ബോൾഷെവിക്കുകൾക്ക് എന്നും അപരനാമങ്ങളോട് വല്ലാത്ത കമ്പമായിരുന്നു. പ്രവർത്തനം മിക്കപ്പോഴും അണ്ടർഗ്രൗണ്ടിൽ ആയിരിക്കും എന്നതുകൊണ്ട് അപരനാമങ്ങളാണ് സുരക്ഷിതം എന്നതാകും അതിനുള്ള ഒരു പ്രധാനകാരണം. ഒരാൾക്ക് ഒന്നിലധികം അപരനാമങ്ങൾ ഉണ്ടാവുക എന്നതും വിപ്ലവപൂർവ റഷ്യയിൽ തികച്ചും സ്വാഭാവികം മാത്രമായിരുന്നു. അന്ന് ഒരു കോമ്രേഡും സ്വന്തം പേര് എവിടെയും ഉപയോഗിക്കുക പതിവില്ല. ഒളിവിലും തെളിവിലും, നേരിലും അച്ചടിയിലും അപരനാമങ്ങളാണ് മുന്നിട്ടു നിന്നിരുന്നത്. വ്ലാദിമിർ ഉല്യനോവ് എന്ന ആഗോള പ്രോലിറ്റേറിയറ്റിന്റെ പിതാവിന് 146 അപരനാമധേയങ്ങൾ ഉണ്ടായിരുന്നു അങ്ങനെ. പതിനേഴെണ്ണം വിദേശി, 129 എണ്ണം റഷ്യൻ. അക്കാലത്ത്, സ്റ്റാലിൻ സഖാവിനുണ്ടായിരുന്നതിന്റെ അഞ്ചിരട്ടിയോളം വരുമത്. 'ലെനിൻ' എന്നത് കോമ്രേഡിന്റെ ഏറ്റവും പ്രസിദ്ധമായ അപരനാമങ്ങളിൽ ഒന്നുമാത്രമാണ്. 

എന്തിന് താൻ ലെനിൻ എന്നൊരു അപരനാമം സ്വീകരിച്ചു എന്നോ, എന്തിന് അത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി പ്രചാരത്തിൽ വരുത്തി എന്നതിനെക്കുറിച്ചൊന്നും ഒരു വിശദീകരണവും കോമ്രേഡായിട്ട് നേരിൽ എവിടെയും എഴുതുകയോ പറയുകയോ ഒന്നുമുണ്ടായിട്ടില്ല ഇന്നോളം. ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി റഷ്യയിൽ പ്രചരിക്കുന്ന മൂന്ന് കഥകൾ ഇങ്ങനെ. 

ഒരു നദിയുടെ പേരിൽ നിന്ന് 

റഷ്യയിലെ ഒരു നദിയുടെ പേരാണ് ലെന. റഷ്യയിലെ മെൻഷെവിക് പക്ഷത്തെ ഒരു നേതാവായിരുന്നു ജോർഗി പ്ളേഖാനോവ്. അദ്ദേഹം അവനവനെക്കുറിച്ച് പരാമർശിക്കുമ്പോഴും, ലഘുലേഖകളിൽ ഒപ്പിടുമ്പോഴും സ്വീകരിച്ചിരുന്ന പേര് 'വോൾഗിൻ' എന്നതായിരുന്നു. 'വോൾഗ' എന്ന പ്രസിദ്ധ റഷ്യൻ നദിയായിരുന്നു ആ പേരിനുപിന്നിൽ. പ്ളേഖാനോവിനുള്ള മറുപടി എന്നോണം,  മറ്റൊരു നദിയായ ലെനയിൽ നിന്ന് കോമ്രേഡ് വികസിപ്പിച്ചെടുത്തതാകും 'ലെനിൻ' എന്ന പേര് എന്ന് ലെനിന്റെ അനന്തരവളായ ഒലോഗ ഉൾയാനോവ റഷ്യ ബിയോണ്ട് എന്ന മാസികയോട് പറയുന്നുണ്ട്. 

പഴയ ഒരു രാജ്യതന്ത്രജ്ഞന്റെ പേരിൽ നിന്ന് 

ആദ്യമായി കോമ്രേഡ് 'ലെനിൻ' എന്ന പേരിൽ ഒരു ലേഖനത്തിന്റെ ചുവട്ടിൽ ഒപ്പിടുന്നത്, 1901 -ലാണ്. അന്നദ്ദേഹം എഴുതിയ പേര് എൻ.ലെനിൻ എന്നതാണ്. അന്ന് അങ്ങനെ എഴുതി ശീലിച്ചു, പിന്നീട് ആ പേര് സ്ഥിരമായി ഉപയോഗിക്കാനും തുടങ്ങി. നാടുവിട്ട് ഓടിപ്പോകേണ്ട ഒരു അടിയന്തര ഘട്ടത്തിൽ, ലെനിന്റെ ഒരു സുഹൃത്തായ വനിത രാജ്യതന്ത്രജ്ഞനായ അവരുടെ അച്ഛന്റെ പേരിൽ, ജനനത്തീയതി മാത്രം മാറ്റി ഒരു വ്യാജ പാസ്പോർട്ട് ലെനിന് യാത്രക്കുവേണ്ടി സംഘടിപ്പിച്ചു കൊടുക്കുന്നു. അതിൽ ഉണ്ടായിരുന്ന പേര് നിക്കോളായ് എഗൊറോവിച്ച് ലെനിൻ എന്നതായിരുന്നു.

അന്ന് ആ പാസ്‌പോർട്ടും കൊണ്ട് നാടുവിട്ട ലെനിൻ, തനിക്ക് കിട്ടിയ പാസ്‌പോർട്ടിൽ ഉണ്ടായിരുന്ന ആ 'ലെനിൻ' എന്ന പേര് സ്ഥിരമാക്കാൻ തീരുമാനിക്കുകയായിരുന്നത്രെ. ഈ വാദം, റഷ്യയിലെ അറിയപ്പെടുന്ന ഒരു ചരിത്രകാരനായ വ്ലാദ്‍ലെൻ ലോഗിനൊവും ആവർത്തിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ സൈബീരിയ കീഴടക്കിയ  ഒരു കൊസ്സാക്കിന്, അന്ന് ലെന നദിയുടെ തീരത്ത് താമസമുറപ്പിക്കേണ്ടി വന്നപ്പോൾ കിട്ടിയ ബഹുമാനപ്പേരായിരുന്നു ലെനിൻ എന്നത്. ഈ നിക്കോളായ് എന്ന ലെനിന്റെ സ്നേഹിതയുടെ അച്ഛൻ ആ പഴയ ലെനിന്റെ പുതുതലമുറക്കാരനായിരുന്നു. 

ആരാധനാമൂർത്തി ആയിരുന്ന ലിയോ ടോൾസ്റ്റോയിയിൽ നിന്ന് 

ലിയോ ടോൾസ്റ്റോയിയുടെ വലിയ ആരാധകനായിരുന്നു ലെനിൻ. 'കസാക്കി' എന്ന പേരിൽ ലെനിന്റെ ഒരു നോവലുണ്ട്. അതിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് 'ഓലെനിൻ' എന്നാണ്. കോക്കസസിൽ അടിമപ്പണിക്ക് പറഞ്ഞയക്കപ്പെടുന്ന ഒരു സാധുവാണ് കഥാനായകൻ. അവിടത്തെ വിജനതയിൽ കഴിഞ്ഞു കൂടവേ ആ ഏകാന്തതയെ പ്രണയിച്ചവനാണ് ഓലെനിൻ. 1898 -ൽ, നാടുകടത്തപ്പെട്ട് സൈബീരിയയിൽ കഴിയുമ്പോൾ ലെനിൻ ഈ നോവൽ വായിച്ചിരുന്നു എന്ന് ലെനിന്റെ ഭാര്യ നദെഷ്ദ ക്രുപ്സ്കായ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

റഷ്യൻ വിപ്ലവത്തിന് നേർക്കുപിടിച്ച ഒരു നിലക്കണ്ണാടിയാണ് ടോൾസ്റ്റോയ് എന്ന് ലെനിൻ പലകുറി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, ഈ ടോൾസ്റ്റോയ് നോവലിലെ കഥാപാത്രത്തിന്റെ പേര്, ലെനിൻ എന്ന അപരനാമം സ്വീകരിക്കാൻ കോമ്രേഡിനെ പ്രചോദിപ്പിച്ചിരിക്കാം എന്നൊരു സാധ്യതയും നിലനിൽക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പിന് പിന്നിൽ പ്രവർത്തിച്ച കാരണം എന്തായാലും, വ്ലാദിമിർ ഉല്യാനോവ് എന്ന റഷ്യൻ മാർക്സിസ്റ്റ് നേതാവ് ഉപയോഗിച്ച നിരവധി അപരനാമങ്ങളിൽ ഏറ്റവും പ്രസിദ്ധം, ഏറ്റവും പരിചിതം ഒരു പക്ഷേ, 'ലെനിൻ' എന്നതായിരിക്കും.