ഹവായിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്ന ലഹൈന കാട്ടുതീയിൽ അപ്പാടെ കത്തിയമർന്നു. ഭയന്ന ആളുകളിൽ പലരും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പസഫിക് സമുദ്രത്തിലേക്ക് എടുത്തുചാടി.

ഹവായിയിലെ മൗയിയിൽ ഇന്നലെ നടന്നത് വൻ ദുരന്തം. കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 53 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നൂറുകണക്കിന് കെട്ടിടങ്ങളാണ് കാട്ടുതീയിൽ കത്തിയമർന്നത്. 'ഹവായിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം' എന്നാണ് വ്യാഴാഴ്ച ​ഗവർണർ ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്. തീപിടിത്തത്തെ വൻദുരന്തമായി അമേരിക്കയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

ആയിരക്കണക്കിന് പേരെയാണ് ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. പതിനായിരത്തോളം പേർ ഇപ്പോഴും ദ്വീപിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ദ്വീപിൽ വൈദ്യുതി, ഇന്‍റർനെറ്റ് സൗകര്യങ്ങൾ എല്ലാം തന്നെ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ചൊവ്വാഴ്ച മൗയിയിൽ കുറഞ്ഞത് വലിയ നാല് കാട്ടുതീയെങ്കിലും പടർന്നതാണ് വൻദുരന്തത്തിന് കാരണമായത്. ബുധനാഴ്ച രാത്രി വരെ ഒരു പരിധിവരെയും നിയന്ത്രണവിധേയമായിരുന്ന തീ പിന്നീടങ്ങോട്ട് സർവനാശം വിതച്ച് പടരുകയായിരുന്നു. കനത്ത കാറ്റാണ് തീപിടിത്തത്തെ ഇത്രയേറെ ദുരന്തത്തിലേക്ക് എത്തിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഹവായിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്ന ലഹൈന കാട്ടുതീയിൽ അപ്പാടെ കത്തിയമർന്നു. ഭയന്ന ആളുകളിൽ പലരും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പസഫിക് സമുദ്രത്തിലേക്ക് എടുത്തുചാടി. പിന്നീട്, യുഎസ് കോസ്റ്റു​ഗാർഡുകളാണ് പലരേയും രക്ഷിച്ചത്. പ്രദേശവാസികളും വിനോദസഞ്ചാരികളും കാറിലും ബോട്ടിലുമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്. പൊള്ളലേറ്റ പലരേയും വിമാനത്തിൽ ഒവാഹു ദ്വീപിലേക്ക് മാറ്റി. 

'മൗയിയിൽ നാല് വലിയ തീപിടുത്തങ്ങളും നിരവധി ചെറിയ തീപിടുത്തങ്ങളും ഉണ്ടായി' എന്നാണ് മൗയി കൗണ്ടി ഫയർ ചീഫ് ബ്രാഡ് വെഞ്ചുറ വ്യാഴാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 'അതിലെ വലിയ തീപിടിത്തങ്ങളൊന്നും തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ തന്നെ തീ നിയന്ത്രണവിധേയമാക്കുന്നതും രക്ഷാപ്രവർത്തനവും ദുഷ്കരമായി' എന്നും വെഞ്ചുറ പറഞ്ഞതായി വാഷിം​ഗ്‍ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

വീണ്ടെടുക്കാൻ പറ്റാത്ത നഷ്ടമാണ് കാട്ടുതീയിൽ ഉണ്ടായിരിക്കുന്നത്. ജീവൻ തിരികെ കിട്ടിയ പലരും സർവതും നശിച്ചുപോയി എങ്കിലും ജീവനുണ്ടല്ലോ എന്ന് ആശ്വസിക്കുകയാണ്. അതേസമയം ​ഗുരുതരമായി പരിക്കേറ്റവർ നിരവധിയാണ്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.