1979 -ൽ തുടങ്ങി ആറുവർഷം നീണ്ടുനിന്ന അസം കലാപത്തിന് ശേഷം ഗുവാഹത്തിയിലെ നിരത്തുകളിൽ ഇത്ര വലിയൊരു പ്രക്ഷോഭം ഇതാദ്യമാണ്. അന്ന് തെരുവുകളിൽ കലാപം നയിച്ച യുവാക്കളിൽ പലരും ഇന്ന് വൃദ്ധരാണ്. ഇന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമായ പ്രകടനങ്ങളുടെ അകമ്പടിയോടെ  തെരുവുകൾ രണഭൂമികളാക്കിനടത്തുന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന പലരും അന്ന് ജനിച്ചിട്ടുപോലുമില്ല. കേന്ദ്രസർക്കാരിന്റെ നയങ്ങളോട് എതിരിട്ടുകൊണ്ട് ജമ്മു കശ്മീരിൽ തുടങ്ങിയ  പ്രശ്നങ്ങൾ നാലുമാസങ്ങൾക്കിപ്പുറം അടങ്ങുന്ന ഈ വേളയിൽ, കേന്ദ്രത്തിന്റെ നയങ്ങളോടുള്ള അടുത്ത പ്രതിഷേധത്തിന് അസമിൽ തിരികൊളുത്തപ്പെട്ടതേയുള്ളൂ. ഈ അവസരത്തിൽ പഴയ അസം കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ, വേണ്ടപ്പെട്ടവരുടെ ജീവൻ നഷ്ടമാകുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നവർ ഒന്നടങ്കം പറയുന്നത് ഇനിയൊരു കലാപം കൂടി അസമിന് താങ്ങാനാവില്ല എന്നാണ്. 

ആരാണ് ഇന്നത്തെ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്? ഈ സമരവും മുൻ അസം കലാപവും തമ്മിലുള്ള സാമ്യങ്ങളെന്തൊക്കെ? എന്തൊക്കെയാണ് അവ തമ്മിലുള്ള വ്യത്യാസങ്ങൾ? പലരും അവകാശപ്പെടുന്നതുപോലെ ഇത് ഒരു ജനകീയപ്രതിരോധമാണോ? അതോ ഏതെങ്കിലും വ്യക്തിയോ, വ്യക്തികളോ, അല്ലെങ്കിൽ സംഘടനകളോ നടത്തുന്ന മനഃപൂർവമുള്ള വിഘടനശ്രമങ്ങളാണോ ഈ പ്രതിഷേധങ്ങൾ? ചോദ്യങ്ങൾ പലതാണ്. 

ആൾ അസം സ്റ്റുഡന്റസ് യൂണിയൻ(AASU) സെക്രട്ടറിയായ സമുജ്ജ്വൽ ഭട്ടാചാര്യ അവകാശപ്പെടുന്നത് ഈ പ്രക്ഷോഭങ്ങൾ അസം ജനതയുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള സ്വദേശികളുടെ സ്വാഭാവികമായ പ്രതികരണങ്ങളാണ് എന്നാണ്. അസം പ്രദേശത്തെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായിട്ടാണ് ഈ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഡിസംബർ 10 -ന് അസം ബന്ദ് ആയിരുന്നു. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ(NESO) ബാനറിൽ 11-നും ശക്തമായ പ്രതിഷേധങ്ങൾ തെരുവുകളിൽ ഉയർന്നു. ജനുവരിയിൽ ഇങ്ങനെ ഒരു ബില്ലിനെപ്പറ്റി പറഞ്ഞുതുടങ്ങിയ സമയം തൊട്ടുതന്നെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന NESO -യുടെ ആഹ്വാനപ്രകാരം നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് അക്രമസംഭവങ്ങൾ നടക്കുന്നത്. അക്രമങ്ങളെത്തുടർന്നാണ് കൃത്യമായ ഒരു നേതൃത്വം പ്രതിഷേധങ്ങൾക്ക് വേണമെന്ന അഭിപ്രായമുയർന്നത്. അതേത്തുടർന്ന് ഡിസംബർ 12 -ന് ലതാശീൽ മൈതാനത്ത് നടന്ന സംയുക്തയോഗത്തിൽ, തുടർന്നുള്ള പ്രക്ഷോഭങ്ങളിൽ തികഞ്ഞ ഏകോപനസ്വഭാവവും, ജനാധിപത്യപരമായ സമരരീതികളും ഉണ്ടായിരിക്കണം എന്ന് തീരുമാനമായി. 

 

സമരങ്ങളുടെ ചുക്കാൻ പിടിക്കുന്നത് AASU ആണോ?

ഈ സമരങ്ങളുടെ മുൻനിരയിൽ എന്തായാലും AASU നേതാവായ സമുജ്ജ്വൽ ഭട്ടാചാര്യ തന്നെയാണ് ഉള്ളത്. പ്രതിഷേധങ്ങളുടെ ദിശ നിയന്ത്രിക്കുന്നതും AASU തന്നെ. ഒപ്പം നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (NESO) യും സജീവമായി രംഗത്തുണ്ട്. അസമിൽ ആദ്യമായി പ്രതിഷേധങ്ങൾ തുടങ്ങുന്നത് NESO -യുടെ പ്രസിഡന്റായ സാമുവൽ ബി ജൈർവയുടെ ആഹ്വാനപ്രകാരമാണ്. 'ഒരു കാലഗണനയുമില്ലാതെ മറ്റുരാജ്യങ്ങളിലെ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചുതുടങ്ങിയാൽ, ഭാവിയിൽ അത് വൻതോതിലുള്ള അനധികൃത കുടിയേറ്റത്തിന് ഇടയാക്കും. അത് തദ്ദേശീയരെ സാരമായി ബാധിക്കും. നാളെ വരുന്നവരും പറയും അവർ പത്തുവർഷം മുമ്പാണ് വന്നതെന്ന്. ഒരു രേഖയുമില്ലാതെ വരുന്നവൻ ഇന്നലെയാണ് പത്തുവർഷം മുമ്പാണോ വന്നത് എന്നത് എങ്ങനെ തെര്യപ്പെടുത്തും' എന്നാണ് ജൈർവ ചോദിക്കുന്നത്. 

'സാമുവൽ ജൈർവയും, സമുജ്വൽ ഭട്ടാചാര്യയും '

തുടക്കത്തിൽ വിദ്യാർഥികൾ പ്രത്യേകിച്ച് ഒരു ഏകോപനവും കൂടാതെ സ്വയം സംഘടിച്ച് തേടുവിൽ ഇറങ്ങുകയായിരുന്നു എങ്കിൽ ഇന്ന് അതിന് കൃത്യമായ ഒരു നേതൃസ്വഭാവം വന്നിട്ടുണ്ട്. അസമിലെ സിനിമാ രംഗത്തുനിന്നുള്ള പല പ്രസിദ്ധവ്യക്തിത്വങ്ങളും ഈ പോരാട്ടങ്ങളെ തങ്ങളുടെ ആത്മാഭിമാനം നിലനിർത്താനുള്ള പോരാട്ടമെന്നാണ് വിശേഷിപ്പിച്ചത്. അസമിലെ പല രക്ഷിതാക്കളും അവരുടെ വിദ്യാർത്ഥികളായ മക്കൾക്ക് സമരത്തിനായി രാപ്പകൽ തെരുവിലിറങ്ങാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നാണ് സമര നേതാക്കൾ ആവശ്യപ്പെടുന്നത്. പൗരത്വ നിയമത്തിന്റെ ഭേദഗതി പിൻവലിക്കപ്പെടും വരെ അസമിലെ സമരം തുടരും എന്നുതന്നെയാണ് തദ്ദേശീയരായ  പലരും പറയുന്നത്. എന്തിന്, മുഖ്യമന്ത്രി സർവാനന്ദ് സോനോവാൾ പറയുന്നതും ഇപ്പോൾ നടക്കുന്നത് അസം സ്വദേശികളുടെ ആത്മാഭിമാനത്തിനായുള്ള പോരാട്ടമാണ് എന്നുതന്നെയാണ്

അസമിലെ കുടിയേറ്റ വിരുദ്ധവികാരത്തിന്റെ അടിസ്ഥാന കാരണങ്ങൾ 

അസമിൽ ഈ പ്രശ്നം ഇത്രകണ്ട് പുകയാൻ കാരണങ്ങൾ പലതുണ്ട്. ഒന്നാമത്, അസം സ്വദേശികളുടെ ആത്മാഭിമാനത്തിനുമേല്‍ അടിച്ചിറക്കപ്പെട്ട അവസാനത്തെ ആണിയാണ് പൗരത്വ നിയമത്തിന്റെ ഈ ഭേദഗതി. AASU, കൃഷക് മുക്തി സംഗ്രാം സമിതി, അസോം ജാതീയതാബാദി യുവ ഛാത്ര പരിഷദ്, തുടങ്ങി പ്രാദേശികമായി പ്രവർത്തിച്ചുപോരുന്ന എല്ലാ സംഘടനകളും പൗരത്വനിയമ ഭേദഗതിക്കെതിരെ ഉന്നയിക്കുന്ന പ്രധാന വിമർശനം ഒന്നുതന്നെയാണ്. അത് 1985 -ൽ കേന്ദ്രസർക്കാരും അസമിലെ ജനതയും തമ്മിൽ ഒപ്പുവെച്ച അസം ഉടമ്പടിയുടെ നഗ്നമായ ലംഘനമാണ് എന്നതുതന്നെ. അസം ഉടമ്പടി മതപരിഗണനകൾക്ക് അതീതമായി അസം ജനതയുടെ ആവശ്യങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട് എത്തിയ ഒരു പരസ്പര ധാരണയായിരുന്നു. അതിനെ ഏകപക്ഷീയമായി ഇങ്ങനെ ലംഘിക്കുന്നത് രാഷ്ട്രീയമര്യാദകൾക്ക് കടകവിരുദ്ധമാണ് എന്നാണ് സംഘടനകളുടെ ആക്ഷേപം. അസമിലെ ജനത മാത്രമാണ് പൗരത്വത്തിന്റെ കാര്യത്തിൽ ത്യാഗം സഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റുള്ള പ്രദേശങ്ങൾക്കെല്ലാം 1948 എന്ന വർഷം ഒരു കട്ട് ഓഫ് ഇയർ ആയിരിക്കെ അസമിന്റെ കാര്യത്തിൽ മാത്രം അത് 1971 ആണ്. 23  വർഷത്തെ അധികബാധ്യത തന്ന,  ഈ വിവേചനപരമായ സമീപനം പോലും സ്വീകരിച്ചുകൊണ്ടാണ് 1985-ൽ ഉടമ്പടിയിൽ എത്തിച്ചേർന്നത്. അതിനെ മാനിക്കാത്ത പുതിയ നിയമഭേദഗതി അസമിലെ ജനങ്ങൾ തള്ളുന്നു എന്ന് ഈ സംഘടനകൾ അഭിപ്രായപ്പെട്ടു. 

അസമിലെ ജനങ്ങൾ രണ്ടാമതായി പറയുന്ന കാരണമിതാണ്. സ്വന്തം നാട്ടിൽ മതപരമായ കാരണങ്ങളാൽ വേട്ടയാടപ്പെട്ടവർ എന്നത് തെളിയിക്കാൻ രേഖകളൊന്നും ഉണ്ടാവില്ല, ഇന്ത്യയിൽ പ്രവേശിച്ചതും അനധികൃതമായിട്ടാവും എന്നിരിക്കെ കാര്യമായ ഒരു കാലഗണനയും പുതിയ പൗരന്മാരുടെ കാര്യത്തിൽ സാധ്യമല്ല. അതിനാല്‍ ഭാവിയിലുള്ള നുഴഞ്ഞുകയറ്റങ്ങൾക്കും നിയമപരമായ സാധുത നൽകുന്ന ഒന്നായിരിക്കും ഈ നിയമഭേദഗതി എന്ന് അസമിലെ ജനത ഭയക്കുന്നു. 

അസമിൽ എത്ര അനധികൃത അഭയാർത്ഥികളുണ്ട് എന്നകാര്യത്തിൽ കൃത്യമായ ഒരു കണക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കയ്യിൽ ലഭ്യമല്ല. പല നേതാക്കളും പല സഭകളിലായി പല കണക്കുകളാണ് ബോധിപ്പിച്ചിട്ടുള്ളത്. 1992 ഏപ്രിൽ 10-ന്  അന്നത്തെ അസം മുഖ്യമന്ത്രി ഹിതേശ്വർ സൈകിയ പറഞ്ഞത് അസമിൽ 33 ലക്ഷം കുടിയേറ്റക്കാർ ഉണ്ടെന്നാണ്. 1997  മെയ് 6 -ന്  അന്നത്തെ ആഭ്യന്തരമന്ത്രി ഇന്ദ്രജിത് ഗുപ്ത പറഞ്ഞത് 40  ലക്ഷം പേരുണ്ടെന്നാണ്. 2004  ജൂലൈ 14 -ന്  കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ പറഞ്ഞത് ഇന്ത്യയിൽ ആകെ 1.2 കോടിയോളം ബംഗ്ലാദേശി കുടിയേറ്റക്കാർ അനധികൃതമായി പാർക്കുന്നുണ്ട് എന്നാണ്. അതിൽ 50  ലക്ഷം അസമിൽ തന്നെയാണെന്നും അന്നദ്ദേഹം പറഞ്ഞു. 

ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം അസമിന്റെ ഡെമോഗ്രഫി( ജനസംഖ്യാ പ്രാതിനിധ്യം) തന്നെ മാറ്റിമറിച്ചിട്ടുണ്ട്. മുമ്പ് അസമിൽ രണ്ടു ജില്ലകളിൽ മാത്രം മുസ്‌ലിം ജനസംഖ്യ കൂടുതൽ ഉണ്ടായിരുന്നത്, ഇന്ന് പതിനൊന്നു ജില്ലകളിൽ ആയിട്ടുണ്ട്. ഇന്ന് അസമിലെ 126 നിയമസഭാ സീറ്റുകളിൽ 51 -ലും ഫലത്തെ നിർണായകമായി സ്വാധീനിക്കുന്നത് ഈസ്റ്റ് ബംഗാളിൽ നിന്ന് കുടിയേറിപ്പാർത്ത മുസ്ലിം ജനതയാണ്. അസം മൂവ്മെന്റിന്റെ ഭാഗമായി ഉടലെടുത്ത, പിന്നീട് ഏറെക്കാലം സംസ്ഥാനം ഭരിച്ച പാർട്ടിയായ അസം ഗണപരിഷത്ത് ഇന്ന് രാഷ്ട്രീയനിഷ്കാസനത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത് ഈ ഒരു മാറ്റത്തിന്റെ പ്രകടമായ ലക്ഷണമാണ്. 

പൗരത്വനിയമത്തിന്റെ ഭേദഗതിയോടെ ഹിന്ദു കുടിയേറ്റക്കാർക്കുകൂടി നിയമസാധുത ലഭിക്കുന്നതോടെ തങ്ങളുടെ സംസ്ഥാനം കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശമായി മാറുമോ എന്നതാണ് അസമിലെ തദ്ദേശീയരുടെ പ്രധാന ഭീതി. NRC -യിൽ നിന്ന് ഒഴിവാക്കപ്പെട്ട ഈസ്റ്റ് ബംഗാൾ ഹിന്ദു കുടിയേറ്റക്കാർ, പൗരത്വനിയമഭേദഗതിയുടെ പേരിൽ ആനുകൂല്യം കിട്ടി ഇന്ത്യൻ പൗരന്മാരാകാൻ ഇരിക്കുന്നവർ ഏറിവന്നാൽ അഞ്ചുലക്ഷം പേർ മാത്രമാണ് എന്നാണ് ബിജെപി പറയുന്ന ന്യായം. അത് അസമിന്റെ ഡെമോഗ്രഫിയിൽ പ്രകടമായ മാറ്റവുമുണ്ടാക്കാൻ പോന്നതല്ല എന്നതും. ഏതിനും, അസം പോലെ ഗോത്രാഭിമാനത്തിന് കാര്യമായ സ്വാധീനം ചെലുത്താനാകുന്ന ഒരു  സംസ്ഥാനത്ത് കാര്യങ്ങൾ പിടിവിട്ടുപോകാതിരിക്കാൻ ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട്, അവരെക്കൂടി ചർച്ചകളുടെ ഭാഗമാക്കിക്കൊണ്ടുള്ള ഒരു നിയമനിർമ്മാണം മാത്രമാണ് വഴി. അല്ലാതെ, കേന്ദ്രത്തിൽ നിന്ന് പ്രാദേശിക വികാരങ്ങൾക്ക് കടകവിരുദ്ധമായ ഒരു നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്, മുൻകാലങ്ങളിലേതിനേക്കാൾ രൂക്ഷമായ രക്തച്ചൊരിച്ചിലുകളിലേക്കാവും അസമിനെ നയിക്കുക.