Asianet News MalayalamAsianet News Malayalam

മരിച്ചുപോയ ഭർത്താവിനുവേണ്ടി മാർബിളിൽ ക്ഷേത്രം പണികഴിപ്പിച്ച് ഭാര്യ, പൂജയും അന്നദാനവും

എല്ലാ ദിവസവും പത്മാവതി അവിടെ പൂജ നടത്തുകയും കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. അത് മാത്രമല്ല, വാരാന്ത്യങ്ങളിൽ പ്രത്യേക പൂജകളും, ഭർത്താവിന്റെ പേരിൽ അന്നദാനവും അവർ നടത്തുന്നു.

woman built a temple for her dead husband
Author
Andhra Pradesh, First Published Aug 14, 2021, 1:05 PM IST

യഥാർത്ഥ സ്നേഹം ഒരിക്കലും മരിക്കില്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് തരികയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഒരു സ്ത്രീ. തന്റെ പ്രിയതമക്കായി താജ്മഹൽ പണിത ഷാജഹാന്റെ കഥ നമുക്കറിയാം. എന്നാൽ ഇവിടെ മരിച്ചുപോയ ഭർത്താവിനായി ഒരു ക്ഷേത്രം തന്നെ നിർമ്മിച്ചിരിക്കയാണ് ഈ സ്ത്രീ. ക്ഷേത്രത്തിനകത്ത് അവർ ഭർത്താവിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. അവരുടെ പേര് പത്മാവതിയെന്നും, മരിച്ചുപോയ ഭർത്താവിന്റെ പേര് അങ്കിറെഡ്ഡിയെന്നുമാണ്. പത്മാവതി എല്ലാ ദിവസവും ആ പ്രതിമയ്ക്ക് മുന്നിൽ ചെന്ന് നിന്ന് പ്രാർത്ഥിക്കുകയും, പൂജ നടത്തുകയും ചെയ്യുന്നു.

എബിപി ലൈവിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, അങ്കിറെഡ്ഡിയും പത്മാവതിയും ഏതാനും വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. പിന്നീട് ഒരു അപകടത്തിൽ അവരുടെ ഭർത്താവ് ദാരുണമായി മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പത്മാവതി ആകെ തകർന്ന് പോയി. ഭർത്താവിന്റെ വിയോഗത്തിൽ ദുഃഖിച്ചും, പരിതപിച്ചും നാല് വർഷം കടന്ന് പോയി. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഭർത്താവ് അവരുടെ സ്വപ്നത്തിൽ വന്നുവെന്നും തനിക്കായി ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി. തുടർന്ന്, ക്ഷേത്രം പണിയാനുള്ള കാര്യങ്ങളുമായി അവർ മുന്നോട്ട് പോയി. ഒടുവിൽ ഭർത്താവിനായി മാർബിൾ കൊണ്ട് ഒരു ക്ഷേത്രം അവർ പണികഴിപ്പിച്ചു. അവിടെ ഭർത്താവിന്റെ ഒരു മാർബിൾ വിഗ്രഹവും അവർ സ്ഥാപിച്ചു. മകൻ ശിവശങ്കർ റെഡ്ഡിയും ഭർത്താവിന്റെ സുഹൃത്തായ തിരുപ്പതി റെഡ്ഡിയും ക്ഷേത്രം പണിയാനായി സഹായിച്ചു.  

പിന്നീട് എല്ലാ ദിവസവും പത്മാവതി അവിടെ പൂജ നടത്തുകയും കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. അത് മാത്രമല്ല, വാരാന്ത്യങ്ങളിൽ പ്രത്യേക പൂജകളും, ഭർത്താവിന്റെ പേരിൽ അന്നദാനവും അവർ നടത്തുന്നു. ഭർത്താവ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ദൈവമായിട്ടാണ് താൻ കണ്ടിരുന്നതെന്ന് അവർ പറഞ്ഞു. നിത്യമായ സ്നേഹത്തിന്റെയും ഭക്തിയുടെയും മഹത്തായ അടയാളമായി ആളുകൾ ഇതിനെ കാണുന്നു. പലരും അവരുടെ സ്നേഹം കണ്ട് വികാരഭരിതരാകുന്നു. പരസ്പരം ഇത്രയേറെ സ്നേഹിച്ചിരുന്ന ആ ദമ്പതികളുടെ മകനായി ജനിച്ചത് ഒരു ഭാഗ്യമാണെന്നും, തന്റെ മാതാപിതാക്കൾ ആദർശ ദമ്പതികളായിരുന്നെന്നും മകൻ ശിവശങ്കർ റെഡ്ഡി പറഞ്ഞു.

Follow Us:
Download App:
  • android
  • ios