ഞായറാഴ്ച ദിവസം മുൻ എംഎൽഎയും ബിജെപി നേതാവുമായ കപിൽ മിശ്ര ഉത്തരപൂർവ ദില്ലിയിലെ ജാഫറാബാദിൽ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരായി ഒരു റാലി നടത്തി.  അതിലേക്ക് സംഘടിച്ചെത്താൻ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരോട് ആഹ്വാനം ചെയ്തു. റാലിയിൽ ഏറെ പ്രകോപനകരമായ പ്രസംഗം നടത്തി എന്ന് മാത്രല്ല അനേകായിരങ്ങൾ ഫോളോ ചെയ്യുന്ന തന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് " ജാഫറാബാദിൽ മറ്റൊരു ഷാഹീൻ ബാഗ് ഉണ്ടാകാൻ അനുവദിച്ചുകൂടാ..." എന്ന് ഒരു ട്വീറ്റും ചെയ്തു. ആ റാലിക്കും ട്വീറ്റിനും പിന്നാലെ   പൗരത്വ പ്രതിഷേധങ്ങളെ എതിർക്കുന്നവർ സംഘടിച്ചു. അവരും  പ്രതിഷേധിക്കുന്നവരും തമ്മിൽ സംഘർഷങ്ങൾ നടന്നു. കല്ലേറുണ്ടായി. ചില വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. 

ആദ്യം നടന്ന ഈ നേരിയ സംഘർഷത്തിന് ശേഷം കപിൽ മിശ്ര ഒരു ഭീഷണി കൂടി മുഴക്കി. "ജാഫറാബാദിലെയും ചാന്ദ്‌ബാഗിലെയും റോഡുകളിൽ നിന്ന് സമരക്കാരെ നീക്കാൻ, ദില്ലി പൊലീസിന് ഞങ്ങൾ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാൽ  ഞങ്ങൾ ഇടപെടും. പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാലും കേട്ടെന്നു വരില്ല. "

 

അമേരിക്കൻ പ്രസിഡന്റ് ട്രംപ് വരികയാണ്, അതുകൊണ്ട് സമരങ്ങളോ പ്രതിഷേധങ്ങളോ നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണം എന്നാവശ്യപെടുന്ന മിശ്രയുടെ മറ്റൊരു വീഡിയോയും വന്നു. 

കപിൽ മിശ്ര ? ആരാണയാൾ? ഈ പേര് തന്നെ പലരും ആദ്യമായി കേൾക്കുകയാവും. സാമുദായിക ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവൊന്നുമല്ല മിശ്ര. എന്നാലും, ബിജെപിയെ പ്രതിനിധീകരിച്ചുകൊണ്ട് ഇങ്ങനെ മൈക്കും പിടിച്ച് പൊതുജനമധ്യത്തിൽ വന്നു നിന്ന് അക്രമങ്ങൾക്ക് ജനങ്ങളെ പ്രേരിപ്പിക്കാനും മാത്രം എന്ത് സ്വാധീനമാണ് ഇയാൾക്ക് ദില്ലിയിലുള്ളത്? വർഗീയ പരാമർശങ്ങൾ പുറപ്പെടുവിക്കുന്നത് കപിൽ മിശ്രയ്ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. മിശ്രയെക്കൊണ്ട് നാട്ടിൽ കലാപമുണ്ടാവുന്നത് ഇത് എത്രാമത്തെ തവണയാണ്  എന്നതാണ് ഇപ്പോൾ ദില്ലിനിവാസികൾ പരസ്പരം ചോദിക്കുന്ന ചോദ്യം. 

മുമ്പ് ദില്ലിയിൽ നിന്ന് ബിജെപിക്ക് ഒരു മേയർ ഉണ്ടായിരുന്നു .പേര് അന്നപൂർണ മിശ്ര. അവരുടെ മകനാണ് 39 കാരനായ കപിൽ മിശ്ര. അച്ഛൻ രാമേശ്വർ മിശ്ര മുൻ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും എഴുത്തുകാരനും ഒക്കെയാണ്. ദില്ലി സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്ന് പഠിച്ചിറങ്ങിയ കപിൽ മിശ്ര ആദ്യം കൈവെച്ചത് നയപ്രചാരണ രംഗത്താണ്. ആംനെസ്റ്റി ഇന്റർനാഷണൽ, ഗ്രീൻ പീസ് തുടങ്ങിയവയുടെ നയരൂപീകരണ, പ്രചാരണ യജ്ഞങ്ങളിൽ കപിൽ മിശ്ര ഭാഗഭാക്കായിരുന്നു. രാഷ്ട്രീയത്തിൽ കപിൽ മിശ്രയുടെ സ്വരം ആദ്യം ഉയർന്നു വന്നത് സുരേഷ് കൽമാഡിക്ക് എതിരെയാണ്. 2010 -ലെ ദില്ലി കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ വ്യാപകമായ അഴിമതിയുണ്ടെന്ന പരാതി ആദ്യമായി ഉയർത്തിയവരിൽ ഒരാൾ കപിൽ മിശ്രയായിരുന്നു. 

അന്ന് മിശ്ര, അന്നത്തെ ഇൻകം ടാക്സ് കമ്മീഷണർ ആയ അരവിന്ദ് കെജ്‌രിവാൾ നേതൃത്വം നൽകിയിരുന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്‌ഷൻ (IAC)യോട് സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കാലം. 2012 -ൽ ആം ആദ്മി പാർട്ടി രൂപീകരിച്ച അന്നുതൊട്ടുതന്നെ പാർട്ടിയിലെ സജീവാംഗമായിരുന്നു കപിൽ മിശ്രയും. 2013  ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പിലെ അഗ്നിപരീക്ഷയിൽ കപിൽ മിശ്രയ്‌ക്കും അവസരം കിട്ടി. കാരാവലിൽ നിന്ന് മത്സരിച്ച മിശ്ര പക്ഷേ, ബിജെപിയിലെ മോഹൻ സിംഗ് ബിഷ്റ്റിനോട് കേവലം 3000 -ൽ പരം വോട്ടുകൾക്ക് പരാജയം രുചിച്ചു. എന്നാൽ, അതുകൊണ്ട് തളരാതെ വീണ്ടും പ്രവർത്തനം തുടർന്ന കപിൽ മിശ്ര അതേ സീറ്റിൽ 2015 -ൽ തെരഞ്ഞെടുപ്പുണ്ടായപ്പോൾ ആഞ്ഞു വീശിയ ആം ആദ്മി പാർട്ടി തരംഗത്തിന്റെ ഒപ്പം, 44,000  വോട്ടുകൾക്ക് ജയിച്ചു കയറി. അന്ന് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന കപിൽ മിശ്രയ്ക്ക് അദ്ദേഹം ജലം, ടൂറിസം, ഗുരുദ്വാര തെരഞ്ഞെടുപ്പ്, കല, സാംസ്കാരികം, ഭാഷ തുടങ്ങിയ പല വകുപ്പുകളുടെയും ചുമതല നൽകി. ഷീലാ ദീക്ഷിത്തിനെതിരായ വാട്ടർ ടാങ്കർ അഴിമതിക്കേസിലെ റിപ്പോർട്ട് തയ്യാറാക്കിയതും  മിശ്രയുടെ കാർമികത്വത്തിൽ ആയിരുന്നു. 

രണ്ടേരണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങളൊക്കെ തലകീഴ്മേൽ മറിഞ്ഞു. ആം ആദ്മി പാർട്ടിയുടെ നേതൃത്വവുമായി കപിൽ മിശ്ര ഇടഞ്ഞു. മന്ത്രിസ്ഥാനത്തു നിന്ന് കെജ്‌രിവാൾ മിശ്രയെ നീക്കം ചെയ്തു. അതോടെ മിശ്ര പാർട്ടിക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് രണ്ടുകോടി പണമായി നൽകുന്നത് താൻ നേരിട്ടുകണ്ടു എന്ന് കപിൽ മിശ്ര അന്ന് ആരോപിച്ചു. 2017 മെയ് ആറിന് കപിൽ മിശ്രയുടെ ആം ആദ്മി പാർട്ടി പ്രാഥമികാംഗത്വം തന്നെ റദ്ദാക്കപ്പെട്ടു. ആ ആരോപണത്തിൽ വസ്തുതയുള്ളതായി കണ്ടെത്താൻ ദില്ലി ലോകായുക്തയ്‌ക്കോ, പിന്നീടുവന്ന സിബിഐക്കോ കഴിഞ്ഞില്ല. അതുകൊണ്ട് ആ ആരോപണം നിലനിന്നില്ല. കെജ്‌രിവാൾ കുറ്റവിമുക്തനാക്കപ്പെട്ടു. മെയ് 31 -ന് നിയമസഭയ്ക്കുള്ളിൽ വെച്ച് ചില AAP എംഎൽഎമാർ ആക്രമിച്ചു എന്ന് കപിൽ മിശ്ര ആരോപിച്ചു. ആ സംഭവത്തിന് ശേഷം മിശ്രയും ബിജെപി അംഗങ്ങളുമായുള്ള അടുപ്പം ഏറെ വന്നു. ആം ആദ്മി പാർട്ടി പ്രതിനിധികളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും, ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തുകയും ഒക്കെ ഉണ്ടായി.  അതോടെ മിശ്രയ്‌ക്കെതിരെ കൂറുമാറ്റത്തിന്റെ പേരിൽ നടപടി വന്നു. 2019 ഓഗസ്റ്റ് 2  കപിൽ മിശ്രയുടെ നിയമസഭംഗത്വം റദ്ദാക്കപ്പെട്ടു. അടുത്ത ദിവസം തന്നെ താൻ ബിജെപിയിൽ ചേരുന്നതായി കപിൽ മിശ്ര പ്രഖ്യാപിച്ചു. 

തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ മോഡൽ ടൗണിൽ നിന്ന് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും, മിശ്ര 11,000  വോട്ടുകൾക്ക് സിറ്റിംഗ് എംഎൽഎ അഖിലേഷ് പാതി ത്രിപാഠിയോട് തോറ്റു. ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിരന്തരം വർഗീയ പരാമർശങ്ങൾ ഉന്നയിക്കാൻ കപിൽ മിശ്ര യാതൊരു മടിയും കാണിച്ചില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ Vs പാകിസ്ഥാൻ പോരാട്ടം' എന്ന് വിശേഷിപ്പിച്ചത് കപിൽ മിശ്രയാണ്. ഷാഹീൻബാഗിനെപ്പറ്റിയും നിരവധി വർഗീയവെറി തുളുമ്പുന്ന പരാമർശങ്ങളും മിശ്ര ഉന്നയിച്ചു."എട്ടാം തീയതി നടക്കാൻ പോകുന്നത് ഇന്ത്യ പാകിസ്ഥാൻ പോരാട്ടമാണ്. ഷാഹീൻബാഗിലും മറ്റു പല കുഞ്ഞുകുഞ്ഞു പോക്കറ്റുകളിലും ഇതിനകം തന്നെ പാകിസ്ഥാൻ നിഴഞ്ഞു കയറി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. " എന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്തു അന്ന്. ട്വീറ്റ് വന്നു നിമിഷങ്ങൾക്കകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ചെന്നു. കമ്മീഷൻ അദ്ദേഹത്തോട് ട്വീറ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചതിന് വിശദീകരണവും തേടി. എന്നാൽ, മിശ്രയുടെ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടപ്പോൾ അന്ന് കമ്മീഷൻ 48 മണിക്കൂർ നേരത്തെ പ്രചാരണവിലക്കും മിശ്രക്ക് നൽകിയിരുന്നു. 

പ്രകോപനപരമായ പരാമർശങ്ങൾ നടത്തി നാട്ടിൽ വർഗീയകലാപം അഴിച്ചുവിട്ടതിന് കപിൽ മിശ്രയ്‌ക്കെതിരെ എഫ്‌ഐആർ ഇട്ട് എത്രയും പെട്ടെന്ന് മിശ്രയെ അറസ്റ്റ് ചെയ്യണം എന്നാണ് ജാമിയ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.