Asianet News MalayalamAsianet News Malayalam

എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതം, എന്നിട്ടും ഇത് വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാവുന്നതെങ്ങനെ?

1769 -ൽ പര്യവേക്ഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്കാണ് 'വൈറ്റ് ഐലൻഡ്' എന്ന പേര് അതിനു സമ്മാനിച്ചത്. എപ്പോഴും മേഘങ്ങളുടെ വെള്ളപ്പുതപ്പാൽ മൂടിയിരിക്കുന്നത് കൊണ്ടായിരിക്കും ഈ പേര് വീണത്.  

why White Island attracted more and more tourists
Author
White Island, First Published Dec 11, 2019, 3:45 PM IST

ന്യൂസിലാന്റിലെ ഏറ്റവും സജീവമായ ആ അഗ്നിപർവ്വതം തിങ്കളാഴ്‍ച പൊട്ടിപ്പുറപ്പെടുന്നതിന് നിമിഷങ്ങൾക്ക് തൊട്ടുമുമ്പ് വരെ വിനോദസഞ്ചാരികൾ അതിന് ചുറ്റും നടക്കുകയായിരുന്നു. അത്രയും സമയം സൗമ്യമായിരുന്ന അത് പെട്ടെന്നാണ് തന്‍റെ രൗദ്രഭാവമത്രയും പുറത്തെടുത്തത്. തീരെ അപ്രതീക്ഷിത നിമിഷത്തിലുണ്ടായ സ്ഫോടനത്തിൽ അനവധി പേർ മരിച്ചതായും പലരെയും ഇപ്പോഴും ദ്വീപിൽ കാണാതായതായും പൊലീസ് പറയുന്നു. ഇത്രയൊക്കെ അപകടം വിതക്കുന്ന വൈറ്റ് ഐലൻഡിൽ പിന്നെയും ആളുകൾ എത്തുന്നത് എന്തുകൊണ്ടാണ്? അത്രയേറെയാണ് അതിന്‍റെ വശ്യത എന്നതുകൊണ്ട് മാത്രമാണത്. അതിന്‍റെ വന്യമായ സൗന്ദര്യം പിന്നെയും പിന്നെയും വിനോദസഞ്ചാരികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നു. പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ ദ്വീപിലെ മഞ്ഞുറഞ്ഞ താഴ്വരകളും നീലത്തടാകങ്ങളും ആരെയും മയക്കുന്നതാണ്.  

പക്ഷേ, ആ സൗന്ദര്യത്തിന്‍റെ കീഴിൽ പതിയിരിക്കുന്ന ഒരു അഗ്നിക്കടലുണ്ട്... എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ന്യൂസിലാന്‍റിലെ നിരവധി അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് വൈറ്റ് ഐലൻഡ്. സ്വകാര്യ ഉടമസ്ഥതയിലുള്ള വൈറ്റ് ഐലൻഡ് വിനോദ സഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രമാണ്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിവർഷം അഗ്നിപർവതം കാണാനായി ഇവിടെ എത്തിച്ചേരുന്നത്. ന്യൂസിലന്‍റിന്‍റെ സജീവ പർവ്വതങ്ങളുടെ പട്ടികയിൽപ്പെടുന്ന വൈറ്റ് ഐലൻഡ്, വക്കാരി അഗ്നിപർവതം എന്നും അറിയപ്പെടുന്നു. ഈ അഗ്നിപർവ്വതത്തിന്‍റെ 70 ശതമാനം കടലിനടിയിലാണ്. 

1769 -ൽ പര്യവേക്ഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്കാണ് 'വൈറ്റ് ഐലൻഡ്' എന്ന പേര് അതിനു സമ്മാനിച്ചത്. എപ്പോഴും മേഘങ്ങളുടെ വെള്ളപ്പുതപ്പാൽ മൂടിയിരിക്കുന്നത് കൊണ്ടായിരിക്കും ഈ പേര് വീണത്.  

24 വർഷത്തോളം തുടർച്ചയായ പൊട്ടിത്തെറികൾ നടക്കുന്ന ഇവിടെ 2011 -ലാണ് രണ്ടാമത്തെ പൊട്ടിത്തെറിയുടെ പരമ്പര ആരംഭിച്ചത്.  ഇന്നും അത് തുടരുന്നു. സാധാരണയായി അഗ്നിപർവ്വതങ്ങളിൽ മാഗ്മയാണ് പൊട്ടിത്തെറിക്കുന്നത്. എന്നാൽ ഇവിടെ മാഗ്മ ആഴം കുറഞ്ഞതാണ്. എന്നാൽ, ഈ സമുദ്ര അഗ്നിപർവ്വതം ധാരാളം വാതകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇത് ധാതുക്കളെ ഘനീഭവിപ്പിക്കുന്നു. അങ്ങനെ ചൂടും വാതകങ്ങളും ഭൂഗർഭജലത്തെ സ്വാധീനിച്ച് ഭൂമിക്കടിയിലെ ജലത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. ഭൂകമ്പങ്ങളും, വാതകങ്ങളും എന്തിന് ഏറെ, താടകത്തിലെ വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും അതിലോലമായ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഇത് നിശ്ചലമായ വെള്ളത്തിൽ സമ്മർദ്ദം ചെലുത്തുന്നു. തുടർന്ന് ഒരു മുന്നറിയിപ്പ് പോലുമില്ലാതെ അവ പൊട്ടിത്തെറിക്കുന്നു. പാറകൾ മൂന്ന് കിലോമീറ്റർ ദൂരത്തിൽ വരെ പൊട്ടിച്ചിതറുന്നു. ന്യൂസിലാന്റിൽ കഴിഞ്ഞ 100 വർഷത്തിനിടെ 60 -ലധികം അഗ്നിപർവത സ്പോടനങ്ങളാണ് ഈവിധം ഇവിടെ നടന്നിട്ടുള്ളത്.  

1936 -ൽ സ്റ്റോക്ക് ബ്രോക്കർ ജോർജ്ജ് റെയ്മണ്ട് ബട്ടിലാണ്‌ വൈറ്റ് ഐലൻഡ് വാങ്ങിയത്. പിന്നീട് ഇത് സർക്കാരിന് വിൽക്കാൻ വിസമ്മതിച്ചെങ്കിലും 1952 -ൽ സ്വകാര്യ പ്രകൃതി സംരക്ഷണ കേന്ദ്രമായി ഇത് പ്രഖ്യാപിക്കാൻ അയാൾ സമ്മതിച്ചു. എന്നിരുന്നാലും ഈ ദ്വീപ് ഇന്നും ബട്ടിൽ ഫാമിലി ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ്.  ന്യൂസിലാന്‍റ് ടൂറിസം മാർഗ്ഗനിർദ്ദേശം അനുസരിച്ച്, നിയുക്ത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമേ സഞ്ചാരികൾക്ക് ഇവിടെ പ്രവേശനം അനുവദിക്കൂ.

ശക്തമായ സൾഫ്യൂറിക് വാതകങ്ങൾ അന്തരീക്ഷത്തിൽ എപ്പോഴും തങ്ങിനിൽക്കുന്ന ഇവിടെ സഞ്ചാരികൾ മാസ്‍ക് ധരിച്ചുവേണം നിൽക്കാൻ. അഗ്നിപർവ്വതത്തിൽ നിന്ന് പുറപ്പെടുന്ന വാതകത്തിന്‍റെ ശബ്ദം സഞ്ചാരികൾക്ക് കേൾക്കാം. ഇത് വളരെ തീവ്രവും മനോഹരവുമായ അനുഭവമായാണ് സഞ്ചാരികൾ പറയുന്നത്. അങ്ങനെ ഭീതിയും ലാവണ്യവും ഒത്തുചേർന്ന ഇവിടം സഞ്ചാരികളുടെ പ്രിയവിനോദകേന്ദ്രമാകുന്നു.  ഒരിക്കലെങ്കിലും വൈറ്റ് ഐലൻഡിൽ വന്നിട്ടുള്ളവർ അതിന്‍റെ നിഗൂഢതയിലും, വശ്യതയിലും ആകൃഷ്ടരാകാതിരുന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios