'തമാശ' സിനിമ കണ്ട് പ്രചോദനമുൾക്കൊണ്ട് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പെയിന്‍റിംഗ് കരിയറാക്കി യുവതി. എന്നാൽ സമ്പാദ്യമെല്ലാം തീർന്നതോടെ രണ്ട് വർഷത്തിന് ശേഷം അവർക്ക് വീണ്ടും കോർപ്പറേറ്റ് ലോകത്തേക്ക് മടങ്ങിവരേണ്ടി വന്നു. 

ചില സിനിമകളൊക്കെ കാണുമ്പോൾ ആഹാ, ഇങ്ങനെ ജീവിച്ചാൽ രസമായിരിക്കും എന്നെല്ലാം നമുക്ക് തോന്നാറുണ്ട്. എന്നാൽ, ജീവിതയാഥാർത്ഥ്യം ചിലപ്പോൾ അത്ര നല്ലതാവണം എന്നില്ല. സിനിമ കണ്ടും പുസ്തകം വായിച്ചും മാറ്റിമറിക്കാവുന്നത്ര ഈസിയല്ല ചിലപ്പോൾ ജീവിതം. അതുപോലെ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡ് ചിത്രം 'തമാശ' കണ്ട ശേഷം സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്, പെയിന്റിം​ഗ് കരിയറാക്കാൻ ഇറങ്ങിത്തിരിച്ച ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇൻഫ്ലുവൻസറായ ഹർഷാണ് എക്സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

താൻ നടത്തിയ ഒരു ജോബ് ഇന്റർവ്യൂവിനിടയിലാണ് മുപ്പതുകളിൽ പ്രായമുള്ള ഈ യുവതിയെ പരിചയപ്പെട്ടതെന്ന് ഹർഷ് പറയുന്നു. ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ച അവർ ആറ് വർഷത്തോളം കോർപ്പറേറ്റ് മേഖലയിൽ നല്ല രീതിയിൽ തന്നെ ജോലി ചെയ്തു. അതിനിടയിലാണ് രൺബീർ കപൂർ നായകനായ 'തമാശ' എന്ന സിനിമ കാണുന്നത്. സിനിമ നൽകിയ പ്രചോദനത്തിൽ, അവർ ജോലി രാജിവെക്കുകയും ആർട്സിനോടുള്ള ഇഷ്ടത്തിന് പിന്നാലെ സഞ്ചരിക്കാൻ ആർട്സിൽ ഡിപ്ലോമ എടുക്കുകയും ചെയ്തു.

ഡിപ്ലോമയ്ക്ക് ശേഷം എക്സിബിഷനുകൾ നടത്തിയും ചിത്രങ്ങൾ വിറ്റും പുതിയ കരിയർ നന്നായി കൊണ്ടുപോകാൻ അവർ പരമാവധി ശ്രമിച്ചു. എന്നാൽ, കുറച്ചുകാലം കഴിഞ്ഞപ്പോൾ അതുവരെ സമ്പാദിച്ചിരുന്നതെല്ലാം തീർന്നുപോയി. ഒടുവിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോർപ്പറേറ്റ് ലോകത്തേക്ക് തന്നെ മടങ്ങിവരാൻ അവർ നിർബന്ധിതയാവുകയായിരുന്നത്രെ. 'ഈ കഥയിലെ നല്ല വശം, തന്റെ സ്വപ്നം പിന്തുടരാൻ ശ്രമിച്ചില്ലല്ലോ എന്നൊരു പശ്ചാത്താപം ഇനി അവർക്ക് ഒരിക്കലും ഉണ്ടാകില്ല എന്നതാണ്. എന്നാൽ മോശം വശം, മുപ്പതുകളിലെത്തിയ അവർക്ക് ഇപ്പോൾ തന്റെ കോർപ്പറേറ്റ് കരിയർ വീണ്ടും പൂജ്യത്തിൽ നിന്ന് ആരംഭിക്കേണ്ടി വരുന്നു എന്നതാണ്. സ്വന്തം ഇഷ്ടങ്ങളെ പിന്തുടരുക, പക്ഷേ അത് സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കണം. കാരണം സാമ്പത്തിക രംഗം വളരെ നിര്‍ദ്ദയമാണ്' എന്നാണ് ഹർഷ് കുറിച്ചത്.

Scroll to load tweet…

പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സുരക്ഷിതമായ ഒരു കരിയർ ഉപേക്ഷിച്ച്, താൻ ആഗ്രഹിച്ച കാര്യത്തിന് പിന്നാലെ പോകാൻ ധൈര്യം കാണിച്ച യുവതിയെ പലരും അഭിനന്ദിച്ചു. അതേസമയം, മറ്റ് ചിലർ മിഡിൽ ക്ലാസ് കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഇത്തരം പരീക്ഷണങ്ങൾ ചേർന്നതല്ലെന്നാണ് അഭിപ്രായപ്പെട്ടത്. സാമ്പത്തികബാധ്യതകളൊന്നും ഇല്ലാത്തവർക്ക് മാത്രമേ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയൂ എന്നും അവർ അഭിപ്രായപ്പെടുന്നു. അതേസമയം, ജോലി ഉപേക്ഷിക്കാതെ തന്നെ ഇത്തരം ഇഷ്ടങ്ങൾ പിന്തുടരണം എന്ന് അഭിപ്രായമുള്ളവരായിരുന്നു മറ്റൊരു കൂട്ടർ.