സാവോപോളോ ബ്രസീല്‍): ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ വൃഷണങ്ങള്‍ യുവതി കടിച്ചു മുറിച്ചെടുത്തു. ഇക്കഴിഞ്ഞ അഞ്ചിന് വടക്കന്‍ ബ്രസീലിലെ മിഗുവല്‍ ആല്‍വ്‌സിലാണ് സംഭവം. മുന്‍കാമുകനും അയല്‍ക്കാരനുമായ പെഡ്രോ എന്ന യുവാവ് തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംഭവമെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തിനു ശേഷം, ഇക്കാര്യങ്ങള്‍ പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. 

മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് മുന്‍ കാമുകനായ പെഡ്രോ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി വീഡിയോയില്‍ പറഞ്ഞു. അഞ്ചാം തീയതി, കാമുകനൊപ്പം വീട്ടിലുള്ളപ്പോഴാണ് പെഡ്രോ വീട്ടിലെത്തിയത്. അവിടെ വെച്ച് കാമുകനെ അക്രമിച്ചോടിച്ച ശേഷം തന്നെ ബലാല്‍സംഗം ചെയ്യാന്‍ പെഡ്രോ ശ്രമിച്ചു. തുടര്‍ന്ന് ജീവന്‍ രക്ഷിക്കുന്നതിനിടെയാണ് പെഡ്രോയുടെ വൃഷണങ്ങള്‍ കടിച്ചു മുറിച്ചെടുത്തതായി യുവതി പറഞ്ഞു. 

കുട്ടിക്കാലത്ത് രണ്ടു തവണ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നതായും ഇനിയുമത് സഹിക്കാന്‍ പറ്റില്ല എന്നുറപ്പിച്ചാണ് പ്രത്യാക്രമണം നടത്തിയതെന്നും യുവതി പറഞ്ഞു. മുറിയിലേക്ക് കടന്നു വന്ന പെഡ്രോ ആക്രമണം നടത്തിയ ശേഷം മുടിക്കു കുത്തിപ്പിടിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. 

തുടര്‍ന്ന് പെഡ്രോയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഇയാളുടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പെഡ്രോയെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തു. പെഡ്രോയുടെ സഹോദരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.