ശനിയാഴ്ചയാണ് സംഭവം നടന്നത്. ദുഡുമ വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാറയിൽ സാഗർ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ആയിരുന്നു ആദ്യം പുറത്തുവന്നത്.
വെള്ളച്ചാട്ടത്തിന് അരികിൽ നിന്ന് അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ 22 -കാരനായ യൂട്യൂബർ ഒഴുക്കിൽപ്പെട്ട സംഭവം ഞെട്ടിക്കുന്നത്. ഒഡീഷയിലെ കോരാത്പുട്ടിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രാദേശിക മാധ്യമങ്ങൾ അപകടത്തിൽപ്പെട്ട വ്യക്തി സാഗർ ടുഡു എന്ന ചെറുപ്പക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വീഡിയോയിൽ വെള്ളച്ചാട്ടത്തിന് അരികിൽ നിന്ന് ഒരാൾ ഒഴുക്കിൽപ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ കാണാം. വെള്ളച്ചാട്ടത്തിനടുത്ത് ഡ്രോൺ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ബെർഹാംപൂർ സ്വദേശിയായ യുവാവിന് സാഗർ കുണ്ടു എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിലേക്കുള്ള വീഡിയോ ചിത്രീകരണം നടത്തുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 500 സബ്‌സ്‌ക്രൈബർമാരുള്ള ഒരു ഫോട്ടോഗ്രാഫി, ഫിലിം ചാനൽ ആണിത്. ഒഡീഷയുടെ സംസ്കാരത്തെക്കുറിച്ചുള്ള വീഡിയോകൾ പതിവായി ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ദുഡുമ വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാറയിൽ സാഗർ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ആയിരുന്നു ആദ്യം പുറത്തുവന്നത്. തുടർന്ന് സംഭവത്തിന് ദൃക്സാക്ഷികളായവർ പാറയിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കിൽ ഇദ്ദേഹം ഒഴുകിപ്പോവുകയായിരുന്നു.
സമീപപ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് മച്ചകുണ്ഡ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് അപകടത്തിന് കാരണമായത് എന്നാണ് ആ പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുവാവിനായുള്ള തിരച്ചിൽ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. എൻഡിടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച് സഹോദരനൊപ്പം ആണ് സാഗർ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുവാനായി എത്തിയത്. പക്ഷേ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള അപകടകരമായ സ്ഥലങ്ങളിൽ വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ പകർത്താനും ശ്രമിക്കുമ്പോൾ അതിയായ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുകൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതിനിടയിലാണ് ഈ അപകടം.
