അമേരിക്കയിലെ വിസ്കോൺസിനിൽ നിന്നുള്ള പതിനേഴുകാരൻ പയ്യൻ കൈൽ റിട്ടൻഹൗസ് തന്റെ അസാൾട്ട് റൈഫിൾ കയ്യിലെടുത്ത് തെരുവിൽ ഇറങ്ങി, രണ്ടു പ്രതിഷേധപ്രകടനക്കാരെ വെടിവെച്ച് കൊല്ലുന്നതിനും, ഒരാളെ മാരകമായി പരിക്കേൽപ്പിക്കുന്നതിനും ഒക്കെ മുമ്പ് അവൻ എന്നുമെന്നും ആരാധിച്ചു പോന്നിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു - 'പൊലീസ്'. അവരുടെ പണി തന്റേതു കൂടിയാണ് എന്ന് കരുതി, കയ്യിൽ ഒരു അസോൾട്ട് റൈഫിളുമേന്തി, പ്രതിഷേധവും ബഹളവും നടക്കുന്നതിനിടയിലേക്ക് ചെന്നു അവൻ. അവിടെ ജനക്കൂട്ടം നിയന്ത്രിക്കാൻ തോക്കുമേന്തി പൊലീസിനെ സഹായിക്കുന്നതിനിടെയാണ് പതിനേഴുകാരൻ കൈലിന്റെ തോക്കിൽ നിന്നുതിർന്ന വെടിയേറ്റ് രണ്ടു പേർ കൊല്ലപ്പെട്ടതും ഒരാൾക്ക് പരിക്കേറ്റതും എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. ആ കുറ്റമാണ് ഇന്ന് ഈ കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിൽ എത്തിച്ചിരിക്കുന്നതും. 

കൈൽ വളർന്നുവന്നത് ഷിക്കാഗോയുടെ വടക്കൻ പ്രവിശ്യകളിൽ ഒന്നിലാണ്. അവിടെ ലോക്കൽ പൊലീസ് നടപ്പിലാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിപാടിയിലെ സജീവപ്രവർത്തകനായി പൊലീസിനെ ക്രമാസമാധാനപാലനത്തിൽ സഹായിച്ചുകൊണ്ടിരുന്നവനാണ് കൈൽ. അവന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒക്കെയും നിറഞ്ഞു നിന്നിരുന്നത് "ബ്ലൂ ലൈവ്സ് മാറ്റർ" എന്ന മുദ്രാവാക്യമായിരുന്നു. 'ബ്ലൂ ലൈവ്സ് മാറ്റർ' എന്നത് പൊലീസുകാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ വേണം എന്ന ആദർശവുമായി മുന്നോട്ടുപോകുന്ന ഒരു പ്രസ്ഥാനമാണ്. ഇപ്പോൾ പൊലീസ് യൂണിഫോമിൽ ജോലി ചെയ്യുന്നവരും, അതിൽ നിന്ന് വിരമിച്ചവരും ആണ് ഇങ്ങനെയൊരു പ്രസ്ഥാനത്തിന് പിന്നിൽ. 

 

കൈൽ റിട്ടൻഹൗസിന്റെ മേൽ ഇന്നലെ പൊലീസ്  'ഫസ്റ്റ് ഡിഗ്രി ഇന്റെൻഷനൽ ഹോമിസൈഡ്' എന്ന കുറ്റമാണ് ചാർജ്ജ് ചെയ്തിട്ടുള്ളത്. ഈ ടീനേജുകാരനെക്കുറിച്ചുള്ള വിവരങ്ങൾ അധികമൊന്നും മാധ്യമങ്ങളുടെ പക്കൽ ഇല്ല. എന്നാലും, അയല്പക്കക്കാരിൽ നിന്നും, സഹപാഠികളിൽ നിന്നും ഒക്കെ ശേഖരിക്കപ്പെട്ട വിവരങ്ങൾ വെച്ച്, നാട്ടിലെ ക്രമസമാധാനപാലനം തന്റെ കർത്തവ്യമാണ് എന്ന് ധരിച്ചുവശായ ഒരു 'വിജിലാന്റി' അഥവാ 'സ്വയം കല്പിത പൊലീസ്' ആയിരുന്നു അവൻ എന്നുവേണം കരുതാൻ. നാട്ടിലെ പൊലീസ് ഓഫീസർമാർ അവന്റെ വ്യക്തിജീവിതത്തിലെ റോൾ മോഡലുകളും ആക്ഷൻ ഹീറോകളും ആയിരുന്നു. 

 

 

ഇപ്പോൾ അവൻ ചെന്ന് രണ്ടുപേരെ വെടിവെച്ച് കൊന്നിട്ടുള്ള കെനൊഷെയിൽ നിന്ന് എത്രയോ ദൂരെയാണ് കൈൽ താമസിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അവിടെ ജേക്കബ് ബ്ലെയ്ക്ക് എന്ന കറുത്ത വർഗക്കാരൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിന്റെ പിന്നാലെ അവിടെ വൻതോതിലുള്ള പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി കലാപമുണ്ടായി. പ്രദേശത്തെ നിരവധി വ്യാപാരസ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ഒക്കെ ഉണ്ടായി. അങ്ങനെ കത്തിക്കൊണ്ടിരുന്ന ഒരു കലാപബാധിതമേഖലയിലേക്ക് ഇല്ലിനോയിസ്-വിസ്കോൺസിൻ അതിർത്തി കടന്നു പതിനഞ്ചു മൈൽ സഞ്ചരിച്ചാണ് കൈൽ എത്തുന്നത്. അവിടെ കലാപം നിയന്ത്രിക്കുന്ന പൊലീസുകാർക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ട സഹായം നൽകാനാണ് അവൻ തന്റെ അസോൾട്ട് റൈഫിളും ഏന്തിക്കൊണ്ട് അവിടേക്ക് എത്തിപ്പെടുന്നത്. 

സംഭവം നടന്ന സ്ഥലത്ത് വെച്ച്, വെടിവെപ്പ് നടക്കുന്നതിന്  മണിക്കൂറുകൾ മുമ്പ് ഒരു പത്ര പ്രവർത്തകൻ, ആയുധധാരി അവിടേക്കെത്തിയ കൈലിനെ ഇന്റർവ്യൂ ചെയ്തതിന്റെ ഫൂട്ടേജ് ട്വിറ്ററിലുണ്ട്. അതിൽ അവൻ പറയുന്നത്, "അക്രമങ്ങൾ നടക്കുന്നുണ്ട്. ആളുകൾക്ക് പരിക്കേൽക്കുന്നുണ്ട്. ജനങ്ങളെ, ബിസിനസ് സ്ഥാപനങ്ങളെ സംരക്ഷിക്കുക നമ്മുടെ കർത്തവ്യമാണ്" എന്നാണ്.  അന്ന് രാത്രി അവൻ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്തു. രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. 

 

 

 

 

വിവാഹമോചിതയായ കൈലിന്റെ അമ്മ ഒരു നഴ്‌സാണ്. സംഭവം നടന്നയുടനെ തന്നെ അവൻ അമ്മയുമൊത്ത് താൻ കഴിഞ്ഞിരുന്ന ഇല്ലിനോയിസിലെ ആന്റിയോച്ചിൽ ഉള്ള തന്റെ  വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. അവിടെ വെച്ചാണ് അടുത്ത ദിവസം, അവൻ അതുവരെ ആരാധനയോടെ കണ്ടിരുന്ന അതേ പൊലീസ് സംഘം വന്ന് അവനെ വിലങ്ങുവെച്ച്,പൊലീസ് കാറിൽ കയറ്റി, ഒരു കുറ്റവാളിയെപ്പോലെ കസ്റ്റഡിയിൽ എടുത്തതും. പൊലീസ് കഴിഞ്ഞാൽ കൈലിന്റെ ആരാധനക്ക് പാത്രമായ മറ്റൊരാളുണ്ട്. അദ്ദേഹത്തിന്റെ പേര് ഡോണൾഡ്‌ ട്രംപ് എന്നായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ റാലിയുടെ മുൻ നിരയിൽ നിന്നുള്ള നിരവധി സെൽഫി വിഡിയോകളും കൈലിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ താഴേക്ക് പോയാൽ കാണാം.

 

അതിനും പുറമെയാണ് വിവിധ തരത്തിലുള്ള യന്ത്രത്തോക്കുകളും, പിസ്റ്റലുകളും മറ്റും എടുത്തുപിടിച്ച് പോസ് ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ വേറെയും ഉള്ളത്.