കഴിഞ്ഞാഴ്ച പാകിസ്താനിലേക്ക് ഔദ്യോഗിക സന്ദർശനത്തിനെത്തിയ തുര്‍ക്കി പ്രസിഡണ്ട് തയ്യിപ് എർദോഗാൻ കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടിനെ വിമർശിച്ചുകൊണ്ട് ഒരു പ്രസ്താവനയിറക്കി. കശ്‌മീരിലെ സ്ഥിതിഗതികൾ ഇത്രകണ്ട് വഷളാക്കിയത് ഇന്ത്യയുടെ കടുംപിടുത്തങ്ങളാണ് എന്നായിരുന്നു തുർക്കി പ്രസിഡണ്ടിന്റെ കണ്ടുപിടുത്തം. കശ്മീർ ജനതയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന, അവിടത്തെ നേതാക്കളെ വീട്ടുതടങ്കലിൽ ഇടുന്ന കേന്ദ്രസർക്കാരിന്റെ നടപടിയെ എർദോഗാൻ വിമർശിച്ചു. 
 
"കശ്മീർ പ്രശ്നം സംഘർഷം വഷളാക്കിയോ, ജനങ്ങളെ അടിച്ചമർത്തിയോ പരിഹരിക്കാൻ പറ്റില്ല, സമാധാനത്തിലൂടെ ചർച്ചകളിലൂടെ മാത്രമേ അതിന്നുകഴിയൂ..." എർദോഗാൻ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി കശ്മീർ അടക്കമുള്ള പല വിഷയങ്ങളിലും പാകിസ്താന് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ ഒന്നുകൂടി വ്യക്തമാക്കുകയാണ് എർദോഗാൻ ഈ പ്രസ്താവനയിലൂടെ ചെയ്തത്. എന്നാൽ ഇത് പാകിസ്താനി മാധ്യമങ്ങളിൽ നിന്ന് കയ്യടി നേടിക്കൊടുത്തു എങ്കിലും, തുർക്കി ഇന്ത്യൻ സർക്കാരിന്റെ കടുത്ത നീരസത്തിന് ഇരയാകാൻ കാരണമായി.


 
തുര്‍ക്കിയുടെ ദില്ലിയിലെ അംബാസഡർ സകീർ ഓസ്‌കാൻ ടോരുന്ലറിനെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യവക്താവ് രവീഷ് കുമാർ രാഷ്ട്രത്തിന്റെ അതൃപ്‍തി തുർക്കിയെ നേരിട്ട് അറിയിച്ചു. ഇത് ഒട്ടും സ്വീകാര്യമല്ല എന്ന് അദ്ദേഹം അംബാസഡറോട് പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നും, അക്കാര്യത്തിൽ പുറമെ നിന്ന് തുര്‍ക്കിയെപ്പോലൊരു രാജ്യത്തിൻറെ ഉപദേശത്തിന്റെ ആവശ്യമില്ലെന്നും, ഇവിടത്തെ പ്രശ്നങ്ങൾ തങ്ങൾ തന്നെ പരിഹരിച്ചു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള വ്യാപാരവാണിജ്യ ബന്ധങ്ങളെ വരെ ഇത്തരത്തിലുള്ള അനാവശ്യ പ്രസ്താവനകൾ ബാധിച്ചേക്കും എന്ന് തുര്‍ക്കി അംബാസഡറോട് രവീഷ് കുമാർ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. വർഷാവർഷം ഒരു ബില്യൺ ഡോളറിൽ അധികം മതിപ്പുള്ള പലതും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തുര്‍ക്കി. ഇക്കാര്യത്തിൽ ഇന്ത്യ നിലപാട് മാറ്റിയാൽ അത് അവിടത്തെ സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിച്ചേക്കും. കഴിഞ്ഞ കുറച്ചുകാലമായി മറ്റുരാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് തുര്‍ക്കി ശീലമാക്കിയിട്ടുണ്ട്. അതുംകൊണ്ട് ഇന്ത്യയുടെ നേർക്ക് വരേണ്ട എന്ന് രവീഷ് കുമാർ പറഞ്ഞു.

ഇതിനു മുമ്പ് മലേഷ്യ ഇത് പോലെ ഒരു അഭിപ്രായം പറഞ്ഞ ശേഷം അവിടെ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ പാടെ വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. അന്ന് മഹാതിർ മുഹമ്മദ് തുടർച്ചയായി ഇന്ത്യയുടെ ആഭ്യന്തര നയങ്ങളിൽ തനിക്കുള്ള അതൃപ്തി പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കാശ്മീരിൽ ആർട്ടിക്കിൾ 370  റദ്ദാക്കി, സംസ്ഥാനത്തിന്റെ വിശിഷ്ടപദവി ഇല്ലാതാക്കി, രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി ഭാഗിച്ച അന്ന് മഹാതിർ പറഞ്ഞത് 'ഇന്ത്യ കശ്മീരിനുമേൽ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്' എന്നായിരുന്നു. അതിനുശേഷം പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലീങ്ങൾക്ക് നേരെ ഉണ്ടായ പക്ഷഭേദത്തിലും ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യക്ക് കടുത്ത പ്രതിഷേധമാറിയിച്ചിരുന്നു, പലേടത്തും മഹാതിർ അതേപ്പറ്റിയും പറയുകയും ചെയ്തിരുന്നു.

എന്നാൽ, ഈ വിമർശനങ്ങൾക്ക് മറുപടിയെന്നോണം, ഇന്ത്യൻ വ്യാപാരികൾ ഒന്നടങ്കം മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത് മലേഷ്യയിലെ പാമോയിൽ റിഫൈനറികൾക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്. 2019 -ൽ മലേഷ്യ ഏറ്റവുമധികം പാമോയിൽ കയറ്റുമതി ചെയ്തിട്ടുള്ളത് ഇന്ത്യയിലേക്കാണ്. 40.4 ലക്ഷം മെട്രിക് ടൺ. ഏകദേശം 21,000 കോടി ഇന്ത്യൻ രൂപയ്ക്കുള്ള വ്യാപാരം വരുമിത്. ബന്ധങ്ങൾ വഷളായതോടെ ഇന്ത്യ മലേഷ്യയിൽ നിന്നിനി പാമോയിൽ ഇറക്കുമതി ചെയ്യേണ്ട എന്ന് തീരുമാനിച്ചു. 
 
ഇറക്കുമതി ബാൻ വന്ന ആഴ്ചയിൽ, മഹാതിർ മുഹമ്മദ് ഒരു പത്രസമ്മേളനം നടത്തി. അതിൽ ഇങ്ങനെ പറഞ്ഞു"ഇന്ത്യ ഞങ്ങളുടെ ഏറ്റവും വലിയ പാം ഓയിൽ ക്ലയന്റുകളിൽ ഒരാളാണ്. എന്നുവെച്ച്, അവിടെ വളരെ തെറ്റായ ഒരു കാര്യം നടക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അതേപ്പറ്റി മിണ്ടാതിരിക്കണം എന്നൊന്നുമില്ല. സാമ്പത്തികമായി നഷ്ടമുണ്ടായേക്കാം എന്ന് ഭയന്നുകൊണ്ട് തെറ്റായ കാര്യങ്ങളെ തെറ്റെന്നു പറയാൻ മടിച്ചു നിന്നാൽ, പിന്നെ കാര്യങ്ങൾ നീങ്ങുക തെറ്റായ ദിശയിലേക്ക് മാത്രമാകും. പിന്നെ നമ്മളും തെറ്റുപ്രവർത്തിക്കാനും, മറ്റുള്ളവരുടെ തെറ്റുകൾ സഹിക്കാനും തുടങ്ങും. അത് ശരിയല്ലല്ലോ..! " എന്നൊക്കെ പറഞ്ഞു എങ്കിലും, പിന്നീട് ഇന്ത്യയിലേക്കുള്ള പാമോയിൽ കയറ്റുമതി വല്ലാതെ ഇടിഞ്ഞപ്പോൾ പ്രതിരോധത്തിലായ അദ്ദേഹം, പിന്നീട് മലേഷ്യ ഒരു ചെറിയ രാജ്യമാണെന്നും ഉപദ്രവിക്കരുത് എന്നും മാറ്റിപ്പറഞ്ഞിരുന്നു.
 
തുര്‍ക്കിയും മലേഷ്യയും അടക്കമുള്ള പല രാജ്യങ്ങളും കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരായ പ്രസ്താവനകളുമായി രംഗത്തു വരുന്നത് ഈ വിഷയം എടുത്തിട്ടുകൊണ്ട് ഇമ്രാൻ ഖാൻ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ വേണ്ടി നടത്തുന്ന ബോധപൂർവമായ പ്രചാരണങ്ങൾ കാരണമാണ്. "പലസ്തീൻ വിഷയത്തിൽ കേറി ഇടപെട്ട് അഭിപ്രായം പറഞ്ഞ് ആളായ പോലെ, അന്താരാഷ്ട്രശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ഒരു ശ്രമമാണ് തുര്‍ക്കി കശ്മീർ വിഷയത്തിലും നടത്തുന്നത്" എന്ന് പ്രൊഫ. അഫ്താബ് കമാൽ പാഷ എന്ന നയതന്ത്ര വിദഗ്ധൻ പറഞ്ഞു. പാകിസ്താനിൽ നിന്ന് ആണവ സാങ്കേതികത സംഘടിപ്പിച്ച് ആണവ ശക്തിയാകാനുള്ള ശ്രമമാണ് തുര്‍ക്കി അതിനിടയിലൂടെ നടത്തുന്നത്. അതിനുവേണ്ടിയാകും പാകിസ്താനെ സുഖിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ പ്രസ്താവനകൾക്ക് വ്യാപാരവാണിജ്യ മേഖലകളിൽ തുര്‍ക്കിക്ക് കൊടുക്കേണ്ടി വന്നേക്കാവുന്ന വില ഒരു പക്ഷെ ഏറെ വലുതായെന്നു വന്നേക്കാം.