നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ് ദില്ലി സംസ്ഥാനം. ഇപ്പോൾ ഉയരുന്ന പ്രസക്തമായൊരു ചോദ്യമിതാണ്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിന് സാധിക്കുമോ? എങ്കിൽ, ഇത്തവണ ഫലം നിർണയിക്കുക മോദി മാജിക്കോ അതോ കേജ്‌രിവാൾ ഫാക്ടറോ?

അരവിന്ദ് കേജ്‌രിവാൾ എന്ന കളങ്കലേശമില്ലാത്ത മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഏഴുവർഷം മുമ്പ് ഒരു നവംബർ മാസത്തിൽ, 'ആം ആദ്മി പാർട്ടി'  അഥവാ സാധാരണക്കാരന്റെ പാർട്ടി എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതുവരെ അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ മുന്നേറ്റങ്ങൾക്ക് അണ്ണാ ഹസാരെ എന്ന യുഗപ്രഭാവനായ RTI ആക്ടിവിസ്റ്റിന്റെ പിന്തുണയുണ്ടായിരുന്നു. 1999 -ൽ ഇൻകം ടാക്സ് കമ്മീഷണർ ആയിരിക്കുമ്പോൾ തുടങ്ങിയ പരിവർത്തൻ എന്ന സംഘടനയും, 2010 -ൽ കോമൺ വെൽത്ത് അഴിമതിയെ എതിർക്കാൻ തുടങ്ങിയ ജൻ ലോക്പാൽ പ്രസ്ഥാനവുമാണ് ഒടുവിൽ 2012 -ൽ ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിൽ കലാശിക്കുന്നത്.  ചൂൽ ആയിരുന്നു ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. ആ ചൂലുകൊണ്ട് തങ്ങൾ നാട്ടിലെ അഴിമതി തുടച്ചു നീക്കും എന്നതായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നും. 

ഇടതും വലതും പക്ഷങ്ങൾ മാറിമാറി ഭരിച്ചിട്ടും ഒരു ശമനവുമില്ലാതിരുന അഴിമതിയും സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയ തലസ്ഥാനത്തെ ജനത്തിനുമുന്നിൽ അവതരിച്ച ഒരു സാധ്യതയായിരുന്നു ആം ആദ്മി മാർട്ടി. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് എതിരായിരുന്ന അണ്ണാ ഹസാരെ ആം ആദ്മി പാർട്ടിയുടെ ഭാഗമാകാൻ വിസമ്മതിച്ചെങ്കിലും, തെരഞ്ഞെടുപ്പിലൂടെ അധികാരം നേടിക്കൊണ്ടല്ലാതെ അഴിമതി നിവാരണം സാധ്യമല്ലെന്നു വാദിച്ചുകൊണ്ട് കേജ്‌രിവാൾ മുന്നോട്ടുതന്നെ പോയി. 

2013 -ലെ നിയമസഭാതെരഞ്ഞെടുപ്പിലായിരുന്നു ആം ആദ്മി പാർട്ടിയുടെ ദില്ലിയിലെ കന്നിയങ്കം. ആ തെരഞ്ഞെടുപ്പിൽ ബിജെപി 31 സീറ്റുകൾ നേടി മുന്നിലെത്തി എങ്കിലും, കന്നിക്കാരായ ആം ആദ്മി പാർട്ടി 28 സീറ്റുകൾ നേടി രണ്ടാമതെത്തി. അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തി കേജ്‌രിവാൾ തന്റെ നയം വ്യക്തമാക്കി. രാജ്യമെമ്പാടും ആം ആദ്മി പാർട്ടിയെക്കുറിച്ചുള്ള പുത്തൻ പ്രതീക്ഷകൾ ഉണർന്നു. അരവിന്ദ് കേജ്‌രിവാൾ സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. 

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന സാഹചര്യത്തിൽ, 2013 ഡിസംബർ 18 -ന്, ആം ആദ്മി പാർട്ടിയുടെ തൂക്കുമന്ത്രിസഭ അധികാരത്തിലേറി, അരവിന്ദ് കേജ്‌രിവാൾ ദില്ലിയുടെ ഏറ്റവും ചെറുപ്പക്കാരനായ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ആ മന്ത്രിസഭാ ഏറെനാൾ നീണ്ടില്ല. 2014 ഫെബ്രുവരി 14 -ന് കേജ്‌രിവാൾ രാജിവെച്ചൊഴിഞ്ഞു. അതിനു ശേഷം 2014 -ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസിയിൽ നിന്ന് കെജ്‌രിവാൾ മത്സരിച്ചു എങ്കിലും ദയനീയമായ പരാജയം നേരിട്ടു.

2015 -ൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ആം ആദ്മി പാർട്ടി, 70 -ൽ 67 സീറ്റും നേടി. ബിജെപിക്ക് ആകെ മൂന്നു സീറ്റു മാത്രം. കോൺഗ്രസിന്റെ അക്കൗണ്ടോ ശുദ്ധശൂന്യവും. അങ്ങനെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ കേജ്‌രിവാൾ നിരവധി ജനപ്രിയ നയങ്ങൾ നടപ്പിലാക്കി. തന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകരാതെ കാത്തു.  ഇന്നും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയ്ക്ക് കെജ്‌രിവാളിനെതിരെ നിർത്താൻ പറ്റിയ ഒരു മുഖം ബിജെപിക്ക് ദില്ലിയിൽ കിട്ടിയിട്ടില്ല. ആകെ സ്ഥാനാർഥികളിൽ 54  പേരുടെ പേരടങ്ങിയ ഒരു ലിസ്റ്റ് ബിജെപി പുറത്തു വിട്ടിട്ടും കേജ്‌രിവാളിനെതിരെ ന്യൂ ഡൽഹിയിൽ നിന്ന് മത്സരിക്കുന്നത് ആരാണെന്നോ, തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നോ ബിജെപിക്ക് വെളിപ്പെടുത്താനായിട്ടില്ല. അതിന്റെ പേരിൽ ബിജെപിയെ പരിഹസിച്ചുകൊണ്ട് ഒരു ട്രോളും ആം ആദ്മി പാർട്ടി പുറത്തുവിട്ടുകഴിഞ്ഞു. അതിൽ ബിജെപിയെ ടാഗ് ചെയ്യുക വരെ അവർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി എട്ടിന് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. കഴിഞ്ഞ രണ്ടു തവണയും ന്യൂ ഡൽഹി മണ്ഡലത്തിൽ നിന്ന് ജയിച്ചതിൻറെ ആത്മവിശ്വാസത്തിൽ ആണ് അരവിന്ദ് കേജ്‌രിവാൾ. 

 

മോദിയുടെ നയങ്ങളെ പ്രകടമായി എതിർക്കാതെയുള്ള പോരാട്ടമാണ് ഇത്തവണ കേജ്‌രിവാൾ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. അതിനു ശേഷം, ജനപ്രിയമായ പ്രഖ്യാപനങ്ങൾ നിരവധി വന്നു. ഇത്തവണ വിജയം ഉറപ്പിക്കാൻ വേണ്ടി തന്റെ ഹിന്ദുസ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ പല ക്ഷേത്ര സന്ദർശനങ്ങളും കെജ്‌രിവാളിന്റെ പരിപാടികളുടെ ഭാഗമായി. ദില്ലി ട്രാൻസ്‌പോർട്ട് ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, 200 യൂണിറ്റിൽ കുറവ് ഉപഭോഗമുള്ള വീടുകൾക്ക് സൗജന്യ വൈദ്യുതി, സുരക്ഷ ഉറപ്പിക്കാൻ സിസിടിവി ക്യാമറകളുടെ വേഗത്തിലുള്ള സ്ഥാപിക്കൽ, സൗജന്യ വൈഫൈ എന്നിവയും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. ആർട്ടിക്കിൾ ൩൭൦, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിവാദാസ്പദ വിഷയങ്ങളിലും മോദിയെ തുറന്നെതിർക്കാതെ ഇരിക്കുന്ന നയമാണ് ഇത്തവണ കേജ്‌രിവാളിന്റേത്. എന്തിന് തന്റെ മൂക്കിന് ചുവട്ടിൽ നടന്ന ജാമിയ മിലിയ, ജെഎൻയു സമരങ്ങളെപ്പറ്റിപ്പോലും ഒന്ന് പ്രതികരിക്കാൻ കേജ്‌രിവാൾ കൂട്ടാക്കിയിട്ടില്ല. 

ഭോജ്പുരി സിനിമാ നടനായ മനോജ് തിവാരിക്കാണ് ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത കല്പിക്കപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പഴയ സിനിമകളിലെ പരിഹാസ്യമായ രംഗങ്ങൾ ആം ആദ്മിപാർട്ടിക്കാർ ഇപ്പോൾ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ദില്ലിയിൽ നരേന്ദ്ര മോദിക്കുള്ള ജനപ്രീതിയെ മുൻനിർത്തി കേജ്‌രിവാളിനെ നേരിടാനാണ്  ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് ഈ തെരഞ്ഞെടുപ്പിൽ എത്രകണ്ട് ഫലം ചെയ്യുമെന്ന് കാത്തിരുന്നു കാണാം.