ഷർജീൽ ഇമാം - ദില്ലി പൊലീസും ആസാം പൊലീസും ഒക്കെ ഇന്ന് ജെഎൻയുവിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ ഈ യുവവിദ്യാർത്ഥിയുടെ പിന്നാലെയാണ്. ഷാഹീൻ ബാഗിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തുകൊണ്ട് ഷർജീൽ നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് എന്നാണ് പൊലീസിന്റെ ആക്ഷേപം. ഷർജീലിനുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണ്. വീട്ടിൽ തിരഞ്ഞുചെന്നപ്പോൾ ആളെ കിട്ടാഞ്ഞ് ബന്ധുക്കളിൽ ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പൊലീസ് ഇപ്പോൾ. ഇതിനുമാത്രം എന്താണ് ഷർജീൽ പറഞ്ഞത്?

ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയ ശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെഎൻയുവിൽ ചേർന്ന ഷർജീൽ ആണ് ഷാഹീൻ ബാഗ് സമരങ്ങളുടെ പ്രധാന ആസൂത്രകൻ എന്നാണ് ദില്ലി പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഷാഹീൻ ബാഗിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിലെ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു, "അഞ്ചുലക്ഷം പേരെ സംഘടിപ്പിക്കാൻ നമുക്ക് കഴിയും എന്നുണ്ടെങ്കിൽ, നമുക്ക് നോർത്ത് ഈസ്റ്റിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും (cut off) കഴിയും. പെർമനന്റ് ആയിട്ടല്ലെങ്കിലും ഒന്നോ രണ്ടോ മാസത്തേക്കെങ്കിലും അങ്ങനെ ചെയ്യാനാകും. റെയിൽവേ ട്രാക്കുകളിലും റോഡിലുമൊക്കെ പരമാവധി തടസ്സങ്ങൾ വാരിയിടൂ, അത് നീക്കാൻ തന്നെ മാസങ്ങൾ എടുക്കണം. റോഡും റെയിലും വഴി അങ്ങോട്ട് പോകാനേ പറ്റരുത്. പോവട്ടെ എയർഫോഴ്സിനെ കൂട്ടുപിടിച്ച്. അങ്ങനെ അസമിനെ റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് കട്ട് ഓഫ് ചെയ്താലേ ഫലമുണ്ടാകൂ. എന്നാലേ അവർ നമ്മൾ പറയുന്നത് ശ്രദ്ധിക്കൂ..."

"അസമിലെ മുസ്ലീങ്ങൾക്ക് സംഭവിക്കുന്നത് എന്തെന്ന് വല്ല നിശ്ചയവുമുണ്ടോ? അവിടെ NRC നടപ്പിൽ വന്നുകഴിഞ്ഞു. മുസ്ലിങ്ങളെ അവർ ഡിറ്റൻഷൻ സെന്ററുകളിൽ പിടിച്ചിട്ടുകഴിഞ്ഞു. അവിടെ നടക്കുന്നത് ഒരു കൂട്ടക്കൊലയാണ്. ഏഴെട്ടുമാസം കഴിഞ്ഞാവും നമ്മൾ അറിയുക ചിലപ്പോൾ, ഹിന്ദുവെന്നോ മുസ്ലിമെന്നോ ഭേദമില്ലാതെ എല്ലാ ബംഗാളികളെയും അവർ കൊന്നുതള്ളി എന്ന്. അസമിനെ രക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മൾ അടിയന്തരമായി ചെയ്യേണ്ടത് അസമിലെ ഇന്ത്യയിൽ നിന്ന് കട്ട് ഓഫ് ചെയ്യുകയാണ്. ഇന്ത്യൻ ആർമിക്കോ വേണ്ട സാധനസാമഗ്രികൾക്കോ അവിടേക്ക് എത്തിച്ചേരാനുള്ള വഴി അടച്ചു കളയുകയാണ്..." ഷർജീൽ കൂട്ടിച്ചേർത്തു.

"നമുക്ക് അത് നിഷ്പ്രയാസം ചെയ്യാനാകും. കാരണം ചിക്കൻ നെക്കിൽ നമ്മൾ മുസ്ലിങ്ങൾക്കാണ് ഭൂരിപക്ഷമുള്ളത്." ഷർജീൽ പറഞ്ഞു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിച്ചു നിർത്തുന്ന 22 കിലോമീറ്റർ നീളമുള്ള ഒരു ചെറിയ 'ബോട്ടിൽ നെക്ക്' ഭൂഭാഗമായ സിലിഗുഡി കോറിഡോറാണ് ചിക്കൻ നെക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ഭൂഭാഗത്തിന്റെ ഒരു വശത്ത് നേപ്പാളും, മറുവശത്ത് ബംഗ്ലാദേശുമാണ് അതിർത്തി പങ്കിട്ടുകൊണ്ട് സ്ഥിതിചെയ്യുന്നത്. ഏറെ സംവേദനക്ഷമമായ ഈ പ്രദേശത്തുള്ള മുസ്ലിങ്ങളെ സംഘടിപ്പിച്ച് ഉത്തരപൂർവ്വ ഇന്ത്യയിലേക്കുള്ള കരഗതാഗതം സ്തംഭിപ്പിക്കണം എന്നാണ് ഷർജീൽ ആഹ്വാനം ചെയ്‌തത്‌.

'കനയ്യാ കുമാറും അയാളുടെ ഫോട്ടോ സെഷനുകളും ഒക്കെ പാഴാണ് 

'ഇമാം തന്റെ പ്രസംഗത്തിൽ മുസ്ലീങ്ങൾ അല്ലാത്തവരെ സംഘടിപ്പിക്കുന്നതിനെപ്പറ്റി ഇങ്ങനെ പറഞ്ഞു, "നമ്മളോട് അനുഭവമുള്ള അമുസ്ലിങ്ങളോട് നമ്മുടെ നിബന്ധനകൾക്കനുസൃതമായി കൂടെ നില്ക്കാൻ പറയണം. ബോലോ തക്ബീർ വിളിച്ചുകൊണ്ടുതന്നെയാകണം അവരും കൂടെ നിൽക്കുന്നത്. സമരത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് നമ്മളായിരിക്കണം. ഇല്ലെങ്കിൽ അവർ നമ്മളെ ഉപയോഗപ്പെടുത്തുന്നതാകും അത്. കഴിഞ്ഞ എഴുപതു വർഷമായി അവർ നമ്മളെ ഉപയോഗപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്. അവർക്ക് നമ്മുടെ നിബന്ധനകൾ അനുസരിച്ചുകൊണ്ട് കൂടെ നില്ക്കാൻ ആവില്ലെന്നുണ്ടെങ്കിൽ അവർക്ക് നമ്മളോട് അനുഭാവമില്ല എന്നാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്" ഷർജീൽ ഇത്രയും പറഞ്ഞപ്പോഴേക്കും അവിടെ തടിച്ചുകൂടിയിരുന്നു ജനക്കൂട്ടം 'അള്ളാഹു അക്ബർ' വിളികളോടെ അതിനെ എതിരേറ്റു.

കനയ്യാ കുമാർ നടത്തുന്ന ഫോട്ടോ ഓപ്പറേഷനുകളെയും ഷർജീൽ നിശിതമായി വിമർശിച്ചു, "കനയ്യയെപ്പോലുള്ളവർ ചെയ്യുന്നതെന്തെന്ന് നമ്മൾ തിരിച്ചറിയണം. അവർ വരും നാല് ഇൻക്വിലാബ് വിളിക്കും. കുറെ ഫോട്ടോ എടുപ്പിക്കും. സ്ഥലം വിടും. ഒരു കാര്യവുമുണ്ടാകില്ല. ഫോട്ടോ എടുക്കുന്നതിൽ അല്ല കാര്യം. രാഷ്ട്രീയ നേതാക്കൾ ശ്രമിക്കേണ്ടത് ജനങ്ങളുടെ രോഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ്. അല്ലാതെ ഫോട്ടോ എടുത്ത് സ്വന്തം മൈലേജ് കൂട്ടാൻ അല്ല.." 

 

'ഇടതു പക്ഷവും, ലിബറലിസ്റ്റുകളും ഒക്കെ ഈ ഇസ്ലാമിക വേദിയിലേക്ക് വരുന്നത് ക്യാമറകളും ചാനലുകാരും പത്രക്കാരും ഒക്കെ വന്നതിനു ശേഷം മാത്രമാണ്. അവർക്കു വേണ്ടത് അത് മാത്രമാണ്.' എന്ന് ഷർജീൽ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.  ജനസംഖ്യാപരമായ തങ്ങളുടെ മുൻ‌തൂക്കം മുതലെടുത്തുകൊണ്ട് നഗരങ്ങൾ നിശ്ചലമാക്കാൻ മുസ്ലീങ്ങൾക്ക് കഴിയണം എന്ന് മറ്റൊരു പോസ്റ്റിൽ ഷർജീൽ പറഞ്ഞിരുന്നു.

'ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഗാന്ധി തന്നെയാണ് എന്ന് തിരിച്ചറിയണം'

ഇന്ത്യ കൊളോണിയൽ ഭരണകാലത്തുനിന്ന് ഒട്ടും മുന്നോട്ട് പോയിട്ടില്ല എന്ന് ഒന്നിലധികം വേദികളിൽ ഷർജീൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. "മുസ്ലീങ്ങളുടെ അവസ്ഥ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്, കിട്ടിയതിനു ശേഷമുള്ളതിനേക്കാൾ എത്രയോ ഭേദമായിരുന്നു. 1947 -ൽ നടന്ന ആ സംഭവത്തെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതായി ആരും ധരിച്ചുവശാകരുത്. അടിമത്തത്തിന്റെ ഒരു രൂപത്തിൽ നിന്ന് അതിലും മോശപ്പെട്ട മറ്റൊരു രൂപത്തിലേക്കാണ് ഇന്ത്യൻ മുസ്ലീങ്ങൾ മാറിയത്. നമ്മൾ പണ്ഡിതർ ഇത് പൊതുജനത്തോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ നാളെ അവരും അത് മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കിക്കൊള്ളും. ഒന്നുകിൽ നമ്മെ ജനം പിന്തുടരും, അല്ലെങ്കിൽ ആരെങ്കിലും നമ്മെ വെടിവെച്ചു കൊല്ലും. രണ്ടിൽ ഒന്നുറപ്പാണ്. രണ്ടായാലും നല്ലതാണ്. ഇങ്ങനെ മിണ്ടാതെ സഹിച്ചിരിക്കുന്നതിലും ഭേദമാണ്. " ഷർജീൽ പറഞ്ഞു.

കടുത്ത ഗാന്ധിവിമർശനങ്ങളും ഒരു പ്രസംഗത്തിനിടെ ഷർജീൽ നടത്തുകയുണ്ടായി, "ഇനിയങ്ങോട്ട് കാര്യങ്ങൾ നമ്മുടെ ഇന്റലക്ച്വൽ സെൽ വേണം തീരുമാനിച്ച് നടപ്പിലാക്കാൻ. ഈ സെല്ലിന് ഗാന്ധി, രാഷ്ട്രം തുടങ്ങിയ ഒന്നിനോടും ഒരു അടുപ്പവും പാടില്ല. നമ്മുടെ ശ്രദ്ധ ശത്രുക്കളെ നേരിടുന്നതിൽ ആയിരിക്കണം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഗാന്ധി തന്നെയാണ് എന്ന് തിരിച്ചറിയണം നമ്മൾ. അയാൾക്ക് രാമരാജ്യം ഉണ്ടാക്കാനായിരുന്നു ധൃതി. അയാളാണ് കോൺഗ്രസ് പാർട്ടിയെ ഹൈന്ദവവൽക്കരിച്ചത്." ഇന്ത്യ ഒരിക്കലും തത്വത്തിൽ പോലും ജനാധിപത്യപരമോ മതേതരമോ ആയിരുന്നില്ല എന്നാണ് ഷർജീലിന്റെ വാദം. അതുകൊണ്ട് ഭരണഘടനയും പൊക്കിപ്പിടിച്ചുകൊണ്ടു നടത്തുന്ന ഒരു സമരവും എങ്ങും എത്തുകയില്ല എന്നും. 

 

എന്തായാലും, കഴിഞ്ഞ കുറെ ആഴ്ചകളായി നടത്തിയ ഷർജീൽ ഇമാം നടത്തിയ പ്രസംഗങ്ങളിലെ വിവിധ പരാമർശങ്ങളുടെ പേരിൽ ഇപ്പോൾ ഉത്തർപ്രദേശ്, അസം, മണിപ്പൂർ, ദില്ലി എന്നിവിടങ്ങളിലെ പൊലീസ് ഇന്ത്യമുഴുവൻ ഷർജീലിനെ തിരഞ്ഞു പരക്കം പായുകയാണ്. രാജ്യദ്രോഹക്കുറ്റം വരെ ചുമത്തപ്പെടാൻ സാധ്യത നിലനിൽക്കുകയാണ്. ഷർജീലിന്റെ പ്രസംഗം സാമുദായിക സംഘർഷം ഉണ്ടാക്കുന്നതാണെന്നും, ഇന്ത്യയെ വിഭജിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് എന്നും പൊലീസ് ആരോപിക്കുന്നു. അസം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഷർജീലിനെ വിമർശിച്ചുകൊണ്ട് ട്വീറ്റും ചെയ്തിട്ടുണ്ട്. ഏറെക്കാലത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുശേഷം ഉത്തരപൂർവ ഇന്ത്യയിൽ സമാധാനം തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഇത്തരം പരാമർശങ്ങൾ അനാവശ്യമാണ് എന്ന് അവർ പറഞ്ഞു. ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് 'ജിഹാദിനുള്ള ആഹ്വാനമാണ്' എന്ന് ബിജെപി വക്താവ് ഡോ.സംവിദ് പാത്ര ആരോപിച്ചു. 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് ഷാഹീൻ ബാഗിൽ നടക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു. ഷർജീലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദില്ലിയിൽ നടന്ന പത്രസമ്മേളനത്തിൽ ബിജെപി നേതാക്കൾ പറഞ്ഞു.

എന്നാൽ, ഷർജീൽ ഇമാം സൺഡേ എക്സ്പ്രസിനോട് തന്റെ പക്ഷം വെളിപ്പെടുത്തിക്കൊണ്ട് ഇന്നലെ പറഞ്ഞത്, തന്റെ വാക്കുകളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തതാണ് എന്നാണ്. താൻ പ്രസംഗത്തിൽ 'കട്ട് ഓഫ്' എന്നത് കൊണ്ട് ഉദ്ദേശിച്ചത് സമാധാനപൂർവ്വമായ വഴിതടയൽ സമരങ്ങളെ മാത്രമാണ് എന്നും, രാജ്യത്തെ വെട്ടിമുറിക്കുന്നതിനെപ്പറ്റി താൻ മനസ്സിൽ പോലും കരുതിയിട്ടില്ല എന്നുമാണ്. താൻ ഉദ്ദേശിച്ചത് നഗരങ്ങളെ നിശ്ചലമാക്കിക്കൊണ്ടുള്ള ഒരു സമര രീതിയാണ് എന്നും, അത് മുൻകാലങ്ങളിൽ പല രാഷ്ട്രീയ പാർട്ടികളും ഫലപ്രദമായി പരീക്ഷിച്ചു വിജയം കണ്ടിട്ടുള്ള ഒന്നുമാത്രമാണ് എന്നുമാണ് ഷർജീൽ പറയുന്നത്. എന്നാൽ ഷർജീൽ ഖാനെതിരെ ഷാഹീൻ ബാഗ് പ്രതിഷേധക്കാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഷർജീൽ ഖാനും ഷാഹീൻ ബാഗ് സമരങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് അവർ പറയുന്നത്. "അയാൾ ഇവിടത്തുകാരൻ പോലുമല്ല, ഇവിടെ വന്നു സ്വന്തം പ്രൊമോഷൻ നടത്താനാണ് അയാൾ ശ്രമിച്ചത്. അതുകൊണ്ട് അന്ന് തന്നെ അയാളോട് ഞങ്ങൾ പ്രതിഷേധം അറിയിച്ച് ഇവിടം വിടാൻ പറഞ്ഞിരുന്നു.  സ്ത്രീകളാണ് ഇവിടെ ഷാഹീൻബാഗിൽ സമരങ്ങൾ നടത്തുന്നത്. അത് ഭരണഘടന മുറുകെപ്പിടിച്ചുകൊണ്ടു മാത്രമുള്ളതാണ്..." അവർ അറിയിച്ചു.