Asianet News MalayalamAsianet News Malayalam

'കോളനി'; പേര് മാറ്റത്തില്‍ മാറുമോ ആത്മസംഘര്‍ഷങ്ങള്‍

  പുതിയ പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനത്തിന് വന്നതായിരുന്നു മന്ത്രി രാധാകൃഷ്ണൻ. കോളനിയെന്ന വാല്‍ നെട്ടിമാണിക്ക് വേണ്ടെന്ന് തീർപ്പ് പറഞ്ഞതും അദ്ദേഹം തന്നെ. അങ്ങനെ പത്തൊമ്പതുകാരൻ രാജേഷ്, 'ഭൂമിക'യെന്ന പുതിയ പേരിട്ടു. 

Will the Dalit Adivasi issues end in changing the name of the colony
Author
First Published Jun 21, 2024, 5:05 PM IST


വ്യാപാരവുമായി ബന്ധപ്പെട്ട് 15 -ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്നും ഇറങ്ങിത്തിരിച്ച കപ്പലോട്ടക്കാര്‍ എത്തിയ ഭൂ പ്രദേശങ്ങളെല്ലാം പിന്നീട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി അസംസ്കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഇടങ്ങളായി മാറി. 15 -ാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയിലേക്കും വ്യാപാരത്തിനായി യൂറോപ്യന്മാരെത്തിയെങ്കിലും 17-ാം നൂറ്റാണ്ടോടെയാണ് പലരാജ്യങ്ങളായി വിഭജിച്ച് കിടന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം ബ്രിട്ടന്‍റെ കീഴിലാകുന്നത്. അന്ന് മുതല്‍  20 -ാം നൂറ്റാണ്ടിന്‍റെ ആദ്യകാലം വരെ ഇന്ത്യ ബ്രിട്ടന്‍റെ കോളനിയായി തുടര്‍ന്നു. ഒടുവില്‍, നീണ്ട സ്വാതന്ത്യ പ്രക്ഷോഭങ്ങളും ലോകമാകമാനം ഉയര്‍ന്നു വന്ന സ്വതന്ത്ര ചിന്തയും ഇന്ത്യയുടെ സ്വാതന്ത്യം യാഥാര്‍ത്ഥ്യമാക്കി. പക്ഷേ, സ്വതന്ത്ര്യ രാജ്യമായ ഇന്ത്യയില്‍ ഓരോ നഗര - ഗ്രാമങ്ങള്‍ക്കും പുറത്ത് കോളനികള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. രാജ്യം സ്വതന്ത്ര്യം നേടിയെങ്കിലും രാജ്യത്തിനകത്തെ ഒരു ജനത അപ്പോഴും സ്പര്‍ശം കൊണ്ടും സമ്പര്‍ക്കം കൊണ്ടും അസ്പൃശ്യരായി കോളനികളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം നേടി 77 വർഷം വേണ്ടിവന്നും കേരളത്തിന് പോലും 'കോളനി' എന്ന പദം ഉപേക്ഷിക്കാന്‍. 

മാറ്റം അനിവാര്യം പക്ഷേ, 

സംസ്ഥാനത്ത് 55,8231 കുടുംബങ്ങളിലായുള്ള 23,52,087 ദളിതര്‍ക്ക് ആകെയുള്ള ഭൂമി 59,375 ഏക്കറാണ്. അതായത് ഒരു വ്യക്തിക്ക് സ്വന്തമായുള്ളത് 2.52 സെന്‍റ് എന്ന കണക്കില്‍.  (ആർ.കെ.ബിജുരാജ്, 2020 എഴുതിയ ലേഖനത്തില്‍ നിന്നും)  ഈ കണക്കില്‍ തന്നെയുണ്ട് കാര്യങ്ങള്‍. അപ്പോള്‍, കേരളത്തിലെ ഭൂമി ആരുടെ കൈയിലാണെന്നതാണ് ചോദ്യം. അതായത് ഇന്ത്യന്‍ ഓഡിറ്റ് ആന്‍റ് അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്ക് വച്ച് 38,86,287 ഹെക്ടര്‍ വരുന്ന കേരളത്തിന്‍റെ മൊത്തം ഭൂമിയില്‍ 29 ശതമാനം വനംഭൂമി കഴിച്ചാല്‍ ബാക്കിയുള്ള പ്രദേശങ്ങള്‍ ആരുടെ കൈയിലാണ് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. 

അതെ, കോളനികളെന്ന വിശേഷണം മാറ്റാനുള്ള ഉത്തരവ് ഗംഭീരമാണ്. പക്ഷേ, അതുകൊണ്ടായില്ല. കേരളത്തിലെ സവർണ സമുദായങ്ങൾക്ക് വേണ്ടി, സവർണ ഭരണാധികാരികൾ ദളിതർ തങ്ങളുടെ പരിസരങ്ങളിൽ അധിവസിക്കാതിരിക്കാനും ദളിതരുമായി സഹകരിക്കേണ്ടി വരാതിരിക്കാനും ദളിതർ തങ്ങളുടെ കിണറുകളിൽ നിന്ന് വെള്ളം കോരി കുടിക്കാതിരിക്കാനും തങ്ങളുടെ കുഞ്ഞുങ്ങളും അവരുടെ കുഞ്ഞുങ്ങളും ഇടപഴകാതിരിക്കാനും വേണ്ടി പണിത ജാതിയുടെ മതിലുകളാണ് കോളനികളെന്ന് കൂടി നമ്മൾ ഓർമ്മിക്കണം. ആ രീതിയില്‍ തന്നെ ചർച്ച ചെയ്യണം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് സാധ്യമാകുന്നത്? 

ചില മുന്‍ മാതൃകകള്‍

ആദിവാസി സെറ്റിൽമെന്‍റുകളെ, കോളനികളെന്ന് വിളിക്കരുതെന്ന ഉത്തരവ് വരും മുന്നെ, അത് നടപ്പിലാക്കിയ രണ്ടിടങ്ങളുണ്ട് വയനാട്ടിൽ. മാനന്തവാടിയിലും തരുവണയിലും ആദിവാസികളെ പുനരധിവസിപ്പിച്ച രണ്ട് സ്ഥലങ്ങള്‍. ഉന്നതിയും ഭൂമികയും. സ്ഥലത്തിന്‍റെ മേല്‍വിലാസങ്ങള്‍ ചരിത്രത്തിലെ തിരുത്തുകളാണ്. കോളനി വിശേഷങ്ങള്‍ക്ക് പകരം പുതിയ പേരുകള്‍. പക്ഷേ, പേര് മാത്രം മാറിയത് കൊണ്ട് കാര്യങ്ങള്‍ മാറുമോ? 

പേര് മാറിയിട്ടും ആ പേരിന് നിദാനമായ സ്വഭാവ സവിശേഷതകളെ അതേപടി പിന്തുടര്‍ന്നാല്‍ പേര് മാറുകയും ആശയം മാറ്റൊരു പേരില്‍ സജീവമായി നിലനില്‍ക്കുകയും ചെയ്യുന്നു. അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി, പഴയ സാഹചര്യങ്ങളെ തുടച്ച് നീക്കി, സമൂഹിക സാംസ്കാരിക ഇടങ്ങളില്‍ നിന്നും ആശയപരമായ ചലനം സൃഷ്ടിക്കാതെ നിര്‍മ്മിക്കപ്പെടുന്ന വെറും പേരുമാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പ്രായോഗികമാണോ എന്ന സംശയങ്ങള്‍ ഉടലെടുക്കുന്നു. അല്ലാത്തിടത്തോളം കാലം ഇവ വെറും ഉത്തരവുകളായി ചുവപ്പ് നാടകളിലൊതുങ്ങും. 

പറഞ്ഞ് വരുന്നത്, മന്ത്രി സ്ഥാനം രാജി വയ്ക്കുന്നതിന് തൊട്ട് മുമ്പ് കെ രാധാകൃഷ്ണന്‍ ഒപ്പിട്ട ഉത്തരവിനും മുമ്പ്, അദ്ദേഹം തന്നെ കോളനി എന്ന പദം വെട്ടിമാറ്റിയ ഇടമാണ് മാനന്തവാടിയിലെ നെട്ടിമാനി. പേരിലൊളിപ്പിച്ച അയിത്തത്തെ പടിക്ക് പുറത്താക്കിയ ആദ്യ ഇടം.  പുതിയ പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനത്തിന് വന്നതായിരുന്നു മന്ത്രി രാധാകൃഷ്ണൻ. കോളനിയെന്ന വാല്‍ നെട്ടിമാണിക്ക് വേണ്ടെന്ന് തീർപ്പ് പറഞ്ഞതും അദ്ദേഹം തന്നെ. അങ്ങനെ പത്തൊമ്പതുകാരൻ രാജേഷ്, 'ഭൂമിക'യെന്ന പുതിയ പേരിട്ടു. 

മറ്റൊന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പാലയാണ. ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച സ്ഥലം. കോളനിയെന്ന് വിളിച്ചില്ല. 'ഉന്നതി'യെന്നാണ് ഇന്ന് മേൽവിലാസം. പക്ഷേ, അറിയാതെ പഴയ ആ ശീലം നാവിലുണ്ടെന്ന് താമസക്കാർ പറയുന്നു. മറ്റൊരു കോളനിയുണ്ട് തലസ്ഥാനത്ത്. രാജാജി നഗറെന്ന് പുതിയ പേര് പക്ഷേ, ആളുകള്‍ക്ക് ഇന്നും ചെങ്കല്‍ ചൂളയെന്ന് പറഞ്ഞാലേ അറിയൂ. ഈ അറിവിനെ മായ്ക്കാതെ പുറം ബോർഡിലെ പേര് മാറ്റം അതിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ വീണ്ടും ഒളിച്ച് കടത്തുന്നു. 'അടിസ്ഥാന സൌകര്യങ്ങളില്‍ തുടങ്ങി മരണം വരെയുള്ള കാര്യങ്ങളിലാണ് ആദ്യം മാറ്റം കൊണ്ടുവരേണ്ടത്. അതിന് ശേഷമാണ് പേരുകളില്‍ മാറ്റം കൊണ്ട് വരേണ്ടത്' എന്ന് വാഴച്ചാല്‍ പ്രകൃതി ഊരിലെ മൂപ്പത്തി ഗീത വാഴച്ചാല്‍ പറയുന്നതും മറ്റൊന്നല്ല. 

പേരുമാറ്റത്തിലൂടെ, പേറുന്ന സാമൂഹിക പ്രതിസന്ധികളെല്ലാം മറയ്ക്കാന്‍ കഴിയില്ലെങ്കിലും ഇതൊരു തുടക്കം എന്ന് ആശ്വസിക്കാം. ഇനി സർക്കാർ രേഖകളിലെ 'കോളനി'യെന്ന അടയാളം പുതിയ പേരിലേക്ക് ചേക്കേറണം. പറഞ്ഞ് പറഞ്ഞ് തിരുത്തുകള്‍ ശീലമാകണം. പതിയെ പതിയെ പേരിലെ അടിമത്വത്തിന്‍റെ അടയാളമുള്ള വാക്കിനെ വിലാസത്തിൽ നിന്ന് തന്നെ മായ്ച്ചു കളയണം. ഒടുവില്‍ ഓർമ്മകളില്‍ നിന്നും മനസുകളില്‍ നിന്നും. 
 

Latest Videos
Follow Us:
Download App:
  • android
  • ios