മറുപടി നൽകിയിട്ടുണ്ട്. 'മിഡിൽ ക്ലാസുകാർ ചെറിയ സമ്പാദ്യം മാത്രമുള്ളവരും, വീട്ടുജോലിക്കാരില്ലാത്തവരും, അവധിക്കാല യാത്രകൾക്ക് ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുന്നവരും, പ്രത്യേക അവസരങ്ങളിൽ മാത്രം കുടുംബത്തോടൊപ്പം റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരും, 5-10 രൂപ വിലകുറഞ്ഞ കടകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നവരും ഉൾപ്പെടുന്നതാണ്. വാടകയ്ക്ക് താമസിക്കുന്നവരോ, ഒരു വീട് മാത്രമായി അവിടെ താമസിക്കുന്നവരോ ആണ് അവർ. കൂടാതെ, പ്രത്യേകം അവസരങ്ങളിൽ മാത്രം ഉപയോ​ഗിക്കാൻ ഒരു ഫാമിലി കാറോ ടുവീലറോ പൊതു​ഗതാ​ഗതം ഉപയോ​ഗിക്കുന്നവരോ ആകാം ഇവർ' എന്നായിരുന്നു മറുപടി.