ചിലസമയങ്ങളിൽ തനിക്ക് എന്താണ് ലഞ്ചിന് തയ്യാറാക്കുക എന്ന് കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ക്രിയേറ്റീവായി ലഞ്ച് ബോക്സ് തയ്യാറാക്കുന്നത് കുറച്ച് പ്രയാസകരമായ കാര്യമാണ് എന്നാണ് അവർ പറയുന്നത്.
ഭർത്താവിന് ഭക്ഷണം തയ്യാറാക്കി നൽകുന്നതിന് ദിവസവും പണം വാങ്ങുമെന്ന് വെളിപ്പെടുത്തി യുവതി. പിന്നാലെ, വിഷയത്തിൽ വലിയ ചർച്ചയും നടന്നു. അമേരിക്കയിൽ നിന്നുള്ള റേ എന്ന യുവതിയാണ് താൻ ഭർത്താവിന് ഭക്ഷണം തയ്യാറാക്കി നൽകുന്നതിന് പണം വാങ്ങാറുണ്ട് എന്ന് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്.
ടിക്ടോക്കിൽ സജീവമാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ റേ. സാലഡ് തയ്യാറാക്കി ഭർത്താവിന് ലഞ്ചായി കൊടുത്തുവിടുന്ന വീഡിയോയ്ക്കൊപ്പമാണ് ഇങ്ങനെ തയ്യാറാക്കി നൽകുന്നതിന് താൻ പണം വാങ്ങാറുണ്ട് എന്ന് യുവതി പറഞ്ഞത്.
'ജോലിക്ക് പോകുന്ന പങ്കാളിക്ക് വേണ്ടി ലഞ്ച് തയ്യാറാക്കി നൽകുന്നതിന് ഞാൻ ഒരു ദിവസം 10 പൗണ്ട് (1167 രൂപ) ഈടാക്കാറുണ്ട്. മക്ഡൊണാൾഡ്സിലോ ഗ്രെഗ്ഗിലോ മറ്റോ ആണെങ്കിൽ അദ്ദേഹത്തിന് 10 പൗണ്ട് ചെലവഴിക്കണം. മറ്റൊരാൾക്ക് ആ പണം നൽകേണ്ടതിന് പകരം എന്തുകൊണ്ട് തന്റെ കയ്യിലേക്ക് ആ പണം എത്തിക്കൂടാ' എന്നായിരുന്നു അവരുടെ ചോദ്യം.
'നിങ്ങളുടെ ലഞ്ചിന് നിങ്ങൾ സ്നേഹിക്കുന്ന സ്ത്രീക്ക് പണം നൽകുക. അതുവഴി, എല്ലാവരും സന്തുഷ്ടരാവും. പങ്കാളി ഭക്ഷണം കഴിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. തനിക്ക് ശമ്പളവും സന്തോഷവും ലഭിക്കുന്നു' എന്നും അവൾ പറയുന്നു.
ചിലസമയങ്ങളിൽ തനിക്ക് എന്താണ് ലഞ്ചിന് തയ്യാറാക്കുക എന്ന് കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ക്രിയേറ്റീവായി ലഞ്ച് ബോക്സ് തയ്യാറാക്കുന്നത് കുറച്ച് പ്രയാസകരമായ കാര്യമാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ, ഇങ്ങനെ പണം കിട്ടുമ്പോൾ അത് സന്തോഷമുള്ള കാര്യമാണ് എന്നും റേ പറയുന്നുണ്ട്.
അതേസമയം, ചിലരൊക്കെ ഭർത്താവിൽ നിന്നും പണം വാങ്ങുന്നതിന് റേയെ വിമർശിച്ചെങ്കിലും മറ്റ് പലരും പറഞ്ഞത് വീട്ടിൽ ചെയ്യുന്ന ജോലികൾക്ക് കൂലിയില്ലാത്ത അവസ്ഥയെ കുറിച്ചാണ്. അതിനാൽ തന്നെ ഇങ്ങനെ പണമീടാക്കുന്നത് ഒരു നല്ല കാര്യമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
