അവളും അവളുടെ കാമുകൻ കെയ്‌ൽ ഡെംപ്‌സിയും രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കിയതാണ് ഈ വീട്.
ചിലപ്പോഴൊക്കെ നമുക്കെല്ലാവർക്കും തോന്നാറുണ്ട് ഈ ജോലിയൊക്കെ വിട്ട് പ്രകൃതിയൊക്കെയായി ഇടപഴകി ദൂരെ എവിടെയെങ്കിലും പോയി ജീവിച്ചാൽ കൊള്ളാമായിരുന്നു എന്നൊക്കെ, അല്ലേ? എന്നാൽ, യുഎസ്സിലെ ന്യൂ ഇംഗ്ലണ്ടിൽ നിന്നുള്ള അലി മേരി ബ്രൗൺ എന്ന 25 -കാരി അത് പ്രാവർത്തികമാക്കി.
9 മുതൽ 5 വരെയുള്ള തന്റെ വിരസമായ ജോലി ഉപേക്ഷിച്ച്, കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്യാബിനിലെ ജീവിതശൈലിയാണ് അവൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. യൂട്യൂബിൽ മേരി സ്വന്തം ജീവിതരീതി വിവരിക്കുന്നു. നഗരജീവിതത്തിൽ നിന്നും വിഭിന്നമായി നദിയിൽ കുളിക്കുന്നതും ഭക്ഷണം തയ്യാറാക്കുന്നതും തുടങ്ങി അവളുടെ ശാന്തമായ ഒരു ജീവിതം അവിടെ കാണാം. മഞ്ഞുകാലത്ത് പോലും നദിയിലെ വെള്ളത്തിലൂടെയും പുറത്തെ തണുപ്പിലൂടെയും ഒക്കെ അവൾ നടക്കുന്നത് ആ സാഹചര്യത്തോട് എത്ര ഇഴുകിയാണ് അവൾ ജീവിക്കുന്നത് എന്ന് കാണിച്ചു തരുന്നു.
ഭക്ഷണത്തിന് വേണ്ടിയുള്ള പലതും അവൾ തന്നെ നട്ടു വളർത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മറ്റ് ചില വീഡിയോകളിൽ, അവൾ തന്റെ പൂന്തോട്ടം പരിപാലിക്കുന്നതാണ് കാണാൻ കഴിയുക. എന്നാൽ, അവളുടെ ഏറ്റവും പുതിയ വീഡിയോകളിൽ ഒന്നിൽ, അവൾ കാട്ടിലെ തന്റെ വീടിന് ഫിനിഷിംഗ് ടച്ച് നൽകുന്നതാണ് കാണുന്നത്. അവളും അവളുടെ കാമുകൻ കെയ്‌ൽ ഡെംപ്‌സിയും രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കിയതാണ് ഈ വീട്.

കാട്ടിലെ ഈ ക്യാബിൻ പണി നടക്കുന്ന സമയത്ത് ദമ്പതികൾ ക്യാബിനിലും പട്ടണത്തിലെ ഒരു അപ്പാർട്ട്മെന്റിനുമിടയിൽ മാറി മാറി താമസിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ, ക്യാബിൻ പൂർണമായും സജ്ജീകരിക്കപ്പെട്ട് കഴിഞ്ഞു. കാണുന്ന ആർക്കും കൊതി തോന്നുന്ന തരത്തിലുള്ള ഒരു ജീവിതമാണ് അവർ നയിക്കുന്നത് എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും.
