Asianet News MalayalamAsianet News Malayalam

ആരാണ് അമേരിക്ക വ്യോമാക്രമണത്തിലൂടെ വധിച്ച കുപ്രസിദ്ധനായ ഖുദ്‌സ് ഫോഴ്‌സ് ജനറൽ കാസിം സൊലേമാനി?

"ഇറാനിലെ അതിശക്തനായ, ഒരു പ്രമുഖ സൈനിക ജനറലിനെ കോൺഗ്രസിന്റെ അനുവാദം തേടാതെ, അമേരിക്ക ഇത്ര ലാഘവത്തോടെ അങ്ങ് വധിച്ചു കളഞ്ഞു എന്നത് സത്യമാണോ? "

Who is Quds Force general qassem suleimani that america desperately wanted to eliminate?
Author
Iran, First Published Jan 3, 2020, 10:59 AM IST

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ജനറൽ കാസ്സിം  സൊലേമാനി എന്ന ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് തലവനെ അമേരിക്ക വധിച്ചിരിക്കുകയാണ്. ജനറൽ സൊലേമാനിക്കൊപ്പം, ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം ആകെ ഏഴുപേരാണ് ഈ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇറാഖി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. ഇത് അമേരിക്കൻ സൈന്യം നടത്തിയ ഒരു 'ടാർഗെറ്റഡ് അസോൾട്ട്' ആണെന്ന് ഇറാഖിൽ നിയുക്തരായിട്ടുള്ള, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത, രണ്ട് അമേരിക്കൻ നയതന്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒരു തിരിച്ചടി എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കെയായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ ഈ മിസൈൽ ആക്രമണം. ഇത് അമേരിക്കൻ-ഇറാഖി സർക്കാരുകൾക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കും എന്ന് കരുതപ്പെടുന്നു. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഈ അമേരിക്കൻ കടന്നാക്രമണത്തിന് ശക്തമായ തിരിച്ചടി ഉടൻ നൽകുമെന്ന് ഇറാൻ പരമാധികാരി അലി ഖൊമേനി പറഞ്ഞു.

Who is Quds Force general qassem suleimani that america desperately wanted to eliminate?

ഇറാൻ-ഇറാഖ് പ്രവിശ്യയിൽ ഏറെ കുപ്രസിദ്ധിയാർജ്ജിച്ചതാണ് ജനറൽ കാസ്സിം സൊലേമാനിയും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കമാൻഡോ സേനയും. ഈയടുത്ത് ഇറാഖിൽ ഭരണകൂടവിരുദ്ധ സമരങ്ങൾ കടുത്തപ്പോൾ, അതിനെ അടിച്ചമർത്താൻ വേണ്ടി, ഇറാനോട് വിധേയത്വമുള്ള ഇപ്പോഴത്തെ ഭരണാധികാരികൾ ആശ്രയിച്ചത് ജനറൽ സൊലേമാനിയുടെ  ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സിനെയാണ്. ഖുദ്‌സ് ഫോഴ്‌സ്  ആ പ്രക്ഷോഭങ്ങളെ കൊന്നും കൊലവിളിച്ചും അടിച്ചമർത്തിയത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.  

ആരാണ് ജനറൽ കാസ്സിം സൊലേമാനി ?

1957 -ൽ ഇറാനിലെ കെർമനിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച സൊലേമാനി, തുടക്കത്തിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുപോന്നിരുന്നു. അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന കടം വീട്ടുക എന്നതായിരുന്നു സൊലേമാനിയുടെ ഒരേയൊരു ലക്‌ഷ്യം . 1976 -ൽ  ഇറാനിലെ ഷാ  ഭരണത്തിനെതിരെ വിപ്ലവക്കൊടി പിടിച്ചുകൊണ്ടായിരുന്നു സൊലേമാനിയുടെ രാഷ്ട്രീയപ്രവേശം. 1976 -ൽ കെർമനിൽ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്‌സ് കോർപ്സ് എന്ന സേന സ്ഥാപിക്കപ്പെട്ടപ്പോൾ, സൊലേമാനി അതിൽ അംഗമായി. സൈനിക സേവനത്തിൽ യാതൊരുവിധ മുൻപരിചയവും ഇല്ലാതിരുന്നിട്ടും സൊലേമാനിയുടെ ആകർഷകമായ പ്രകൃതം അയാളെ സൈന്യത്തിൽ പെട്ടെന്ന് ഉന്നതറാങ്കുകൾ നേടാൻ സഹായിച്ചു. താമസിയാതെ സൊലേമാനി കമാൻഡർ പദവിയിലെത്തി. പടിഞ്ഞാറൻ ഇറാനിലെ കുർദ് വിമതരെ അടിച്ചമർത്തുക എന്നതായിരുന്നു സൊലേമാനിയുടെ ആദ്യ ദൗത്യം. 1981 -ൽ ഇറാൻ ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തെക്കൻ അതിർത്തിയിലേക്ക് അയാൾ നിയോഗിക്കപ്പെട്ടു. 1988 -ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും, തന്റെ സ്തുത്യർഹമായ സേവനങ്ങളുടെ ബലത്തിൽ ഡിവിഷണൽ കമാൻഡർ പദവിയിലേക്ക് സൊലേമാനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു കഴിഞ്ഞിരുന്നു. 

Who is Quds Force general qassem suleimani that america desperately wanted to eliminate?

ഡിവിഷണൽ കമാൻഡർ ആയ ശേഷം സൊലേമാനിക്ക് തിരിച്ച് കെർമനിലേക്ക് പോസ്റ്റിങ്ങ് കിട്ടി. അതിനിടെ അവിടെ പൊട്ടിപ്പുറപ്പെട്ട സുന്നി ബലൂച്ച് വിഘടനവാദസ്വരങ്ങളെ അടിച്ചമർത്തുക എന്നതായിരുന്നു സൊലേമാനിയുടെ പുതിയ നിയോഗം. ആയിരക്കണക്കിന് പ്രദേശവാസികളുടെ ജീവൻ അപഹരിച്ചുകൊണ്ടാണെങ്കിലും, സൊലേമാനി അതും വിജയകരമായി പൂർത്തിയാക്കി. അതോടെ, ഇറാനിലെ അന്നത്തെ സർവ്വാധിപതിയായിരുന്ന അലി ഖൊമേനിയുടെ കണ്ണിൽ സൊലേമാനി പെടുന്നു. 1998 -ൽ ഖൊമേനി സൊലേമാനിയെ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനായി അവരോധിക്കുന്നു. ഇറാനിലെ ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സ്(IRGC)യുടെ ഭാഗമായ സ്‌പെഷ്യൽ അസോൾട്ട് സേനയാണ് ഖുദ്‌സ് ഫോഴ്‌സ്.  ഇറാനിൽ മാത്രം ഒതുങ്ങി നില്ക്കാൻ വിഭാവനം ചെയ്യപ്പെട്ട ഒന്നല്ലായിരുന്നു അത്.  സൊലേമാനിയുടെ കാർമികത്വത്തിൽ മധ്യപൂർവേഷ്യയിൽ അങ്ങോളമിങ്ങോളം ഖുദ്‌സ് ഫോഴ്‌സിന്റെ അക്രമണങ്ങളുണ്ടായി. കഴിഞ്ഞ പതിനാറു വർഷക്കാലമായി ആ മേഖലയിൽ ഉടനീളം ഭീതി പരത്തുന്ന ഒന്നായി അത് വളർന്നു. പ്രദേശത്ത് പടർന്നു പന്തലിച്ച രാഷ്ട്രീയ അസ്ഥിരതയും ഖുദ്‌സ് പരമാവധി മുതലെടുത്തു. അമേരിക്കയുടെ ഇറാഖ് അധിനിവേശം, യെമനിലും സിറിയയിലും ഉണ്ടായ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൊക്കെ ഇടപെട്ടുകൊണ്ട് ഓപ്പറേഷനുകൾ നടത്താൻ ഇറാന്റെ രാഷ്ട്രീയ സ്വാധീനം അവരെ സഹായിച്ചു. അവിടെ തങ്ങളുടെ അധികാരം നിലനിർത്താനും, പ്രദേശത്തെ സുന്നി അറബ് രാജ്യങ്ങളെ സദാ ഭയപ്പെടുത്തി നിർത്താനും ഇറാൻ ഖുദ്‌സ് ഫോഴ്സിനെ ഉപയോഗിച്ചു. 

രാഷ്ട്രീയ നേതൃത്വവുമായുള്ള അലിഖിതമായ ഒരു ധാരണപ്പുറത്ത്, ഇറാന്റെ മധ്യപൂർവേഷ്യയിലെ സൈനികനയത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ജനറൽ സൊലേമാനി ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇറാന്റെ വിദേശകാര്യമന്ത്രിയായ ജാവേദ് സരീഫിനെക്കാൾ ഒട്ടും താഴെയല്ലായിരുന്നു സൊലേമാനി. ഒരു സാധാരണ സൈനികമേധാവി എന്ന നിലയിൽ കവിഞ്ഞതായിരുന്നു ഇറാനിലെ സൊലേമാനിയുടെ രാഷ്ട്രീയസ്വാധീനങ്ങൾ. ഇറാന്റെ പരമാധികാരി അലി ഖൊമേനിയുമായി നേരിട്ടാണ് ജനറൽ സൊലേമാനി എന്നും ഇടപെട്ടിരുന്നത്.  ഇറാൻ ഖുദ്‌സ് ഫോഴ്സിനെ തങ്ങളുടെ വിപ്ലവാശയങ്ങളുടെ അന്താരാഷ്ട്ര പ്രകാശനമായി കണക്കാക്കുമ്പോൾ, അമേരിക്ക അതിനെ ഇറാന്റെ ഭീകരവാദകയറ്റുമതി ഉത്പന്നം എന്നാണ് കണക്കാക്കിയിരുന്നത്. 

Who is Quds Force general qassem suleimani that america desperately wanted to eliminate?

2007 -ൽ അമേരിക്ക ഭീകരപ്രസ്ഥാനമായി പ്രഖ്യാപിച്ചതാണ് ഖുദ്സ് ഫോഴ്സിനെ. 2011 -ൽ അമേരിക്കയുടെ സൗദി അറേബ്യൻ അംബാസഡർക്കു നേരെ ഉണ്ടായ വധശ്രമത്തെത്തുടർന്ന് അമേരിക്ക ജനറൽ സൊലേമാനി അടക്കം അഞ്ചുപേർക്ക്‌ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ വർഷം അമേരിക്കൻ ഗവണ്മെന്റ് ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സ്(IRGC)നെതന്നെ ഒരു ഭീകരവാദസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇത്രയൊക്കെയായിട്ടും ഖൊമേനിയുമായുള്ള ജനറൽ സൊലേമാനിയുടെ അടുപ്പമാണ് സിഐഎയുടെ കരങ്ങളിൽ പെടാതെ അയാളെ രക്ഷിച്ചത്. എന്നാൽ ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന അക്രമണത്തോടെ ജനറൽ സൊലേമാനി അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റിൽ പെടുകയായിരുന്നു. 

എന്തായാലും, അമേരിക്കയിൽ നിന്നുതന്നെ ഈ കൊലപാതകത്തിനെതിരെ വിപരീത പ്രതികരണങ്ങൾ വന്നിട്ടുണ്ട്. അമേരിക്കൻ സെനറ്ററായ ക്രിസ് മർഫി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു,"സൊലേമാനി അമേരിക്കയുടെ ശത്രുവാണ് എന്നത് സത്യം തന്നെ. അതിൽ തർക്കമില്ല. എന്നാൽ എനിക്ക് വ്യക്തമല്ലാത്ത ഒരു കാര്യമിതാണ്. റിപ്പോർട്ടുകളിൽ പറയുന്നപോലെ അമേരിക്ക ഇറാനിലെ അതിശക്തനായ, ഒരു പ്രമുഖ സൈനിക ജനറലിനെ കോൺഗ്രസിന്റെ അനുവാദം തേടാതെ, ഇത്ര ലാഘവത്തോടെ അങ്ങ് വധിച്ചു കളഞ്ഞു എന്നത് സത്യമാണോ? ഇത് അല്ലെങ്കിൽ തന്നെ കലുഷിതമായിരിക്കുന്ന ഇറാൻ-ഇറാഖ് പ്രദേശത്ത് ഒരു യുദ്ധത്തിന് തന്നെ വഴിവെക്കില്ലെന്ന് ആരുകണ്ടു!"

 

Follow Us:
Download App:
  • android
  • ios