Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ പകരക്കാരന്‍, ആരാണ് ജെ പി നദ്ദ?

ജയപ്രകാശ് നാരായണൻ എന്ന ജനനേതാവിനോടുള്ള ആരാധനയായിരുന്നു  നദ്ദയെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്. ജെപിയുടെ ആശയങ്ങളോട് യോജിപ്പുതോന്നി 1975 -ൽ തന്റെ പതിനാറാം വയസ്സിലാണ് നദ്ദ സമ്പൂർണ്ണ ക്രാന്തി' അഥവാ പൂർണ വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയത്.

Who is Jagat Prakash Nadda, the newly elected BJP National President ?
Author
Delhi, First Published Jan 20, 2020, 4:59 PM IST

ജഗത് പ്രകാശ് നദ്ദ അഥവാ ജെപി നദ്ദ ഏറെക്കാലമായി ഹിമാചൽ പ്രദേശിലെ ഒരു പ്രാദേശിക നേതാവ് മാത്രമായിരുന്നു. അദ്ദേഹത്തെ 2010 -ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റിയത് രാജ്‌നാഥ് സിംഗായിരുന്നു. 2014 -ൽ ആദ്യത്തെ നരേന്ദ്ര മോദി മന്ത്രി സഭ അധികാരത്തിലേറിയപ്പോൾ, അതിൽ നദ്ദയും അംഗമായിരുന്നു. അതിനുശേഷം ബിജെപിയുടെ ഏറ്റവും ഉന്നതമായ അധികാരകേന്ദ്രമായ ദേശീയ പാർലമെന്ററികാര്യസമിതിയിലും അദ്ദേഹം അംഗമായിരുന്നു. രാജ്യത്ത് ആരൊക്കെ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണം എന്നതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും നദ്ദ അംഗമായിരുന്നു. 

Who is Jagat Prakash Nadda, the newly elected BJP National President ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തർപ്രദേശിലെ പ്രചാരണത്തിന്റെ ഉത്തരവാദിത്തം അമിത് ഷാ വിശ്വസിച്ചേൽപ്പിച്ചത് നദ്ദയെ ആയിരുന്നു. ഇവിടെ പകുതിയിലധികം സീറ്റുകളും നേടി നദ്ദ തന്നെ ഏല്പിച്ച പണി വെടിപ്പായിത്തന്നെ നിറവേറ്റി അമിത് ഷായുടെ വിശ്വാസമാർജിച്ചു. അക്കുറി യുപിയിലെ 80 സീറ്റിൽ 64 എണ്ണവും ബിജെപി നേടിയിരുന്നു.  

ചെറുപ്പത്തിലെ ജെപി സ്വാധീനം 

1960 ഡിസംബർ രണ്ടിന് പട്‌നയിലായിരുന്നു  ജെപി നദ്ദയുടെ ജനനം. അച്ഛൻ നാരായൺ ലാൽ നദ്ദ പട്‌ന യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്നു. അതുകൊണ്ട്, കുട്ടിക്കാലം പട്‌നയിൽ ചെലവിടേണ്ടിവന്ന അദ്ദേഹം അവിടത്തെ സെന്റ് സ്റ്റീഫൻസ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് നീന്തലിൽ ദേശീയ തലത്തിൽ ബിഹാറിനെ പ്രതിനിധീകരിച്ചു മത്സരിച്ചിട്ടുണ്ട് നദ്ദ. 

Who is Jagat Prakash Nadda, the newly elected BJP National President ?

ലോക്‌നായക് ജയപ്രകാശ് നാരായണൻ എന്ന ജനനേതാവിനോടുള്ള ആരാധനയായിരുന്നു  നദ്ദയെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്. ജെപിയുടെ  ആശയങ്ങളോട് യോജിപ്പുതോന്നി 1975 -ൽ തന്റെ പതിനാറാം വയസ്സിലാണ് നദ്ദ 'സമ്പൂർണ്ണ ക്രാന്തി' അഥവാ പൂർണ വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക്  എടുത്തുചാടിയത്. തുടർന്ന് 1977 -ൽ  പട്‌ന യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിനു ചേർന്നപ്പോൾ അവിടെ അദ്ദേഹം എബിവിപിയിൽ അംഗമായി. തെരഞ്ഞെടുപ്പിൽ മത്സരിച്ച് കോളേജ് യൂണിയൻ ചെയർമാനായി. അവിടത്തെ പ്രവർത്തനങ്ങളിലൂടെയാണ്  രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത്. പട്‌ന യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ പൂർത്തിയാക്കിയശേഷം, പിന്നീട് അദ്ദേഹം ഹിമാചൽ  പ്രദേശ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും നേടി. നദ്ദ എബിവിപിയെ നയിച്ചുകൊണ്ടിരുന്ന കാലത്താണ് 1984 -ൽ ആദ്യമായി പാർട്ടിക്ക് എസ്എഫ്ഐയെ ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിയിൽ തോൽപ്പിക്കാൻ സാധിക്കുന്നത്. അങ്ങനെ അവിടെയും നദ്ദ ചെയർമാനായി. 1986 തൊട്ട് 1989 വരെ എബിവിപി ദേശീയ ജനറൽ സെക്രട്ടറിയും അദ്ദേഹം തന്നെയായിരുന്നു.  

തെരഞ്ഞെടുപ്പിലെ അങ്കങ്ങൾ

നദ്ദയുടെ നേതൃഗുണങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് 1991 -ൽ ബിജെപി എബിവിപിയിൽ നിന്ന് അവരുടെ യുവജന വിഭാഗമായ ദേശീയ യുവ മോർച്ചയിലേക്ക് സ്ഥാനക്കയറ്റം നൽകി. തന്റെ മുപ്പത്തൊന്നാമത്തെ വയസ്സിലാണ് നദ്ദ യുവമോർച്ചയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. 1993 -ൽ ആദ്യമായി ഹിമാചൽ പ്രദേശിൽ പാർട്ടി അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ടിക്കറ്റ് നൽകുന്നു. ആദ്യമായി മുഖ്യധാരാ രാഷ്ട്രീയത്തിൽ മുഖം കാണിക്കാനവസരം കിട്ടിയ നദ്ദ, ശക്തമായ ബിജെപി വിരുദ്ധ തരംഗം അലയടിച്ചിട്ടും, ഹിമാചലിലെ ബിലാസ്‍പൂരിൽ നിന്ന് ജയിച്ചുകയറി. ബിജെപിയുടെ അതികായന്മാരായ പല നേതാക്കൾക്കും അടിപതറിയ തെരഞ്ഞെടുപ്പായിരുന്നു അതെന്നോർക്കണം. സംസ്ഥാനരാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കൾ ആരും തന്നെ തെരഞ്ഞെടുക്കപ്പെടാതെ പോയതോടെ, നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ കസേര നദ്ദയ്ക്ക് കൈവന്നു. 

Who is Jagat Prakash Nadda, the newly elected BJP National President ?

1998 -ൽ നദ്ദ തന്റെ സീറ്റ് നിലനിർത്തി. അക്കുറി അധികാരത്തിലേറിയ ബിജെപിയുടെ പ്രേം കുമാർ ധൂമൽ മന്ത്രിസഭയിൽ നദ്ദ ആരോഗ്യമന്ത്രിയായി. 2003 -ൽ ആദ്യ പരാജയം രുചിക്കേണ്ടി വന്നു എങ്കിലും, 2007 -ല്‍ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു, വീണ്ടും ധൂമൽ മന്ത്രിസഭയിൽ അംഗമായി. എന്നാൽ, താമസിയാതെ മുഖ്യമന്ത്രിയുമായി നദ്ദ തെറ്റുകയും രാജിവെച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. അങ്ങനെയാണ്, ഒടുവിൽ 2010 -ൽ രാജ്‌നാഥ് സിംഗിന്‍റെ ക്ഷണം സ്വീകരിച്ച്, നദ്ദ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിൽ ഒരു കൈനോക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്. 

Who is Jagat Prakash Nadda, the newly elected BJP National President ?

ജന്മം ബിഹാറിലായിരുന്നു എങ്കിലും, നദ്ദയുടെ കുടുംബം ഹിമാചൽ പ്രദേശിൽ നിന്നുള്ള ബ്രാഹ്മണ സമുദായക്കാരാണ്. പാർട്ടിയിൽ അമിത് ഷാ കഴിഞ്ഞാൽ പിന്നെ ഒരു ചാണക്യപ്രതിച്ഛായ ഉള്ളയാൾ ജെപി നദ്ദ തന്നെയാണ്. നരേന്ദ്ര മോദിയുമായും, അമിത് ഷായുമായും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ജെപി നദ്ദ ആർഎസ്എസിന്റെയും പ്രിയങ്കരനാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുഷ്കറിൽ ചെന്ന്  ജെപി നദ്ദ സംഘപരിവാറിന്റെ മുപ്പത്തഞ്ചോളം പോഷക സംഘടനകളുടെ 'സമന്വയ് ബൈഠക്കി'ൽ വെച്ച്  ആർട്ടിക്കിൾ 370  റദ്ദാക്കിയതിനെപ്പറ്റി വിസ്തരിച്ചുള്ള വിശദീകരണങ്ങൾ നൽകിയിരുന്നു. പാർലമെന്റിൽ ഒന്നുമില്ലാതിരുന്ന കാലത്ത് ബിജെപിയെ മുന്നിൽ നിന്ന് നയിച്ച്, ഇന്നത്തെ സുശക്തവും സുസ്ഥിരവുമായ നിലയിലേക്കെത്തിച്ച അമിത് ഷായെപ്പോലെ ഒരാളിൽ നിന്ന് പാർട്ടിയുടെ ദേശീയ നേതൃത്വം ഏറ്റെടുക്കുമ്പോൾ, നദ്ദയിൽ പാർട്ടി അർപ്പിക്കുന്ന പ്രതീക്ഷകളും മാനംതൊട്ടുനിൽക്കുകയാണ്. 

Follow Us:
Download App:
  • android
  • ios