Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ 'ടൈ​ഗർ പ്രിൻസസ്', കടുവകളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ആദ്യ വനിത

ഒരു വന്യജീവി ശാസ്ത്രജ്ഞയെന്ന നിലയിൽ, എനിക്ക് വന്യജീവികളുടെ പെരുമാറ്റങ്ങൾ മനസ്സിലാക്കാൻ കഴിയും. അത് എനിക്ക് കൂടുതൽ സഹായകമാണ്” അവൾ പറഞ്ഞു. വന്യജീവി പരിപാലനത്തെ കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കാനാണ് താൻ ചിത്രങ്ങൾ പകർത്തുന്നതെന്ന് അവൾ കൂട്ടിച്ചേർത്തു.

who is Latika Nath Indias Tiger Princess
Author
Delhi, First Published Oct 11, 2021, 3:39 PM IST

കടുവകളെക്കുറിച്ച് ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് ലതികാ നാഥ് (Latika Nath). ഇതിന് പുറമേ, ഒരു വന്യജീവി ശാസ്ത്രജ്ഞയും, കടുവ സംരക്ഷകയും, ഒരു വന്യജീവി ഫോട്ടോഗ്രാഫറുമൊക്കെയാണ് അവർ. ഏഴ് വയസ്സുള്ളപ്പോൾ മുതലാണ് ഒരു പരിസ്ഥിതി ശാസ്ത്രജ്ഞയാകണമെന്ന ആഗ്രഹം അവളിൽ ഉദിച്ചത്. ഒരുപക്ഷേ, പുരുഷന്മാർ പോലും കടന്ന് ചെല്ലാൻ ആഗ്രഹിക്കാത്ത ഒരു മേഖലയാണ് കടുവ സംരക്ഷണം. മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് കടുവകളോടുള്ള അനുകമ്പയും സ്നേഹവും എന്നാൽ അവളെ അതിന് പ്രേരിപ്പിച്ചു.  

അവളുടെ ഈ ആഗ്രഹത്തിന് കുടപിടിച്ചത് അവളുടെ അച്ഛൻ പ്രശസ്ത ഡോക്ടർ പ്രൊഫ. ലളിത് എം. നാഥാണ്. ഇന്ത്യൻ വന്യജീവി ബോർഡ് അംഗമായി സേവനമനുഷ്ഠിച്ച അച്ഛനിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ മൃഗങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അവൾ പഠിച്ചു. "എന്റെ കുട്ടിക്കാലത്ത് എനിക്കറിയാവുന്ന എല്ലാ ആളുകളും ഒന്നുകിൽ ഡോക്ടർമാരോ വന്യജീവി സംരക്ഷകരോ ആയിരുന്നു. അതിനാൽ, എനിക്ക് ചുറ്റുമുള്ളതെല്ലാം മൃഗങ്ങളെയും വനത്തെയും കുറിച്ചുള്ളതായിരുന്നു. അങ്ങനെ എനിക്ക് അതിനോട് വളരെയധികം താൽപ്പര്യമുണ്ടായി" അവർ പറഞ്ഞു. കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും അച്ഛനോടൊപ്പം കാടുകൾ സന്ദർശിക്കലായിരുന്നു അവളുടെ ജോലി.  

കശ്മീർ, ആസാം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അവൾ വളർന്നത്. വലുതായപ്പോൾ അവൾ അവളുടെ അഭിനിവേശം പിന്തുടരുകയും പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. അത് അക്കാലത്ത് അപൂർവമായ ഒന്നായിരുന്നു. തുടർന്ന്, വെയിൽസ് സർവകലാശാലയിലെ സ്കൂൾ ഓഫ് ഫോറസ്ട്രിക്ക് സ്കോളർഷിപ്പ് നേടി. കാടുകളിൽ കൂടുതൽ സമയം ചെലവഴിച്ച അവൾ താമസിയാതെ ഒരു  വന്യജീവി ഫോട്ടോഗ്രാഫറുടെ വേഷവും കൈകാര്യം ചെയ്തു. കൂടാതെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.

മൃഗങ്ങളെക്കുറിച്ചുള്ള അവളുടെ അറിവിന്റെ പ്രതിഫലനമായിരുന്നു അവളുടെ ചിത്രങ്ങൾ. "ഇത് എന്റെ ജോലിയല്ല. പക്ഷേ, ഞാൻ ഫീൽഡിൽ നിരവധി മണിക്കൂർ ചെലവഴിക്കുന്നതിനാൽ, ഫോട്ടോഗ്രാഫിയും ചെയ്യുന്നു. ഒരു വന്യജീവി ശാസ്ത്രജ്ഞയെന്ന നിലയിൽ, എനിക്ക് വന്യജീവികളുടെ പെരുമാറ്റങ്ങൾ മനസ്സിലാക്കാൻ കഴിയും. അത് എനിക്ക് കൂടുതൽ സഹായകമാണ്” അവൾ പറഞ്ഞു. വന്യജീവി പരിപാലനത്തെ കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കാനാണ് താൻ ചിത്രങ്ങൾ പകർത്തുന്നതെന്ന് അവൾ കൂട്ടിച്ചേർത്തു.

അതേസമയം, വന്യജീവി ഫോട്ടോഗ്രാഫി എളുപ്പമല്ലെന്ന് ലതിക വെളിപ്പെടുത്തുന്നു. നമ്മൾ മൃഗങ്ങളുടെ വികാരങ്ങളെ പകർത്താൻ ശ്രമിക്കണമെന്നും, എന്നാൽ അത് എളുപ്പമല്ലെന്നും അവൾ പറഞ്ഞു. കടുവകൾ, പുള്ളിപ്പുലികൾ, സിംഹങ്ങൾ, മഞ്ഞു പുള്ളിപ്പുലികൾ, ഡോൾഫിനുകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ എടുക്കാൻ ലോകമെമ്പാടും ലതിക സഞ്ചരിച്ചിട്ടുണ്ട്. 25 വർഷമായി കടുവകളുമായി അടുത്ത് പ്രവർത്തിച്ച അവൾ സാഹസികത നിറഞ്ഞ ഒരു തൊഴിൽ മേഖലയാണ് ഇതെന്ന് പറയുന്നു.  

കൻഹ ടൈഗർ റിസർവിലും ഇന്ത്യൻ സർക്കാരിന്റെ വനം വകുപ്പിലും അവൾ പ്രവർത്തിച്ചിട്ടുണ്ട്. ടൈഗർ പ്രിൻസസ് എന്ന ഡോക്യുമെന്ററിയിലും വൈൽഡ് തിംഗ്സ് എന്ന മറ്റൊരു പ്രോഗ്രാമിലും ലതികയുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സീതാസ് സ്റ്റോറി, എ ടെയ്ൽ ഓഫ് ടു ടൈഗേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായിരുന്നു ലതിക. ഇതിനുപുറമെ, ഹിഡൻ ഇന്ത്യ എന്ന ഒരു പുസ്തകം അവർ എഴുതിയിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios