Asianet News MalayalamAsianet News Malayalam

ആരാണ് അമാൻഡ ​ഗോർമാൻ? അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റപ്പോൾ കവിത ചൊല്ലിയ ഇരുപത്തിമൂന്നുകാരി

ഗോർമാൻ ജീവിതത്തിൽ വെല്ലുവിളികളെ അഭിമുഖീകരിച്ച് തന്നെയാണ് മുന്നോട്ട് വന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും, അവൾ ഒരു മികച്ച പ്രാസംഗികയായി. 

who is amanda gorman
Author
USA, First Published Mar 10, 2021, 10:14 AM IST

പ്രസിഡന്റ് ജോ ബൈഡന്റെയും, വിപി കമല ഹാരിസിന്റെയും സ്ഥാനാരോഹണ വേളയിൽ കവിതാ പാരായണം നടത്തിയാണ് അമാൻഡാ ഗോർമാൻ ലോക ശ്രദ്ധ നേടിയത്. അന്ന് അവളുടെ കവിത കേട്ട് ഒബാമ, ഓപ്ര വിൻഫ്രെ തുടങ്ങിയ പ്രമുഖർ അവളെ പ്രശംസിക്കുകയുണ്ടായി. ആക്ടിവിസ്റ്റും യുഎസ് ദേശീയ യുവകവി പുരസ്കാര ജേതാവുമായ അമാൻഡാ ഗോർമാന്റെ കവിത സദസ്സിലെല്ലാവരെയും അത്ഭുതപ്പെടുത്തി. അവളുടെ കവിത, "ദി ഹിൽ വി ക്ലൈംബ്" ക്യാപിറ്റൽ ഹിൽസിൽ നടന്ന ആൾക്കൂട്ട ആക്രമണത്തെ അഭിസംബോധന ചെയ്തു. യുഎസിലെ ഭിന്നിപ്പിക്കൽ രാഷ്ട്രീയം, സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള പ്രത്യാശ എന്നിവയും അതിൽ പരാമർശിക്കപ്പെട്ടു. പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേളയിൽ കവിത വായിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കവിയെന്ന നിലയിൽ ഈ ഹാർവാർഡ് ബിരുദധാരി ചരിത്രം സൃഷ്ടിച്ചു. എന്നാൽ ആരാണ് ഈ അമാൻഡ ഗോർമാൻ?

who is amanda gorman

ലോസ് ഏഞ്ചൽസിൽ ജനിച്ച് വളർന്ന ഗോർമാൻ വളരെ ചെറുപ്പത്തിൽത്തന്നെ കവിത എഴുതുമായിരുന്നു. ലോസ് ഏഞ്ചൽസ് ടൈംസ് പറയുന്നതനുസരിച്ച് മൂന്നാം ക്ലാസ്സിൽ വച്ച് റേ ബ്രാഡ്‌ബറിയുടെ "ഡാൻ‌ഡെലിയോൺ വൈൻ" എന്ന കവിത കേട്ടപ്പോൾ മുതലാണ് സാഹിത്യത്തോട് അവൾക്ക് താല്പര്യം തോന്നുന്നത്. തുടർന്ന് അവൾ എഴുതാൻ ആരംഭിച്ചു. അവളെ വളർത്തിയത് അമ്മയായിരുന്നു. അവളുടെ അമ്മ ജോവാൻ വിക്സ് ഒരു ഇംഗ്ലീഷ് അധ്യാപികയായിരുന്നു.  

who is amanda gorman

ഉദ്ഘാടന വേളയിൽ കവിത വായിക്കാനായി ഗോർമാനെ തിരഞ്ഞെടുത്തത് അമേരിക്കയിലെ പുതിയ പ്രഥമ വനിത ഡോ. ജിൽ ബൈഡനാണ്. ലൈബ്രറി ഓഫ് കോൺഗ്രസിൽ അവളുടെ കവിത ചൊല്ലുന്നത് അവർ കാണാൻ ഇടയായി.  അങ്ങനെയാണ് അവളുടെ കവിത അവർ ശ്രദ്ധിക്കുന്നത്. ഉദ്ഘാടന പ്രസംഗം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കവിയാകുന്നതിന് മുമ്പ്, അവൾ 2017 -ൽ ആദ്യമായി ദേശീയ യുവകവി പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുമുമ്പ്, വെറും 16 വയസ്സുള്ളപ്പോൾ 2014 -ൽ ലോസ് ഏഞ്ചൽസിലെ യുവകവി പുരസ്കാര ജേതാവായും അവൾ തിരഞ്ഞെടുക്കപ്പെട്ടു.  

ഗോർമാൻ ജീവിതത്തിൽ വെല്ലുവിളികളെ അഭിമുഖീകരിച്ച് തന്നെയാണ് മുന്നോട്ട് വന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും, അവൾ ഒരു മികച്ച പ്രാസംഗികയായി. ഒരു ശിശുവായിരിക്കുമ്പോൾ ഉണ്ടായ വിട്ടുമാറാത്ത ചെവി അണുബാധകൾ, അവളിൽ ഒരു ഓഡിറ്ററി പ്രോസസ്സിംഗ് ഡിസോർഡർ ഉണ്ടാകാൻ കാരണമായി. ഇതാണ് സംസാര തടസ്സത്തിന് കാരണമായത്. “സംസാരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം നിരവധി അക്ഷരങ്ങൾ ഉച്ചരിക്കാൻ എനിക്ക് സാധിക്കാതെയായി, പ്രത്യേകിച്ചും ‘ആർ’ ശബ്ദം. ഇന്ന് ഞാൻ എവിടെയാണോ അവിടെയെത്താൻ എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു” അവൾ വ്യക്തമാക്കി. എഴുത്തുകാരി മായ ആഞ്ചലോയാണ് അവളുടെ ഏറ്റവും വലിയ പ്രചോദനം.  

who is amanda gorman

2016 -ൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വൺ പെൻ വൺ പേജ് ഗോർമാൻ സ്ഥാപിച്ചു. യുവജനങ്ങളുടെ രചനയിലൂടെയും നേതൃത്വ പരിപാടികളിലൂടെയും സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ഒരു സംഘടനയാണ് അത്. ഇതൊന്നും കൂടാതെ, 2013 -ൽ മലാല യൂസഫ്സായി സംസാരിക്കുന്നത് കണ്ട ശേഷം ഗോർമാൻ ഐക്യരാഷ്ട്ര യുവജന പ്രതിനിധിയാകാൻ ആഗ്രഹിച്ചു. 2017 -ൽ യുഎന്നിന്റെ സാമൂഹിക ഉച്ചകോടിയിൽ “The Gathering Place” എന്ന കവിത അവൾ അവതരിപ്പിച്ചു. മലാലയ്ക്ക് മുന്നിൽ തന്നെ അവതരിപ്പിക്കാനുള്ള ഭാഗ്യവും അവൾക്ക് ലഭിച്ചു. കവിതകൾ മാത്രമല്ല കഥകളും അവൾ എഴുതും. അവളുടെ ആദ്യത്തെ കുട്ടികളുടെ പുസ്തകത്തിന്റെ, Change Sings: A Children’s Anthem, പ്രമേയം കുട്ടികളെ പ്രത്യാശയുള്ളവരാക്കി മാറ്റാൻ പ്രാപ്തരാക്കുക എന്നതാണ്. അവളുടെ കൃതികൾ വംശീയത, അടിച്ചമർത്തൽ, ഫെമിനിസം, സാമൂഹിക അനീതി തുടങ്ങിയ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു. അവളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അമേരിയ്ക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക എന്നത്. യോഗ്യത ലഭിക്കുന്ന ആദ്യ വർഷം തന്നെ മത്സരിക്കുമെന്ന് 2017 -ൽ അവൾ അഭിപ്രായപ്പെട്ടു.  

Follow Us:
Download App:
  • android
  • ios