ഗർഭകാലത്തെ അസ്വസ്ഥതകൾ കാരണം ജോലിക്കിടെ ക്രാക്കേഴ്സ് കഴിക്കാൻ അനുവാദം ചോദിച്ചതിന് യുവതിയെ മാനേജർ പിരിച്ചുവിട്ടു. മെസ്സേജ് അയച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് കിട്ടിയത്!
ഗർഭിണിയാണ്, ജോലിയുടെ ഇടയിൽ ക്രാക്കേഴ്സ് കഴിച്ചോട്ടെ എന്ന് ചോദിച്ചതിന് ജീവനക്കാരിയെ പിരിച്ചുവിട്ടു. ജിൻ എന്ന യുവതിയാണ് തന്റെയീ ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഗർഭകാലത്ത് സാധാരണയായി സ്ത്രീകൾക്കുണ്ടാകുന്ന ചില അസ്വസ്ഥതകളുണ്ടല്ലോ? അതിനെ മറികടക്കാനായിട്ടാണ് ജോലിക്കിടയ്ക്ക് ക്രാക്കേഴ്സ് കഴിച്ചോട്ടെ എന്ന് യുവതി മെസ്സേജിലൂടെ അനുവാദം ചോദിച്ചത്. എന്നാൽ, മെസ്സേജ് അയച്ചു കഴിഞ്ഞ് വെറും 3 മണിക്കൂറിനുള്ളിൽ യുവതിക്ക് കിട്ടിയത് പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പാണ്! മാനേജർക്കയച്ച മെസ്സേജും, തൊട്ടുപിന്നാലെ ലഭിച്ച പിരിച്ചുവിടൽ കത്തുമാണ് യുവതി പുറത്തുവിട്ടത്.
യുവതി മാനേജർക്കയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു, 'നാളത്തെ ഷിഫ്റ്റിനായി ഞാൻ കാത്തിരിക്കുകയാണ്. എന്നാൽ, തികച്ചും വ്യക്തിപരമായ ഒരു കാര്യം നിങ്ങളോട് തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഗർഭിണിയാണ്. അതിന്റേതായ അസ്വസ്ഥതകളെല്ലാമുണ്ട്. അതുപോലെ ഇടയ്ക്കെല്ലാം വിശപ്പ് തോന്നുന്നു. അങ്ങനെ വിശപ്പ് തോന്നുമ്പോൾ തന്നെ എനിക്ക് വല്ലാതെ ബുദ്ധിമുട്ടാണ്. അതിനാൽ ഡ്യൂട്ടിക്കിടെ കഴിക്കാൻ കുറച്ച് ക്രാക്കേഴ്സ് കൊണ്ടുവരുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ?'
എന്നാൽ, ഈ മെസ്സേജ് അയച്ച് വെറും 3 മണിക്കൂർ കഴിഞ്ഞപ്പോൾ യുവതിക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള അിയിപ്പ് ലഭിക്കുകയായിരുന്നു. പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കിയില്ല എന്നതാണ് പിരിച്ചുവിടാൻ കാരണമായി കാണിച്ചിരിക്കുന്നത്. ജൂലൈ 22 -ന് ജോലിയിൽ നിന്നും ഇറങ്ങണമെന്നും അതിന് മുമ്പുള്ള ഒരാഴ്ച നോട്ടീസ് പിരിയഡ് ആണെന്നും യുവതിക്കുള്ള പിരിച്ചുവിടൽ അറിയിപ്പിൽ പറയുന്നു. നോട്ടീസ് കാലയളവിലെ ശമ്പളവും ബാക്കിയുള്ള ആനുകൂല്യങ്ങളും നൽകുമെന്നും കത്തിൽ പറയുന്നുണ്ട്.
ആ മാനേജരെ വിശ്വസിച്ചിട്ടാണ് ഞാനിത് തുറന്നു പറഞ്ഞത്. തനിക്ക് വീട്ടിൽ മുതിർന്നവരാരും പിന്തുണ നൽകാനില്ല. മാനേജർ തന്നെ പരിഗണിക്കുമെന്ന് വിശ്വസിച്ച താൻ വിഡ്ഢിയായിരുന്നു എന്നും ജിൻ പറഞ്ഞു. നോട്ടീസ് പിരീഡിൽ താൻ ഇനി ജോലിക്ക് പോകില്ലെന്നും യുവതി വ്യക്തമാക്കി.
ഡ്യൂട്ടിക്കിടെ ലഘുഭക്ഷണം കഴിക്കാൻ അനുവാദം ചോദിക്കണോ എന്ന് പലരും കമന്റിൽ ചോദിച്ചിട്ടുണ്ട്. അതിനും യുവതി മറുപടി നൽകി. 'കഴിഞ്ഞ ആഴ്ച മാനേജർ ഗ്രൂപ്പിൽ ഒരു മെസ്സേജിട്ടിരുന്നു. 6 മണിക്കൂർ ജോലി ചെയ്ത് 20 മിനിറ്റ് അൺപെയ്ഡ് ബ്രേക്ക് ലഭിക്കുന്നത് വരെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പാടില്ലെന്നായിരുന്നു അത്. ജോലി ചെയ്യുന്ന റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത് സാധാരണയാണ്. എന്നാൽ, അതിന് കർശന നിയന്ത്രണം വന്നതോടെയാണ് ഭയം കാരണം ഞാൻ മുൻകൂട്ടി അനുവാദം ചോദിച്ചത്. ഓരോ 20 മിനിറ്റ് കൂടുമ്പോഴും പോയി ഒരു ക്രാക്കേഴ്സ് കഴിച്ചോട്ടെ എന്ന് ചോദിച്ചതിനാണ് അവർ എന്നെ പിരിച്ചുവിട്ടത്'.

'ഇത് ക്രൂരതയാണ്, നിയമപരമായി ഇതിനെതിരെ ഒന്നും ചെയ്യാനാവില്ലേ' എന്നാണ് പോസ്റ്റ് കണ്ട പലരും ചോദിച്ചത്. സ്ത്രീകളോടുള്ള വിവേചനമാണ് ഇത് എന്നും പലരും പ്രതികരിച്ചു. അടുത്തിടെ വിവാഹിതരായവരേയും ഗർഭിണികളെയും ജോലിക്കെടുക്കാത്ത സാഹചര്യം ഇന്നും നിലനിൽക്കുന്നുണ്ട് എന്നും പലരും ചൂണ്ടിക്കാട്ടി.
