നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പ്രശാന്ത് ശ്രീകുമാർ എന്ന മലയാളി, എട്ട് മണിക്കൂർ കാത്തിരുന്ന ശേഷം ഹൃദയാഘാതം മൂലം മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഭർത്താവിന്‍റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഭാര്യ നിഹാരിക ശ്രീകുമാർ നീതിക്കായി പോരാടുന്നു
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയാണ് ഓരോ മനുഷ്യരും ജന്മനാട് ഉപേക്ഷിച്ച് മറ്റൊരു ദേശത്തേക്ക് ചേക്കേറുന്നത്. അവിടുത്തെ സുരക്ഷയും ആരോഗ്യ പരിരക്ഷകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ചുമെല്ലാം കൃത്യമായ അന്വേഷങ്ങൾ നടത്തിയ ശേഷമാകും ഈ പറിച്ച് നടൽ. എന്നാൽ, പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായൊരു അനുഭവമുണ്ടാകുമ്പോൾ അത് കുടുംബത്തെ ഒന്നാകെ ഉലച്ച് കളയുന്നു. ആശുപത്രി ജീവനക്കാരുടെ നിസഹകരണം മൂലം എട്ട് മണിക്കൂറോളം ആശുപത്രി അത്യാഹിത വിഭാഗത്തിന് പുറത്ത് നെഞ്ച് വേദനയുമായി കാത്ത് നിന്നതിന് പിന്നാലെ, മരണത്തിന് കീഴടങ്ങിയ 44 -കാരനായ മലയാളി വംശജൻ പ്രശാന്ത് ശ്രീകുമാറിന്‍റെ ഭാര്യ നീതി ആവശ്യപ്പെട്ട് രംഗത്ത്.
ചികിത്സ നിഷേധിച്ചു
ആശുപത്രിയിൽ വച്ച് പ്രശാന്തിന് ഇസിജി ചെയ്തു. വേദനയ്ക്ക് കുറച്ച് ടൈലനോൾ നൽകി, പക്ഷേ, നഴ്‌സുമാർ പ്രശാന്തിന്‍റെ രക്തസമ്മർദ്ദം പരിശോധിക്കുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എട്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം, പ്രശാന്തിനെ ചികിത്സാ വിഭാഗത്തിലേക്ക് വിളിപ്പിച്ചപ്പോൾ, നിമിഷങ്ങൾക്കുള്ളിൽ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു.
"അവൻ തളർന്നു വീഴുകയാണെന്ന് ഞാൻ കരുതി, പക്ഷേ, യഥാർത്ഥത്തിൽ അവൻ മരിക്കുകയായിരുന്നു," പ്രശാന്തിന്‍റെ ഭാര്യ നിഹാരിക ശ്രീകുമാർ ദി ഗ്ലോബ് ആൻഡ് മെയിലിനോട് പറഞ്ഞു. "അവന്‍റെ ശരീരം തണുത്തിരുന്നു. ഞാൻ അവന്‍റെ ഹൃദയം പമ്പ് ചെയ്യാൻ ശ്രമിച്ചു, ഒന്നും സംഭവിച്ചില്ല. അവൻ ഒരിക്കലും തിരിച്ചു വന്നില്ല." മക്കളും ആഘാതത്തിൽ നിന്നും മോചിതരായിട്ടില്ല. മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും നിഹാസിക പങ്കുവച്ചു.
ദൈവം അച്ഛനെ നക്ഷത്രമാക്കി
സിബിസി ന്യൂസിനോട് സംസാരിക്കവെ തങ്ങളുടെ രണ്ടാമത്തെ മകൻ എല്ലാ രാത്രിയിലും എഴുന്നേറ്റ് കരയുകയാണെന്ന് അവർ പറഞ്ഞു. "അവന്‍റെ ബെഡ് ഷീറ്റ് എല്ലാ രാത്രികളിലും കണ്ണീരിൽ കുതിർന്നിരുന്നു," "എനിക്ക് അച്ഛന്‍റെ അടുത്തേക്ക് പോകണം' എന്നായിരുന്നു ഇളയ മകന്‍റെ ആവശ്യം. "ഞാൻ അവനോട് പറഞ്ഞു, അച്ഛൻ തിരിച്ചു വരില്ല മോനെ. അദ്ദേഹം ആകാശത്തിലെ ഒരു നക്ഷത്രമായി മാറിയിരിക്കുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു, ദൈവം അദ്ദേഹത്തിന് ഒരു നക്ഷത്രമാകാൻ പ്രമോഷൻ നൽകി."
നികുതി ദായകർ, നീതി വേണം
ഭർത്താവിന്‍റെ മരണത്തിൽ നിഹാരിക നീതി ആവശ്യപ്പെട്ടു. ഗ്രേ കന്യാസ്ത്രീകളുടെ ആശുപത്രിയിലെ എല്ലാവരും എന്‍റെ ഭർത്താവിനെ കൊന്നുവെന്ന് അവർ ആരോപിച്ചു. ഭർത്താവും താനും കാനഡയിൽ നികുതി അടയ്ക്കുന്നവരാണ്. എന്നിട്ടും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. "ഞങ്ങൾ എല്ലാവരും കനേഡിയൻ പൗരന്മാരാണ്. ഈ രാജ്യത്ത് ഞങ്ങൾ ജോലി ചെയ്ത് ധാരാളം നികുതിപ്പണം നൽകിയിട്ടുണ്ട്, ഒരിക്കൽ പ്രശാന്തിന് വൈദ്യസഹായം ആവശ്യമായി വന്നപ്പോൾ, അദ്ദേഹത്തിന് അത് ലഭിച്ചില്ല," പോസ്റ്റ്മീഡിയയ്ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ നിഹാരിക കൂട്ടിച്ചേർത്തു. തനിക്കും പ്രശാന്തിനും നീതി വേണമെന്നും അവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഡിസംബർ 22 നാണ് പ്രശാന്ത് ശ്രീകുമാർ കാനഡയിലെ എഡ്മണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലെത്തിയത്. കടുത്ത നെഞ്ചുവേദനയും ഒരു കണ്ണിന്‍റെ കാഴ്ച ശക്തി നഷ്ടപ്പെട്ടുന്നതായും അദ്ദേഹം ആശുപത്രീ ജീവനക്കാരെ അറിയിച്ചു. ആശുപത്രി ജീവനക്കാർ അദ്ദേഹത്തെ ട്രയേജിൽ ചെക്ക്-ഇൻ ചെയ്‌തു. പിന്നാലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഏതാണ്ട് 8 മണിക്കൂറോളം കാത്തിരുന്ന അദ്ദേഹം ഒടുവിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. പ്രശാന്തിന്‍റെ മരണം അന്താരാഷ്ട്രാ തലത്തിൽ തന്നെ വാർത്താ പ്രാധാന്യം നേടി. സംഭവത്തിൽ കനേഡിയൻ ആരോഗ്യ സംരക്ഷണ സംവിധാനത്തെ വിമർശിച്ച് കൊണ്ട് എലോൺ മസ്‌ക് അടക്കം രംഗത്തെത്തി.


