എന്നാൽ, ജോലി ഉപേക്ഷിച്ച് ഒരു പഴയ കാറിൽ ജീവിക്കാനും യാത്ര ചെയ്യാനുമുള്ള അലിസന്റെ തീരുമാനം അവരുടെ സൗഹൃദത്തിൽ വലിയ വിള്ളലുണ്ടാക്കി.
വാൾ സ്ട്രീറ്റിലെ വലിയ ശമ്പളം കിട്ടുന്ന ലീഗൽ കരിയർ ഉപേക്ഷിച്ച് നാടുകാണാനിറങ്ങിയ ഒരു യുവതിയുടെയും, ആ തീരുമാനത്തെ ആദ്യം എതിർക്കുകയും പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ കരുത്തായി മാറുകയും ചെയ്ത പ്രിയസുഹൃത്തിന്റെയും കഥയാണിത്. അലിസൺ സ്നൈഡർ എന്ന യുവതി 'ബിസിനസ് ഇൻസൈഡറി'ൽ പങ്കുവച്ച ഈ കുറിപ്പ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.
കോളേജിലെ ആദ്യ വർഷമാണ് അലിസണും അടുത്ത സുഹൃത്തായ എറിനും പരിചയപ്പെടുന്നത്. പഠനത്തിനുശേഷം ഈസ്റ്റ് കോസ്റ്റ് നഗരങ്ങളിൽ ഉയർന്ന കോർപ്പറേറ്റ് ജോലികളിൽ ഇരുവരും പ്രവേശിച്ചു. പ്രൊഫഷണലായിട്ടുള്ള തങ്ങളുടെ ലക്ഷ്യങ്ങളും ഒരേപോലെയുള്ള ജീവിതരീതിയുമെല്ലാം ഇവരെ കൂടുതൽ അടുപ്പിച്ചു.
എന്നാൽ, ജോലി ഉപേക്ഷിച്ച് ഒരു പഴയ കാറിൽ ജീവിക്കാനും യാത്ര ചെയ്യാനുമുള്ള അലിസന്റെ തീരുമാനം അവരുടെ സൗഹൃദത്തിൽ വലിയ വിള്ളലുണ്ടാക്കി. തന്റെ സമ്പാദ്യമെല്ലാം യാത്രയ്ക്കുപയോഗിക്കേണ്ടി വന്നതോടെ, മുമ്പ് എറിനൊപ്പം ചെയ്തിരുന്ന പല ചെലവേറിയ കാര്യങ്ങളിൽ നിന്നും അലിസണ് വിട്ടുനിൽക്കേണ്ടി വന്നു. ഈ മാറ്റം തങ്ങളുടെ 16 വർഷത്തെ സൗഹൃദത്തെ ബാധിക്കുമോ എന്ന് അവൾ ആശങ്കപ്പെട്ടിരുന്നു.
തുടക്കത്തിൽ സംശയത്തോടെയാണെങ്കിലും എറിൻ പിന്നീട് അലിസണിന്റെ യാത്രകളെ പിന്തുണച്ചു. ആദ്യമായി ഒറ്റയ്ക്ക് ക്യാമ്പ് ചെയ്ത രാത്രിയിൽ, കൊളറാഡോ നദിക്കരയിലെ ടെന്റിൽ നിന്നുള്ള ചിത്രത്തിനൊപ്പം തനിക്ക് ഭയമുണ്ടെന്ന് അവൾ എറിന് സന്ദേശമയച്ചു. പിന്നീട് അരിസോണയിലെ സൂപ്പർസ്റ്റിഷൻ മലനിരകളിലൂടെയുള്ള യാത്രയ്ക്ക് എറിനും ഒപ്പം കൂടി. കാടുകളിൽ ജീവിച്ച് പരിചയമുള്ള അലിസണ് കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും, എറിന് അത് പുതിയൊരു അനുഭവമായിരുന്നു. ഈ യാത്രയിലൂടെ, പരസ്പരം എത്രയധികം സ്നേഹിച്ചാലും തങ്ങൾ രണ്ടുപേരും തികച്ചും വ്യത്യസ്തരായ വ്യക്തികളാണെന്ന് അവർ തിരിച്ചറിഞ്ഞു.
കാലക്രമേണ എറിൻ ആ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കുകയും സുഹൃത്തിന്റെ തീരുമാനങ്ങളെ ഉൾക്കൊള്ളാൻ തുടങ്ങുകയും ചെയ്തു. പത്ത് വർഷങ്ങൾക്ക് ശേഷവും ഇരുവരുടെയും ജീവിതരീതികൾ തികച്ചും വ്യത്യസ്തമാണെങ്കിലും, ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും താങ്ങായി എറിൻ ഇന്നും അലിസണിന്റെ കൂടെയുണ്ട്.
