തലസ്ഥാന നഗരി ദില്ലിയിൽ നടന്ന ഒരു കുറ്റകൃത്യത്തിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞപ്പോൾ തലയിൽ കൈ വച്ചിരുന്നുപോയിരിക്കുകയാണ്  പൊലീസ്. സംഭവം നടന്നത് ഇങ്ങനെ.

ജൂൺ 9 -നാണ്  ദില്ലി പൊലീസിന് ആദ്യത്തെ പരാതി കിട്ടുന്നു. ദില്ലിയിലെ ഐപി എക്സ്ടെൻഷനിലുള്ള ആനന്ദ് വിഹാർ ഏരിയയിൽ നിന്ന് നാല്പതുകാരനായ ഗൗരവ് ബൻസൽ എന്ന ഒരു വ്യവസായിയെ കാണ്മാനില്ല. കാണാതായ ദിവസം തന്നെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുന്നു. പൊലീസ് കൊണ്ടുപിടിച്ച് അന്വേഷണം തുടങ്ങുന്നു. അടുത്ത ദിവസം പകൽ പൊലീസിനെത്തേടി ഒരു ഫോൺ സന്ദേശം എത്തുന്നു. റൺഹോലയിൽ ഒരു മരത്തിൽ നിന്ന് ഒരു മൃതദേഹം തൂങ്ങിയാടുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി, കയർ അറുത്ത് മൃതദേഹം താഴെയിറക്കി. അന്വേഷണത്തിൽ ഒരു കാര്യം വ്യക്തമായി, അത് നേരത്തെ കാണാതായിരുന്ന വ്യവസായി ഗൗരവ് ബൻസൽ തന്നെ. 

 

 

മൃതദേഹം മരത്തിൽ തൂങ്ങി നിൽക്കുന്നത് നേരിൽ കണ്ടപ്പോൾ ഫോറൻസിക്കുകാർ ഒരു കാര്യം വ്യക്തമാക്കി. ഗൗരവ് ബൻസലിന്റേത് ആത്മഹത്യ അല്ല. ആരോ അയാളുടെ കഴുത്തിൽ കുരുക്കിട്ട് വലിച്ച് പൊക്കി കെട്ടിത്തൂക്കിയതാണ്. കാരണം, അയാളുടെ ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലാണ് തൂങ്ങിയിരിക്കുന്നത്. അത് അയാൾക്ക് സ്വയം ചെയ്യാൻ സാധിക്കുന്ന ഒരു പ്രവൃത്തിയല്ല. ഇത് കൊലപാതകം തന്നെയാണ് എന്ന് ഫോറൻസിക് ഉറപ്പിച്ചുപറഞ്ഞതോടെ കേസിന്റെ അന്വേഷണം ചൂടുപിടിച്ചു. ആരായിരിക്കും ഈ യുവവ്യവസായിയെ ഇങ്ങനെ കൊന്നുകെട്ടിത്തൂക്കിയത്?

എല്ലാ കുറ്റകൃത്യത്തിലും ബാക്കിയാകുന്ന ആ ഒരു ലൂപ്പ് ഹോൾ!

ഗൗരവ് ബൻസലിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലും ഫോൺ നമ്പറും കേന്ദ്രീകരിച്ച് ഔട്ടർ ഡിസ്ട്രിക്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വധത്തിനു പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി വിവരം കിട്ടി. ഒരു കൗമാരക്കാരനായ പയ്യനുമായി ഗൗരവ് നിരന്തരം ഫോണിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഒക്കെ ബന്ധപ്പെട്ടിരുന്നതിന്റെ വിവരങ്ങൾ പൊലീസിന് കിട്ടി. ആ പയ്യനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസ് തെളിയുന്നത്. 

പ്രായപൂർത്തിയാകാത്ത ആ പയ്യനിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസ് അറിയുന്നത്. തന്നെ കൊല്ലാനുള്ള ക്വട്ടേഷൻ ആ കൗമാരക്കാരനെ ഏൽപ്പിച്ചത് കൊല്ലപ്പെട്ട ഗൗരവ് ബൻസൽ തന്നെ ആയിരുന്നു. വാട്ട്സാപ്പിൽ അയാൾ തന്നെയാണ് സ്വന്തം ഫോട്ടോ അയച്ചു നൽകി ക്വട്ടേഷൻ ഉറപ്പിച്ചതും പയ്യൻ ക്വട്ടേഷനായി ഒരു ലക്ഷത്തോളം രൂപ നൽകിയതും. കൊട്ടേഷൻ ഏറ്റെടുത്ത പയ്യൻ സൂരജ്, സുമിത്, മനോജ് എന്നിവരുടെ സഹായത്തോടെ ക്വട്ടേഷൻ നടപ്പിലാക്കുകയായിരുന്നു. ആദ്യം ആത്മഹത്യ ചെയ്യാനായിരുന്നു ഗൗരവ് ആലോചിച്ചത്. എന്നാൽ സ്വയം ജീവനൊടുക്കാനുള്ള ധൈര്യം അയാൾക്കുണ്ടായില്ല. അതുകൊണ്ടാണ് നാലു കൊലപാതകികൾക്ക് കൗമാരക്കാരൻ വഴി സുപാരി നൽകിയത്. പതിനെട്ടുകാരനായ സൂരജ്  ഒരു വിദ്യാർത്ഥിയാണ്, പച്ചക്കറിക്കച്ചവടക്കാരനാണ്, മനോജ് യാദവ് പച്ചക്കറി കച്ചവടക്കാരനും, സുമിത് തയ്യൽക്കാരനുമാണ്. 

തന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 3.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതിന് ശേഷം ആകെ വിഷാദത്തിൽ ആയിരുന്നു ഗൗരവ് എന്നാണ് പൊലീസ് പറയുന്നത്. അതിനു പുറമെ ലോക്ക് ഡൗൺ കാലയളവിൽ ബിസിനസിൽ നഷ്ടം നേരിട്ടപ്പോൾ പിടിച്ചു നില്ക്കാൻ വേണ്ടി ടൗണിലെ വട്ടിപ്പലിശക്കാരിൽ നിന്നും ഗൗരവ് കടമെടുത്തിരുന്നത്രെ. ഒടുവിൽ അയാൾ കൗമാരക്കാരനടങ്ങിയ നാലംഗ കൊലയാളി സംഘത്തിന് തന്നെത്തന്നെ കൊല്ലാനുള്ള സുപ്പാരിയായ 90,000 രൂപ നൽകിയതും അങ്ങനെ തന്നെ. താൻ മരിച്ചാൽ തന്റെ പേരിലുള്ള ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തന്റെ കുടുംബത്തിന് കിട്ടിക്കോളുമെന്നും, അതുവച്ച് താനായി ഉണ്ടാക്കിയ കടങ്ങൾ എല്ലാം വീട്ടി, കഴിഞ്ഞു പോകാൻ കുടുംബത്തിന് സാധിച്ചുകൊള്ളും എന്നുമുള്ള പ്രതീക്ഷയിലാണ് ഇങ്ങനെ ഒരു കടുംകൈക്ക് ഗൗരവ് ബൻസൽ എന്ന വ്യവസായി മുതിർന്നത്.