പോളിയോ എന്നത് ഒരു രോഗത്തിന്റെ പേരാണ്. ഒരു പക്ഷേ, ഇന്നത്തെ തലമുറ നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ മാത്രം കാണുന്ന ഒരു രോഗം. വികലമായിപ്പോയ ഒരു കാലിന്റെയോ കയ്യിന്റെയോ ഒക്കെ രൂപത്തിൽ അതിന്റെ അനന്തരഫലം, അപൂർവം ചില മുതിർന്ന ബന്ധുക്കളിലും ചിലപ്പോൾ അവർക്ക് കാണാനായി എന്നുവരാം. കാരണം,  ലോകാരോഗ്യസംഘടനയുടെ നേരിട്ടുള്ള ഇടപെടലുകളുടെ ഫലമായി ഈ ഭൂമുഖത്തുനിന്ന് ഏറെക്കുറെ തുടച്ചു നീക്കപ്പെട്ടിട്ടുള്ള ഒരു അസുഖമാണത്. 1988-ൽ ലോകത്തിൽ ആകെ മൂന്നര ലക്ഷം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടത്തുനിന്ന് നമ്മൾ 2017-ലേക്ക് ഫ്‌ളാഷ് ഫോർവേർഡ് ചെയ്യുമ്പോഴേക്കും അത് വെറും 17 കേസുകൾ മാത്രമായി ചുരുങ്ങിയിരുന്നു.

എന്നാൽ, ആശ്വാസത്തിന്റേതായ ഒരു ദീർഘ നിശ്വാസം വിടാറായോ എന്ന് ചോദിച്ചാൽ ഇല്ല. കാരണം, ഇന്നും മൂന്നുരാജ്യങ്ങളിലായി ഭൂമുഖത്ത് പോളിയോ അതിന്റെ സാന്നിധ്യം നിലനിർത്തുന്നുണ്ട്.  ഏതൊക്കെയാണ് ആ രാജ്യങ്ങളെന്നോ..? ഒന്ന് നൈജീരിയ, രണ്ട് അഫ്‌ഗാനിസ്ഥാൻ, മൂന്ന് നമ്മുടെ അയൽരാജ്യമായ, പാകിസ്ഥാൻ..! ഇത്രയും കാലമായി ലോകാരോഗ്യസംഘടനയുടെ ചേർന്നുകൊണ്ട് പാകിസ്ഥാൻ നടത്തിക്കൊണ്ടിരുന്ന പോളിയോ നിർമാർജ്ജനപ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. കാരണം, ഇക്കൊല്ലം സെപ്റ്റംബർ വരെ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് പുതിയ 69  പോളിയോ കേസുകളാണ്. 

സുഷുമ്‌നയിലെ നാഡീകോശങ്ങളെ  ബാധിക്കുന്ന, മലിനജലം, ഭക്ഷണം എന്നിവയിലൂടെ വൈറസ് വഴി  പകരുന്ന ഒരു മാരകമായ രോഗമാണ് പോളിയോ. ബാധിക്കുന്നവരിൽ ചിലരെയെങ്കിലും നന്നേ ചെറുപ്പത്തിൽ തന്നെ മറ്റുള്ളവരെപ്പോലെ നടക്കുകയോ, ഓടുകയോ, വാഹനങ്ങൾ ഓടിക്കുകയോ ചെയ്യാൻ പറ്റാത്തവിധം കൈകാലുകൾക്ക് അംഗഭംഗമുണ്ടാക്കും എന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത.  ഒരിക്കൽ ഈ അസുഖം വന്ന് കൈകാലുകൾക്ക് രൂപഭംഗമുണ്ടായാൽ പിന്നെ അത് ചികിത്സിച്ച് പഴയപടിയാക്കാൻ കഴിയില്ല എന്ന വസ്തുതയും  ഈ അസുഖത്തെ അതി മാരകം എന്നുതന്നെ വിശേഷിപ്പിക്കാൻ പോന്നതാണ്. 

പാകിസ്ഥാനിലെ പൾസ് പോളിയോ പ്രോഗ്രാം 2017-ൽ നിന്നുപോയ ഒന്നാണ് എന്നാണ് രാജ്യത്തെ പല സ്വതന്ത്ര ഏജൻസികളുടെയും വാദം. ആരോഗ്യവകുപ്പ് ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നത് എന്നാണ് അവരിൽ ചിലർ ചോദിക്കുന്നത്. ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ ആണ് ലോകാരോഗ്യസംഘടനയോട് ചേർന്ന് പോളിയോ നിർമ്മാർജ്ജനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ പങ്കാളി. അവരുടെ കണക്കുകൾ പ്രകാരവും, പാകിസ്താനിലാണ് ലോകത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈൽഡ് പോളിയോ കേസുകളുടെ 80  ശതമാനവും. 

ഏതാനും മാസങ്ങൾക്കു മുമ്പ്,  പോളിയോ പ്രതിരോധ വാക്സിന്‍ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ നസ്രീന്‍ ബീവിയെ പാകിസ്ഥാനില്‍ വെടിവച്ച് കൊന്നിരുന്നു. മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് 35 കാരിയായ ബീവിയെ വെടിവച്ച് കൊലപ്പെടുത്തിയത്. അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്ന ബീവിയുടെ സഹപ്രവർത്തകയായ  റഷീദ അഫ്‌സല്‍ എന്ന 24 കാരി ഇന്നും ആശുപത്രി വിട്ടിട്ടില്ല. ആഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ സായ് എന്ന ഗ്രാമത്തിലാണ് അന്ന് അവർക്കുനേരെ ആക്രമണമുണ്ടായത്. പ്രതിരോധ തുള്ളിമരുന്ന് നല്‍കാനെത്തിയ സംഘം ഗേറ്റിന്‍റെ അടുത്തെത്തിയപ്പോള്‍  അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു.  ആ അക്രമണത്തോടെ പ്രദേശത്തെ പ്രതിരോധ തുള്ളിമരുന്ന് വിതരണം നിലച്ചിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരിടത്തുപോലും അക്രമികളെ തിരിച്ചറിയുകയോ അവർക്കെതിരെ സർക്കാർ ചെറുവിരലെങ്കിലും അനക്കുകയോ പതിവില്ല. ആക്രമണങ്ങൾ പതിവായപ്പോൾ,. ആരോഗ്യ പ്രവര്‍ത്തകർക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണം നടന്നപ്പോൾ സംഘത്തോടൊപ്പം ഉണ്ടായിരുന്ന  രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അത് തടയാനായിരുന്നില്ല. 


ഇത്തരത്തിൽ നൽകപ്പെടുന്ന തുള്ളിമരുന്നുകൾ കുഞ്ഞുങ്ങളെ മന്ദബുദ്ധികളാക്കും എന്നും, അത് അവരുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കും, അവരെ ഷണ്ഡരാക്കും എന്നൊക്കെയുള്ള പ്രചാരണങ്ങൾ പാകിസ്ഥാനിൽ പതിവാണ്. അതാണ് ഇങ്ങനെയുള്ള ആക്രമണങ്ങൾക്ക് നിരക്ഷരരായ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ വരവോടു അഭ്യൂഹങ്ങൾ ഒന്നുകൂടി ശക്തിയാർജ്ജിക്കുകയാണ് ചെയ്തിരിക്കുന്നത്. 

ഈ ഭീതികൾ മാത്രമല്ല കാരണം. പാകിസ്ഥാനിലെ ജനങ്ങൾ 2011 -ലെ അബോട്ടാബാദ് സംഭവം മറന്നിട്ടില്ല. അന്ന് ഒരു വ്യാജ വാക്സിനേഷൻ  ദൗത്യത്തിന്റെ പേരും പറഞ്ഞാണ് രഹസ്യപൊലീസ് സംഘത്തിൽ ഒരാൾ ഡോക്ടറുടെ വേഷം കെട്ടി അബോട്ടാബാദിലെ വീടുകൾ കയറിയിറങ്ങിയതും, അവിടെ ഒളിച്ചു താമസിക്കുകയായിരുന്ന ഒസാമാ ബിൻ ലാദനെ അമേരിക്കയ്ക്ക് ഒറ്റിക്കൊടുത്തതും. അന്ന് തങ്ങളുടെ മൂക്കിന്റെ താഴെക്കൂടി അമേരിക്ക, തങ്ങൾ അഭയം നൽകിയിരുന്ന ഉസാമയെ റാഞ്ചിക്കൊണ്ടുപോയി വധിക്കാൻ, പോളിയോ വാക്സിനേഷനും ഒരു പരിധിവരെ കാരണമായി എന്നത് അവരുടെ ഈ ദൗത്യത്തോടുള്ള എതിർപ്പിന് കാരണമാണ്. 

ഇത് പാകിസ്ഥാനിലെ ഭരണകൂടത്തിന്റെ കൂടി പാളിച്ചയാണ്. പോളിയോ നിർമാർജ്ജന സംഘങ്ങളുടെ യാത്രകൾക്കും, താമസത്തിനും, ഭക്ഷണത്തിനും ഒക്കെയുള്ള  ഔദ്യോഗിക അനുവാദങ്ങൾ കിട്ടാൻ ഏറെ താമസം വരുന്നുണ്ട്. 

സത്യത്തിൽ, പാകിസ്ഥാനിൽ പോളിയോ നിർമാർജനത്തിന് തടസ്സമായി നിൽക്കുന്ന കാരണങ്ങൾ പലതാണ്. ഒന്ന്, പൊതു സമൂഹത്തിന്റെ അജ്ഞത, രണ്ട്, പാകിസ്ഥാനിലെ മുസ്ലിംകളെ ഷണ്ഡീകരിക്കാനുള്ള പാശ്ചാത്യഗൂഡാലോചനയാണ് ലോകാരോഗ്യസംഘടനയുടെ പോളിയോ നിർമാർജ്ജന യജ്ഞങ്ങൾ എന്ന പ്രചാരണം, അതേത്തുടർന്ന് ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ, കുട്ടികളെ വാക്സിനേറ്റ് ചെയ്യാനുള്ള മാതാപിതാക്കളുടെ വിമുഖത എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്. 2018-ലെ 12-ൽ നിന്ന്, 2019-ൽ 69-ലേക്കുള്ള അപകടകരമായ വളർച്ച പാകിസ്താന് മാത്രമല്ല, ലോകത്തിനു തന്നെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.