ഭർത്താവും വീട്ടുകാരും കഷണ്ടി മറച്ചുവെച്ചും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കള്ളം പറഞ്ഞും വഞ്ചിച്ചതായി യുവതിയുടെ പരാതി. ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയും തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കഞ്ചാവ് കടത്താൻ നിർബന്ധിക്കുകയും ചെയ്തതായും ആരോപണം.
ഭർത്താവിന്റെ കഷണ്ടി മുതൽ വിദ്യാഭാസത്തെയും ജോലിയെയും കുറിച്ച് വരെ കള്ളം പറഞ്ഞു പറ്റിച്ചു എന്നാരോപിച്ച് ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പരാതി. 2024 -ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നോയ്‍ഡയിൽ നിന്നുള്ള യുവതിയാണ് ഭർത്താവിനെതിരെയും ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള നാല് പേർക്കെതിരെയും കേസ് കൊടുത്തിരിക്കുന്നത്. ഗൗർ സിറ്റി അവന്യൂ-1 ൽ നിന്നുള്ള ലവിക ഗുപ്ത എന്ന യുവതിയാണ് പൊലീസിൽ ഭർത്താവിനും വീട്ടുകാർക്കും എതിരെ പരാതി നൽകിയത്.
നല്ല കട്ടിയുള്ള മുടിയുള്ള ഭർത്താവിനെ വേണമെന്നായിരുന്നു തന്റെ ആഗ്രഹം, അങ്ങനെയുള്ള ആളാണ് എന്ന് കണ്ടായിരുന്നു വിവാഹവും. എന്നാൽ, വിവാഹത്തിന് ശേഷമാണ് ഭർത്താവായ സന്യാം ജെയിൻ പൂർണ്ണമായും കഷണ്ടിയുള്ളയാളാണെന്നും ഒരു ഹെയർപാച്ചാണ് മുടിയുള്ളതായി തോന്നിക്കാൻ അയാൾ ആശ്രയിക്കുന്നതെന്നും താൻ അറിഞ്ഞത് എന്നും യുവതി പറയുന്നു.
ബിസ്രാഖ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്ഐആർ പ്രകാരം, ദമ്പതികൾ 2024 ജനുവരി 16 -നാണ് വിവാഹിതരായത്. വിവാഹത്തിന് മുമ്പ് ജെയിനിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് ലവിക ഗുപ്ത ആരോപിക്കുന്നത്. ഭർത്താവ് തന്റെ യഥാർത്ഥ വരുമാനവും വിദ്യാഭ്യാസ യോഗ്യതയും മറച്ചുവെച്ചതായും യുവതി ആരോപിക്കുന്നു. വിവാഹശേഷം ജെയിൻ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
അതുമാത്രമല്ല, വിദേശയാത്രയ്ക്കിടെ ഭർത്താവ് തന്നെ ആക്രമിച്ചതായും തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കഞ്ചാവ് കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തിയതായും യുവതിയുടെ പരാതിയിലുണ്ടെന്നും ബിസ്രാഖ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് മനോജ് കുമാർ സിംഗ് പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അടക്കം ആ കുടുംബത്തിലെ അഞ്ച് പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.
