വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മികച്ച ഡ്രൈവിംഗിനെയും അച്ചടക്കത്തെയും പ്രശംസിച്ചുകൊണ്ട് വ്യവസായിയുടെ പോസ്റ്റ്. റൈഡ് ഷെയറിംഗ് ആപ്പുകളിൽ പുരുഷ-സ്ത്രീ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള (Gender Selection) ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ, താൻ തീർച്ചയായും വനിതാ ഡ്രൈവർമാരെ മാത്രമേ തിരഞ്ഞെടുക്കൂ എന്നും സഞ്ജയ് രാമകൃഷ്ണൻ.
ബെംഗളൂരുവിലെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മികച്ച ഡ്രൈവിംഗിനെയും അച്ചടക്കത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നഗരത്തിലെ പ്രമുഖ വ്യവസായിയും മൾട്ടിപ്ലൈ വെഞ്ചേഴ്സ് സ്ഥാപകനുമായ സഞ്ജയ് രാമകൃഷ്ണൻ. തന്റെ സമീപകാല യാത്രാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. പുരുഷ ഡ്രൈവർമാരിൽ നിന്ന് തികച്ചും വ്യത്യസ്തവും ആശ്വാസകരവുമായ ഒന്നായിരുന്നു വനിതാ ഡ്രൈവർമാർക്കൊപ്പമുള്ള യാത്രയെന്ന് അദ്ദേഹം കുറിച്ചു.

ഓഫീസിലേക്കുള്ള ചെറിയ ദൂരങ്ങളിലെ യാത്രയ്ക്കായി നമ്മ യാത്രി (Namma Yatri), റാപ്പിഡോ (Rapido) തുടങ്ങിയ ആപ്പുകൾ വഴി താൻ സ്ഥിരമായി ഓട്ടോ ബുക്ക് ചെയ്യാറുണ്ടെന്ന് സഞ്ജയ് പറയുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ മൂന്ന് തവണ അദ്ദേഹത്തിന് വനിതാ ഡ്രൈവർമാരെ ലഭിക്കുകയുണ്ടായി. സാധാരണ പുരുഷ ഡ്രൈവർമാരുടെ കൂടെ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടാത്ത മികച്ച ചില ഗുണങ്ങൾ ഇവരിലുടനീളം കാണാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
തന്റെ യാത്രാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പുരുഷ ഡ്രൈവർമാരുടെയും സ്ത്രീ ഡ്രൈവർമാരുടെയും ഡ്രൈവിംഗ് ശൈലിയിലെ വ്യത്യാസങ്ങൾ സഞ്ജയ് വ്യക്തമാക്കുന്നുണ്ട്. അമിതവേഗത, അനാവശ്യമായ ഹോൺ അടി, കുഴികൾ കാണുമ്പോൾ പെട്ടെന്ന് വണ്ടി വെട്ടിക്കുന്നത്, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നിവ പല പുരുഷ ഡ്രൈവർമാരിലും സാധാരണമാണ്. ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നതും റോഡിന്റെ തെറ്റായ വശത്തുകൂടി വണ്ടിയോടിക്കുന്നതും കാരണം പലപ്പോഴും ഓട്ടോകളിൽ സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചുപോയിട്ടുണ്ടെന്ന് സഞ്ജയ് പറയുന്നു.
സ്ത്രീകൾ ഓടിച്ചിരുന്ന ഇലക്ട്രിക് ഓട്ടോകൾ തികച്ചും വൃത്തിയുള്ളതും ഇരുവശങ്ങളിലും സുരക്ഷിതമായ ഡോറുകൾ ഉള്ളതുമായിരുന്നു. യാത്ര തുടങ്ങുന്നതിന് മുൻപ് അവർ വളരെ മാന്യമായി അനുവാദം ചോദിച്ചു. വളരെ മിതമായ വേഗതയിൽ മാത്രമാണ് അവർ വണ്ടിയോടിച്ചത്. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാനും, റോഡിലെ കുഴികൾ വരുമ്പോൾ വേഗത കുറയ്ക്കാനും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാനും അവർ ശ്രദ്ധിച്ചു. റൈഡ് ഷെയറിംഗ് ആപ്പുകളിൽ പുരുഷ-സ്ത്രീ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള (Gender Selection) ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ, താൻ തീർച്ചയായും വനിതാ ഡ്രൈവർമാരെ മാത്രമേ തിരഞ്ഞെടുക്കൂ എന്നും സഞ്ജയ് രാമകൃഷ്ണൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
ഈ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ചെന്നൈയിൽ നിന്നുള്ള ഒരാൾ അഭിപ്രായപ്പെട്ടത്, 'ചെന്നൈയിലെ വനിതാ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ച് എന്റെ അനുഭവം വളരെ മികച്ചതായിരുന്നു' എന്നാണ്. 'അവർ വിശ്വസ്തരും പ്രൊഫഷണലുമാണ്. ആപ്പുകളിൽ സ്ത്രീകളെ തിരഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ടെങ്കിൽ താൻ എപ്പോഴും അവരെ മാത്രമേ തിരഞ്ഞെടുക്കൂ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
