Asianet News MalayalamAsianet News Malayalam

ഇനിയും അമേരിക്കൻ പൊലീസ് പൗരന്മാരുടെ മേൽ പ്രയോഗിക്കുമോ ആളെക്കൊല്ലുന്ന ഈ 'ചോക്ക് ഹോൾഡ്' ?

'ചോക്ക് ഹോൾഡ് എന്ന മുറ അക്ഷരാർത്ഥത്തിൽ വളരെ നിഷ്കളങ്കമായ ഒന്നാണ്. പെർഫെക്റ്റ് ആണത്.' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം 

Will the American Police Continue using Choke Holds on their folks, innocent says trump
Author
Washington D.C., First Published Jun 13, 2020, 12:55 PM IST

ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജൻ പൊലീസ് അറസ്റ്റിനിടെ ഡെറിക് ചൗവിൻ എന്ന പൊലീസ് ഓഫീസറുടെ കാൽമുട്ട് കഴുത്തിലമർന്ന് ശ്വാസം മുട്ടി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ആ സംഭവത്തിന് ശേഷം അമേരിക്കൻ പൊലീസിന്റെ ആഫ്രിക്കൻ അമേരിക്കൻ പൗരന്മാരോടുള്ള വർണ്ണ വിവേചനപരമായ നടപടികളെപ്പറ്റിയും, പൊലീസിന്റെ ഭാഗത്തുനിന്ന് സിവിലിൻസിനോട് ഉണ്ടാകുന്ന അക്രമങ്ങളെപ്പറ്റിയും നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. അക്കൂട്ടത്തിലാണ് ചൗവിൻ എന്ന പൊലീസ് ഓഫീസർ ഫ്ലോയ്ഡിനുമേൽ പ്രയോഗിച്ച, അമേരിക്കൻ പൊലീസ് അറസ്റ്റിനോട് സഹകരിക്കാത്ത പ്രതികളെ നിയന്ത്രണാധീനമാക്കാൻ എന്ന പേരിൽ നിരന്തരം പ്രയോഗിച്ചു വരുന്ന 'ചോക്ക് ഹോൾഡ്'എന്ന മാർഷ്യൽ ആർട്ട് മൂവും ചർച്ചയിലേക്ക് വന്നത്.

ജൂഡോയിലും മറ്റു ചില ആയോധനകലയിലും ഉള്ള പ്രസ്തുത ആയോധനമുറ ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം അമേരിക്കൻ പൊലീസ് എടുത്തുപയോഗിക്കുന്നുണ്ട് എന്നും അത് പൗരന്മാർക്ക് കടുത്ത മാനസിക ശാരീരിക വിഷമങ്ങളും ഫ്ലോയ്‌ഡിന്റെ കേസിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെയും ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഈ ഒരു മുറ ജനങ്ങളോട് പുറത്തെടുക്കാൻ അമേരിക്കൻ പൊലീസിനെ അനുവദിക്കരുത് എന്ന അഭിപ്രായവും പ്രതിഷേധക്കാരിൽ നിന്നുണ്ടായി.  

 

 

എന്നാൽ, ഇങ്ങനെയുള്ള വിമർശനങ്ങൾക്കിടയിൽ, ചോക്ക് ഹോൾഡിനെപ്പറ്റി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നടത്തിയ ഒരു പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. ഫോക്സ് ന്യൂസിലെ ആഫ്രോ-അമേരിക്കൻ അവതാരകയായ ഹാരിസ് ഫോക്ക്നറുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശമുണ്ടായത്.

ട്രംപ് പറഞ്ഞതിങ്ങനെ " ചോക്ക് ഹോൾഡ് എന്ന മുറ അക്ഷരാർത്ഥത്തിൽ വളരെ നിഷ്കളങ്കമായ ഒന്നാണ്. പെർഫെക്റ്റ് ആണത്. ഒറ്റയ്ക്ക് ഒരു പൊലീസുകാരന് സഹകരിക്കാത്ത ഒരു പ്രതിയെ വേറെ എങ്ങനെയാണ് അടക്കി നിർത്താനാവുക? പലപ്പോഴും ഒരൊറ്റ ഓഫീസർക്ക് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വരാറുണ്ട്. പേഴ്സണലായി പറഞ്ഞാൽ, എനിക്ക് ചോക്ക് ഹോൾഡ് ഇഷ്ടമല്ല. അത് അവസാനിപ്പിക്കുന്നത്  തന്നെയാണ് നല്ലതെന്നാണ് എന്റെ പൊതുവായുള്ള അഭിപ്രായം.."

ട്രംപിന്റെ ഈ പ്രതികരണം സൂചിപ്പിക്കുന്നത് ഈ മുറയ്ക്ക് വിധേയരാകുന്ന പൗരന്മാരോടുള്ള അദ്ദേഹത്തിന്റെ അനുതാപമില്ലായ്മയാണ് എന്നതരത്തിലുള്ള വിമർശനങ്ങളാണ് മുഖ്യമായും ഉയർന്നത്. ഇങ്ങനെ ഒരു മുറയ്ക്ക് ഒരിക്കലും തനിക്ക് വിധേയനാകേണ്ടി വരില്ല എന്നുള്ള ട്രംപിന്റെ ആത്മവിശ്വാസമാകും അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് എന്നും ഒരു നിരീക്ഷണമുണ്ടായി. അത്രയ്ക്ക് നിഷ്കളങ്കമാണ് ചോക്ക് ഹോൾഡ് എങ്കിൽ മിനിയാപോളിസ് പൊലീസ് ഫ്ലോയ്ഡിനെ വിധേയനാക്കിയ അത്രയും നേരത്തേക്ക് ട്രംപിനെയോ ഭാര്യയെയോ മക്കളെയോ ഒക്കെ ഒന്ന് ചോക്ക് ഹോൾഡിന് വിധേയനാക്കി നോക്കട്ടെ എന്നും ഒരാൾ പ്രതികരിച്ചു. 

 

 

ലോസ് ഏഞ്ചലസ്‌ ടൈംസ് അടുത്തിടെ ചോക്ക് ഹോൾഡിനെപ്പറ്റി ഒരു പഠനം നടത്തിയിരുന്നു. 2016 മുതൽ 2018 വരെയുള്ള കാലിഫോർണിയ സ്റ്റേറ്റ് പൊലീസിന്റെ അറസ്റ്റുകളെ അടിസ്ഥാനപ്പെടുത്തി യാണ് ആ പഠനം നടത്തിയത്. അങ്ങനെ പൊലീസ് കഴുത്തിന് കൈകൊണ്ട് ചുറ്റിപ്പിടിച്ചും കാൽമുട്ട് കഴുത്തിൽ അമർത്തിയും മറ്റും നടത്തിയ ചോക്ക് ഹോൾഡുകൾ കാരണം 103 പേർക്ക് ഗുരുതരമായ പരിക്കേറ്റു എന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയുടെ വെറും 6.5 ശതമാനം വരുന്ന ആഫ്രിക്കൻ അമേരിക്കൻ ജനത പരിക്കേറ്റവരുടെ ലിസ്റ്റിൽ 23 ശതമാനത്തോളമുണ്ട് എന്നത് പൊലീസിന്റെ വംശവെറിയുടെ മകുടോദാഹരണമാണ്. ട്രംപ് പറഞ്ഞതു പോലെ അത്രയ്ക്കങ്ങോട്ട് 'നിഷ്കളങ്ക'മായിട്ടൊന്നുമല്ല എപ്പോൾ ആർക്കൊക്കെ നേരെ ഈ മുറ പ്രയോഗിക്കണം എന്ന് അമേരിക്കൻ പൊലീസ് തീരുമാനിക്കുന്നതെന്നർത്ഥം. 

 

Will the American Police Continue using Choke Holds on their folks, innocent says trump


 
എന്താണ് ഈ 'ചോക്ക് ഹോൾഡ്' ?

ചോക്ക് ഹോൾഡ് ഒരു ആയോധന മുറയാണ്. ഇത് ജൂഡോയിൽ അറിയപ്പെടുന്നത് 'ഷിമേ-വാസാ' എന്ന ജാപ്പനീസ് നാമത്തിൽ ആണ്. രണ്ടുതരത്തിൽ ഈ ഹോൾഡ് ജൂഡോയിൽ നടപ്പാക്കാറുണ്ട്. ഒന്ന് എതിരാളിയുടെ ശ്വാസം മുട്ടിച്ചുകൊണ്ടുള്ള എയർ ഹോൾഡ്. രണ്ട്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ബ്ലഡ് ചോക്ക്. ഇത് സാധാരണഗതിക്ക് എതിരാളിയെ അബോധാവസ്ഥയിലേക്ക് തള്ളിവിടാറുണ്ട്. ഈ മുറ കാരണം ഉണ്ടായിട്ടുള്ള നിരവധി മരണങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ഒരു പട്ടിക തന്നെ ജൂഡോ പരിശീലകരുടെ സംഘടനയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.  

 

Will the American Police Continue using Choke Holds on their folks, innocent says trump

തന്റെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി നിന്ന ചൗവിൻ എന്ന ഓഫീസറോട് ഏറെ നേരം തനിക്ക് ശ്വാസം മുട്ടുന്നുണ്ട് ( I can't breathe ) എന്ന് പറഞ്ഞിട്ടും ആ ഓഫീസർ ഒരു ദയയും കാണിച്ചില്ല. " എനിക്ക് ശ്വാസം മുട്ടുന്നുണ്ട് എന്ന് വാതുറന്ന് പറയാൻ ആകുന്നവന്, അതേ വായിലൂടെ ശ്വസിക്കാനുമാകും"എന്നായിരുന്നു ചൗവിന്റെ നിലപാട്. എട്ടു മിനിറ്റ് നാല്പത്താറു സെക്കൻഡ് നേരം കഴിഞ്ഞ് ചൗവിൻ തന്റെ കാൽ ഫ്ലോയിഡിന്റെ കഴുത്തിൽ നിന്ന് എടുത്തപ്പോഴേക്കും ഏതാണ്ട് ബോധം മറഞ്ഞ അവസ്ഥയിലായിട്ടുണ്ടായിരുന്നു അയാൾ. കസ്റ്റഡിയിൽ ഇരിക്കെ ഫ്ലോയിഡ് മരിച്ചതും അമേരിക്ക കലാപാഗ്നിയിൽ എരിഞ്ഞതും ഒക്കെ പിന്നീടുള്ള ചരിത്രം.

ഇത്രയൊക്കെ സംഭവിച്ചിട്ടും 'ചോക്ക് ഹോൾഡ്' എന്ന ഈ മാരകമായ ആയോധനമുറ തങ്ങളുടെ പൗരന്മാർക്കുമേൽ പ്രയോഗിക്കുന്നത് അവസാനിപ്പിക്കാൻ അമേരിക്കൻ ഗവൺമെന്റ് തയ്യാറല്ല. ഇതു സംബന്ധിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ള അധികാരികളുടെ നിലപാടിലെ സഹാനുഭൂതിക്കുറവിനെപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 
 

Follow Us:
Download App:
  • android
  • ios