ഇന്ന് മൗലാന പഴയ മൗലാനയല്ല. ഇമ്രാൻ ഖാൻ എന്ന പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരായ ബഹുജനമുന്നേറ്റങ്ങളുടെ മുഖമാണ് ഇന്ന് മൗലാന ഫസലുർ റഹ്‌മാൻ. 

ഇമ്രാൻ ഖാൻ അധികാരത്തിലേറുന്നത് അഴിമതിക്കെതിരായ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ്. തെഹ്‌രീക്ക് എ ഇൻസാഫ് എന്നായിരുന്നു ഇമ്രാന്റെ പാർട്ടിയുടെ പേര്. 'നീതിക്കായുള്ള പോരാട്ടം' എന്നാണ് ആ പേരിന്റെയർത്ഥം. 2014-ൽ ഇമ്രാൻ നടത്തിയ പ്രതിഷേധപ്രകടനങ്ങൾ നവാസ് ഷെരീഫിനെ കാര്യമായി ബാധിച്ചില്ല എങ്കിലും, 2018 ആയപ്പോഴേക്കും ഇമ്രാന്റെ അഴിമതിവിരുദ്ധ സമരങ്ങൾ നവാസ് ഷെരീഫിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിലേക്ക് കൊണ്ടുചെന്നെത്തിച്ചു. അന്നുതൊട്ടേ ഇമ്രാന്റെ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന ഒരാളാണ് മൗലാനാ ഫസലുർ റഹ്‌മാൻ എന്ന മതനേതാവ്. അക്കാലത്ത് ഇമ്രാൻ ഫസലുർ റഹ്‌മാനെ വിളിച്ചത് 'മൗലാനാ ഡീസൽ' എന്നായിരുന്നു. ഇന്ധന ബങ്കുകളുടെ ലൈസൻസിങ്ങിൽ മൗലാന നടത്തിയ അഴിമതികളായിരുന്നു ഇമ്രാൻ ആ വിളികൊണ്ട് സൂചിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. 2018-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മൗലാനയുടെ മുത്താഹിദാ മജ്‌ലിസ്-എ-അമൽ (MMA) എന്ന പാർട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം മണ്ഡലവും MMAയുടെ ശക്തികേന്ദ്രവുമായിരുന്ന ഖൈബർ പഖ്‌തൂൻവായിലെ ദേരാ ഇസ്മായിൽ ഖാനിൽ തെരഞ്ഞെടുപ്പിന് നിന്ന മൗലാന എട്ടുനിലയിൽ പൊട്ടി.

അത് അന്നത്തെ കഥ. ഇന്ന് മൗലാന പഴയ മൗലാനയല്ല. ഇമ്രാൻ ഖാൻ എന്ന പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരായ ബഹുജനമുന്നേറ്റങ്ങളുടെ മുഖമാണ് ഇന്ന് മൗലാന ഫസലുർ റഹ്‌മാൻ. മൗലാന ഇമ്രാനെ സ്ഥാനഭ്രഷ്ടനാക്കാൻ വേണ്ടി നവംബർ ഒന്നിന് നടത്തിയ നടത്തിയ 'ആസാദി' മാർച്ചിൽ ഏകദേശം ഒരു ലക്ഷത്തോളം പേര് അണിനിരന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രധാനമന്ത്രിയെ താഴെയിറക്കണം എന്നതാണ് മൗലാനയുടെ ആഹ്വാനം. മുസ്‌ലിം ലീഗ് നേതാവായ നവാസ് ഷെരീഫ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവായ ആസിഫ് അലി സർദാരി, എന്നിങ്ങനെ പാകിസ്ഥാനിൽ ഇന്നുള്ള എല്ലാ പ്രതിപക്ഷപാർട്ടികളും ഈ ആസാദി മാർച്ചിന് തങ്ങളുടെ നിരുപാധിക പിന്തുണ അറിയിച്ചിട്ടുണ്ട്. പണ്ട് ഇമ്രാൻ ഖാൻ തെഹ്രീക്കിന്റെ ബാനറിന് നടത്തിയ റാലികൾക്ക് വന്നതിലുമധികം പേർ ഈ പ്രകടനങ്ങളിൽ അണിനിരന്നു എന്നാണ് ജിയോ ടിവി പാകിസ്ഥാൻ പറയുന്നത്. 

ഇമ്രാൻ ഖാൻ ഇസ്ലാം മതത്തെ ഇല്ലായ്മ ചെയ്യാൻ അവതരിപ്പിക്കപ്പെട്ട ജൂത ഏജന്റാണ് എന്നാണ് ഫസലുർ റഹ്‌മാന്റെ ആരോപണം. അങ്ങനെ ഒരാക്ഷേപം ഉന്നയിച്ചതിനു പിന്നാലെ അതിന്റെ പേരിൽ മൗലാനയ്‌ക്കെതിരെ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്. 

ഒട്ടും ആശാവഹമായ സാഹചര്യങ്ങളല്ല ഇമ്രാൻ ഖാന് പ്രധാനമന്ത്രി എന്ന നിലയിൽ പാകിസ്താനിലുള്ളത്. രാജ്യത്തെ സാമ്പത്തികാവസ്ഥ തകർന്നു തരിപ്പണമായി കിടക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളങ്ങൾ പോലും മുടങ്ങുന്ന അവസ്ഥയുണ്ട്. രാജ്യത്തെ സൈനികത്തലവനായ കമർ ജാവേദ് ബാജ്‌വ, ഇമ്രാന്റെ അറിവോ സമ്മതമോ ഇല്ലാതെ രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതും, അട്ടിമറി ബ്രിഗേഡ് എന്നറിയപ്പെടുന്ന 111 ബ്രിഗേഡിന്റെ അവധികൾ റദ്ദാക്കിയതും ഒക്കെച്ചേർന്നുകൊണ്ട് രാജ്യത്ത് സൈനികകലാപത്തിന്റെ ആശങ്കകളും ഉയർത്തിവിട്ടിരുന്നു ഇടക്ക്. 

പാകിസ്ഥാൻ സൈന്യത്തിന്റെ 'അട്ടിമറി' ബ്രിഗേഡെന്നാണ് 111 ബ്രിഗേഡ് അറിയപ്പെടുന്നത്. പാകിസ്ഥാനിൽ ഇന്നുവരെ നടന്ന സൈനിക കലാപങ്ങൾ എല്ലാം തന്നെ പ്രാവർത്തികമാക്കിയത് ഈ ബ്രിഗേഡിന്റെ സൈനികരെ ഉപയോഗിച്ചാണ്. അതിന് 1958-ൽ ഇസ്കന്തർ മിർസയ്‌ക്കെതിരെ ജനറൽ അയൂബ് ഖാൻ നടത്തിയതായാലും, 1977-ൽ സുൾഫിക്കർ അലി ഭൂട്ടോയ്‌ക്കെതിരെ ജനറൽ സിയാ ഉൾ ഹഖ് നടത്തിയതായാലും, അല്ല, 1999-ൽ നവാസ് ഷെരീഫിനെതിരെ ജനറൽ പർവേസ് മുഷാറഫ് നടത്തിയതായാലും, എല്ലാറ്റിന്റെയും മുൻനിരയിൽ 111 ബ്രിഗേഡിന്റെ സൈനികരായിരുന്നു. 

പാകിസ്ഥാന്റെ തന്നെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പറയുന്നത് ജനറൽ ബാജ്‌വ, ' സുരക്ഷയും, സമ്പദ്‌വ്യവസ്ഥയും' എന്ന വിഷയത്തെ മുൻ നിർത്തിയാണ് പ്രമുഖ ബിസിനസുകാരുമൊത്ത് ഒക്ടോബർ 2-ന് നടത്തിയ സമ്മേളനത്തിൽ സംസാരിച്ചത് എന്നാണ്. രാജ്യത്തെ ആഭ്യന്തര സുരക്ഷയിലുണ്ടായ മുന്നേറ്റം വിപണിക്ക് നൽകിയിട്ടുള്ള ഉണർവിനെപ്പറ്റിയാണ് ബാജ്‌വ പ്രധാനമായും സംസാരിച്ചത്. അതിനു ശേഷമാണ് 111 ബ്രിഗേഡിന്റെ ലീവ് കാൻസൽ ചെയ്തുകൊണ്ടുള്ള ഉത്തരവുണ്ടാകുന്നത്. നിലവിൽ പ്രധാനമന്ത്രിയുടെ സുരക്ഷയും, ഇസ്ലാമാബാദ് പ്രവിശ്യയുടെ പരിപാലനവുമാണ് 111 ബ്രിഗേഡിന്റെ ചുമതലകൾ. 

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂപീകരിച്ച ദേശീയ വികസന സമിതിയിലും പട്ടാള മേധാവിയായ ജനറൽ ബജ്‌വയുടെ സാന്നിധ്യമുണ്ട്. പാകിസ്ഥാനിൽ വർധിച്ചു വരുന്ന വിലക്കയറ്റവും, വിപണിയെ മുമ്പെന്നത്തേക്കാളും അധികം ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യവും രാജ്യത്തെ ബിസിനസ് കേന്ദ്രങ്ങളെ ഉത്കണ്ഠയിൽ ആഴ്ത്തിയിരിക്കുന്ന ഒന്നാണ്. ജിഡിപിയിലെ വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തേതിന്റെ പകുതിയോളമായി ഇടിഞ്ഞിട്ടുണ്ട്. സാമ്പത്തിക നയങ്ങളിൽ വന്ന പാളിച്ചയാണ് ഇതിന് കാരണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ്, റിസർച്ച് ആൻഡ് മാനേജ്‌മെന്റിൽ അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ട ബാജ്‌വ, സൈന്യം ആവശ്യമായ ഇടപെടലുകൾ നടത്തി അത് പരിഹരിക്കാൻ ശ്രമിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. 

ഇമ്രാൻ ഖാനെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്നെ തട്ടിപ്പായിരുന്നു എന്നാണ് മൗലാനയുടെ ആരോപണം. ഡി ചൗക്കിൽ ഒത്തുകൂടാൻ മൗലാന ജനങ്ങളോട് ആഹ്വാനം ചെയ്തു. അവിടെവെച്ച് തടത്തിയ തീപ്പൊരി പ്രസംഗത്തിൽ മൗലാന ജനക്കൂട്ടത്തോട് പറഞ്ഞു, " നമ്മളെ അത്രയെളുപ്പം പിരിച്ചുവിടാൻ കഴിയുമെന്ന് ഇമ്രാൻ ഖാൻ കരുതേണ്ട. നമ്മൾ പിരിഞ്ഞുപോകാനായി സംഘടിച്ചെത്തിയവരല്ല. നമ്മുടെ രാജ്യം ഇന്നെത്തിനിൽക്കുന ശോചനീയാവസ്ഥയ്ക്ക് കാരണം ഭരണത്തിലിരിക്കുന്ന ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിപ്പുകേടാണ്. മാനംമുട്ടിയ നികുതികൾ ഒടുക്കാനാകാതെ സ്ഥാപനങ്ങൾ പൂട്ടിപ്പോവുന്നത് നിങ്ങൾ കാണുന്നില്ലേ..? ഇന്നാട്ടിലെ മുസ്ലീങ്ങൾ വേട്ടയാടപ്പെടുന്നതും ആരും ശ്രദ്ധിക്കുന്നില്ലേ..? " 

സർക്കാർ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും ഏകകണ്ഠമായി ആവശ്യപ്പെടുന്നത് എന്ന് മൗലാന പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കുക, പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക, പാകിസ്ഥാനിലെ മത നിയമങ്ങൾ പുനഃസ്ഥാപിക്കുക, ഇസ്ലാം മത സംഘടനകളെയും പുരോഹിതന്മാരെയും ബഹുമാനിക്കുക എന്നിവയാണ് മൗലാനയുടെ ആവശ്യങ്ങൾ . ഇമ്രാൻ ഖാനെതിരെ മൗലാനാ ഫസലുർ റഹ്‌മാൻ ഇപ്പോൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഗതി കണ്ടിട്ട്, ഇമ്രാൻ ഖാൻ സർക്കാരിന്റെ പുക കണ്ടിട്ടേ മൗലാന അടങ്ങൂ എന്നാണ് തോന്നുന്നത്.