"എന്റെ അച്ഛന് ഈ ലോകത്ത് ആരെയും ഭയമില്ല..." ഒരിക്കൽ സ്റ്റാലിന്റെ മകൾ സ്വെറ്റ്ലാന അല്ലിലുയേവ പറഞ്ഞു. " സ്വന്തം അമ്മയെ ഒഴികെ" എന്നുകൂടി സ്വെറ്റ്ലാന കൂട്ടിച്ചേർത്തു. ഏകാറ്റെറീൻ ഗെലാഡ്‌സെ എന്നായിരുന്നു അവരുടെ പേര്. കെകെ എന്ന ചെല്ലപ്പേരിലാണവർ കുടുംബത്തിൽ അറിയപ്പെട്ടിരുന്നത്. ജോർജിയൻ ഭാഷ മാത്രമേ അവർക്ക് വശമുണ്ടായിരുന്നുള്ളൂ. തന്റെ മകൻ സഞ്ചരിക്കാൻ തെരഞ്ഞെടുത്ത വഴികളോട് അവർക്ക് ഒരിക്കലും യോജിക്കാനും കഴിഞ്ഞിരുന്നില്ല. 

 

 

നന്നേ ചെറുപ്പത്തിൽ നടന്ന വിവാഹം 

ഒരു ജോർജിയൻ പ്രഭുവിന്റെ അടിമവേലക്കാരനായിരുന്നു കെകെയുടെ അച്ഛൻ. 1856 -ൽ, തന്റെ മകളുടെ തല കണ്ടതും അച്ഛൻ മരിച്ചു. അത്യാവശ്യത്തിനു ഉത്പതിഷ്ണുത്വമൊക്കെ ഉണ്ടായിരുന്ന കെകെയുടെ അമ്മ, അന്നത്തെ അടിമവേലക്കാരുടെ ഇടയിലുണ്ടായിരുന്ന പതിവുകൾക്ക് വിരുദ്ധമായി, മകളെ ജോർജിയൻ ഭാഷയിൽ എഴുത്തും വായനയും അഭ്യസിപ്പിച്ചു. 1861 -ൽ റഷ്യയിലെ അടിമ വേലക്കാർക്കൊക്കെ സ്വാതന്ത്ര്യം കിട്ടുന്നു. അപ്പോഴേക്കും അമ്മ മരിച്ചു പോകുന്നു. അതോടെ നന്നേ ചെറു പ്രായത്തിൽ ഒറ്റയ്ക്കായി കെകെ ഗോറി എന്ന പട്ടണത്തിലേക്ക് കുടിയേറുന്നു. അവിടെ വെച്ചാണ് അവർ  തന്റെ ഭർത്താവും സ്റ്റാലിന്റെ അച്ഛനും ആകാൻ പോകുന്ന ബസാരിയോൺ ജുഗാഷ്‌വിലിയെ കണ്ടുമുട്ടുന്നു. 

 

അനാഥയായ കെകെ തന്റെ പതിനാറാം വയസ്സിൽ, ഗോറിയിൽ ചെരുപ്പുകുത്തിയായിരുന്ന  ബസാരിയോണിനെ വിവാഹം കഴിക്കുന്നു. ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ഒരുവയസ്സുതികയും മുമ്പ് ബാലാരിഷ്ടതകളാൽ മരിച്ചു പോകുന്നു. 1878 ഡിസംബർ മാസത്തിൽ അവർക്ക് മൂന്നാമതൊരു കുഞ്ഞുകൂടി ജനിക്കുന്നു. ലോസിഫ് ജുഗാഷ്‌വിലി എന്ന പേരിൽ പിറന്നുവീണ ആ കുഞ്ഞ് വളർന്നു വരുമ്പോൾ റഷ്യയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിക്കേണ്ട ഒരുത്തനായിരുന്നു. അവൻ വളർന്നു വലുതായപ്പോൾ അറിയപ്പെട്ടത് ജോസഫ് സ്റ്റാലിൻ എന്നായിരുന്നു. റഷ്യക്കാർ ആ പേരുകേട്ടാൽ തന്നെ കിടുകിടാ വിറക്കുന്ന ഒരുകാലവും പിന്നീട് വന്നു.

ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളുടെ അകാല മൃത്യു അപ്പോഴേക്കും, അതുവരെ ഒരു സത്യവിശ്വാസി ആയിരുന്ന ബസാരിയോണിനെ മുഴുക്കുടിയനാക്കി മാറ്റിയിട്ടുണ്ടായിരുന്നു. ഈ മാറ്റം കുടുംബത്തിൽ കലഹങ്ങൾക്ക് തുടക്കമിട്ടു. കുടി മാത്രമല്ലായിരുന്നു പ്രശ്നം. മകൻ തന്നെപ്പോലെ ഒരു ചെരുപ്പുകുത്തി ആകണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ, അമ്മയ്ക്കാകട്ടെ മകനെ പേടിച്ചു വലിയവനാക്കണം. പറ്റുമെങ്കിൽ ഒരു ക്രൈസ്തവ പുരോഹിതൻ തന്നെ ആക്കണം.  ഈ ഒരു അഭിപ്രായ വ്യത്യാസം അച്ഛൻ കുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതിലേക്കാണ് നയിച്ചത്. 

 

 

അമ്മ നിർബന്ധിച്ച് സെമിനാരിയിൽ വിട്ട ജോസഫ് പഠിക്കാൻ മിടുക്കനായിരുന്നു എങ്കിലും, ഒരു തലതെറിച്ചവൻ കൂടി ആയിരുന്നു. അച്ചടക്ക ലംഘനം പതിവായതോടെ ജോസഫ് സെമിനാരിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ആ പുറത്താക്കൽ ജോസഫിനെ കൊണ്ടുചെന്നെത്തിച്ചത് വിപ്ലവത്തിന്റെ കനൽ വഴികളിലേക്കാണ്. ആ നാളുകളിലാണ് ജോസഫ്, സ്റ്റാലിൻ എന്ന പേര് കൂട്ടിച്ചേർക്കുന്നത്. റഷ്യൻ ഭാഷയിൽ 'സ്റ്റാൽ' എന്ന പദത്തിന്റെ അർഥം സ്റ്റീൽ അഥവാ ഉരുക്ക് എന്നാണ്.  ഉരുക്കുമനുഷ്യൻ എന്ന അർത്ഥത്തിലാണ് ജോസഫ് സ്റ്റാലിൻ എന്ന പേര് സ്വീകരിക്കുന്നത്. വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെട്ടതോടെ അച്ഛന് പിന്നാലെ മകനും ആ വീട്ടിനു പുറത്താകുന്നു. കെകെ ഏകാന്ത ജീവിതത്തിലേക്ക് കടക്കുന്നു. 

1904 -ൽ സൈബീരിയയിലേക്ക്  അജ്ഞാതവാസത്തിൽ നിന്ന്പു രക്ഷപ്പെട്ടു വന്ന്, വീണ്ടും ഒരു പതിറ്റാണ്ടു കാലത്തെ ഒളിവുജീവിതത്തിലേക്ക് കടക്കും മുമ്പ് ഗോറിയിൽ വെച്ച്,   ഒരിക്കൽ കൂടി സ്റ്റാലിൻ തന്റെ അമ്മ കെകെയെ കാണുന്നുണ്ട്. ബോൾഷെവിക് പാർട്ടിയുടെ അമരത്തേക്ക് സ്റ്റാലിൻ എത്തുന്നതോടെ അദ്ദേഹത്തിന്റെ അമ്മയുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും പ്രാധാന്യമേറി. സ്റ്റാലിൻ തന്റെ അമ്മയുടെ സംരക്ഷണച്ചുമതല വിശ്വസിച്ചേൽപ്പിച്ചത് തന്റെ കുപ്രസിദ്ധ പിണിയാൾ ലാവെൻട്രി ബെറിയയെ ആയിരുന്നു. 'ദ ഗ്രേറ്റ് ടെറർ' കാലത്ത് സ്റ്റാലിന് വേണ്ടി പതിനായിരങ്ങളെ കൊന്നുതള്ളിയ വിശ്വസ്ത ഘാതകനാണ് ഈ ബെറിയ.

 

 

ആ അമ്മയ്ക്ക് ജോർജിയൻ അല്ലാതെ മറ്റൊരു ഭാഷയും അറിയില്ലായിരുന്നു. സ്റ്റാലിനാണെങ്കിൽ റഷ്യനാണ് വശമുണ്ടായിരുന്നത്. ജോർജിയൻ ഭാഷ വളരെ കഷ്ടിയായിരുന്നു. അതുകൊണ്ടുതന്നെ അവർക്കിടയിലെ എഴുത്തുകുത്തുകൾ ടെലിഗ്രാം സ്വഭാവത്തിൽ തീർത്തും ഹ്രസ്വമായി മാത്രം സംഭവിച്ചിരുന്നതാണ്. 1921 -ലും 1926 -ലും പിന്നെ ഓരോ തവണ സ്റ്റാലിൻ അമ്മയെ നേരിൽ കാണാൻ ചെല്ലുന്നുണ്ട്. ഒരിക്കൽ കെകെ മോസ്‌കോയിൽ ചെന്ന് സ്റ്റാലിനെയും കാണുന്നുണ്ട്. അന്നത്തെ മോസ്കോയിലെ രീതികൾ അവർക്ക് പിടിച്ചില്ല, അധികം താമസിയാതെ അവർ തിരികെപ്പോയി. 

1935 ഒക്ടോബർ 17 - ന്, സ്റ്റാലിൻ റഷ്യയുടെ സമഗ്രാധികാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, അവസാനമായി ഒരിക്കൽ കൂടി തന്റെ അമ്മയെ ചെന്ന് കാണുന്നുണ്ടദ്ദേഹം. "നിനക്കിപ്പോൾ എന്താണ് മോനേ ജോലി? " ആ അമ്മ അന്ന് തന്റെ മകനോടായി ചോദിച്ചു.  എങ്ങനെയാണ് മകൻ എന്നതിനുള്ള വക കണ്ടെത്തുന്നത് എന്നറിയാനുള്ള ഒരമ്മയുടെ കുതൂഹലമായിരുന്നു ആ ചോദ്യത്തിന് പിന്നിൽ. 

"അമ്മക്ക് സാർ ചക്രവർത്തിയെ ഓർമയില്ലേ?" സ്റ്റാലിൻ അന്ന് തന്റെ അമ്മയോടൊരു മറുചോദ്യം ചോദിച്ചു,"ഞാൻ ഏതാണ്ട് അതുപോലൊക്കെ തന്നെയാണ്. റഷ്യയുടെ ഇന്നത്തെ സാർ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം" തെല്ലൊരു അഭിമാനത്തോടെയാണ് നെഞ്ചുംവിരിച്ചുകൊണ്ട് സ്റ്റാലിൻ ആ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്. 

ആ ഉത്തരം കേട്ടതും അമ്മ കെകെയുടെ മുഖം വാടി. "ഹും... നിന്നെ ഞാൻ അന്ന് സെമിനാരിയിൽ പറഞ്ഞയച്ചതല്ലേ? അന്നവിടെ മര്യാദക്ക് പഠിത്തത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് നീ ഒരു ബിഷപ്പെങ്കിലും ആയിരുന്നേനെ" അവർ നെടുകെ ഒന്ന് നിശ്വസിച്ചു. അന്നത്തെ റഷ്യയിലെ രാഷ്ട്രീയ കാലാവസ്ഥ വെച്ച്, സ്റ്റാലിനോട് ഇത്രമേൽ സത്യസന്ധമായ ഒരു മറുപടി പറയാൻ വേറെ ആർക്കും തന്നെ സാധിക്കില്ലായിരുന്നു. തീർത്തും നിര്ഭയയായിരുന്ന കെകെ എന്തും വെട്ടിത്തുറന്നു തന്നെ പറയുന്ന പ്രകൃതക്കാരിയായിരുന്നു.  

ഇതേ അമ്മയെപ്പറ്റിയാണ്, പിന്നീട് സ്റ്റാലിന്റെ മകൾ സ്വെറ്റ്ലാന "അച്ഛന് അമ്മയെ അല്ലാതെ ഈ ലോകത്ത് മറ്റാരെയും ഭയമില്ല " എന്ന് സാക്ഷ്യം പറഞ്ഞത്. കുട്ടിക്കാലത്ത് വെടിവെട്ടി നല്ല അടി കൊടുത്താണ് കെകെ മകൻ ലോസെബിനെ വളർത്തിയത്. അന്നത്തെ പേടി ലോസെബ് വളർന്നു ജോസെഫ് സ്റ്റാലിൻ ആയിട്ടും ഒരു കുറവും ഉണ്ടായില്ല.  

അധികം താമസിയാതെ 1937 ജൂൺ 4 -ന്, തന്റെ എണ്പത്തിയൊന്നാം വയസ്സിൽ ന്യൂമോണിയ പിടിച്ചാണ് കെകെ മരിക്കുന്നത്. അമ്മ മരിച്ചുപോയിട്ടും, അവരെ അവസാനമായി ഒരു നോക്കുകാണാനോ, ആ നെറ്റിയിൽ ഒരു അന്ത്യചുംബനം അർപ്പിക്കാനോ സ്റ്റാലിൻ ചെന്നില്ല. പകരം തന്റെ വിശ്വസ്തനായ ലാവൻട്രി ബെറിയയെ ഒരു കത്തും കൊടുത്ത് ആ ശവമഞ്ചം കുഴിയിലേക്കിറക്കാൻ ശട്ടം കെട്ടി പറഞ്ഞുവിട്ടു.  റഷ്യനിൽ എഴുതിയ ആ ഒറ്റവരി സന്ദേശം, അമ്മയ്ക്ക് കൂടി മനസ്സിലാവാൻ കരുതിയാണോ എന്തോ, ജോർജിയൻ ഭാഷയിൽ പരിഭാഷപ്പെടുത്തിക്കൂടി അതിനു ചോടെ എഴുതിച്ചേർത്തിരുന്നു. അതിങ്ങനെയായിരുന്നു"എത്രയും പ്രിയപ്പെട്ട അമ്മയ്ക്ക്, മകൻ ലോസിഫ് ജുഗാഷ്‌വിലി (സ്റ്റാലിൻ) "


Courtesy: RBTH