വിമാനങ്ങൾക്ക് വെള്ളനിറം നൽകാനൊരു കാരണമുണ്ട്; എന്താണെന്നറിയാമോ?
സൂര്യപ്രകാശത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന നിറമാണ് വെള്ള എന്നതും വിമാനത്തിന് കൂടുതലായി വെള്ളനിറം നൽകാൻ ഒരു കാരണമാണ്.

വിമാനം എന്നും മനുഷ്യർക്ക് കൗതുകമുള്ള ഒരു യാത്രോപാധി തന്നെയാണ് അല്ലേ? കുട്ടിക്കാലത്ത് തന്നെ എത്രയോവട്ടം വിമാനം പോകുമ്പോൾ നാം പുറത്തിറങ്ങി ആകാംക്ഷയോടെ നോക്കി നിന്നു കാണും. ഇന്ന് ഏറെക്കുറെ ആളുകൾക്കും വിമാനം പരിചിതമാണ്. എന്നിരുന്നാലും വിമാനത്തെ ചുറ്റിപ്പറ്റി നമുക്കറിയാത്ത പല കാര്യങ്ങളും ഉണ്ട് അല്ലേ? അതുപോലെ വിമാനങ്ങൾക്കെല്ലാം നാം കണ്ടിരിക്കുന്നത് വെള്ളനിറമാണ്. എന്തുകൊണ്ടാവും വിമാനത്തിന് വെള്ളനിറം നൽകുന്നത്?
ബിബിസി ടു ക്യുഐ അവതാരകയായ സാൻഡി ടോക്‌സ്‌വിഗ് പറയുന്നത് അതിന് ചില കാരണങ്ങളൊക്കെയുണ്ട് എന്നാണ്. വിവിധ നിറങ്ങളിൽ വിമാനങ്ങളില്ലാത്തതിന്റെ പ്രധാന കാരണമായി അവർ പറയുന്നത് വിമാനങ്ങൾക്ക് ഇരുണ്ട നിറത്തേക്കാൾ വെള്ള നിറം നൽകാൻ പ്രധാന കാരണം ഇരുണ്ട നിറത്തിലുള്ള പെയിന്റിന് ഭാരം കൂടുതലാണ് എന്നതാണ്. എട്ട് ആളുകളുടെ ഭാരത്തിന് തുല്ല്യമാണ് ഇരുണ്ട നിറത്തിലുള്ള പെയിന്റ് നൽകുന്നതത്രെ.
"ഡാർക്ക് പെയിന്റ് കൂടുതൽ ഭാരമുള്ളതാണ്. കാരണം, അതിൽ കൂടുതൽ പിഗ്മെന്റുകൾ അടങ്ങിയിട്ടുണ്ട്" എന്ന് ടോക്സ്വിഗ് പറഞ്ഞു. അതുപോലെ, പ്രൈവറ്റ് ജെറ്റ് ചാർട്ടറിൽ സ്പെഷ്യലൈസ് ചെയ്ത Menkor Aviation പറയുന്നത് സൂര്യപ്രകാശത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന നിറമാണ് വെള്ള എന്നതും വിമാനത്തിന് കൂടുതലായി വെള്ളനിറം നൽകാൻ ഒരു കാരണമാണ് എന്നാണ്. അതുപോലെ, വളരെയധികം വെയിലുള്ള ഒരു ദിവസം നിങ്ങൾ സൺസ്ക്രീൻ ഉപയോഗിച്ചാൽ എന്ത് ഗുണമുണ്ടോ അതിന് തുല്ല്യമാണ് വിമാനത്തിന് വെള്ള പെയിന്റ് നൽകുന്നത് എന്നും പറയുന്നു.
പക്ഷികളുമായി കൂട്ടിയിടിക്കേണ്ടി വരുന്നതും വലിയ അപകടം സംഭവിക്കുവാൻ കാരണമായി തീർന്നേക്കാം. അങ്ങനെ പക്ഷികളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനും വിമാനത്തിന് വെള്ളനിറം നൽകുന്നത് സഹായിക്കും എന്നും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: