ലോകപ്രശസ്ത സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ വൈ കോംബിനേറ്ററിന്റെ പുതിയ ജനറൽ പാർട്ണറായി ഇന്ത്യൻ വംശജയായ ഹർഷിത അറോറ. 15-ാം വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിച്ച ഹർഷിത, 16-ാം വയസ്സിൽ ഒരു ആപ്പ് വികസിപ്പിക്കുകയും പിന്നീട് 'AtoB' എന്ന സ്റ്റാർട്ടപ്പ് സ്ഥാപിക്കുകയും ചെയ്ത ആളാണ്. 

ലോകപ്രശസ്ത സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ വൈ കോംബിനേറ്ററിന്റെ പുതിയ ജനറൽ പാർട്ണറായി നിയമിക്കപ്പെട്ടിരിക്കയാണ് ഇന്ത്യൻ വംശജയായ ഹർഷിത അറോറ. വൈ കംബിനേറ്ററിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിസിറ്റിംഗ് പാർട്ണർ എന്ന നേട്ടത്തിന് പിന്നാലെയാണ് ഇപ്പോൾ ഫുൾ ടൈം ജനറൽ പാർട്ണറായി ഹർഷിത മാറിയിരിക്കുന്നത്. ഫിൻടെക് രംഗത്തെ പരിചയസമ്പത്തും സ്റ്റാർട്ടപ്പ് രം​ഗത്തെ ഹർഷിതയുടെ കഴിവുമെല്ലാം പുതിയ സംരംഭകർക്ക് വലിയ കരുത്താകുമെന്നാണ് വൈ കോംബിനേറ്റർ പ്രസ്താവനയിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

ആരാണ് ഹർഷിത അറോറ?

ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയാണ് ഹർഷിത. പതിമൂന്നാം വയസ്സിലാണ് കോഡിംഗിലേക്ക് കടന്നുവരുന്നത്. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 15 -ാം വയസ്സിൽ അവൾ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പതിനാറാം വയസ്സിൽ ഹർഷിത വികസിപ്പിച്ച ക്രിപ്റ്റോ പോർട്ട്ഫോളിയോ മാനേജ്‌മെന്റ് ആപ്പ് ആപ്പിൾ ഫീച്ചർ ചെയ്യുകയും പിന്നീട് മറ്റൊരു കമ്പനി ഏറ്റെടുക്കുകയും ചെയ്തിരുന്നു.

2020 -ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഇന്ത്യയിലെ മികച്ച യുവ പ്രതിഭകൾക്കുള്ള ബാൽ ശക്തി പുരസ്കാരം ഏറ്റുവാങ്ങി. 2019 -ൽ വിഗ്നൻ വെലിവേല, തുഷാർ മിശ്ര എന്നിവർക്കൊപ്പം ചേർന്ന് 'AtoB' എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. ഏകദേശം 800 മില്യൺ ഡോളർ മൂല്യമുള്ള സീരീസ്-സി ഘട്ടത്തിലുള്ള കമ്പനിയായി AtoB വളർന്നു കഴിഞ്ഞു .

കഴിഞ്ഞ ഒരു വർഷമായി വൈ കോംബിനേറ്ററിൽ വിസിറ്റിംഗ് പാർട്ണറായി പ്രവർത്തിച്ചു വരികയായിരുന്നു ഹർഷിത. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹർഷിത, ഇനി മുതൽ വൈ കോംബിനേറ്ററിലെത്തുന്ന പുത്തൻ സ്റ്റാർട്ടപ്പുകളെയും സ്ഥാപകരെയും നേരിട്ട് സഹായിക്കുന്നതിലും അവർക്ക് വഴികാട്ടുന്നതിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക .