Asianet News MalayalamAsianet News Malayalam

രാജ്യത്തെ കർഷകർ എന്തിനാണ് മോദിയുടെ പുതിയ ഓർഡിനൻസിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്? അകാലിദൾ ഇടഞ്ഞതെന്തിന്?

എന്നാൽ ഹർസിമ്രത് കൗറിന്റെ ഈ രാജി പഞ്ചാബിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കേവലമൊരു ഗിമ്മിക്ക് മാത്രമാണ് എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറയുന്നത്. 

why akali dal quit union cabinet
Author
Delhi, First Published Sep 18, 2020, 10:01 AM IST

പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിച്ചത് ഒരു വലിയ കൊടുങ്കാറ്റോടെയാണ്.  ഇന്നലെ, കഴിഞ്ഞ ജൂൺ 5 -ന് അവതരിപ്പിക്കപ്പെട്ടിരുന്ന മൂന്ന് കാർഷിക ഓർഡിനൻസുകളുമായി മുന്നോട്ടു പോകാൻ തന്നെ എൻഡിഎ തീരുമാനിച്ചതിൽ പ്രതിഷേധിച്ച്, മോദി ക്യാബിനെറ്റിലെ ഭക്ഷ്യ സംസ്കരണ വകുപ്പുമന്ത്രി, അകാലിദൾ നേതാവ് ഹർ സിമ്രത് കൗർ ബാദൽ രാജിവെച്ചിറങ്ങിപ്പോയി. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്ക്  ഈ ഓർഡിനൻസിലെ പല വ്യവസ്ഥകളിലും കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇവർ ഹൈവേകൾ ഉപരോധിക്കുകയുമുണ്ടായി.

പഞ്ചാബിലെ അകാലിദളിന്റെ മുഖ്യ വോട്ടുബാങ്ക് കർഷകരാണ് എന്നതാണ് ഇങ്ങനെ ഒരു കടുത്ത പ്രതികരണം ഈ വിഷയത്തിൽ പാർട്ടിയിൽ നിന്ന ഇപ്പോൾ ഉണ്ടാകാൻ കാരണം. ഈ ഓർഡിനൻസുമായി സഹകരിക്കുന്ന ജനപ്രതിനിധികളെ മണ്ഡലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല എന്നുവരെ മാൽവയിലെ കർഷക യൂണിയൻ നേതാക്കൾ ഭീഷണി മുഴക്കിക്കഴിഞ്ഞു.  ഈ പുതിയ ഓർഡിനൻസ് നിയമമായാൽ അത് കാർഷിക വിളകൾക്ക് സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുമെന്നാണ് കർഷകർ ഭയക്കുന്നത്.

"എൻഡിഎ സർക്കാരിന്റെ കർഷക വിരുദ്ധ ഓർഡിനൻസിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഞാൻ ക്യാബിനറ്റിൽ നിന്ന രാജിവെച്ചുകഴിഞ്ഞു. ഒരു സഹോദരി എന്ന നിലക്ക്, ഒരു മകൾ എന്ന നിലയ്ക്ക് പഞ്ചാബിലെ പാവപ്പെട്ട കർഷകർക്കൊപ്പം നിൽക്കാനാകുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ." എന്നായിരുന്നു രാജിക്ക് ശേഷമുള്ള മന്ത്രിയുടെ ട്വീറ്റ്. ഈ ഓർഡിനൻസ് പഞ്ചാബിലെ സർക്കാരുകൾ 50 വർഷം കഠിനാധ്വാനം ചെയ്ത് കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ കാർഷികരംഗം തകർത്തു തരിപ്പണമാകും എന്നാണ് ശിരോമണി അകാലിദളിന്റെ അഭിപ്രായം.

എന്നാൽ ഹർസിമ്രത് കൗറിന്റെ ഈ രാജി പഞ്ചാബിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കേവലമൊരു ഗിമ്മിക്ക് മാത്രമാണ് എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറയുന്നത്. അല്പമെങ്കിലും അഭിമാനം അവശേഷിക്കുന്നുണ്ടെങ്കിൽ ശിരോമണി അകാലിദൾ എൻഡിഎയിൽ നിന്ന് ഇറങ്ങിപ്പോരണം എന്നും അദ്ദേഹം സൂചിപ്പിച്ചു.

അകാലിദളിന് പാർലമെന്റിൽ ആകെയുള്ള രണ്ടേ രണ്ടു പാർലമെന്റംഗങ്ങളാണ് ഹർസിമ്രത് കൗർ ബാദലും, ഭർത്താവ് സുഖ്‌ബീർ ബാദലും. തിങ്കളാഴ്ചയാണ് സർക്കാർ Farmers’ Produce Trade And Commerce (Promotion And Facilitation) Bill, the Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill and the Essential Commodities (Amendment) Bill എന്നിങ്ങനെ മൂന്നു ബില്ലുകൾ, നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു തത്സംബന്ധിയായ ഓർഡിനൻസുകളുടെ തുടർച്ചയായി പാർലമെന്റിൽ ടേബിൾ ചെയ്തത്. ഈ ബില്ലുകൾ കർഷകരുടെ പ്രാഥമിക താത്പര്യങ്ങൾ ഹനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി സുഖ്‌ബീർ ബാദൽ ഇതിനെതിരെ വോട്ടുചെയ്തിരുന്നു. ഈ ബില്ലുകൾ കൊണ്ടുവരുന്നതിനെപ്പറ്റി പാർട്ടിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നും സുഖ്‌ബീർ പറഞ്ഞു. കുറച്ചു ദിവസം മുമ്പ് വരെ, ഈ ഓർഡിനൻസുകൾ കർഷകരെ ബാധിക്കില്ല എന്നും താങ്ങുവില സമ്പ്രദായം തുടരും എന്നുമൊക്കെ ഇതിനെ ന്യായീകരിച്ചുകൊണ്ടിരുന്ന അകാലിദൾ ഇന്നലെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെ ഒരു 'യു ടേൺ' എടുത്ത് എൻഡിഎയെ അതിശയിപ്പിച്ചിരിക്കുന്നത്.

വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള കർഷകരുടെ വോട്ടുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ ഹർസിമ്രത് കൗർ ബദൽ രാജിവെച്ചിട്ടുള്ളത് എന്ന ആക്ഷേപം ദില്ലിയിൽ സജീവമാണ്. "ഓരോ അകാലികളും കർഷകരാണ്, ഓരോ കർഷകരും അകാലികളാണ്" എന്നതാണ് കഴിഞ്ഞ കുറേക്കാലമായുള്ള പാർട്ടിയുടെ മുദ്രാവാക്യം പോലും. പഞ്ചാബിൽ ഒരു നൂറ്റാണ്ടിൽ അധികകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ശിരോമണി അകാലിദൾ എന്ന പാർട്ടി, 2017 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു. 117 -ല്‍ അവർക്ക് ആകെ കിട്ടിയത് 17 സീറ്റുകൾ മാത്രം. 2017 -ൽ അധികാരം നഷ്ടപ്പെടും മുമ്പ് 2007 മുതൽ രണ്ടുവട്ടം തുടർച്ചയായി പഞ്ചാബ് ഭരിച്ചിട്ടുള്ള പാർട്ടിയാണ് അകാലിദൾ. കോൺഗ്രസിൽ നിന്ന് സംസ്ഥാനം തിരിച്ചു പിടിക്കണമെങ്കിൽ കർഷകരെ കൂടെ നിർത്തിയെ മതിയാകൂ എന്ന തിരിച്ചറിവിൽനിന്നു കൂടിയാണ് ഇപ്പോൾ ഈ കർഷക വിരുദ്ധ ബില്ലുകൾക്കെതിരായുള്ള അകാലിദളിന്റെ പ്രതിരോധങ്ങൾ ഉടലെടുക്കുന്നത്.

Follow Us:
Download App:
  • android
  • ios