ഭർത്താവിൻ്റെ സഹോദരിയെ രണ്ടാം ഭാര്യയായി ചിത്രീകരിച്ച് കോടതിയിൽ നിന്ന് വിവാഹമോചനം നേടി യുവതി. അറിഞ്ഞ ഭര്‍ത്താവ് ഞെട്ടിപ്പോയി. ഭാര്യയ്‍ക്കെതിരെ ഹൈക്കോടതിയില്‍.
പല കാരണങ്ങൾ കൊണ്ടും ഇന്ത്യയിലെ കോടതികൾ വിവാഹമോചനം അനുവദിക്കാറുണ്ട്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, മറ്റ് ബന്ധങ്ങൾ ഇവയെല്ലാം അതിൽ പെടുന്നു. എന്നാൽ, മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒരു യുവതി വിവാഹമോചനം നേടാൻ കണ്ടെത്തിയ വഴി എന്താണെന്നറിഞ്ഞാൽ ആരും അമ്പരന്നുപോകും. ഭർത്താവിന്റെ സഹോദരിയെ ഭർത്താവിന്റെ രണ്ടാം ഭാര്യയായി ചിത്രീകരിച്ചാണ് ഇവർ കോടതിയെ സമീപിച്ചതും വിവാഹമോചനം നേടിയതും.
1998 -ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് ജോലിയുടെ ഭാഗമായി പലപ്പോഴും വീട്ടിലുണ്ടാവുമായിരുന്നില്ല. ഇത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാവുകയും 2015 മുതൽ ഇവർ പിരിഞ്ഞു താമസിക്കാൻ തുടങ്ങുകയും ചെയ്തു. വിവാഹമോചനം നേടണമെന്ന് യുവതി ആഗ്രഹിച്ചിരുന്നെങ്കിലും ഭർത്താവ് അതിന് തയ്യാറായിരുന്നില്ല. തുടർന്ന് 2021 -ൽ യുവതി കുടുംബകോടതിയെ സമീപിച്ചു. ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്നായിരുന്നു യുവതിയുടെ പ്രധാന ആരോപണം. ഇതിന് തെളിവായി ഒരു ചിത്രവും അവർ കോടതിയിൽ സമർപ്പിച്ചു. അത് ഭർത്താവിന്റെ കുടുംബഫോട്ടോ ആയിരുന്നു. അതിൽ ഭർത്താവിന്റെ സമീപത്ത് നിൽക്കുന്നത് അയാളുടെ രണ്ടാം ഭാര്യയാണ് എന്നാണ് യുവതി കോടതിയെ അറിയിച്ചത്.
യുവതിയുടെ വാദം മുഖവിലയ്‌ക്കെടുത്ത കുടുംബകോടതി, ഭർത്താവിന്റെ ഭാഗം കേൾക്കാതെ തന്നെ ഏകപക്ഷീയമായി (One-sided decree) വിവാഹമോചനം അനുവദിക്കുകയും ചെയ്തു. എന്നാൽ, ഏപ്രിൽ ആദ്യം വിവാഹമോചന ഉത്തരവിനെക്കുറിച്ച് അറിഞ്ഞ ഭർത്താവ് ഞെട്ടിപ്പോയി. കോടതി രേഖകൾ പരിശോധിച്ചപ്പോഴാണ് തന്റെ സഹോദരിക്കൊപ്പമുള്ള ചിത്രം രണ്ടാം ഭാര്യയാണ് എന്ന് പറഞ്ഞ് കോടതിയിൽ തെളിവായി നൽകിയാണ് ഭാര്യ വിവാഹമോചനം നേടിയതെന്ന് യുവാവ് തിരിച്ചറിഞ്ഞത്.
തെറ്റായ വിവരങ്ങൾ നൽകി ഭാര്യ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഗവൺമെന്റ് അഡ്വക്കേറ്റ് ധർമ്മേന്ദ്ര ശർമ്മ പറയുന്നത്. കുടുംബകോടതിയുടെ ഈ വിവാഹമോചന ഉത്തരവിനെതിരെ ഭർത്താവ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിനെ സമീപിച്ചു. വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകിയ ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് യുവാവിന്റെ ആവശ്യം. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
