ബിജെപിയുടെ ദില്ലിയിലെ വക്താക്കളിൽ ഒരാളും, ഇന്റർനെറ്റിലെ ട്രോൾ സ്റ്റാറും, ട്വിറ്ററിൽ ആറര ലക്ഷം ഫോളോവർമാരുള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമൊക്കെയായ തേജീന്ദർ പാൽ സിംഗ് ബഗ്ഗയ്ക്ക് ഹരിനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സീറ്റുനൽകിയത് ജനുവരി 20 -ന് രാത്രി ദില്ലിയെ ഞെട്ടിച്ചുകളഞ്ഞു. മുപ്പത്തിനാലാം വയസ്സിൽ ഭഗത് സിംഗ് ക്രാന്തി സേന എന്ന പേരിൽ അതിതീവ്ര സ്വഭാവമുള്ള ഒരു രാഷ്ട്രീയ സംഘടന രൂപീകരിച്ച് 'ഇന്ത്യയെ തകർക്കാൻ' നടക്കുന്നവരെ കൈകാര്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട 'വിപ്ലവകാരി'യാണ് ഈ ബഗ്ഗ.

ഭഗത് സിംഗ് ക്രാന്തി സേന മാധ്യമ ശ്രദ്ധയിലേക്ക് എത്തിപ്പെടുന്നത് 2011 ഒക്ടോബർ 12 -നാണ്. അന്ന് ടൈംസ് നൗ ചാനലിന് ഇന്റർവ്യൂ നല്കിക്കൊണ്ടിരിക്കെ സുപ്രസിദ്ധ സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ആം ആദ്മി പാർട്ടി നേതാവ് പ്രശാന്ത് ഭൂഷണെ ടെലിവിഷൻ ക്യാമറകളുടെ മുന്നിൽ വെച്ച് ക്രൂരമായി തല്ലിച്ചതച്ചുകൊണ്ടാണ് അവർ വരവറിയിച്ചത്. വാരാണസിയിൽ ജമ്മു കാശ്മീർ റഫറണ്ടത്തെപ്പറ്റി ഭൂഷൺ നടത്തിയ പരാമർശങ്ങൾ തന്നെയായിരുന്നു കാരണം. "ഇന്ന് ഞങ്ങൾ പ്രശാന്ത് ഭൂഷൺ എന്ന അഭിഭാഷകനെ സുപ്രീം കോടതിയിലെ അയാളുടെ ചേംബറിനുള്ളിൽ കയറിച്ചെന്ന് തല്ലിച്ചതച്ചു. നിങ്ങൾ ഞങ്ങളുടെ രാജ്യത്തെ തകർക്കാൻ ശ്രമിച്ചാൽ, നിങ്ങളുടെ തല ഞങ്ങൾ അടിച്ചു പൊളിക്കും. അതിനുള്ള ശക്തി പരമകാരുണികനായ ദൈവം ഞങ്ങൾക്ക് തരട്ടെ..." സേനയുടെ ഫേസ്ബുക്ക് പേജിൽ വന്ന ഒരു പോസ്റ്റിൽ ഇങ്ങനെ പറഞ്ഞിരുന്നു. 

അവരുടെ പേജിൽ സേനയെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്, "ഭഗത് സിംഗ് ക്രാന്തി സേന എന്നത് രാജ്യത്തിന് വേണ്ടി ജീവൻ വെടിയാനും മടിയില്ലാത്ത കുറച്ച് ഉന്മാദികളുടെ സംഘടനയാണ്. രാജ്യദ്രോഹികൾക്കും, ആന്റി നാഷനലുകൾക്കും, അഴിമതിക്കാർക്കും ഒക്കെ എതിരായുള്ള ഒരു കർമ്മസൈന്യം. ഞങ്ങളുടെ പോരാളികൾ മേല്പറഞ്ഞവർക്കെതിരെ ആക്ഷൻ എടുക്കാൻ സദാ സന്നദ്ധരാണ്... മരിക്കാൻ പോലും തയ്യാറായിട്ടാണ് ഞങ്ങൾ നടക്കുന്നത്. ആയിരം കൊല്ലമായി മരിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മൾ. ആദ്യം മുഗളന്മാരുടെ കൈകൊണ്ട്, പിന്നെ ബ്രിട്ടീഷുകാരുടെ കൈകൊണ്ട്, പിന്നെ ദില്ലിയിലെ രാജ്യദ്രോഹികളുടെ കൈകൊണ്ട്... ഞങ്ങളോടൊപ്പം അണിനിരക്കൂ... രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കൂ... രാജ്യം അപകടത്തിലാണെങ്കിൽ, നമ്മൾ ഹോളി കളിക്കുക ചോരകൊണ്ടാകും, കാരണം രാജ്യത്തിനുവേണ്ടി പ്രാണൻ വെടിയാനുള്ള ഇച്ഛ ഇപ്പോൾ നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞിരിക്കുകയാണ്... "

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റർ ആയ തേജീന്ദർ പാൽ സിംഗ് ബഗ്ഗ അന്നത്തെ ആക്രമണത്തിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തു വന്നിരുന്നു. "കണക്ക് തീർന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ" എന്ന് ബഗ്ഗ അന്ന് പോസ്റ്റിട്ടു. പരിക്കേറ്റ്, കീറിപ്പറിഞ്ഞ ഷർട്ടുമായി നിൽക്കുന്ന പ്രശാന്ത് ഭൂഷന്റെ ചിത്രങ്ങൾ താമസിയാതെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

2012 -ൽ ബഗ്ഗയും സേനയും വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു. ഇത്തവണ ആക്ടിവിസ്റ്റായ സ്വാമി അഗ്നിവേശിനെക്കൊണ്ട് മൂത്രം കുടിപ്പിക്കും എന്നും പറഞ്ഞായിരുന്നു ബഹളം. വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ കിടക്കയിൽ മൂത്രമൊഴിച്ച ഒരു പെൺകുട്ടിയെ ഹോസ്റ്റൽ വാർഡൻ ഇനി അതാവർത്തിച്ചാൽ മൂത്രം കുടിപ്പിക്കും എന്ന് പറഞ്ഞപ്പോൾ അതിൽ ആശങ്ക പ്രകടിപ്പിച്ച സ്വാമി അഗ്നിവേശിന്റെ നടപടിയാണ് സേനയെ ചൊടിപ്പിച്ചത്. അതേ വർഷം കാശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ അക്രമിച്ചതിന്റെ ക്രെഡിറ്റും ബഗ്ഗയുടെ സേന ഏറ്റെടുത്തു.

2015 സേന നരേന്ദ്ര മോദിയുടെ പേരിൽ 'നമോ പത്രിക' എന്ന പേരിൽ ഒരു ബ്ലോഗ് തുടങ്ങി. അക്കൊല്ലം ജൂലൈ ഒന്നിന് 'സൂപ്പർ 150' എന്ന പേരിൽ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ  പ്രധാനമന്ത്രി നരേന്ദ്ര മോഡി സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള 150 ബിജെപി പ്രചാരകർക്ക് ആതിഥ്യമരുളിയപ്പോൾ അതിൽ ബഗ്ഗയ്ക്കും ഇടം കിട്ടിയിരുന്നു. സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് 2017 -ൽ ബഗ്ഗയ്ക്ക് ബിജെപി വക്താവ് എന്ന ഉത്തരവാദിത്തം കിട്ടുന്നത്. അരുന്ധതി റോയ് അടക്കമുള്ള പലരെയും കടന്നാക്രമിക്കുന്നതിന് ബഗ്ഗയുടെ വാക്കുകളും പ്രവൃത്തികളും കാരണമായിട്ടുണ്ട്.

ഈ സന്ദർഭത്തിൽ ഉയരുന്ന ചോദ്യമിതാണ്. ബഗ്ഗയെപ്പോലെ വിവാദങ്ങളുടെ സന്തത സഹചാരിയും, ക്ഷിപ്രകോപിയും അക്രമകാരിയുമായ ഒരാൾക്ക് എന്തിനാണ് ബിജെപി ഇത്തവണ ഹരിനഗർ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നല്കിയിരിക്കുന്നത്? ബഗ്ഗയുടെ ലക്ഷക്കണക്കുപേർ ഫോളോവർമാരായി ഉള്ള ട്വിറ്റർ ഹാൻഡിൽ ബിജെപിയുടെ പ്രൊപ്പഗാണ്ടയ്ക്കുള്ള ഒരു പ്രചാരണായുധമാണ്. പലപ്പോഴും അതിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് അഭ്യൂഹങ്ങളും, ഫേക്ക് ന്യൂസുകളും, ഫോട്ടോഷോപ്പ്ഡ്  വാർത്തകളുമാണ്. ഇന്റർനെറ്റിലൂടെ പലപ്പോഴും ബഗ്ഗ ചെയ്യുന്നത് ജനങ്ങൾക്കിടയിൽ വെറുപ്പ് പ്രചരിപ്പിക്കുകയും അക്രമത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമാണ്.

ദീപിക പദുക്കോൺ ജെഎൻയുവിൽ പോയി ഐഷി ഘോഷിനെയും കനയ്യ കുമാറിനെയും കണ്ടപ്പോൾ അവർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങളും, അവരുടെ സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളും ഒക്കെയായി ആദ്യമിറങ്ങിയത് ബഗ്ഗ തന്നെയായിരുന്നു. ബഗ്ഗയുടെ ട്വീറ്റ് വന്നു നിമിഷങ്ങൾക്കകം #BoycottChhapaak and #BoycottDeepika എന്നിവ ട്വിറ്ററിൽ ടോപ് ട്രെൻഡിങ് ഹാഷ് ടാഗുകളായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഫോളോ ചെയ്യുന്ന ട്വിറ്റർ ഹാൻഡിൽ ആണ് ബഗ്ഗയുടേത്. വാർത്തകൾ വളച്ചൊടിക്കുന്നതിൽ ബഗ്ഗയ്ക്കുള്ള മിടുക്ക് പ്രശസ്തമാണ്. ഒരിക്കൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഫാസിസത്തിന്റെ ചിഹ്നമായ സ്വസ്തികയെ ആരോ അടിച്ചോടിക്കുന്ന ഒരു കാർട്ടൂൺ പങ്കുവച്ചപ്പോൾ, അത് ഹിന്ദുക്കളുടെ വിശുദ്ധ ചിഹ്നത്തെ അപമാനിച്ചതാണ്, വോട്ട് ചെയ്യും മുമ്പ് അതോർക്കണം എന്നുപറഞ്ഞ് ബഗ്ഗ ട്വീറ്റ് ചെയ്തു. സത്യത്തിൽ ഹിറ്റ്ലറുടെ ചിഹ്നവും ഹിന്ദു സ്വസ്തികയും രണ്ടും രണ്ടാണ്. ഇതറിയാതെ പല വോട്ടർമാരും ബഗ്ഗ പറഞ്ഞത് വിശ്വസിച്ചിട്ടുണ്ടാകും.

ഡിസംബറിൽ വിവാദാസ്പദമായ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കപ്പെട്ട ശേഷം നാട്ടിൽ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായല്ലോ. അതിനിടയിലാണ് ബഗ്ഗയുടെ കഴിവ് പൂർണമായും പുറത്തുവന്നത്. മുംബൈയിൽ നടന്ന പ്രകടനത്തിൽ ഉമർ ഖാലിദ് അടക്കമുള്ള നേതാക്കൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് അതേ ആരോപണം ഷാഹീൻബാഗുമായി ബന്ധപ്പെടുത്തിയും ബഗ്ഗ ഉന്നയിച്ചു. ആ രണ്ട് ആരോപണങ്ങളും ശുദ്ധനുണകൾ മാത്രമായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ബഗ്ഗയുടെ ട്വീറ്റുകൾക്കെതിരെ അന്ന് സോനം കപൂർ, കൊങ്കണ സെൻ ശർമ്മ തുടങ്ങിയ അഭിനേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു .

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന അതേ മിടുക്ക് ബഗ്ഗയ്ക്ക് ആളുകളെ തമ്മിൽ തെറ്റിക്കുന്നതിലുമുണ്ട്. ദില്ലിയിൽ പ്രശ്നമുണ്ടാക്കിയത് പോരാഞ്ഞിട്ട് മോദിയുടെ ബംഗാൾ റാലിയുടെ സമയത്ത് അവിടെച്ചെന്നു ബഗ്ഗ അലമ്പുണ്ടാക്കി. അവിടെ  അന്ന് ബിജെപി-തൃണമൂൽ പ്രവർത്തകർക്കിടെ സംഘർഷമുണ്ടാകാൻ കാണണം ബഗ്ഗയുടെ പ്രകോപനപരമായ പ്രസംഗമായിരുന്നു. അന്ന് അതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ, ബഗ്ഗ ഉടനെ ചെയ്തത് 'ജയ് ശ്രീരാം' എന്ന് ബംഗാളി ഭാഷയിൽ വിളിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച ശേഷം, മമതാ ബാനർജിയുടെ പൊലീസ് ഹിന്ദുക്കളെ ക്രൂശിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്.

ലെഫ്റ്റിസ്റ്റ്, ടുക്ഡെ ടുക്ഡെ ഗ്യാങ്, ആന്റി നാഷണൽ, ല്യൂട്ടൻസ് ഗ്യാങ് എന്നിങ്ങനെയുള്ള ചില പദങ്ങൾ ബഗ്ഗയ്ക്ക് വളരെ ഇഷ്ടമാണ്. അത് ഇടയ്ക്കിടെ ട്വീറ്റുകളിൽ ആവർത്തിച്ച് വരുന്നത് കാണാം. ജനങ്ങളെ തമ്മിൽ വിഭജിക്കുന്ന തരത്തിലുള്ള ട്വീറ്റുകൾക്ക് പുറമെ നിലവാരം കുറഞ്ഞ സെക്സിസ്റ്റ്, സ്ത്രീവിരുദ്ധ തമാശകൾ പങ്കുവെക്കുന്നതിലും ബഗ്ഗയുടെ ട്വിറ്റർ ഹാൻഡിൽ മുന്നിൽ തന്നെയാണ്.

2018 മാർച്ചിൽ, ഒരു ടിഷർട്ടുമായി ബന്ധപ്പെട്ട് ബഗ്ഗയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യപ്പെട്ടു. മേജർ നിതിൻ ഗോഗോയ് എന്ന കശ്മീരിലെ ഇന്ത്യൻ ആർമി ഓഫീസർ ഒരു കാശ്മീരി യുവാവിനെ തന്റെ ട്രക്കിന്റെ മുന്നിൽ പരിച പോലെ കെട്ടിയിട്ട് വണ്ടിയോടിച്ചതിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്ന സമയമായിരുന്നു അത്. മേജർക്കെതിരെ മനുഷ്യത്വരഹിതമായ ആ നടപടിയുടെ പേരിൽ അന്വേഷണങ്ങളുണ്ടായി, നടപടികൾ സ്വീകരിക്കപ്പെട്ടു. എന്നാൽ, ബഗ്ഗ ചെയ്തത് ആ  സംഭവത്തിന്റെ ഫോട്ടോ ഒരു ടിഷർട്ടിൽ പ്രിന്റ് ചെയ്ത്, ഒപ്പം  "Indian Army saving your a** whether you like it or not" എന്നുകൂടി പ്രിന്റ് ചെയ്തുകൊണ്ട് ടിഷർട്ട് അടിച്ചിറക്കി വിൽക്കുകയാണ്.

 

കാര്യം ആൾ ബഗ്ഗ ഒരു വിവാദനായകനാണ്, സോഷ്യൽ മീഡിയയിൽ അടപടലം ട്രോൾ ചെയ്യപ്പെടുന്ന ആളാണ് എന്നൊക്കെ ഇരിക്കിലും, ഇത്രയും കാലത്തെ ബഗ്ഗയുടെ പ്രവർത്തനങ്ങൾ ഫലം കണ്ടു എന്നുവേണം ഈ അസംബ്ലി ടിക്കറ്റു ലബ്ധിയോടെ കരുതാൻ. ബഗ്ഗ ഒരു അസംബ്ലി സീറ്റിനുവേണ്ടി ബിജെപി കാര്യാലയങ്ങൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. ഇത്തവണ കിട്ടും എന്ന് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നിട്ടും ആദ്യലിസ്റ്റിൽ പേരുവരാഞ്ഞപ്പോൾ, ജനം ബഗ്ഗയെ ട്രോളി കൊന്നതുമാണ്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ പുറത്തുവന്ന രണ്ടാം ലിസ്റ്റിൽ ഹരിനഗറിൽ നിന്ന് ബഗ്ഗയുടെ പേര് സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടം നേടിയപ്പോൾ, ബഗ്ഗയും ട്രോളന്മാരും ഒരുപോലെ ഞെട്ടി.

പാർട്ടിയിലെ മുതിർന്ന നേതാവ് ഹർശരൻ സിംഗ് ബല്ലിയെ തഴഞ്ഞ് ബഗ്ഗയ്ക്ക് സീറ്റുനൽകിയത് സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ അപാരമായ സ്വാധീനം ഒന്നുകൊണ്ട് മാത്രമാകും. 2013 തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളും ബിജെപിയും സഖ്യമായിട്ടാണ് ഈ സീറ്റിൽ മത്സരിച്ചത്. എന്നാൽ ഇക്കുറി പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി ഉടലെടുത്ത അഭിപ്രായ ഭിന്നതയുടെ പുറത്ത് അകാലിദൾ ദില്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയിൽ ഹരിനഗർ മണ്ഡലത്തിൽ ചില്ലറ തൊഴുത്തിൽ കുത്തുകളൊക്കെ നടക്കുന്നത് ചിലപ്പോൾ ബഗ്ഗയ്ക്ക് ഗുണം ചെയ്തേക്കാം. കഴിഞ്ഞ രണ്ടുവട്ടവും ഇവിടെനിന്ന് ജയിച്ച എംഎൽഎ ജഗദീപ് സിംഗിനെ തഴഞ്ഞുകൊണ്ട് രാജ്‌കുമാർ ധില്ലന് സീറ്റുനൽകിയതിലുള്ള മുറുമുറുപ്പ് അടങ്ങിയിട്ടില്ല. സ്വന്തം പാർട്ടിയിൽ ബല്ലിയിൽ നിന്നുണ്ടാകാം സാധ്യതയുള്ള പാരകളെ ഫലപ്രദമായി പ്രതിരോധിക്കാൻ തേജീന്ദർ പാൽ സിംഗ് ബല്ലയ്ക്ക് സാധിച്ചാൽ, ഒരുപക്ഷേ, ബല്ല ദില്ലി നിയമസഭയിൽ വരെ എത്താം.

ഏതിനും, സോഷ്യൽ മീഡിയയിലെ താരങ്ങൾക്ക് മണ്ണിലിറങ്ങി ജനങ്ങളുടെ മനസ്സ് പിടിച്ചടക്കാൻ എത്രമാത്രം സാധിക്കും എന്നതിന്റെ കൂടി ഒരു പരീക്ഷണ വേദിയാകും ഇത്തവണത്തെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്..!