ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം, യുകെയുടെ 'ചാൻസലർ ഓഫ് ദി എക്സ്ചെക്കർ' എന്ന സ്ഥാനത്തേക്ക് ഋഷി സുനാകിന്റെ പേര് നിർദേശിച്ചതോടെ, ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിന് ശേഷം ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഇന്ത്യൻ വംശജന്റെ പേരുകൂടി ചേർക്കപ്പെടുകയാണ്. ഇന്ത്യയിൽ കുടുംബവേരുകളുള്ള ഒരു ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഋഷി സുനാക്. പാകിസ്താനി പശ്ചാത്തലമുള്ള സാജിദ് ജാവീദ് ചാൻസലർ സ്ഥാനം രാജിവെച്ചിറങ്ങിപ്പോയ ശേഷം, വ്യാഴാഴ്ച നടന്ന മന്ത്രിസഭാ പുനസ്സംഘടനയിലാണ് ഋഷിക്ക് നറുക്കു വീണത്. 2019 ഡിസംബറിൽ വൻ ഭൂരിപക്ഷത്തോടെ ബോറിസ് ജോൺസൻ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യത്തെ വലിയ മന്ത്രിസഭാ അഴിച്ചുപണിയാണിത്. 

ആരാണ് ഋഷി സുനാക് ? 

ഇൻഫോസിസിന്റെ സ്ഥാപകനായ എൻ എസ് നാരായണ മൂർത്തിയുടെ മരുമകനാണ് ഋഷി. ഇതുവരെ ചാൻസലർ സാജിദ് ജാവീദിന്റെ ജൂനിയറായി ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇരുന്നിരുന്ന ഋഷി, ധനമന്ത്രാലയത്തിലെ ഒരു യുവതുർക്കിയായി അറിയപ്പെട്ടിരുന്നു. ധനകാര്യ നിർവഹണത്തിലുള്ള വൈദഗ്ധ്യം നിമിത്തം മന്ത്രാലയത്തിൽ പ്രശസ്തനായിരുന്നു അദ്ദേഹം. പുതിയ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഈ മുപ്പത്തൊമ്പതുകാരൻ നമ്പർ പതിനൊന്ന്, ഡൗണിങ് സ്ട്രീറ്റ് എന്ന വിലാസത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടയല്പക്കത്തേക്ക് താമസം മാറും. യുകെയിലെ മന്ത്രിസഭയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും വലിയ പദവിയാണ് ധനമന്ത്രിയുടേത്. 

നാരായണമൂർത്തിയുടെ മകൾ അക്ഷതയെയാണ് ഋഷി വിവാഹം കഴിച്ചിട്ടുള്ളത്. യോർക്ക്ഷയറിലെ റിച്ച്മൗണ്ടിൽ നിന്നുള്ള കൺസർവേറ്റിവ് എംപിയാണ് ഋഷി. 2015 ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി 2019  ജൂലൈയിലാണ് ട്രഷറിയുടെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ബ്രിട്ടനിലെ ഏറ്റവും പാരമ്പര്യമുള്ള പബ്ലിക് സ്‌കൂളായ വിഞ്ചസ്റ്റർ കോളേജിൽ പഠിച്ച ഋഷി, പിന്നീട് ഓക്സ്ഫോർഡിൽ നിന്ന് രാഷ്ട്രമീമാംസയും, തത്വശാസ്ത്രവും, സാമ്പത്തികശാസ്ത്രവും പഠിച്ചിറങ്ങി. സ്റ്റാൻഫർഡ് സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദവും ഋഷി നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പ് ഗോൾഡ്മാൻ സാച്സിൽ വൻ ശമ്പളം പറ്റുന്ന അനലിസ്റ്റ് ആയിരുന്നു അദ്ദേഹം. തലമുറകൾക്കു മുമ്പ് പഞ്ചാബിൽ നിന്ന് കിഴക്കൻ ആഫ്രിക്ക വഴി യുകെയിൽ എത്തിയതാണ് ഋഷിയുടെ പൂർവികർ. തെരേസാ മെയ് ഗവൺമെന്റിലും പാർലമെന്ററി അണ്ടർ സെക്രട്ടറി ആയിരുന്നു ഋഷി സുനാക്. ഋഷി-അക്ഷത ദമ്പതികൾക്ക് കൃഷ്ണ, അനുഷ്ക എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്. ഹോം സെക്രട്ടറി പ്രീതി പട്ടേലും, ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് സെക്രട്ടറി ആലോക് ശർമയുമാണ് ബ്രിട്ടീഷ് പാർലമെന്റിലെ മറ്റു രണ്ട് ഇന്ത്യൻ സാന്നിധ്യങ്ങൾ.