കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് സമുദ്രനിരപ്പിലുണ്ടാകുന്ന ആധിക്യം (Sea Level Rise - SLR). വർഷാവർഷം കടൽ നിരപ്പ് ഏറിയേറി വരികയാണ്. അതിന്റെ ആക്കം കൂട്ടുന്നതോ തത്വദീക്ഷയില്ലാത്ത പാരിസ്ഥിതിക ചൂഷണവും. ഇതിങ്ങനെ പോയാൽ സമീപഭാവിയിൽ അപകടത്തിലാവുക പതിനഞ്ചു യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പാണ്. 2.5 കോടി ജനങ്ങളുടെ ജീവനാണ്. ഈയടുത്ത് അമേരിക്കൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരണത്തിനായി സ്വീകരിക്കപ്പെട്ടിരിക്കുന്ന ഒരു ഗവേഷണ പ്രബന്ധത്തിൽ, ഇങ്ങനെയൊരു സാഹചര്യത്തെ മുന്നിൽ കണ്ട് അതിനൊരു പരിഹാരമായി നിർദേശിക്കപ്പെട്ടിരിക്കുന്നത് ഏറെ ദുഷ്കരമായ ഒരു മാർഗമാണ്. അതൊരു വമ്പൻ നിർമാണ പദ്ധതിയാണ്. അതിനെ അവർ വിളിക്കുന്ന പേര് നോർത്തേൺ യൂറോപ്യൻ എൻക്ലോഷർ ഡാം(NEED) എന്നാണ്. നോർത്ത് സീയെ ഏതാണ്ട് മുഴുവനായും അടച്ചു കെട്ടുന്ന ഒരു അണക്കെട്ടാകും അത്. 

സമുദ്രനിരപ്പിലുണ്ടാകുന്ന വർദ്ധനവിനെ നിയന്ത്രിക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ പരാജയപ്പെട്ടാൽ അടുത്തതായി ഇങ്ങനെ ഒരു സംവിധാനത്തെപ്പറ്റി ആലോചിക്കേണ്ടി വന്നേക്കാം എന്നാണ് ഈ ഗവേഷണ പ്രബന്ധത്തിൽ കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. രണ്ടു ഘട്ടങ്ങളിലായി ആകെ നീളം 637 കിലോമീറ്റർ. ഇതിന്റെ ആദ്യഘട്ടം വടക്കൻ സ്‌കോട്ട്ലണ്ടിനും പടിഞ്ഞാറൻ നോർവെയ്ക്കും ഇടയിൽ 476 കിലോമീറ്റർ നീളത്തിൽ(ശരാശരി ഉയരം 121 മീറ്റർ, ഏറ്റവും കൂടിയ ഉയരം 321 മീറ്റർ). രണ്ടാം ഘട്ടം ഫ്രാൻസിനും തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിനും ഇടയിൽ (ശരാശരി ഉയരം 85 മീറ്റർ, ഏറ്റവും കൂടിയ ഉയരം 102 മീറ്റർ). ജർമനിയിലെയും നെതർലൻഡ്സിലെയും രണ്ടു ഗവേഷകർ ചേർന്നാണ് ഈ പ്രബന്ധം രചിച്ചിട്ടുള്ളത് (Sjoerd Groeskamp of the Royal Netherlands Institute for Sea Research, and Joakim Kjellsson of the Helmholtz Centre for Ocean Research in Kiel, Germany). ഇതിനു പുറമെ സമാനമായ അണക്കെട്ടുകൾ നിർമിക്കേണ്ടി വന്നേക്കാവുന്ന ലോകത്തെ മറ്റുചില പ്രദേശങ്ങൾ കൂടി അവർ തങ്ങളുടെ പ്രബന്ധത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 

ആദ്യമായി കേൾക്കുമ്പോൾ ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ആർക്കും തോന്നാം. സമുദ്രനിരപ്പ് കൂടുന്നതിനെ സമീപിക്കാൻ മൂന്നു മാർഗങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്ന്, യാതൊന്നും ചെയ്യാതെ കയ്യും കെട്ടി നോക്കിയിരിക്കുക. രണ്ട്, സംരക്ഷണം ഒരുക്കുക. മൂന്ന്, വളരെ ആസൂത്രിതമായ രീതിയിൽ തീരദേശത്തുള്ള നിർമാണങ്ങൾ മാറ്റി സ്ഥാപിക്കുക. ഒന്നാമത്തേത് അവലംബിക്കാനാകില്ല എന്നതിൽ സംശയമില്ല. പറിച്ചുനടൽ എന്നത് ചിലപ്പോൾ ചെലവിന്റെ കാര്യത്തിൽ സംരക്ഷണത്തേക്കാൾ ലാഭകരമാണെന്നു വന്നേക്കാം. എന്നാൽ, അതുണ്ടാക്കുന്ന രാഷ്‌ടീയ ആഘാതങ്ങൾ, മാനസികമായ വൈഷമ്യങ്ങൾ,പ്രാദേശിക സംസ്കാരങ്ങളിൽ ഉണ്ടാക്കുന്ന ചേതം എന്നിവ പരിഗണിച്ചാൽ സംരക്ഷണത്തെപ്പറ്റി ചിന്തിക്കുന്നതാണ് നല്ലതെന്നുവരും. 

ഇതിനു സമാനമായ ചെറുഭിത്തികൾ കൊറിയയിലും റോട്ടർഡാമിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്ക് വന്ന ചെലവുകളുമായി താരതമ്യപ്പെടുത്തി നോക്കിയാൽ NEED പണിപൂർത്തിയാക്കാൻ 250-550 ബില്യൺ ഡോളർ ചെലവ് വന്നേക്കാം. നിർമാണം പൂർത്തിയാക്കാൻ ചുരുങ്ങിയത് 20 വർഷമെങ്കിലും വേണ്ടിവന്നേക്കാം. പ്രദേശത്തെ സമുദ്രാന്തർഭാഗത്തുള്ള മത്സ്യസമ്പത്തിനേയും അവിടത്തെ സസ്യപ്രകൃതിയെയും അത് വിപരീതമായി ബാധിച്ചെന്നിരിക്കും. ടൂറിസം, ഫിഷറീസ് എന്നിവയെയും അത് തളർത്താനിടയുണ്ട്. എന്നാൽ, നാളെ കടൽ കേറിക്കേറി വന്ന് കടലോരത്തുള്ള ഒരു നഗരം തന്നെ വിഴുങ്ങും എന്ന അവസ്ഥ മുന്നിൽ വന്ന് നിൽക്കുമ്പോൾ എവിടെയാണ് കുറഞ്ഞ വിട്ടുവീഴ്ച എന്ന ചോദ്യമേ അവശേഷിക്കുന്നുള്ളൂ.