തിങ്കളാഴ്ച ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ ലക്‌ബൊവൻ ലർക്കിപുര പഞ്ചായത്തിന്റെ സർപഞ്ച്‌ ആയ കോൺഗ്രസ് നേതാവ് അജയ് പണ്ഡിതയെ , സ്വന്തം ആപ്പിൾ തോട്ടത്തിൽ വെച്ച്, ബൈക്കിലെത്തിയ തീവ്രവാദികൾ വെടിവെച്ചു കൊന്നുകളഞ്ഞിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ അജയിന്റെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. തന്റെ തോട്ടത്തിലെ ചെടികൾ പരിപാലിക്കാൻ വേണ്ടി പോയതായിരുന്നു അജയ് പണ്ഡിത എന്ന് പൊലീസ് പറഞ്ഞു.

 

'അജയ് പണ്ഡിതയുടെ പത്നി'

 

ഷോപ്പിയാൻ ജില്ലയിൽ അഞ്ചു ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിന് തൊട്ടുപിന്നാലെയാണ് കാശ്മീരി പണ്ഡിറ്റുകളിൽ ഒരാളായ ഈ ഗ്രാമമുഖ്യനെ ഭീകരവാദികൾ കൊന്നുകളഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

 

'മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പുള്ള പൊതുദർശനം '

ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്ന അജയ് പണ്ഡിത എന്ന കോൺഗ്രസ് സർപഞ്ചിനു നേരെ ഇതിനു മുമ്പും ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ വധഭീഷണി മുഴക്കിയിരുന്നതാണ്. " എന്തുകൊണ്ടാണ് നിങ്ങളുടെ കണ്ണിൽ ഞങ്ങൾ കശ്മീരി പണ്ഡിറ്റുകളുടെ ജീവന് ഒരു വിലയുമില്ലാത്തത് ?" എന്ന് ഒരു കത്തിലൂടെ വികാരാധീനനായി അജയ് പണ്ഡിത എഴുതിച്ചോദിച്ചതിനും, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനും ആഴ്ചകൾക്കുള്ളിലാണ് അദ്ദേഹം വധിക്കപ്പെട്ടിരിക്കുന്നത്. ഹിസ്ബുലിന്റെ ഭാഗത്തു നിന്നുള്ള വധ ഭീഷണി ഉൾപ്പെടെ ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ താഴ്ചരയിൽ താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, തന്റെ ആശങ്കകളെക്കുറിച്ചും ഒക്കെ അജയ് പണ്ഡിത സംസാരിക്കുന്ന അഭിമുഖം  അദ്ദേഹത്തിന്റെ മരണശേഷം സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായിട്ടുണ്ട്. 

 

 

2018 -ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ പല കശ്മീരി പണ്ഡിറ്റുകളും മത്സരിച്ച് ജയിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് അജയ് പണ്ഡിതയും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച അന്നുതൊട്ടേ അജയ് പണ്ഡിതയെ വധിക്കും എന്ന ഹിസ്ബുൾ ഭീഷണി നിലവിലുണ്ടായിരുന്നു. 

സിനിമാതാരം അനുപം ഖേർ ഈ കൊലപാതകത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തു. എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളിൽ നടപ്പിലാക്കിയ കശ്മീരി പണ്ഡിറ്റുകളെ വധിച്ച് ഭീതി ജനിപ്പിക്കുക എന്ന ഗൂഢാലോചനയാണ് വീണ്ടും തുടങ്ങിയിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.