Asianet News MalayalamAsianet News Malayalam

ഡോ. കാദംബിനി ഗാംഗുലിക്ക് ഗൂഗിളിന്‍റെ ആദരം, ആരാണ് കാദംബിനി?

സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ സമൂഹം അവരെ വെറുതെ വിട്ടില്ല. അപവാദ പ്രചരണങ്ങളും കുത്തുവാക്കുകളും ആവോളം നേരിടേണ്ടി വന്ന സ്ത്രീയായിരുന്നു കാദംബരി. സമൂഹം കല്‍പിച്ചു വച്ചിരിക്കുന്ന വഴികളില്‍ നിന്നും മാറിനടന്ന സ്ത്രീയെന്ന നിലയില്‍ അവരെ സമൂഹം വേദനിപ്പിച്ചു കൊണ്ടേയിരുന്നു.

who is dr kadambini ganguly
Author
Thiruvananthapuram, First Published Jul 18, 2021, 12:39 PM IST

ഗൂഗിള്‍ ഡൂഡില്‍ ഇന്ന് ആദരമര്‍പ്പിച്ചിരിക്കുന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന ഒരാള്‍ക്കാണ്. ഡോ. കാദംബിനി ഗാംഗുലിയാണ് ആ സ്ത്രീ. ആരാണ് കാദംബിനി? എന്താണ് അവരുടെ പ്രത്യേകത? ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ രണ്ട് വനിതാ ബിരുദധാരികളിലൊരാള്‍. ആദ്യത്തെ വനിതാ ഡോക്ടർമാരിലൊരാൾ. ബിഹാറിലെ ഭഗല്‍ പൂരിലാണ് കാദംബിനിയുടെ ജനനം. പിതാവ് ബ്രജകിഷോര്‍ ബസു ബ്രഹ്മസമാജം പ്രവര്‍ത്തകനും ഭഗല്‍പൂര്‍ സ്കൂളിലെ പ്രധാനാധ്യാപകനുമായിരുന്നു. പിതാവ് എന്നും കാദംബിനിക്ക് പിന്തുണയുമായുണ്ടായിരുന്നു. അഭയ് ചരണ്‍ മല്ലിക്കുമായി ചേര്‍ന്ന് 1863 -ല്‍ ഭഗല്‍പൂര്‍ മഹിളാ സമിതി എന്ന സ്ത്രീവിമോചന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുക കൂടി ചെയ്ത ആളാണ് അദ്ദേഹം. 

പെണ്‍കുട്ടികളെ മനുഷ്യരായി പോലും കണക്കാക്കാത്ത കാലം. ശൈശവ വിവാഹവും സതിയുമുണ്ടായിരുന്ന കാലം. എന്നാല്‍, കാദംബിനി നടന്നത് വിദ്യാഭ്യാസത്തിന്‍റെ വഴികളിലൂടെയാണ്. ബംഗ മഹിള വിദ്യാലയത്തിലാണ് കാദംബിനി തന്‍റെ പഠനത്തിന് തുടക്കം കുറിച്ചത്. 1878 -ല്‍ കല്‍ക്കട്ടാ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയില്‍ വിജയം. അതുവരെ ഒരു പെണ്ണും നേടാത്ത വിജയമായിരുന്നു അത്. അങ്ങനെ അവിടെ പ്രവേശനം ലഭിച്ച ആദ്യവനിതയായി മാറി കാദംബിനി. 

കല്‍ക്കട്ട മെഡിക്കല്‍ കോളേജിലായിരുന്നു വൈദ്യശാസ്ത്ര പഠനം. ശൈശവവിവാഹങ്ങള്‍ സാധാരണയായിരുന്ന കാലത്ത് ഇരുപതാമത്തെ വയസിലാണ് കാദംബരി വിവാഹിതയാവുന്നത്. ബ്രഹ്മസമാജം പ്രവര്‍ത്തകനും സാമൂഹ്യപരിഷ്കര്‍ത്താവുമായ ദ്വാരകനാഥ് ഗാംഗുലിയെ ആണ് കാദംബരി വിവാഹം കഴിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായ കാദംബരി സ്വകാര്യ പ്രാക്ടീസിന് ശേഷം ലേഡി ഡഫറിന്‍ വിമന്‍സ് ഹോസ്പിറ്റലിലും ജോലിയില്‍ പ്രവേശിച്ചു. 1892 -ല്‍ യുകെയിലെത്തി വിവിധ ബിരുദങ്ങള്‍ നേടിയ അവര്‍ വീണ്ടും ഇന്ത്യയിലേക്ക് തിരികെ എത്തി. 

who is dr kadambini ganguly

എന്നാല്‍, വൈദ്യരംഗത്ത് മാത്രമൊതുങ്ങിയിരുന്ന ഒരാളായിരുന്നില്ല കാദംബരി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വാര്‍ഷിക സെഷനില്‍ പങ്കെടുത്ത ആദ്യത്തെ ആറ് വനിതാപ്രതിനിധികളിൽ ഒരാളായിരുന്നു അവര്‍. സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ സമൂഹം അവരെ വെറുതെ വിട്ടില്ല. അപവാദ പ്രചരണങ്ങളും കുത്തുവാക്കുകളും ആവോളം നേരിടേണ്ടി വന്ന സ്ത്രീയായിരുന്നു കാദംബരി. സമൂഹം കല്‍പിച്ചു വച്ചിരിക്കുന്ന വഴികളില്‍ നിന്നും മാറിനടന്ന സ്ത്രീയെന്ന നിലയില്‍ അവരെ സമൂഹം വേദനിപ്പിച്ചു കൊണ്ടേയിരുന്നു. തനിക്കെതിരെ അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് ബംഗബസി എന്ന പ്രസിദ്ധീകരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും അവര്‍ മടിച്ചില്ല. എഡിറ്റര്‍ക്ക് ഇതേ തുടര്‍ന്ന് 100 രൂപ പിഴയും ആറ് മാസം തടവും വിധിച്ചു. 

സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ വിമന്‍സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുക, തൊഴിലാളി പ്രശ്നങ്ങളിലിടപെടുക, സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക, ധനസഹായം സമാഹരിച്ച് നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായി നിലകൊണ്ടു. ഒരു ഡോക്ടറെന്ന നിലയിലും സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും അവര്‍ വെട്ടിയ വഴികള്‍ വിസ്മരിക്കാനാവുന്നതല്ല.

1923 ഒക്ടോബര്‍ മൂന്നിനാണ് അവര്‍ ഈ ലോകത്തോട് വിട പറയുന്നത്. ഗൂഗിള്‍ മാത്രമല്ല, നാമേവരും ആദരിക്കേണ്ട വ്യക്തിത്വമാണ് ഡോ. കാദംബരി. 

Follow Us:
Download App:
  • android
  • ios