Asianet News MalayalamAsianet News Malayalam

റഷ്യൻ യുവതികൾ ഇന്നും ക്രിമിനലുകളിൽ ആകൃഷ്ടരാകുന്നത് എന്തുകൊണ്ടാണ് ?

"ഞാൻ തോറ്റുപോയി. അതിനർത്ഥം നാളെ ഒരു പെൺകുട്ടിക്ക് ഒരു ജയിൽപ്പുള്ളിയിൽ നിന്ന് ഒരു സംതൃപ്തദാമ്പത്യം കിട്ടില്ലെന്നല്ല. ഞാൻ തോറ്റുപോയവളാണ് എന്നുമാത്രമാണ് എന്റെ അനുഭവത്തിന്റെ അർഥം."

why russian women still fall for criminals living in prisons
Author
Moscow, First Published Jul 10, 2020, 3:17 PM IST

റഷ്യൻ ജയിലുകളിൽ ശിക്ഷാ കാലാവധി കഴിച്ചുകൂട്ടുന്ന ചിലരുണ്ട്. അവരെ കാണാൻ വലിയ ചന്തമൊന്നുമുണ്ടാവില്ല. കാര്യമായ സമ്പാദ്യവും കാണില്ല അവർക്ക്. ഒറ്റനോട്ടത്തിൽ അത്രയ്ക്ക് ആകർഷകത്വവും തോന്നില്ല. എന്നിട്ടും അവരിൽ പലർക്കും അതിസുന്ദരികളായ റഷ്യൻ യുവതികൾ ഗേൾഫ്രണ്ടുമാരായി ഉണ്ട്. എന്താവും കാരണം? പറയാം. അതിനു മുമ്പ് ഒരു ചെറിയ കട്ട്. 

അടുത്ത ലൊക്കേഷൻ മോസ്‌കോയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള വോറോനെഷ് എന്ന പട്ടണത്തിലെ ഒരു പടുകൂറ്റൻ ജയിൽ. നാലാൾ പൊക്കത്തിലുള്ള മതിലിന്മേൽ, മുള്ളുവേലികൾ കൊണ്ട് സുരക്ഷിതമാക്കിയ ആ കോമ്പൗണ്ടിലേക്ക് പതിവിനു വിരുദ്ധമായി ഇരുപത്തിരണ്ടുകാരിയായ ഒരു സ്വർണത്തലമുടിക്കാരി കയറിവരുന്നു. ആ ഓഫീസിലെ കുടുസ്സുമുറികളിൽ ഒന്നിൽ അന്നൊരു ചടങ്ങു നടക്കാൻ പോവുകയായിരുന്നു. അത് മഞ്ഞുവീഴുന്ന ഡിസംബർ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലമാണ്. ആ മരം കോച്ചുന്ന തണുപ്പത്തും അവൾ അണിഞ്ഞിരിക്കുന്നത് നേർത്ത ഒരു വിവാഹ വസ്ത്രമാണ്. അവളുടെ കഴുത്തും തോളുമെല്ലാം ചൂളംകുത്തുന്ന ശീതക്കാലകാറ്റിന്റെ ആക്രമണമേൽക്കാൻ പാകത്തിന് അനാവൃതമായി ഇരിക്കുന്നു. ആ മുറിയിൽ ഹീറ്ററൊന്നും ഇല്ല. ആ ഉടുപ്പിൽ അവൾക്ക് നേരിയ വിറ തോന്നുന്നുണ്ട്. 

why russian women still fall for criminals living in prisons

 

"എവിടെ നിങ്ങളുടെ വരൻ. വരാൻ പറയൂ. പെട്ടന്നാട്ടെ കാര്യങ്ങൾ. " രജിസ്ട്രാർ പറഞ്ഞു. അവൾ അയാൾ പറയുന്നത് ശ്രദ്ധിക്കുന്നേയില്ല. ഉള്ളം കയ്യിൽ സ്വന്തം പണം കൊടുത്തുവാങ്ങിയ രണ്ടു സ്വർണ്ണമോതിരങ്ങളുണ്ട്. അതിലേക്കു നോക്കി ഏതോ മനോരാജ്യത്തിലാണ് അവൾ. 

അപ്പോഴേക്കും ഒരു ജയിൽ ഉദ്യോഗസ്ഥൻ കൈവിലങ്ങണിയിച്ച ഒരു തടവുപുള്ളിയുമായി ആ മുറിയിലേക്ക് കടന്നുവന്നു. അയാളുടെ കൈകൾ വിലങ്ങിന്റെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു. അയാൾ തന്റെ നീലക്കണ്ണുകൾ വിടർത്തി ആ യുവതിയെ പ്രേമപൂർവം വീക്ഷിച്ചു. അവളുടെ കണ്ണുകളും വിടർന്നുവന്നു. ഏതോ യുഗാന്തര നിയോഗത്തിന്റെ സാക്ഷാത്കാരമുഹൂർത്തമാണത് എന്നപോലെ അവളുടെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു. അത് അവൾ തന്റെ പ്രതിശ്രുത വരനെ ജയിൽ യൂണിഫോമിൽ അല്ലാതെ ആദ്യമായി കണ്ട ദിവസമാണ്. വിവാഹനാളിൽ ഒരു ദിവസത്തേക്ക് തങ്ങളുടെ തടവുപുള്ളിക്ക് ഒരു ഇളവ് കൊടുത്തതായിരുന്നു ജയിൽ അധികൃതർ. വിവാഹത്തിനായി ഒരു ത്രീ പീസ് സ്യൂട്ട് തന്നെ വാടകയ്‌ക്കെടുത്താണ് വരൻ വന്നെത്തിയത്. 

അത് ഒരു പ്രിന്റിങ് കമ്പനിയിലെ ജീവനക്കാരിയും, മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട്, വർഷങ്ങളോളം ഇരുമ്പഴികൾക്കുള്ളിൽ ഇനിയും ചെലവഴിക്കാനുള്ള ഒരു തടവുപുള്ളിയും തമ്മിലുള്ള വിവാഹമായിരുന്നു. 

"ഇതൊരു കാരാഗൃഹമാണ്. എനിക്കറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വരില്ല എന്ന് എന്റെ അമ്മ മുഖത്ത് നോക്കിത്തന്നെ തറപ്പിച്ചു പറഞ്ഞു. അത് ഞാൻ കാര്യമാക്കുന്നില്ല. ഞാൻ അവനെ ജീവനുതുല്യം പ്രണയിക്കുന്നു. അവൻ എന്നെയും. എനിക്കതുമതി. അതുമാത്രം. ഈ ലോകം എന്നെ ഒരു വിഡ്ഢിയെന്നു കണ്ടേക്കാം. സാരമില്ല. എന്നെ സന്തോഷിപ്പിക്കാൻ അവനാവുന്നുണ്ട്. എനിക്ക് അതുമാത്രം മതി" വധു അനസ്തേഷ്യ പറഞ്ഞു. വ്ലാദിമിർ എന്ന അവളുടെ വരൻ  വിവാഹം പ്രമാണിച്ച് മൂന്നുദിവസത്തെ പരോളിൽ പുറംലോകം കാണാൻ പോവുകയാണ്. ആ ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങിയാൽ ആരംഭിക്കാൻ പോവുന്നത് അവരുടെ ഹ്രസ്വമെങ്കിലും അമൂല്യമായ മധുവിധുദിനങ്ങളാണ്. 

പത്തൊമ്പതുകാരനായ വ്ലാദിമിർ ജയിലിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് ഒരു ദിവസം ഗാർഡിനു കൈമടക്കി തന്റെ സുഹൃത്തിനെ വിളിക്കാൻ ഫോൺ തൽക്കാലത്തേക്ക് ഒന്ന് വാങ്ങുന്നത്. അയാൾ അവനെ വിളിച്ചപ്പോൾ അവസാനത്തെ ഒരക്കം ഡയൽ ചെയ്തത് തെറ്റിപ്പോയി. അപ്പുറത്ത് ഫോണെടുത്തത് മധുരമുള്ള ഒരു പെൺ ശബ്ദമാണ്. "എനിക്ക് അന്നത്തെ ആ കോളിൽ മുഴങ്ങിയ ഘനഗംഭീര ശബ്ദം ഏറെ ഇഷ്ടമായി. അതുകൊണ്ട് ആളുമാറി വിളിച്ചതാണ് എന്നറിഞ്ഞിട്ടും ഞാൻ ഫോൺ വെച്ചില്ല. ഞങ്ങളുടെ ഫോൺ വിളി അന്ന് പാതിരവരെ നീണ്ടുപോയി." അനസ്തേഷ്യ പറഞ്ഞു. 

why russian women still fall for criminals living in prisons

 

അവൻ വിളിക്കുന്നത് ജയിലിൽ നിന്നാണ് എന്ന് പറഞ്ഞിട്ടും അവൾക്ക് വിശേഷിച്ചൊരു ഭാവഭേദവുമുണ്ടായില്ല. അവൻ അത് മറച്ചു വെക്കാത്തതിൽ സന്തോഷമേ തോന്നിയുള്ളൂ. വേണമെങ്കിൽ അവനതു പറയാതെയും മിണ്ടാമായിരുന്നല്ലോ അവളോട്. അവൾ ചിന്തിച്ചത് അങ്ങനെയാണ്. അവളോട് അന്നുരാത്രി തന്നെ തന്റെ കഥ മുഴുവൻ അവൻ തുറന്നുപറഞ്ഞു. തന്റെ സ്നേഹിതൻ എങ്ങനെയാണ് രണ്ടുപേരും കൂടി ചെയ്ത ഒരു മോഷണത്തിന്റെ കുറ്റം തന്റെ തലയിൽ കെട്ടിവെച്ച് തന്നെമാത്രം കുടുക്കിയത് എന്ന്. അവൾക്ക് അവനോട് ആ നിമിഷം തോന്നിയത് അടക്കാനാവാത്ത സഹതാപമായിരുന്നു. പാവം, പത്തൊമ്പതു വയസ്സിൽ ഇങ്ങനെ ഒരു അബദ്ധത്തിൽ ചെന്ന് ചാടിയല്ലോ എന്നാണ് അവൾ മനസ്സിൽ പറഞ്ഞത്.  പിന്നെ ആ പ്രായം ആർക്കുവേണമെങ്കിൽ തെറ്റുവരാവുന്ന പ്രായമാണല്ലോ എന്നവൾ അതിനെ ന്യായീകരിക്കുകയും ചെയ്തു ഉള്ളിൽ. 

തമ്മിൽ സംസാരം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ അനസ്തേഷ്യ വ്ളാദിമിറിനെ സന്ദർശിക്കാൻ  വോറോനെഷ് സെൻട്രൽ പ്രിസണിൽ എത്തി. ഗ്ലാസ് ചുവരിനപ്പുറം നീലക്കണ്ണുള്ള, നല്ല ഉയരമുള്ള,  അരോഗദൃഢഗാത്രനായ വ്ലാദിമിർ എന്ന യുവാവിനെ കണ്ടപ്പോൾ, "എന്റെ ഉൾവിളി തെറ്റിയില്ല" എന്നവൾ ആത്മഗതം ചെയ്തു. കിളരമുള്ള, നീലക്കണ്ണുകളുള്ള ചെറുപ്പക്കാരിലേക്ക് അവൾ എന്നും വലിച്ചടുപ്പിക്കപ്പെട്ടിരുന്നു. 

ജയിലിൽ നിന്ന് വന്നതിനു രണ്ടു നാളുകൾക്കു ശേഷം അവളുടെ മുറിയിൽ വ്ളാദിമിറിന്റെ പ്രേമലേഖനങ്ങൾ വന്നു നിറയാൻ തുടങ്ങി. ഓരോ കത്തിലും താൻ അനസ്തേഷ്യയെ എത്രമേൽ പ്രണയിക്കുന്നുണ്ട് എന്ന് വ്ലാദിമിർ തന്റെ ഹൃദയം തുറന്നുകൊണ്ടെഴുതി. കുനുകുനാ ഉള്ള അക്ഷരങ്ങൾ അടുക്കിയടുക്കി വെച്ചുള്ള ആ കത്തുകളിൽ അവന്റെ സങ്കടം അവൾ കേൾക്കാനായി അണപൊട്ടിയൊഴുകി. അനസ്തേഷ്യയെ കാണാൻ വെമ്പി താൻ ജയിലഴികൾക്കുള്ളിൽ നെഞ്ചുനീറിക്കഴിയുകയാണ് എന്ന് അവനെഴുതിയത് വായിച്ച് അനസ്തേഷ്യയും കത്തുകൾ കണ്ണീരിൽ കുതിർത്തു. അവൻ അവൾക്കുവേണ്ടി കത്തുകളിൽ നിരവധി മാലാഖമാരുടെ ചിത്രങ്ങൾ വരച്ചു. അപൂർവ്വസുന്ദരികളായിരുന്ന ആ മാലാഖമാർക്കൊക്കെയും അനസ്തേഷ്യയുടെ മുഖമായിരുന്നു. ആ പ്രണയകാലത്ത് അതൊക്കെ ഏറെ കാല്പനികമായ അവൾക്ക് അനുഭവപ്പെട്ടിരുന്നു. 

why russian women still fall for criminals living in prisons

 

ജയിലഴികൾക്കുള്ളിൽ ഇഹലോക സുഖങ്ങൾ നിഷേധിക്കപ്പെട്ടു കഴിഞ്ഞപ്പോഴും വ്ലാദിമിർ ഒരിക്കലും അവളോട് ഒന്നും തന്നെ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും അനസ്തേഷ്യ അവനുവേണ്ടി വിലയേറിയ പാൽക്കട്ടിയും, സോസേജുകളും, പാലും, തേയിലയും, സിഗററ്റുകളും ഒക്കെ കൊടുത്തയച്ചുകൊണ്ടിരുന്നു. ഒരു വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ അവരിരുവരും വിവാഹിതരായി. ഒരു പുതിയ ജീവിതം, എല്ലാം ഒന്നേന്നു തുടങ്ങാൻ വേണ്ടി അവരിരുവരും മോസ്കോയിലേക്ക് യാത്രയായി. 

ജയിലധികൃതർ അവരുടേതായ പരുഷ ഭാഷയിൽ തടവുപുള്ളികളെ സന്ദർശിക്കാനെത്തുന്ന അനസ്തേഷ്യയെപ്പോലുള്ള സുന്ദരികളെ വിളിക്കുന്ന പേരുകൾ പ്രേമം എന്നർത്ഥം വരുന്ന 'ലുബിങ്ക', കാത്തിരിപ്പിനെ ധ്വനിപ്പിക്കുന്ന 'ശ്ഡുല്യ', കത്തെഴുത്തിനെ സൂചിപ്പിക്കുന്ന 'ഷാവോസ്‌നിറ്റ്സ' എന്നിവയാണ്. അനസ്തേഷ്യ തന്റെ ഭർത്താവ് വ്ളാദിമിറിനെ കണ്ടെത്തിയത് കേവലം യാദൃച്ഛികതയുടെ പുറത്തായിരുന്നു എങ്കിൽ, ജയിൽവാസം അനുഷ്ഠിക്കുന്ന പുരുഷന്മാരെ ഓൺലൈൻ ഡേറ്റിംഗ് സൈറ്റുകളിൽ മനഃപൂർവം തേടുന്ന എത്രയോ യുവതികളുണ്ട്. റഷ്യയിലെ പ്രസിദ്ധമായ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റ് ആയ 'VKontakte'യിൽ ചുരുങ്ങിയത് ഒരു ഡസൻ ഗ്രൂപ്പുകളെങ്കിലും ഗേൾഫ്രണ്ട്സിനെ തേടുന്ന ജയില്പുള്ളികൾക്കായി ഡെഡിക്കേറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 

 

why russian women still fall for criminals living in prisons

 

"എനിക്ക് എന്നേക്കാൾ മുതിർന്ന പുരുഷന്മാരെ ഇഷ്ടമാണ്. ജയിൽ യൂണിഫോം എന്നിൽ കാമം ഉദ്ദീപിക്കുന്നു. എന്റെ അച്ഛനും ജയിലിൽ കാലം കഴിച്ചയാളായതുകൊണ്ടോ എന്തോ എനിക്ക് ജയിൽപുള്ളികളോട് അങ്ങനെ അലർജിയൊന്നുമില്ല " നതാലിയ പറയുന്നത് ഇങ്ങനെ. തടവറയിലെ മറ്റുള്ള ജയില്പുള്ളികളുടെ രഹസ്യങ്ങൾ ചോർത്തിനൽകുന്ന ഒറ്റുകാരന്റെ റോളാണ് ജയിലിൽ അവളുടെ നാല്പത്തഞ്ചുകാരൻ കാമുകന്. ആ ഉപകാരത്തിനുള്ള പ്രതിഫലമായി അയാളെ ജയിലധികൃതർ ഇടയ്ക്കിടെ ജയിൽ മതിലിന്റെ പുറത്തേക്കിറങ്ങാൻ അനുവദിക്കാറുണ്ട്. അങ്ങനെ, ഒരിക്കൽ അവർ തമ്മിൽ ജയിലിന്റെ മതിലുകൾക്ക് പുറത്തുവച്ചു കണ്ട ആദ്യത്തെ ഡേറ്റ് അവസാനിച്ചത്, ജയിലിൽ നിന്ന് അധികം ദൂരെയല്ലാതെ ഉള്ള  ഒരു കളപ്പുരയ്ക്കുള്ളിൽ ഗോതമ്പുചാക്കുകൾക്കു മേലെക്കിടന്നുകൊണ്ടുള്ള ഇണചേരലിലാണ്. അവളുടെ വന്യമായ ഭ്രമകല്പനകൾക്ക് ചിറകുകൾ പകരുന്നതായിരുന്നു ആ രഹസ്യാനുഭവം. അയാൾ ഒട്ടും റൊമാന്റിക് അല്ലായിരുന്നു. സെക്‌സിനിടെ സംസാരിക്കുന്ന പ്രകൃതക്കാരനല്ലായിരുന്നു. ഏറെ പരുക്കനായിരുന്നു രതിക്കിടയിലെ അവളോടുള്ള അയാളുടെ ഇടപെടലുകൾ. എന്നിട്ടും ആ സംഗമം നതാലിയയ്ക്ക് ഏറെ ആനന്ദദായകമായി തോന്നി. 

ഒരേയൊരു വേനൽക്കാലം മാത്രമാണ് അവർക്കിടയിലെ റൊമാന്സിന് ആയുസ്സുണ്ടായിരുന്നതെന്നു മാത്രം. അതിനു ശേഷം അജ്ഞാതമായ ഏതോ ഒരു നമ്പറിൽ നിന്ന് അയാൾ ജയിലിൽ നിന്ന് മോചിതനായി എന്നൊരു സന്ദേശമാണ് അവൾക്ക് കിട്ടിയത്. കൃത്യമായ ഒരു ബ്രേക്ക് അപ്പ് ചർച്ചയോ, വിടപറയലോ ഒന്നുമില്ലാത്ത വളരെ പെട്ടെന്നുള്ള ഒരു മുറിച്ചുകളയലാണ് ആ ബന്ധത്തിൽ അയാൾ നടത്തിയത്. അതവളെ വല്ലാതെ വേദനിപ്പിച്ചു. അതോടെ പക്ഷേ, ജയില്പുള്ളികളോടുള്ള പ്രണയബന്ധങ്ങൾ അവൾ അവസാനിപ്പിച്ചു. അവർക്ക് വേണ്ടത് തന്റെ ശരീരം മാത്രമാണ് എന്നും, ജയിലഴികൾക്കുള്ളിൽ കഴിഞ്ഞു കഴിഞ്ഞ് അവർക്ക് മനുഷ്യരുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള കഴിവുതന്നെ നഷ്ടപ്പെട്ട എന്ന് തനിക്ക് സംശയമുണ്ട് എന്നുമാണ് നതാലിയ പറഞ്ഞത്. 

ഇങ്ങനെ ക്രിമിനലുകളോട് സമൂഹത്തിലെ നല്ല കുടുംബങ്ങളിൽ നിന്നുള്ള യുവതികൾ പ്രണയബന്ധത്തിൽ ഏർപ്പെടാനുള്ള കാരണം അവരിൽ ഉളവാകുന്ന സഹാനുഭൂതിയാണ് എന്ന് സൈക്കോളജിസ്റ്റ് ഡോ. സെർജെയ് സിമാക്കോവ് പറയുന്നു. തടവുപുള്ളികളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന നിഗൂഢമായ ഒരു പരിവേഷം അവരെ വല്ലാതെ ആകർഷിക്കുന്നു. ഒപ്പം അടങ്ങാത്ത കൗതുകവും അവരെ ഈ ക്രിമിനലുകളുടെ ജീവിതത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. "അയാൾ ചിലപ്പോൾ നിരപരാധി ആണെങ്കിലോ? വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ ശ്രമിച്ചതിനിടെയാണ് അയാൾ കൊന്നതെങ്കിലോ? സ്നേഹം കിട്ടാതെ വന്നപ്പോൾ അയാൾ ഒരു ക്രിമിനലായി മാറിയതാണെങ്കിലോ? " എന്നിങ്ങനെ പല ചോദ്യങ്ങളും അവരുടെ മനസ്സിനെ മഥിക്കും. ആ പാവത്തിനും ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറയാനുണ്ടാവില്ലേ? ആ ഒരാൾ ഞാനായാലെന്താ എന്നാവും അവർ ഓർക്കുക. അപൂർവം ചില സ്ത്രീകൾക്കും പരുഷമായ പെരുമാറ്റത്തിന്റെ, രതിയിലെ കർക്കശ്യത്തിന്റെ ഇരകളാകാൻ താത്പര്യവും ഉണ്ടാകാറുണ്ട്. "ഉത്തമ പുരുഷനെന്ന സ്ത്രീ സങ്കൽപം ഇന്നും കർക്കശ്യത്തോടും, അക്രമോത്സുകതയോടും തന്നെ ബന്ധപ്പെട്ടാണ് കിടക്കുന്നത്, നിർഭാഗ്യവശാൽ. ഇത്തരത്തിലുള്ള ക്രിമിനലുകൾ സംരക്ഷണം എന്ന പ്രതീതി വളരെ എളുപ്പത്തിൽ ഉണ്ടാക്കും എങ്കിലും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊന്നു അനുഭവിക്കാൻ അവരുടെ പങ്കാളികൾക്ക് യോഗമുണ്ടാവാറില്ല " ഡോ. സിമാക്കോവ് പറഞ്ഞു. 

 

why russian women still fall for criminals living in prisons

 

വ്ളാദിമിറിനോടുള്ള അനസ്തേഷ്യയുടെ വിവാഹത്തിനും ഏറെനാൾ ആയുസ്സുണ്ടായില്ല. ജയിലിൽ കിടന്ന ഹിസ്റ്ററിയുള്ള ആരെയും അത്ര എളുപ്പത്തിലൊന്നും എവിടെയും ജോലിക്കെടുത്തെന്നു വരില്ല. അയാൾക്കും ജോലിയൊന്നും കിട്ടിയില്ല. ഏതാനും മാസത്തെ പെടാപ്പാടിന് ശേഷം അയാൾ വീണ്ടും തന്റെ പഴയ സുഹൃത്തിനെ, തന്നെ കഴിഞ്ഞ തവണ ഒറ്റുകൊടുത്ത് ജയിലിൽ തള്ളിയ അതെ ക്രൈം കിംഗ് പിന്നിനെ ചെന്നുകണ്ടു. വീണ്ടും മോഷണമെന്ന് പഴയ, എളുപ്പമുള്ള പണിയിലേക്ക് തിരിഞ്ഞു. അനസ്തേഷ്യയാകട്ടെ നിയമ പഠനം പൂർത്തിയാക്കാൻ ശ്രമിച്ചു, ഒപ്പം പാർട്ട് ടൈം ജോലികൾ ചെയ്ത് രണ്ടു വയറു നിറയ്ക്കാനുള്ള വഴി കണ്ടെത്തി. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും മോഷണത്തിനിടെ പിടിക്കപ്പെട്ട വ്ലാദിമിർ ജയിലഴികൾക്കുള്ളിലായി. 

എന്നിട്ടും, ഒരു വട്ടം കൂടി അനസ്തേഷ്യ അയാളുടെ മടങ്ങിവരവിനായി കാത്തിരുന്നു. അവൾക്ക് വ്ളാദിമിറിനെ അത്രയ്ക്കിഷ്ടമായിരുന്നു. പുറത്തിറങ്ങിയ അയാൾ വീണ്ടും മോഷ്ടിക്കാനിറങ്ങി എന്നറിഞ്ഞതോടെ സകല നിയന്ത്രണവും കൈവിട്ട അവൾ ഉടൻ തന്നെ വിവാഹമോചനത്തിനുള്ള വഴി തേടി. തന്നെ അതൊന്നും ബാധിക്കുന്നതേയില്ല എന്ന മട്ടിലായിരുന്നു വ്ളാദിമിറിന്റെ പ്രതികരണം. 

"ജയിലിൽ കഴിയുന്നതോടെ ഒരു തടവുപുള്ളിയുടെ മനസ്സ് പരിവർത്തനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ചില കുറ്റവാളികളെ ജയിൽവാസം പരിഷ്‌കരിക്കും. അവരെ നല്ലവരാക്കും. ഈ സമൂഹത്തോട് ഇഴചേർന്നു പോകാൻ പ്രാപ്തരാക്കും. ആ പ്രതീക്ഷയിലാണ് ഞാൻ വ്ളാദിമിറിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഞാൻ തോറ്റുപോയി. അതിനർത്ഥം നാളെ ഒരു പെൺകുട്ടിക്ക് ഒരു ജയിൽപ്പുള്ളിയിൽ നിന്ന് ഒരു സംതൃപ്തദാമ്പത്യം കിട്ടില്ലെന്നല്ല. ഞാൻ തോറ്റുപോയവളാണ് എന്നുമാത്രമാണ് എന്റെ അനുഭവത്തിന്റെ അർഥം. നാളെ മറ്റൊരു പെൺകുട്ടി ഇതേ കാര്യത്തിൽ വിജയിച്ചെന്നും വരാം" അനസ്തേഷ്യയുടെ സ്വരത്തിൽ ഇപ്പോഴും ശുഭാപ്തി വിശ്വാസം നിഴലിക്കുന്നുണ്ട്. 

 

കടപ്പാട് : 'റഷ്യ ബിയോണ്ട്' മാസിക 

Follow Us:
Download App:
  • android
  • ios