Asianet News MalayalamAsianet News Malayalam

ഇന്ത്യ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു, ഇന്ന് കുൽഭൂഷൺ മോചിപ്പിക്കപ്പെടുമോ ?

ഇറാനിൽ കഴിയുകയായിരുന്ന ജാധവിനെ അവിടത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, താലിബാന് കൈമാറുകയായിരുന്നു,  അവർ  ഐഎസ്‌ഐയ്ക്കും. 

Will Kulbhushan Jadhav get release order today ?
Author
Hague, First Published Jul 17, 2019, 1:00 PM IST

ന്ന് വൈകുന്നേരം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി(ICJ) പ്രഖ്യാപിക്കാനിരിക്കുന്ന ചരിത്ര വിധിയ്ക്ക് കാതോർത്തിരിക്കുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാരാണ്. ഒരു മനുഷ്യന്റെ ജീവൻ, രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയിൽ പെട്ട് തുലാസിലായിട്ട് വർഷം  മൂന്നുകഴിഞ്ഞിരിക്കുന്നു.

തന്റെ ഭർത്താവിനെ ഇനി ജീവനോടെ കാണാൻ സാധിക്കുമോ എന്ന ഒരു ഭാര്യയുടെ ചോദ്യത്തിന്, തന്റെ മകനെ മരിക്കും മുമ്പ് ഒരു തവണ അടുത്തുകിട്ടുമോ എന്ന ഒരു അമ്മയുടെ ആഗ്രഹത്തിന് ഒക്കെ ഇന്നു വൈകുന്നേരം ഒരു അന്തിമ മറുപടി കിട്ടിയേക്കും.  ഈ അവസാനദിവസം വരെയും അത് തികച്ചും അപ്രവചനീയമാണ്. 

ഈ നിർണായക ദിവസത്തിൽ എത്തിനിൽക്കുമ്പോൾ നമ്മുടെ മുന്നിൽ നിറഞ്ഞ ഉദ്വേഗം മാത്രമാണ്. എന്നാൽ, കഴിഞ്ഞ മൂന്നുവർഷക്കാലം കൊണ്ട്, കുൽഭൂഷൺ ജാധവ് എന്ന മഹാരാഷ്ട്രക്കാരന്റെ വേണ്ടപ്പെട്ടവർ  കുടിച്ചു തീർത്ത കണ്ണീരിനും, ഉറക്കം വരാതെ പിന്നിട്ട രാത്രികൾക്കും കണക്കില്ല. പാകിസ്ഥാനിലെ ജയിലുകളിൽ കുൽഭൂഷൺ അനുഭവിച്ച പീഡനങ്ങളും വിവരിക്കാനാകാത്തതായിരിക്കും.  കുൽഭൂഷൺ ജാധവിന്റെ കേസിനെപ്പറ്റി നമുക്ക് ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങൾ ഇത്രയുമാണ്. 
 
ആരാണ് കുൽഭൂഷൺ ജാധവ് ? 

കുൽഭൂഷൺ സുധീർ ജാധവ്, ഇന്ത്യൻ ചാരനെന്ന് പാകിസ്ഥാനും, നേവിയിൽ നിന്നും സ്വയം വിരമിച്ച്, ഇറാനിൽ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന ഒരു ഇന്ത്യൻ പൗരൻ മാത്രം എന്ന് നമ്മുടെ ഗവണ്മെന്റും ആണയിട്ടുപറയുന്ന ഒരാളാണ്. 2016, മാർച്ച് മൂന്നിന് ബലൂചിസ്ഥാനിൽ നടന്ന ഒരു കൗണ്ടർ ഇന്റലിജൻസ് ഓപ്പറേഷനിൽ തങ്ങളുടെ വലയിൽ കുടുങ്ങിയ കൊമ്പൻ സ്രാവാണ് ജാധവ് എന്ന് ഐഎസ്‌ഐ അവകാശപ്പെടുന്നു. എന്നാൽ, നേവിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഏറെക്കാലമായി ഇറാനിൽ സ്വന്തമായി ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന ജാധവിനെ അവിടെനിന്നും ഐഎസ്‌ഐക്കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗിക വക്താക്കൾ പറഞ്ഞു. 

Will Kulbhushan Jadhav get release order today ?

എന്തായാലും, തുടക്കം മുതലേ പന്ത് പാക്കിസ്ഥാന്റെ കോർട്ടിൽ ആയിരുന്നതിനാൽ, തുടർനടപടികളുടെ നിയന്ത്രണവും അവരുടെ കയ്യിൽ തന്നെയായിരുന്നു. 2017  ഏപ്രിൽ 10 -ന് പാക്കിസ്ഥാനിലെ സൈനികകോടതി, കുൽഭൂഷൺ ജാധവിനെ കോർട്ട്മാർഷ്യൽ ചെയ്തു. രാജ്യത്തിൻറെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതിന് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഇന്ത്യ അപ്പീലുമായി ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര നീതിന്യായ കോടതിയെ(ICJ) സമീപിച്ചു.  .  

1970 ഏപ്രിൽ 16 -നാണ് മഹാരാഷ്ട്രയിലെ സാംഗ്‌ലി എന്ന പട്ടണത്തിൽ സുധീർ ജാധവ് എന്ന പോലീസുകാരന്റെയും അവന്തി ജാദവിന്റെയും മകനായി കുൽഭൂഷൺ ജനിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും 1987 -ൽ പഠിച്ചിറങ്ങിയ കുൽഭൂഷൺ 1991 -ൽ നേവിയിലെ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ കമ്മീഷൻഡ് ഓഫീസർ ആവുകയായിരുന്നു.
 
പാക് ആരോപണങ്ങൾ 

2003 -ൽ ജാധവ്, ഹുസ്സൈൻ മുബാറക്ക് പട്ടേൽ, എന്ന പേരിൽ L9630722 എന്ന നമ്പരോടുകൂടിയ പാസ്പോര്‍ട്ടുമായി, ഇറാനിലെ ചബഹർ പോർട്ടിലേക്ക് ചാരപ്രവർത്തനത്തിനായി വന്നു എന്നാണ് പാക് പക്ഷം. അവിടം കേന്ദ്രീകരിച്ചുകൊണ്ട് ബലൂചിസ്ഥാനിലെ വിഘടനവാദികളെ ശക്തിപ്പെടുത്തുക എന്ന ഓപ്പറേഷനിൽ ഇന്ത്യൻ ഗവണ്മെൻറിനുവേണ്ടി ജാധവ് 2013  മുതൽ പ്രവർത്തിച്ചുപോരുകയായിരുന്നു എന്നും അവർ പറയുന്നു. 

Will Kulbhushan Jadhav get release order today ?

ബലോച്ച് വിഘടനവാദികൾക്ക് വേണ്ട ആയുധങ്ങളും പണവുമെല്ലാം എത്തിച്ചുകൊണ്ടിരുന്നത് ഹുസ്സൈൻ മുബാറക്ക് പട്ടേൽ എന്ന കുൽഭൂഷൺ ജാധവ് ആയിരുന്നു എന്നും അവർ ആരോപിക്കുന്നു. കറാച്ചിയിൽ കലാപമുണ്ടാക്കിയതും, ബലൂചിസ്ഥാനിലെ വിഘടനവാദികൾക്ക് തന്റെ നേവി ട്രെയിനിങ് പകർന്നു നൽകിയതും, ഗ്വാദർ, കറാച്ചി തുറമുഖങ്ങൾ ആക്രമിക്കാൻ പ്ലാനിട്ടതും ഒക്കെ കുൽഭൂഷൺ ജാധവ് സമ്മതിച്ച കുറ്റങ്ങളാണ് എന്ന് ഐഎസ്‌ഐ പറയുന്നു. 
 
ഇസ്ലാമിലേക്ക് നേരത്തേ പറഞ്ഞ കള്ളപ്പേരിൽ മതംമാറിയ ജാധവ്, ഇറാനിലെ ഗദാനി എന്ന ഇടത്തിൽ ഒരു ആക്രിക്കച്ചവടക്കാരനായി കഴിഞ്ഞുകൂടുകയായിരുന്നത്രേ. ചൈനാ-പാക് എക്കണോമിക് കോറിഡോർ തകർക്കുകയായിരുന്നു പോലും ജാധവിന്റെ അന്തിമ ലക്ഷ്യം. ജാധവിൽ നിന്നും പാക്കിസ്ഥാന്റെയും ഇറാന്റെയും ഭൂപടങ്ങളും, രഹസ്യകോഡുകളും മറ്റും കണ്ടെടുത്തു എന്നുവരെ പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ട്. ഈ ഒരു അറസ്റ്റിനെ അവർ തങ്ങളുടെ രഹസ്യപ്പൊലീസിന്റെ വലിയ ഒരു നേട്ടം എന്ന നിലയിലാണ് മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചതും.


കുൽഭൂഷൺ ജാധവിന്റെ കുറ്റസമ്മത വീഡിയോ 

ഈ വീഡിയോയിൽ ജാധവ്, ചബഹർ പോർട്ട് കേന്ദ്രീകരിച്ചുകൊണ്ട് താൻ നടത്തിയ ചാരപ്രവർത്തനങ്ങളെപ്പറ്റിയും, അതിനു റോ ജോയിന്റ് സെക്രട്ടറി അനിൽ ഗുപ്ത നല്കിപ്പോന്ന നിർദേശങ്ങളെപ്പറ്റിയും ഒക്കെ മൊഴി നൽകുന്നുണ്ട്. അതിൽ ജാധവ് ഇങ്ങനെ പറയുന്നു, "ഞാൻ ഇന്ത്യൻ നേവിയിൽ ഇന്നും ജോലിചെയ്യുന്ന, 2022 -ൽ വിരമിക്കേണ്ട ഒരു ഓഫീസറാണ്. ഞാൻ ഇന്റലിജൻസ് ഓപ്പറേഷൻസിൽ ചേരുന്നത് 2002 -ലാണ്. 2003 -ലാണ് ഇറാനിലെ ചബഹറിൽ എത്തിപ്പെടുന്നത്, ബിസിനസ് തുടങ്ങുന്നത്. 2003 -ലും 2004 -ലും കറാച്ചി സന്ദർശനങ്ങൾ നടത്തി. 2013 -ലാണ് എന്നെ റോ  -യിലേക്ക് തെരഞ്ഞെടുക്കുന്നത്..."

 

ഇന്ത്യൻ മറുപടി 

ഇന്ത്യയുടെ വിദേശകാര്യവകുപ്പ് പാക്കിസ്ഥാനോട് വീണ്ടും വീണ്ടും പറഞ്ഞത് ഒരേകാര്യമാണ്. കുൽഭൂഷൺ ജാധവ് ഒരു ഇന്ത്യൻ നേവൽ ഓഫീസർ ആയിരുന്നു. എന്നാൽ, റിട്ടയർമെന്റിനുശേഷം തന്റെ ബിസിനസ് നോക്കി സ്വൈര്യമായി ഇറാനിൽ കഴിയുകയായിരുന്ന ജാധവിനെ അവിടത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, താലിബാന് കൈമാറുകയായിരുന്നു. താലിബാൻ തുടർന്ന് ഐഎസ്‌ഐയ്ക്കും. അല്ലാതെ, കുൽഭൂഷൺ ജാധവിന്  ഇന്ത്യൻ ചാരസംഘടനകളുമായി യാതൊരു  ബന്ധവുമില്ല. ജാധവിന് കോണ്‍സുലാര്‍ ആക്സസ്സ് കിട്ടാനായി ഇന്ത്യ പരിശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. കുൽഭൂഷൺ ജാദവിന്റേതായി പാക്കിസ്ഥാൻ സമർപ്പിച്ച കുറ്റസമ്മത വീഡിയോ അദ്ദേഹത്തെ പീഡനങ്ങൾക്ക് വിധേയനാക്കി, നിർബന്ധിച്ച് എടുപ്പിച്ചതാണ് എന്ന് ഇന്ത്യ പറയുന്നു. 

ഒടുവിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്...

അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള അവകാശവാദങ്ങൾക്കും ആരോപണപ്രത്യാരോപണങ്ങൾക്കും ഒടുവിൽ മേയ് 2017 -ൽ ഇന്ത്യ കേസുമായി ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുന്നു. വിയന്ന കൺവെൻഷൻ പ്രകാരം തങ്ങൾക്ക് കുൽഭൂഷൺ ജാധവിന്മേൽ കോൺസുലാർ ആക്സസ് അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു. പാകിസ്ഥാന്‍ അതിനെ എതിര്‍ക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഹരീഷ് സാൽവേയും, പാകിസ്ഥാനുവേണ്ടി ഖവർ ഖുറേഷിയും ഹാജരായി. 

Will Kulbhushan Jadhav get release order today ?

പാകിസ്ഥാനുവേണ്ടി ഖുറേഷി, ജാധവിന്റേതെന്ന മട്ടിൽ മുസ്‌ലിം പേരിലുള്ള ഒരു പാസ്‌പോർട്ടും, സൈനികതടവിൽ വെച്ച് റെക്കോര്‍ഡ് ചെയ്ത  കുറ്റസമ്മതവീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഹാജരാക്കിയപ്പോൾ, അവയെല്ലാം വ്യാജമാണെന്ന് തെളിവുസഹിതം തന്നെ ഇന്ത്യക്കുവേണ്ടി സാൽവേയും വാദിച്ചു. ജാധവിനെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനുമൊക്കെയുള്ള തെളിവുകളും ഇന്ത്യ ഹാജരാക്കി. കോൺസുലാർ ആക്സസ് വേണമെന്ന് തുടര്‍ന്നും വാദിച്ചു. പാകിസ്താനാകട്ടെ, ജാധവ് ഒരു ചാരനാണെന്നും, കോൺസുലാർ ആക്സസ് ചാരന്മാർക്ക് ബാധകമല്ലെന്നും വാദിച്ചു. 
 
പ്രാഥമികവാദങ്ങൾക്കുശേഷം, 2018 നവംബർ 18 -ന്, കോടതി അന്തിമവിധി വരും വരെ കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് പാകിസ്ഥാനോട് ഉത്തരവിട്ടു. 

ഈ വർഷം ഫെബ്രുവരിയിൽ വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചു. തുടക്കത്തിൽ തന്നെ വക്കീലന്മാർ ഇരുവരും തമ്മിൽ കോർത്തു. ഖവർ ഖുറേഷി നടത്തിയ 'ഹംപ്റ്റി-ഡംപ്റ്റി' പരാമർശങ്ങളുടെ പേരിൽ ഹരീഷ് സാൽവെ അദ്ദേഹത്തെ ആക്രമിച്ചു. വാദം രണ്ടു രാഷ്ട്രങ്ങൾ തമ്മിലാവുമ്പോൾ ഭാഷയും അതിനു ചേർന്നതാവണം എന്ന് അദ്ദേഹം ഖുറേഷിയെ ഓർമ്മിപ്പിച്ചു.  

തുടർന്ന് ഒന്നിനുപിറകെ ഒന്നായി പല ആരോപണങ്ങളും -പാസ്പോർട്ട്, പേരുമാറ്റം തുടങ്ങി പലതും- ഖുറേഷി കുൽഭൂഷൺ ജാധവിനും, തദ്വാരാ ഇന്ത്യൻ ഇന്റലിജൻസിനും നേരെ ഉന്നയിച്ചു. അതിനെ ഒന്നൊന്നായി സാൽവേ പൊളിച്ചടുക്കി. അജിത് ഡോവൽ എന്ന ഇന്ത്യയുടെ 'സെൽഫ് സ്റ്റൈല്‍ഡ് സൂപ്പർസ്പൈ -യെപ്പറ്റിയുള്ള പരാമർശങ്ങളും ഖുറേഷി കോടതിയിൽ നടത്തി. 

Will Kulbhushan Jadhav get release order today ?

കോടതിയിൽ കടുത്ത വാദപ്രതിവാദങ്ങൾ നടക്കുമ്പോൾ, അങ്ങ് നാട്ടിൽ ജാധവിൻറെ ഭാര്യയും ബന്ധുക്കളും അദ്ദേഹത്തിന്റെ മോചനത്തിനായുള്ള അപേക്ഷകൾ തുടർന്നു. നെതർലൻഡ്‌സിലെ പ്രവാസി ഇന്ത്യക്കാരും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നു. അറസ്റ്റിലായി ഇരുപത്തിരണ്ടു മാസങ്ങൾക്കുശേഷം ഒരിക്കല്‍ മാത്രമാണ് ജാധവിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്ഥാനിൽ ചെന്ന് അദ്ദേഹത്തെ കാണാനുള്ള അനുമതി ലഭിച്ചത്. 
 

അതിർത്തിക്കപ്പുറം പിടിക്കപ്പെടുന്നവരുടെ മുന്നനുഭവങ്ങൾ 

കുൽഭൂഷൺ ജാധവിന്റെ മോചനത്തിനായി ആറ്റുനോറ്റിരിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അഭ്യുദയകാംക്ഷികളായ പരശ്ശതം ഇന്ത്യക്കാർക്കും മുന്നിൽ രണ്ടു വ്യത്യസ്ത അനുഭവങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇതുവരെയ്ക്കും ഉണ്ടായിട്ടുള്ളത്.

ഒന്ന്: കാബൂളിലേക്ക് ഒരു ജോലിയ്‌ക്കെന്നും പറഞ്ഞ് 2012 നവംബറിൽ തന്റെ വീടുവിട്ടിറങ്ങിയ ഹമീദ് അന്‍സാരി എന്ന യുവാവിന്‍റേതാണ്. ഓൺലൈൻ ആയി പരിചയപ്പെട്ടു പ്രണയിച്ച തന്റെ കാമുകിയെ കാണാൻ പാകിസ്താനിലെ ഖൈബർ പഖ്‌ത്തൂൻവാ പ്രവിശ്യയിലേക്കെത്തിയതാണ് അന്‍സാരി. അവിടെവച്ച് അറസ്റ്റിലായി, പീഡിപ്പിക്കപ്പെട്ട്, ആറുവർഷത്തിലധികം പാകിസ്ഥാനിലെ ജയിലുകളിൽ നരകയാതനകൾ അനുഭവിക്കേണ്ടി വന്നു. പക്ഷെ, ഒടുവിൽ 2018  ഡിസംബർ 18 -ന്, ജീവനോടെ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെട്ടു. 


 Will Kulbhushan Jadhav get release order today ?

രണ്ട്, 1990  ഓഗസ്റ്റ് 28 -ന് പഞ്ചാബിലെ ഖാൽറാ ഗ്രാമത്തിൽ നിന്നും അറിയാതെ പാകിസ്ഥാനിലേക്ക് ചെന്നുകേറി അവിടെ വെച്ച് പാകിസ്ഥാനി പൊലീസിന്റെ പിടിയിലായ സരബ്ജിത് സിങിന്‍റെ അനുഭവം. അദ്ദേഹം പാകിസ്താനിലെ ജയിലുകളിൽ സുദീർഘകാലം കഴിച്ചുകൂട്ടി, മോചിപ്പിക്കപ്പെട്ടേക്കാം എന്ന പ്രതീക്ഷയുടെ വക്കിലെത്തി നിൽക്കെ, 2013 ഏപ്രിൽ 26 -ന് കോഠ് ലഖ്‍പത് ജയിലിൽ വെച്ച് സഹതടവുകാരുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. 

Will Kulbhushan Jadhav get release order today ?

ഇന്ന് അന്തിമവിധിനാൾ 
 

ഇന്ന്, 2019 ജൂലൈ 17 -ന് നെതർലാൻഡ്‌സിലെ ഹേഗിൽ സ്ഥിതിചെയ്യുന്ന 'ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്' (ICJ) അഥവാ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിക്കാൻ പോകുന്നത് ഇന്തോ-പാക് നയതന്ത്രബന്ധങ്ങളുടെ ഭാവിയെ കാര്യമായി സ്വാധീനിച്ചേക്കാവുന്ന നിർണ്ണായകമായ  ഒരു വിധിയാണ്. 

ഇന്ന് ഇന്ത്യക്ക് അനുകൂലമായി ഒരു വിധിവന്നാൽ, അത് പാലിച്ചുകൊണ്ട് പാകിസ്ഥാൻ ഗവണ്മെന്റ് എത്രയും പെട്ടെന്നുതന്നെ കുൽഭൂഷൺ ജാധവിനെ തിരിച്ചയക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ മൂന്നുവർഷത്തിലധികമായി അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ഭാര്യയ്ക്കും അമ്മയ്ക്കും മറ്റുകുടുംബാംഗങ്ങൾക്കും ഇന്ത്യക്കാര്‍ക്കും ഒക്കെ സന്തോഷം സമ്മാനിച്ചു കൊണ്ട്, വാഗാ അതിർത്തിയിലൂടെ അദ്ദേഹം അധികം താമസിയാതെ ഇന്ത്യൻ മണ്ണിലേക്ക് നടന്നുകേറിവരുമെന്നും കരുതാം.

'ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസി'(ICJ)ന്റെ ഹേഗിലെ ആസ്ഥാനത്തുനിന്നും  വൈകുന്നേരം വരാനിരിക്കുന്ന സുപ്രധാനമായ ആ വിധിയ്ക്കായി കാതോർക്കുകയാണ് ഇന്ത്യയോടൊപ്പം അന്താരാഷ്ട്ര സമൂഹവും. 

Follow Us:
Download App:
  • android
  • ios