ഈ കണ്ടെത്തലിനെ കുറിച്ച് ജെന്നിഫർ നിരവധി ടിക്ടോക് വീഡിയോകളാണ് ചെയ്തത്. അതിൽ അവർ ടോർച്ചുമായി ആ ബോംബ് ഷെൽട്ടറിലേക്ക് ഇറങ്ങുന്നത് കാണാം.
സ്വന്തം വീടിന്റെ കിടപ്പുമുറിക്ക് താഴെ ഒരു ബോംബ് സൂക്ഷിക്കുന്ന മുറി ഉണ്ട് എന്ന് അറിഞ്ഞാൽ എന്താവും അവസ്ഥ? ഒരു സ്ത്രീ അങ്ങനെ ഒരു മുറി കണ്ടെത്തിയതിന്റെ അന്ധാളിപ്പിലാണ്. കിടപ്പുമുറിക്ക് താഴെ കണ്ടെത്തിയ ആ ബങ്കറിലാവട്ടെ ഒരു കിടപ്പുമുറിയും വെന്റിലേഷനും കൂടി ഉണ്ട്.
കാലിഫോർണിയയിൽ നിന്നുള്ള ജെന്നിഫർ ലിറ്റിലാണ് തന്റെ കിടപ്പുമുറിയിൽ ഒരു മാൻഹോൾ കണ്ടെത്തിയ വിവരം ടിക്ടോക്കിൽ വെളിപ്പെടുത്തിയത്. ഫർണിച്ചറുകൾ മാറ്റവെയാണ് ജെന്നിഫറിന്റെ ബെഡ്റൂമിൽ മാൻഹോൾ ശ്രദ്ധയിൽ പെട്ടത്. പിന്നീട് ജെന്നിഫറിന്റെ ഭർത്താവ് ആ മാൻഹോളിലൂടെ ഇറങ്ങി. അവിടെ നിറയെ ചിലന്തി ആയിരുന്നു എന്നും ജെന്നിഫർ പറയുന്നു.
ഈ കണ്ടെത്തലിനെ കുറിച്ച് ജെന്നിഫർ നിരവധി ടിക്ടോക് വീഡിയോകളാണ് ചെയ്തത്. അതിൽ അവർ ടോർച്ചുമായി ആ ബോംബ് ഷെൽട്ടറിലേക്ക് ഇറങ്ങുന്നത് കാണാം. ആ ഇരുട്ട് പിടിച്ച മുറിക്കകത്ത് ചുമരിൽ നിരവധി കൊളുത്തുകൾ ഉണ്ട്. ബങ്ക്ബെഡുകൾ, ഒരു കാബിനറ്റ് എന്നിവയൊക്കെയാണ് ഇതിനകത്തുള്ളത്. ഇത് നിയമപ്രകാരം പ്രവർത്തിച്ചിരുന്ന ഒരു ബോംബ് ഷെൽട്ടർ ആണെന്നാണ് ജെന്നിഫർ പറയുന്നത്.
ഒടുവിൽ അതിനകത്തെ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലവും ജെന്നിഫർ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യം ജെന്നിഫർ കരുതിയിരുന്നത് ഇത് രണ്ടാം ലോക മഹായുദ്ധ കാലത്ത് നിർമ്മിച്ച ബോംബ് ഷെൽട്ടർ ആയിരുന്നിരിക്കാം എന്നാണ്. എന്നാൽ, 1951 -ന് ശേഷമാണ് ആ വീട് പണിതിരിക്കുന്നത്. അതിനാൽ ശീതയുദ്ധകാലത്ത് ന്യൂക്ലിയർ ആയുധങ്ങൾ സൂക്ഷിക്കാൻ നിർമ്മിച്ചതായിരിക്കാം എന്നാണ് കരുതുന്നത്.
എന്തായാലും ഈ ബങ്കർ കണ്ട് ടിക്ടോക്കിലുള്ളവർ ആകെ അമ്പരന്ന് പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ ബങ്കർ നശിക്കാതെ നിലനിൽക്കുന്നുണ്ട് എന്നും ജെന്നിഫറിനും കുടുംബത്തിനും അത് റീമോഡൽ ചെയ്ത് ഉപയോഗിക്കാമല്ലോ എന്നും ഒരാൾ കമന്റ് നൽകി. ഏതായാലും അത് ഏറെ പഴക്കം ചെന്നതാണ് എന്നും അതുകൊണ്ട് നന്നായി ശ്രദ്ധിക്കണം എന്നും മറ്റ് ചിലർ കമന്റ് ചെയ്തു.
