പ്രാദേശിക പത്രങ്ങൾ ബൈബിൾ ജോണിനെ കുറിച്ച് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകി. പൊലീസിന് പൊതുജനങ്ങളിൽ നിന്ന് 4,000 -ത്തിലധികം രഹസ്യ വിവരങ്ങൾ ലഭിച്ചു. പക്ഷേ, ഈ ലീഡുകളൊന്നും എവിടെയും എത്തിയില്ല. ബൈബിൾ ജോണിനെ പിടികൂടാനായില്ല.
1960 -കളുടെ അവസാനത്തിൽ, സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ (Glasgow, Scotland) നഗരത്തിൽ സ്ത്രീകളുടെ ഉറക്കം കെടുത്തിയിരുന്ന ഒരു സീരിയൽ കില്ലർ (serial killer) ഉണ്ടായിരുന്നു, ബൈബിൾ ജോൺ (Bible John). 1968 വേനൽക്കാലത്തായിരുന്നു ആദ്യത്തെ കൊലപാതകം. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന 25 വയസ്സുള്ള പട്രീഷ്യ ഡോക്കറായിരുന്നു ആദ്യത്തെ ഇര. അവൾ ഒരു നഴ്‌സായിരുന്നു. ഒരു രാത്രിയിൽ സുഹൃത്തുക്കളുമായി അവൾ ഒരു ഡാൻസ് ബാറിൽ പോയി. ഇരുപത് വയസിന് മുകളിൽ പ്രായമുള്ള, ചുവന്ന മുടിയുള്ള ഒരാൾ അവളുടെ സമീപമുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പിന്നീട് പറഞ്ഞു. നല്ല വസ്ത്രം ധരിച്ചിരുന്ന അയാളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് അവിടെ നിന്ന് പോയി. പിന്നീട് പട്രീഷ്യയെ ആരും ജീവനോടെ കണ്ടില്ല.
പിറ്റേന്ന് രാവിലെ, ഒരു അയൽക്കാരൻ അവളെ തന്റെ ഗാരേജിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. അവളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. അവൾ അർദ്ധനഗ്നയായിരുന്നു. അയാൾ അവളെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവളുടെ പേഴ്‌സ് കാണാനില്ലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. അന്ന് രാത്രിയിൽ അവളെയും, അവനെയും ഒരുമിച്ച് കണ്ടവരെ ചോദ്യം ചെയ്‌തെങ്കിലും, കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അന്വേഷണത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്ന സൂചനകൾ ഒന്നും ലഭിച്ചില്ല. ഏതാനും മാസങ്ങൾക്കു ശേഷം അന്വേഷണം തണുത്തു.
പിന്നീട്, 1969 -ലാണ് ഞെട്ടിക്കുന്ന സമാനമായ രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. രണ്ടു കുട്ടികളുള്ള ജെമിമ മക്ഡൊണാൾഡും ഒരു രാത്രി അതേ ഡാൻസ് ബാറിൽ എത്തി. അവിടെ എത്തിയ അവളുമായി അയാൾ സൗഹൃദത്തിലായി. അവർ ഒരുമിച്ച് അവിടെ നിന്ന് പുറത്ത് പോയി. അവളുടെ മൃതദേഹമാണ് പിറ്റേന്ന് രാവിലെ കണ്ടത്. അവളെയും സമാനമായ രീതിയിൽ മർദ്ദിക്കുകയും, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. അവളുടെ പേഴ്‌സും എവിടെയും കാണാനില്ലായിരുന്നു. കൂടാതെ അവളെ അവസാനമായി കണ്ടത് ഉയരമുള്ള, നല്ല വസ്ത്രം ധരിച്ച ചുവന്ന മുടിയുള്ള ഒരു പുരുഷനോടൊപ്പമായിരുന്നുവെന്ന് തലേദിവസം അവളെ കണ്ടവർ പൊലീസിനോട് പറഞ്ഞു.
അയാൾ സംഭാഷണത്തിനിടയിൽ ബൈബിൾ വാക്യങ്ങൾ ഇടക്കിടെ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ ഓർത്തു. അയാൾ സ്വയം ജോൺ എന്നാണ് പരിചയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. രണ്ട് സ്ത്രീകളെയും ഒരേ പുരുഷനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിന് ഉറപ്പില്ലായിരുന്നു. എന്നാൽ, ഒരു സീരിയൽ കില്ലർ ഉണ്ടാകാനുള്ള സാധ്യത അവർക്ക് തള്ളിക്കളയാൻ സാധിച്ചില്ല. ദൃക്‌സാക്ഷി വിവരണത്തെ അടിസ്ഥാനമാക്കി പൊലീസ് രേഖാചിത്രം പുറത്തിറക്കി.
ഏതാനും മാസങ്ങൾക്കുശേഷം 1969 ഒക്ടോബർ 31-ന് ബൈബിൾ ജോൺ വീണ്ടും കൊല നടത്തി. രണ്ട് കുട്ടികളുടെ അമ്മയായ ഹെലൻ പുട്ടോക്കായിരുന്നു അത്. ഇതേ ഡാൻസ് ബാറിൽ എത്തിയ അവളെയും അയാൾ വശീകരിച്ച് കൊണ്ട് പോയി കൊന്നു. ഇത്തവണ പക്ഷേ, വിചിത്രമായ ഒരു കാര്യം പൊലീസ് ശ്രദ്ധിച്ചു. കൊലയാളി ഇരയുടെ പേഴ്‌സ് എടുത്തിരുന്നുവെങ്കിലും ഒരു സാനിറ്ററി പാഡ് അവളുടെ കക്ഷത്തിൽ തിരുകി വെച്ചിരുന്നു. കൊല്ലപ്പെടുമ്പോൾ മൂന്ന് സ്ത്രീകളും ഋതുമതികളായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. നിർഭാഗ്യവശാൽ, ഫോറൻസിക് സാങ്കേതികവിദ്യ 60 -കളിൽ വേണ്ടത്ര പുരോഗമിച്ചിരുന്നില്ല. അവളുടെ ശരീരത്തിൽ കടിയേറ്റ അടയാളവും ശുക്ലത്തിന്റെ അടയാളങ്ങളും കണ്ടെങ്കിലും, പൊലീസിന് അതിൽ നിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പ്രാദേശിക പത്രങ്ങൾ ബൈബിൾ ജോണിനെ കുറിച്ച് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകി. പൊലീസിന് പൊതുജനങ്ങളിൽ നിന്ന് 4,000 -ത്തിലധികം രഹസ്യ വിവരങ്ങൾ ലഭിച്ചു. പക്ഷേ, ഈ ലീഡുകളൊന്നും എവിടെയും എത്തിയില്ല. ബൈബിൾ ജോണിനെ പിടികൂടാനായില്ല. അതേസമയം ബൈബിൾ ജോൺ എന്ന ദുരൂഹ കൊലയാളി യഥാർത്ഥത്തിൽ പീറ്റർ ടോബിൻ ആണെന്ന് പലരും കരുതുന്നു. എന്നാൽ, ഈ വാദം ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല, മാത്രമല്ല ഇത് ശരിയാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ കുറവാണ്. പീറ്റർ ഒരു ബലാത്സംഗിയും, സീരിയൽ കില്ലറുമാണ്. 2008 -ൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെയും 20 വയസുള്ള യുവതിയെയും കൊലപ്പെടുത്തിയ കേസിൽ അയാൾ ജയിലിലടക്കപ്പെട്ടു. നിലവിൽ എഡിൻബറോയിലെ ജയിലിൽ മൂന്ന് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് അയാൾ.
(ചിത്രം പ്രതീകാത്മകം)
