മധ്യപ്രദേശിലെ ബൈതുൽ ജില്ല. ഇവിടെ ജില്ലാ കോടതിയിലെ ഒരു ജഡ്ജിയും മകനും ഏതാനും ദിവങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഭക്ഷണം കഴിച്ചതിനു പിന്നാലെയായിരുന്നു മരണം എന്നതിനാൽ പൊലീസ് സ്വാഭാവികമായും വിഷബാധ സംശയിച്ച് ആ ദിശയിൽ അന്വേഷണം നടത്തി. ആട്ടയിൽ വിഷം കലർന്നിട്ടുണ്ട് എന്ന് മനസ്സിലായതോടെ പൊലീസ് ജഡ്ജിയുമായി ബന്ധമുള്ള സകലരെയും ചോദ്യം ചെയ്തു. ഒടുവിൽ ജൂലൈ 29 -ന് ഒരു സ്ത്രീ അടക്കം ആറുപേരെ ഈ ഇരട്ടകൊലപാതകത്തിന്റെ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു പൊലീസ്. ഈ സ്ത്രീ ജഡ്ജിക്ക് കൈമാറിയ ആട്ടമാവിൽ വിഷം കലർന്നിട്ടുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ജഡ്ജിയെ സകുടുംബം കൊല്ലാനായിരുന്നു പ്ലാനെങ്കിലും, അദ്ദേഹവും മകനും ഒഴികെയുള്ളവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തി എങ്കിലും, മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. കുറ്റാരോപിതയായ വനിതയും കൊല്ലപ്പെട്ട ജഡ്ജിയും തമ്മിൽ ചുരുങ്ങിയത് പത്തുവർഷത്തെയെങ്കിലും പരിചയമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. 

 

 

എന്താണ് വിഷയം? 

ബൈതുൽ ജില്ലാ കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജി ആയിരുന്നു മഹേന്ദ്ര ത്രിപാഠി. ജൂലൈ 20 -ന് രാത്രി അദ്ദേഹം തന്റെ കുടുംബത്തോടൊപ്പമിരുന്ന് അത്താഴം കഴിച്ചു. പരിചയക്കാരിയായ സ്ത്രീ നൽകിയ ആട്ടമാവ് കുഴച്ചാണ് ചപ്പാത്തി ചുട്ടെടുത്തതും അവർ കഴിച്ചതും. ആ ആട്ടയിൽ കൊടിയ വിഷം കലർത്തപ്പെട്ടിരുന്നു. ജഡ്ജിയുടെ ഭാര്യക്ക് എന്തോ അന്ന് രാത്രി ചപ്പാത്തി തിന്നാൻ തോന്നിയില്ല. പകരം അവർ കഴിച്ചത് ചോറായിരുന്നു. അതുകൊണ്ട് ഈ കൊലപാതകശ്രമത്തിൽ നിന്ന് അവർ രക്ഷപ്പെട്ടു. ചപ്പാത്തി കഴിച്ച അവരുടെ ഭർത്താവും മൂത്തമകനും വിഷബാധയേറ്റ് മരണപ്പെട്ടു. ഇളയ മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിപ്പെട്ടു എങ്കിലും, ചപ്പാത്തി മറ്റുള്ളവരെക്കാൾ കുറച്ചുമാത്രം കഴിച്ചതിനാൽ അവനും മരിക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ഫുഡ് പോയ്‌സണിങ് എന്ന ആംഗിളിലും പൊലീസ് ആദ്യം ചിന്തിച്ചിരുന്നു എങ്കിലും, പല തെളിവുകളും അത് ഒരു മനഃപൂർവ്വമുള്ള കൊലപാതകശ്രമം ആയിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നവ ആയിരുന്നു. എന്തായാലും പൊലീസ് ആട്ടയുടെ സാമ്പിൾ എടുത്ത് ലാബിൽ ടെസ്റ്റിനയച്ചു. 

ബൈതുൽ എസ്പി  സിമലാ പ്രസാദിന് അന്വേഷണത്തിനിടെ ജഡ്ജിയുടെ പരിചയക്കാരിയായ സന്ധ്യാ സിംഗ് എന്നൊരു സ്ത്രീയുടെ മേൽ സംശയം തോന്നി.  പത്തുവർഷത്തിനുമേലെയായി ജഡ്ജ് മഹേന്ദ്ര ത്രിപാഠിയുമായി പരിചയമുണ്ടായിരുന്ന അവർ മരണത്തിനു ശേഷം ഒളിവിലായിരുന്നു. ഫോണും സ്വിച്ചോഫ്. കഴിഞ്ഞ ഞായറാഴ്ച അവരുടെ ഫോൺ വീണ്ടും പരിധിക്കുള്ളിൽ വന്നു. പൊലീസ് ലൊക്കേഷൻ ട്രേസ് ചെയ്ത് അവരെയും മറ്റ് അഞ്ചു പേരെയും അറസ്റ്റുചെയ്തു ബേതുലിലേക്ക് കൊണ്ടുവന്നു. 

ചിന്ദ്വാഡാ എന്ന സ്ഥലത്താണ് ഈ സ്ത്രീ താമസിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. അവിടെ ഒരു എൻജിഒയിലാണ് അവർക്ക് ജോലി. അവരാണ് ഒരു മന്ത്രവാദിയെപ്പറ്റി ജഡ്ജ് മഹേന്ദ്ര ത്രിപാഠിയോട് പറയുന്നത്. ജഡ്ജിയുടെ കുടുംബത്തിൽ നിത്യം കലഹങ്ങളായിരുന്നു. ആ കലഹങ്ങൾക്ക് പരിഹാരം കാണാൻ ഇയാളുടെ ആഭിചാര ക്രിയകൾക്ക് സാധിക്കും എന്ന് സന്ധ്യാ സിംഗ് ജഡ്ജിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ആകെ ചെയ്യേണ്ടത് ഇത്രമാത്രം. വീട്ടിൽ നിന്ന് കുറച്ച് ആട്ടമാവ് ഈ മന്ത്രവാദിക്ക് കൊണ്ട് കൊണ്ടുക്കണം, ഒപ്പം ദക്ഷിണയും. മന്ത്രവാദി ആട്ടപ്പൊടിയിൽ കുറെ ആഭിചാരക്രിയകൾ നടത്തി അത് ജഡ്ജിയെ തിരിച്ചേൽപ്പിക്കും. ആ മാവിൽ ചപ്പാത്തിയുണ്ടാക്കി ആഹരിച്ചാൽ പിന്നെ ഒരു ദോഷവുമുണ്ടാവില്ല കുടുംബത്ത്. എല്ലാ കലഹങ്ങളും സ്വിച്ചിട്ടപോലെ നിൽക്കും. 

സന്ധ്യാ സിംഗ് പറഞ്ഞത് വിശ്വസിച്ചുപോയ ജഡ്ജ് രണ്ടു കിലോ ആട്ടപ്പൊടി വാങ്ങി അവരെ ഏൽപ്പിച്ചു. അവരാണെങ്കിൽ കുറച്ചു ദിവസത്തിന് ശേഷം ആഭിചാരങ്ങൾ പൂർത്തിയാക്കി എന്നും പറഞ്ഞ് ആ ആട്ട തിരിച്ചേൽപ്പിക്കുകയും ചെയ്തു. ആ ആട്ട കുഴച്ച് അന്ന് രാത്രി തന്നെ ചപ്പാത്തിയുണ്ടാക്കി തിന്ന ജഡ്ജ് അതിലെ വിഷമേറ്റ് കൊല്ലപ്പെടുകയും ചെയ്തു. 

ഈ സംഭവം നടക്കുന്ന ദിവസവും സന്ധ്യ ബൈതുളിൽ വന്നിരുന്നു എന്ന് പൊലീസിന് മനസ്സിലായി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ സന്ധ്യാ സിങ്ങും ജഡ്ജ് മഹേന്ദ്ര ത്രിപാഠിയും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നും, സന്ധ്യക്ക് കടമായി നൽകിയിരുന്ന വൻതുക ജഡ്ജ് തിരികെ ചോദിച്ചതാണ് അദ്ദേഹത്തെ വകവരുത്താനുള്ള തീരുമാനത്തിലേക്ക് സന്ധ്യയെ നയിച്ചത് എന്ന് പൊലീസ് പറയുന്നു.