Asianet News MalayalamAsianet News Malayalam

ആരായിരുന്നു 'ഹെലൻ ഓഫ് സ്പാർട്ട' ? യുദ്ധത്തിന് കാരണക്കാരിയോ അതോ അതിന്റെ ഇരയോ?

സ്ത്രീകൾക്ക് 'ദുർമന്ത്രവാദിനീ പരിവേഷം' പകർന്ന്, അവരെ  കുറ്റബോധത്തിന്റെ പടുകുഴികളിലേക്ക് തള്ളിയിടുന്ന, പരസ്യമായ വിചാരണയ്ക്ക് മുതിരുന്ന ഒരു സമൂഹമാണ്  ഇന്നും നിലനിൽക്കുന്നത്.

Who was Helen of Sparta, reason for war or scapegoat of the same ?
Author
Greece, First Published Jun 9, 2020, 11:35 AM IST

നമ്മൾ ഏറ്റവുമധികം കേട്ടുപരിചയിച്ചിട്ടുള്ള യവനകഥകളിൽ ഒന്ന് ട്രോയ് നഗരത്തിന്റെ യുദ്ധേതിഹാസമാണ്. ഹോമറിന്റെ ഇതിഹാസകാവ്യമായ ഇലിയഡിലും, അതിന്റെ തന്നെ ചലച്ചിത്രരൂപമായ 2004 -ൽ റിലീസ് ആയ ഹോളിവുഡ് എപ്പിക് ഹിറ്റ് ചിത്രം 'ട്രോയ്'ലും ഒക്കെ നമ്മൾ അതിന്റെ ആവിഷ്കാരം കണ്ടതാണ്.

'ഇലിയം' എന്നത് ട്രോയ് നഗരത്തിന്റെ മറ്റൊരു പേരാണ്. ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അഗമെ‌മ്‌നൺ രാജാവിന്റെയും, സഹോദരൻ മെനിലോസിന്റെയും, പത്നി ഹെലന്റെയും, അക്കില്ലിസിന്റെയും, സുഹൃത്തായ പെട്രോക്ലസിന്റെയും, ട്രോയ്  രാജകുമാരന്മാരായ പാരീസിന്റെയും ഹെക്ടറിന്റെയും ഒക്കെ കഥയാണ് ഇലിയഡ് എന്ന ഗ്രീക്ക് ഇതിഹാസ കാവ്യം.

അക്കില്ലിസിന്റെ കോപവും, ട്രോജൻ യുദ്ധവും ഒക്കെ ഇതിൽ പ്രമേയമാകുന്നുണ്ട്. വീരന്മാരായ അക്കില്ലിസും, ഹെക്ടറും, പെട്രോക്ലസും ഒക്കെ പ്രാണഭയം കൂടാതെ യുദ്ധക്കളത്തിൽ പോരാടുന്നത് ഒന്നേയൊന്ന് ആർജ്ജിച്ചെടുക്കാനാണ്, യശസ്സ് അഥവാ കീർത്തി. ഹോമർ അതിനെ വിളിച്ചത് 'ക്ലിയോസ്' എന്നാണ്. ഒടുവിൽ ജയിച്ചു എന്നുള്ള പ്രതീതി മനസ്സിൽ ഉണ്ടാവുക എന്നതാണ് പോരാട്ടങ്ങളുടെ എല്ലാം തന്നെ പ്രേരകബലം. 

 

Who was Helen of Sparta, reason for war or scapegoat of the same ?

 

എന്നാൽ യുദ്ധവീര്യത്തിന്റെയും കോപത്തിന്റെയും യശസ്സിന്റെയും മാത്രം കഥയല്ല ഇലിയഡ്. ആ യവനേതിഹാസഭൂമിക ഒരു പ്രണയത്തിനു കൂടി സാക്ഷ്യം വഹിക്കുന്നുണ്ട്. അത് ട്രോജൻ രാജകുമാരനായ പാരീസിന് മൈസിനിയിലെ രാജാവായ മെനിലോസിന്റെ പത്നി, സ്പാർട്ടൻ രാജ്ഞി ഹെലനോട് തോന്നുന്ന പ്രണയമാണ്. ലോകത്തിലേക്കും വെച്ചേറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു 'ഹെലൻ ഓഫ് സ്പാർട്ട' എന്നും അറിയപ്പെട്ടിരുന്ന ആ യുവതി. ആ മുഗ്‌ദ്ധസൗന്ദര്യത്തോട് പാരീസിന് ശാരീരികാകർഷണം തോന്നിയതിൽ അസ്വാഭാവികതയേതുമില്ല. ആ പ്രണയം ഏകപക്ഷീയമായിരുന്നില്ല താനും. പ്രഥമദർശനത്തിൽ തന്നെ പരസ്പരം അനുരക്തരായ അവർ ഇരുവരും ചേർന്ന് മൈസിനിയിൽ നിന്ന് ട്രോയിലേക്ക് പലായനം ചെയ്യുന്നു. 

Who was Helen of Sparta, reason for war or scapegoat of the same ?

 

ട്രോയിലെ രാജാവായ പ്രിയാം പൂർണ്ണസമ്മതത്തോടെ അല്ലെങ്കിലും അഭയം തേടിയെത്തിയ കമിതാക്കളെ സ്വീകരിക്കുന്നു. സ്വാഭാവികമായും ഈ 'ഒളിച്ചോട്ടം' അഥവാ 'അപഹരണം' ഗ്രീസിലെ രാഷ്ട്രീയ കാലാവസ്ഥ ആകെ കലുഷിതമാക്കി. പല രാജ്യങ്ങളുടെയും ദൂതന്മാർ ട്രോയിലെത്തി ഹെലെനെ തിരിച്ച് മെനിലോസിന്റെ അരികിലേക്ക് പറഞ്ഞയക്കണം എന്ന് അഭ്യർത്ഥിച്ചു. തിരിച്ചു പോകാൻ ഹെലനോ, പറഞ്ഞയക്കാൻ പാരീസോ തയ്യാറായില്ല. ഹെലൻ ട്രോയിൽ തന്നെ തുടരുന്നു. ആ 'വിലക്കപ്പെട്ട' പ്രണയം ട്രോയ്ക്ക് സമ്മാനിച്ചത് പത്തുവർഷം നീണ്ട മഹായുദ്ധവും, രാജ്യത്തിൻറെ സർവ്വനാശവുമായിരുന്നു.

 

Who was Helen of Sparta, reason for war or scapegoat of the same ?

 

ഗ്രീക്ക് ജനതയെ ട്രോജൻ യുദ്ധം പോലൊരു വലിയ സായുധ പോരാട്ടത്തിലേക്ക് വലിച്ചെറിഞ്ഞതിന് കാരണം ഹെലന്റെ 'അവിശുദ്ധ' പ്രണയമായിരുന്നോ എന്നത് സംബന്ധിച്ച് ഒരു വ്യക്തത ഇലിയഡിലും ഇല്ല. ഹോമർ അക്കാര്യത്തിൽ കൃത്യമായ ഒരു വിശദീകരണം ആ ഇതിഹാസ കാവ്യത്തിൽ എവിടെയും കൊടുത്തിട്ടില്ല. പലവട്ടം ഹെലൻ ഓഫ് സ്പാർട്ടയെക്കൊണ്ട് 'എല്ലാത്തിനും കാരണം ഞാനാണ്' എന്ന മട്ടിൽ പലതും പറയിപ്പിച്ചിട്ടുണ്ട് ഹോമർ. എന്നാൽ, അതൊന്നും പ്രിയാം അടക്കമുള്ള ആരും തന്നെ ഹെലന്റെ 'ആ കുറ്റമേറ്റെടുക്കൽ' അനുവദിച്ചു കൊടുത്തിട്ടുമില്ല. ഹെലനെ പ്രണയപാശത്താൽ വരിഞ്ഞു മുറുക്കിയ പാരീസ് രാജകുമാരനും, കമിതാക്കളിൽ പ്രണയത്തിന്റെ വിത്തുപാകിയ അഫ്രൊഡൈറ്റി അടക്കമുള്ള ദേവതകളും ഒരു പരിധിവരെ ഈ ഉത്തരവാദിത്വത്തിന്റെ പരിധിയിൽ വരുന്നവർ തന്നെ. 

 

Who was Helen of Sparta, reason for war or scapegoat of the same ?

 

എന്നാൽ, പിന്നീടങ്ങോട്ടുള്ള ട്രോജൻ യുദ്ധഗാഥകളിൽ, വിശേഷിച്ച്  അവയുടെ എലിസബത്തൻ നാടകാവിഷ്കാരങ്ങളിൽ ഒരു 'വില്ലത്തി'പരിവേഷം തന്നെയാണ് ഹെലൻ ഓഫ് സ്പാർട്ടയ്ക്ക്. "ഹെലന്റെ മനസ്സാക്ഷിക്കുത്തു നിറഞ്ഞ ഓരോ ചുടുനിശ്വാസത്തിലും, ഓരോ ഗ്രീക്ക് പൗരന്റെ ജീവനഷ്ടം എഴുതിവെച്ചിട്ടുണ്ട്' എന്ന് പറഞ്ഞത് ഗ്രീക്ക് സൈന്യാധിപനായ ഡയോമെഡീസ് ആയിരുന്നു. പിൽക്കാലത്ത് ഡെറിക് വാൽകോട്ടിന്റെ ഒമേറോസ് പോലുള്ള ആധുനിക കാവ്യങ്ങളിൽ 'നിഷ്കളങ്കത്വ'ത്തിന്റെ പ്രതീകമായും ഹെലൻ അവതരിപ്പിക്കപ്പെട്ടു.  “she was not a cause or a cloud, only a name / for a local wonder” എന്നാണ് ഹെലനെപ്പറ്റി വാൽക്കോട്ട് എഴുതിയത്. 

 

Who was Helen of Sparta, reason for war or scapegoat of the same ?

സ്ത്രീകൾക്ക് ദുർമന്ത്രവാദിനീ പരിവേഷം പകർന്ന്, അവരെ തിന്മകളുടെ വാർപ്പുമാതൃകകളിലേക്ക് ഒതുക്കുന്ന, കുറ്റബോധത്തിന്റെ പടുകുഴികളിലേക്ക് തള്ളിയിടുന്ന, പലപ്പോഴും പരസ്യമായ വിചാരണയ്ക്ക് മുതിരുക വരെ ചെയ്യുന്ന ഒരു സമൂഹമാണ് ഇലിയഡ് കാലം തൊട്ട് ഇപ്പോൾ ഇക്കാലത്തുപോലും നിലനിൽക്കുന്നത്. അവിടെ 'ഹെലൻ ഓഫ് സ്പാർട്ടയാണ് ട്രോജൻ യുദ്ധത്തിന് കാരണക്കാരി' എന്ന ഒരു നരേറ്റിവ് തൊണ്ട തൊടാതെ വിഴുങ്ങുക വഴി, ആ യുദ്ധത്തിന് കാരണമാകാൻ സാധ്യതയുള്ള മറ്റു വസ്തുതകളിൽ നിന്ന് മുഖം തിരിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ചരിത്രത്തിൽ നടന്ന മഹായുദ്ധങ്ങൾക്കും, ഉണ്ടായ പ്രതിസന്ധികൾക്കും, രാഷ്ട്രീയമാറ്റങ്ങൾക്കും ഒക്കെ കാരണഭൂതരായി അതാതുകാലത്ത് അവിടങ്ങളിലെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന സ്ത്രീകളെ പ്രതിഷ്ഠിക്കുന്നത് നമ്മൾ പലവട്ടം കണ്ടിട്ടുണ്ട്. അതുകൊണ്ട്, ചോദിക്കേണ്ട ചോദ്യം, 'ഹെലൻ കാരണമാണോ ട്രോജൻ യുദ്ധമുണ്ടായത്' എന്നതല്ല, 'വാളും കുന്തവും എടുത്ത് പടയ്ക്കിറങ്ങിപ്പുറപ്പെട്ട പുരുഷന്മാർക്ക് ആ യുദ്ധത്തിലുണ്ടായിരുന്ന പങ്കെന്താണ്' എന്നതാണ്..!  

 


ലേഖനത്തിന് ആധാരമായ പഠനം : Jan Haywood, Teaching Fellow in Ancient History, University of Leicester, Courtesy  : The  Conversation  


 

Follow Us:
Download App:
  • android
  • ios