രാജസ്ഥാനിൽ ഈ മഴക്കാലത്തും രാഷ്ട്രീയ താപനില ഉയർന്നു പൊങ്ങിയ സാഹചര്യമാണ് നിലനിൽക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലെ കടുത്ത അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്നുതൊട്ടുതന്നെ നിലവിലുണ്ടായിരുന്നു എങ്കിലും, ഏറ്റവും പുതിയ തർക്കത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് എംഎൽഎമാരെ വിലയ്ക്കുവാങ്ങി എന്ന പേരിൽ രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) പുറപ്പെടുവിച്ച നോട്ടീസിനെയാണ്. ഈ നോട്ടീസ് സ്വതന്ത്ര എംഎൽഎമാർക്കൊപ്പം ഗെഹ്‌ലോത്തിനും പൈലറ്റിനും SOG കൈമാറിയിട്ടുണ്ട്. ഈ നോട്ടീസ് കൈപ്പറ്റിയ ശേഷമാണ് സച്ചിൻ പൈലറ്റും അനുയായികളും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് പരസ്യമായിത്തന്നെ പ്രതികരണങ്ങൾ നടത്തിയത്. ആ പ്രതികരണങ്ങൾ രാജസ്ഥാനിൽ ഒതുങ്ങി നിന്നില്ല, ദില്ലി ഹൈക്കമാൻഡ് വരെ നേരിട്ട് എത്തി എന്നുമാത്രം.

എന്നാൽ ബിജെപി തന്റെ സർക്കാരിനെ തകിടം മറിക്കാൻ വേണ്ടി കുതിരക്കച്ചവടം നടത്തി എന്ന ആരോപണമാണ് ഗെഹ്‌ലോത്ത്‌ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി രാജസ്ഥാനിൽ തന്റെ മന്ത്രിസഭാ മറിച്ചിടാൻ വേണ്ടി 'ഓപ്പറേഷൻ ലോട്ടസ്' നടപ്പിലാക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. എന്നാൽ, കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന തൊഴുത്തിൽ കുത്ത് ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കാതെ അതിന് ബിജെപിയെ പഴിചാരി രക്ഷപ്പെടാനാണ് ഗെഹ്‌ലോത്തിന്റെ ശ്രമം എന്നാണ് ബിജെപിയുടെ വാദം. അധികാരക്കൊതി മൂത്തുള്ള പോരാണ് പൈലറ്റും ഗെഹ്‌ലോത്തും തമ്മിൽ എന്നും ബിജെപി ആക്ഷേപിക്കുന്നുണ്ട്.

എവിടെ നിന്നാണ് എല്ലാറ്റിന്റെയും തുടക്കം?

2018 -ൽ രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനും മുമ്പുതന്നെ ഗെഹ്‌ലോത്തും പൈലറ്റും തമ്മിൽ ഭിന്നത രൂക്ഷമാണ്. അതൊക്കെ താത്കാലികമായെങ്കിലും മറന്നുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുവരും ഒന്നിച്ചു പ്രവർത്തിച്ചത്. ആ പ്രവർത്തനങ്ങൾ ഫലം കണ്ടു, കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജയിച്ചുകയറി. അതോടെ മത്സരം കോൺഗ്രസ് ക്യാമ്പിനുള്ളിലായി. ആര് മുഖ്യമന്ത്രിയാകും എന്നതായിരുന്നു ചോദ്യം. ഹൈക്കമാൻഡ് ഇടപെട്ട് ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചകൾ നടത്തപ്പെട്ട ശേഷമാണ് തത്ക്കാലം ഗെഹ്‌ലോത്ത്‌ മുഖ്യമന്ത്രി ആയിക്കോട്ടെ, പൈലറ്റ് ഉപമുഖ്യമന്ത്രി പദം സ്വീകരിക്കട്ടെ എന്നൊരു പ്രശ്നപരിഹാര ഫോർമുല നിർദ്ദേശിക്കപ്പെട്ടത്.

 

 

അന്നുതൊട്ടിങ്ങോട്ട് ഇടയ്ക്കിടെ ഓരോരോ കാര്യങ്ങൾ വരുമ്പോൾ മുറുമുറുപ്പുകൾ ഉണ്ടായിക്കൊണ്ടിരുന്നു. എന്തെങ്കിലും ഒരു വിഷയം വരുമ്പോഴേക്കും ഇരു പക്ഷത്തു നിന്നും പേരെടുത്തു പറയാതെ കൊള്ളിച്ചുള്ള സംസാരങ്ങൾ പതിവായിരുന്നു. അതിനി കോഠയിലെ നവജാതശിശുക്കളുടെ മരണമായാലും, സംസ്ഥാനത്തെ ക്രമസമാധാന നിലയായാലും ശരി. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ ഡ്യൂട്ടി സച്ചിൻ പൈലറ്റ് ഗ്രൂപ്പ് ഏറ്റെടുത്ത പ്രതീതിയാണ് ഉണ്ടായിരുന്നത്. അങ്ങനെ ഇത്രയും കാലം കോൺഗ്രസ് ക്യാമ്പിനുള്ളിൽ ഒതുങ്ങിനിന്നിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തേക്കു വന്നിരിക്കുന്നത്. 

 രാജ്യസഭാ തെരഞ്ഞെടുപ്പിലെ തർക്കങ്ങൾ

അങ്ങനെയിരിക്കെയാണ് ജൂണിൽ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നെത്തിയത്. ആ സമയത്താണ് ഗെഹ്‌ലോത്ത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന മുറവിളി ഉയർത്തിയത്. ഓരോ എംഎൽഎമാർക്കും ബിജെപി 25 കോടി വീതം ഓഫർ ചെയ്തിട്ടുണ്ട് എന്നായിരുന്നു ഗെഹ്‌ലോത്തിന്റെ ആക്ഷേപം. കർണാടകത്തിലും മധ്യപ്രദേശിലും പരീക്ഷിച്ചു വിജയിച്ച തന്ത്രം ബിജെപി രാജസ്ഥാനിലും പയറ്റുകയാണ് എന്നാണ് അദ്ദേഹം ആരോപിച്ചത്. അദ്ദേഹം അതിനിടെ തന്റെ എംഎൽഎമാരെ ജയ്‌പ്പൂരിലെ ഒരു റിസോർട്ടിലേക്ക് മാറ്റി. അതോടൊപ്പം തന്നെ ഗെഹ്‌ലോത്ത് പക്ഷത്തെ പ്രമുഖരിൽ ഒരാളായ മഹേഷ് ജോഷി രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ഇത് സംബന്ധിച്ച ഒരു പരാതിയും സമർപ്പിച്ചു.

ഇന്ന് വിവാദത്തിനു മൂലകാരണമായിരിക്കുന്നതും ഇതേ SOG നടത്തിയ അന്വേഷണത്തിന്റെ ശേഷം വന്ന നോട്ടീസ് ആണ്. ജൂലൈ 10 -നാണ് ഈ വിഷയത്തിൽ SOG എഫ്‌ഐആർ ഇട്ടത്. തങ്ങൾ പല നിയമസഭംഗങ്ങളുടെയും ഫോണുകൾ ചോർത്തി നിരീക്ഷണങ്ങൾ നടത്തി എന്ന് അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു . ഇങ്ങനെ ചോർന്നുകിട്ടിയ ചില ഫോൺ സംഭാഷണങ്ങളിലാണ് ഗെഹ്‌ലോത്തിനും പൈലറ്റിനും ഇടയിലെ ഭിന്നത രൂക്ഷമാണ് എന്നും സ്വതന്ത്രന്മാരെ സ്വാധീനിക്കാനാവുകയാണെങ്കിൽ, ഒന്നാഞ്ഞു പരിശ്രമിച്ചാൽ സർക്കാർ വരെ ഇപ്പോൾ മറിച്ചിടാൻ കഴിഞ്ഞേക്കും എന്ന് സംഭാഷണങ്ങളിൽ ഒന്നിൽ കേട്ടത്. ഇത്തരത്തിൽ സ്വതന്ത്ര എംഎൽഎമാരെ പണം നൽകി സ്വാധീനിച്ച്, കുതിരക്കച്ചവടത്തിനു ശ്രമിച്ചു എന്ന പേരിൽ തങ്ങൾ അശോക് സിംഗ്, ഭരൺ മലാനി എന്നിങ്ങനെ രണ്ടു ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു എന്ന വിവരവും SOG മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞതും ഗെഹ്‌ലോത്ത്‌ ബിജെപിക്കുനേരെ ചാടിവീണു. വിലപേശിവാങ്ങാൻ ഇത് ആഴ്ചച്ചന്തയിലെ ആടുമാടുകളല്ല നിയമസഭാംഗങ്ങളാണ് എന്നായിരുന്നു ഗെഹ്‌ലോത്തിന്റെ പ്രധാന ആക്ഷേപം.

ഈ SOG അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് അവർ ഡെപ്യൂട്ടി സിഎം സച്ചിൻ പൈലറ്റ് അടക്കമുള്ള ഇരുപതോളം കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയ നോട്ടീസാണ് ഇപ്പോൾ വിവാദവിഷയം. ഇത് ഗെഹ്‌ലോത്ത്‌ പക്ഷം തങ്ങളെ ലക്‌ഷ്യം വെചെയ്തുവിട്ട ഒളിയമ്പാണ് എന്നാണ് അവരുടെ പക്ഷം. ആ ആക്ഷേപത്തിന്റെ പുറത്തു നടന്ന ചർച്ചകളാണ് ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് നയിച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ വേണ്ടിയുള്ള ഗൂഢാലോചനകൾ ഗെഹ്‌ലോത്ത്‌ ക്യാമ്പിൽ സജീവമാണ് എന്നൊരു അഭ്യൂഹം നിലനിൽക്കുന്നുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കാനാണ് ഇപ്പോൾ ഈ SOG നോട്ടീസ് നാടകം എന്നാണ് ഗെഹ്‌ലോത്ത്‌ പക്ഷത്തിന്റെ വാദം.

ഇതേപ്പറ്റി രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രി രമേശ് മീണ നടത്തിയ പ്രതികരണം ഇങ്ങനെ, " എന്റെ പേര് പരാതിപ്പെട്ടവരുടെ പട്ടികയിലോ, ആരോപണം നേരിടുന്നവരുടെ പട്ടികയിലോ ഇല്ല. പിന്നെ എന്തിന്റെ പേരിലാണ് എനിക്ക് SOG ഇങ്ങനെയൊരു നോട്ടീസ് അയച്ചു വിട്ടിരിക്കുന്നത്. ഇങ്ങനെ ദുരുദ്ദേശപരമായി സ്റ്റേറ്റ് പോലീസിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് അന്വേഷണങ്ങളുടെ നിഴലിൽ പൊതുപ്രവർത്തകരെ കൊണ്ടുനിർത്തുന്നത് അവരുടെ വിശ്വാസ്യത താത്കാലികമായെങ്കിലും പിടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നതിൽ സംശയം വേണ്ട."

ഇതേപ്പറ്റി മുഖ്യമന്ത്രി ഗെഹ്‌ലോത്തിന്റെ ട്വീറ്റ് ഇങ്ങനെ,"കോൺഗ്രസ് ബിജെപിക്കെതിരെ ഉന്നയിച്ച കുതിരക്കച്ചവട ആരോപണങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി എന്നിവർക്കൊപ്പം ഇരുപതോളം എംഎൽഎമാർക്കും നോട്ടീസ് അയച്ചത്. അത് അന്വേഷണത്തിന്റെ ഭാഗമായുള്ള ഔപചാരികമായ നടപടിക്രമം മാത്രമാണ്. അതിനെ മാധ്യമങ്ങൾ പർവ്വതീകരിച്ചു കാണേണ്ട കാര്യമില്ല. "

  

 

ഇതേപ്പറ്റി സംസ്ഥാനത്തിനുള്ളിൽ നടന്ന തർക്കങ്ങൾ അങ്ങ് കേന്ദ്രത്തിലുമെത്തി. കപിൽ സിബലിന്റെ ട്വീറ്റ് ഇങ്ങനെ, "പാർട്ടിയെക്കുറിച്ചോർക്കുമ്പോൾ അങ്കലാപ്പുണ്ട്. ഇനി കുതിരകൾ ലായം വിട്ടു പോയ ശേഷമേ വേണ്ടത് ചെയ്യൂ എന്നുണ്ടോ?"   

 

 

ഈ ട്വീറ്റിൽ എവിടെയും കപിൽ സിബൽ രാജസ്ഥാൻ എന്നൊരു വാക്ക് പറഞ്ഞില്ലെങ്കിലും വ്യംഗ്യം സ്പഷ്ടമായിരുന്നു. ഇതേപ്പറ്റി രാജസ്ഥാനിലെ മുൻ മുതിർന്ന കോൺഗ്രസ് അംഗവും, ഇപ്പോൾ ബിജെപി ക്യാമ്പിൽ ചേർന്നിട്ടുള്ള നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയും ഇട്ടു ഒരു ട്വീറ്റ്, "എന്റെ പഴയ സഹപ്രവർത്തകൻ സച്ചിൻ പൈലറ്റിനെ, മുഖയാമന്ത്രിയും ഉപജാപകവൃന്ദവും ചേർന്ന് ഒറ്റപ്പെടുത്തുന്നതും വേട്ടയാടുന്നതും കാണുമ്പൊൾ നല്ല സങ്കടം തോന്നുന്നുണ്ട്. ഇന്ന് രാജസ്ഥാൻ കോൺഗ്രസിൽ പ്രതിഭയ്ക്കും കാര്യപ്രാപ്തിക്കും ഒരു വിലയുമില്ല എന്നാണ് ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്" എന്നായിരുന്നു, എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ടുള്ള സിന്ധ്യയുടെ ട്വീറ്റ്.

 

 

പ്രശ്നം വഷളാകുന്നു എന്ന് കണ്ടതോടെ ഗെഹ്‌ലോത്ത് തന്റെ പാളയത്തിലേക്ക് ആളെക്കൂട്ടാൻ തുടങ്ങി. ജൂലൈ 11 -ന് കാബിനറ്റ് മീറ്റിംഗ് നടന്നു. എംഎൽഎമാരുമായി ഇതുസംബന്ധിച്ച് ഒരു അടിയന്തരസമ്പർക്കം പുലർത്തേണ്ടതുണ്ട് എന്ന് ഈ മീറ്റിങ്ങിലാണ് നിർദേശമുണ്ടായത്. അടുത്ത ദിവസം തന്നെ എംഎൽഎമാർ എല്ലാവരും തന്നെ ജയ്പൂരിലേക്ക് വിളിച്ചു വരുത്തപ്പെട്ടു. രാത്രി ഗെഹ്‌ലോത്തിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് ഉണ്ടാകും എന്ന് എല്ലാവർക്കും കിട്ടി. അതിനിടെ ഹൈക്കമാണ്ടിൽ നിന്ന് സോണിയാ ഗാന്ധിയുടെ വകയും ഉണ്ടായി ആക്ഷൻ. അജയ് മാക്കൻ, രൺദീപ് സുർജേവാല, അവിനാശ് പാണ്ഡെ എന്നിവർ പ്രശ്നപരിഹാര ചർച്ചകൾക്കായി ജയ്പൂരിലേക്ക് പറഞ്ഞയക്കപ്പെട്ടു.

ബിജെപി ക്യാംപ് ആണെങ്കിൽ തുടക്കം മുതൽക്കേ അത്തരത്തിൽ ഒരു ഓപ്പറേഷനും തങ്ങൾ മുതിർന്നിട്ടില്ല എന്ന വിശദീകരണമാണ് നല്കിക്കൊണ്ടിരിക്കുന്നത്. ഇത് കോൺഗ്രസിലെ പടലപ്പിണക്കങ്ങളുടെ ഭാഗം മാത്രമാണ് എന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ സതീഷ് പൂനിയ പറയുന്നത്. വീട്ടിനുള്ളിൽ വച്ചുള്ള തർക്കങ്ങൾക്ക് പകരം കോൺഗ്രസുകാർ ഇപ്പോൾ തെരുവിലിറങ്ങി വിഴുപ്പലക്കൽ നടക്കുകയാണ് എന്ന് അദ്ദേഹം ആക്ഷേപിച്ചു. ഇതിൽ തങ്ങളായിട്ട് ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. രാജസ്ഥാനിൽ നടക്കുന്ന രാഷ്ട്രീയ തിരനാടകത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം ഒക്കെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് ഒരാൾ തന്നെയാണ് എന്നാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ അഭിപ്രായം. ബിജെപിയുടെ തോളിൽ തോക്കെടുത്തുവെച്ച് വെടിവെക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ല എന്നും അദ്ദേഹം പറഞ്ഞു .

എന്താണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സീറ്റ് നില ?

രാജസ്ഥാൻ നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 200 ആണ്. കോൺഗ്രസ് പക്ഷത്ത് 107 എംഎൽഎമാർ. 12-13 സ്വതന്ത്ര എംഎൽഎമാരും അവർക്കൊപ്പം ഉണ്ട്. ഫലം വന്നപ്പോൾ സർക്കാരിന് ശക്തി പകരാൻ അവരെ കൂടെക്കൂട്ടിയത് കോൺഗ്രസ് ക്യാമ്പ് തന്നെ. സംഭയ്ക്കുള്ളിൽ ബിജെപിക്കുള്ളത് 72 എംഎൽഎമാരാണ്. മൂന്നു സീറ്റുകൾ ഹനുമാൻ ബെനിവാളിന്റെ ആർഎൽപിയും രണ്ടെണ്ണം ബിറ്റിപിയും രണ്ടെണ്ണം ബിജെപിയും കയ്യടക്കി വെച്ചിരിക്കുന്നു.

നിലവിൽ രാജസ്ഥാനിൽ ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിക്ക് പങ്കില്ല എന്നുതന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം. ഇതിനെ പലരും കാണുന്നത് കോൺഗ്രസിലെ ആഭ്യന്തര കലാപം എന്ന നിലയ്ക്കാണ്. ഇതിൽ ഒരു ഓപ്പറേഷൻ ലോട്ടസും ഇല്ല എന്നാണ് പറയപ്പെടുന്നത്. ഇത് 2018 തൊട്ടു തന്നെ, ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച് പൈലറ്റിനും ഗെഹ്‌ലോത്തിനും ഇടയിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളുടെ തുടർച്ചയാണ്.  ഇന്ന് പൈലറ്റിന്റെ ഗ്രൂപ്പിൽ വേണ്ടത്ര ആൾ ഇല്ലാത്ത അവസ്ഥയാണ്. 2018 -ൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പൈലറ്റ് ക്യാമ്പ് സജീവമായിരുന്നു. ഫലം വന്നപ്പോഴും 21 എംഎൽഎമാർ അദ്ദേഹത്തോട് കൂറുള്ളവർ ആയിരുന്നു. എന്നാൽ, രണ്ടു വർഷത്തിനിടെ സമവാക്യങ്ങൾ മാറി. പല എംഎൽഎമാരുടെയും ഗ്രൂപ്പ് അനുഭാവങ്ങളും  മാറിമറിഞ്ഞു. 

കഴിഞ്ഞ ദിവസം ഗുരുഗ്രാമിൽ വെച്ച് സച്ചിൻ പൈലറ്റ് അവകാശപ്പെട്ടത് തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നാണ്. ജ്യോതിരാദിത്യ സിന്ധ്യയുമായി ചർച്ച നടത്തിയ പൈലറ്റ് താമസിയാതെ ബിജെപി ദേശീയ സെക്രട്ടറി ജെപി നദ്ദയെ കാണും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സജീവമാണ്. എന്നാൽ, തല്ക്കാലം ഗെഹ്‌ലോത്ത് സർക്കാരിന് ഭീഷണിയില്ലെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. എംഎൽഎമാർക്ക് വൻ തുക നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാൻ പാർട്ടിക്കാവുമെന്ന് കെസി വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെ ​ഗുരു​ഗ്രാമിലേക്ക് സച്ചിൻ പൈലറ്റിനൊപ്പം പോയ 23 എംഎൽഎമാരിൽ മൂന്ന് പേ‍ർ ഇന്ന് രാവിലെ ജയ്പൂരിൽ തിരിച്ചെത്തിയിട്ടുണ്ട്. സച്ചിനൊപ്പം 15-ൽ താഴെ എംഎൽഎമാ‍ർ മാത്രമേ ഉണ്ടാവൂ എന്ന കണക്കുകൂട്ടലിലാണ് ഹൈക്കമാൻഡ് ഇപ്പോൾ.

എന്തായാലും, വരും ദിനങ്ങളിൽ പോര് മുറുകിയാൽ അത് രാജസ്ഥാനിലെ കോൺഗ്രസ് പാളയത്തിൽ ആരുടെയൊക്കെ കസേര തെറിക്കാൻ കാരണമാകും എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.